പലപ്പോഴും നിയമ യുദ്ധങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും വിവാദങ്ങളുടെയും വലയില്‍ കുടുങ്ങിയിട്ടുള്ള ഇന്ത്യയിലെ ഒരു സുപ്രധാന വിഷയമാണ് വഖഫ്. വാസ്തവത്തില്‍ എന്താണ് വഖഫ്..? മുംസ്ലീം സമൂഹത്തിന്റെ ഒരു ദാനരീതിയാണ് വഖഫ്. ദൈവ പ്രീതിക്കായി സ്വത്തുക്കള്‍ ദാനം ചെയ്യുന്ന രീതിയാണിത്. സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകാതെ മനുഷ്യ നന്‍മക്കായി നീക്കി വക്കുന്ന വഖഫ് തത്വം അനുസരിച്ചാണ് മുസ്ലീങ്ങളുടെ ആരാധനാലയങ്ങള്‍, ഖബറിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം സംരക്ഷിക്കപ്പെടുന്നത്.
അല്ലാഹുവിന്റെ പേരില്‍ മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട സ്വത്താണ് വഖഫ് എങ്കില്‍ ഈ വഖഫ് സ്വത്തുക്കളുടെ മേല്‍നോട്ടം, ക്രയവിക്രയം എന്നിവയ്ക്ക് വേണ്ടി സര്‍ക്കാരിന് കീഴിലുള്ള സ്വതന്ത്ര സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. 1995-ലെ വഖഫ് നിയമ പ്രകാരമാണ് വിവധ സംസ്ഥാനങ്ങളില്‍ വഖഫ് ബോര്‍ഡ് നിലവില്‍ വന്നത്. മുസ്ലിം പണ്ഡിതരും നിയമസഭാംഗങ്ങളുമൊക്കെയാണ് ബോര്‍ഡ് അംഗങ്ങളില്‍ ഉള്‍പ്പെടുന്നത്. വഖഫ് സംഭാവനകളില്‍ ഭൂരിഭാഗവും സാധുവായ രേഖകള്‍ ഇല്ലാതെയാണ് നല്‍കുന്നത്. അത്തരം സംഭാവനകളില്‍ നിന്നുള്ള വരുമാനം പള്ളികള്‍, ശ്മശാനങ്ങള്‍, മദ്രസകള്‍, അനാഥാലയങ്ങള്‍ എന്നിവ പരിപാലിക്കുന്നതിന് ഉപയോഗിക്കുന്നു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആണ് 1954-ല്‍ വഖഫ് നിയമം പാസാക്കിയത്. ഇന്ത്യാ വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡുകള്‍ക്കാണ് നല്‍കിയത്. 1964-ല്‍ കേന്ദ്ര വഖഫ് കൗണ്‍സിലും, 1995-ല്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വഖഫ് ബോര്‍ഡുകളും രൂപീകരിച്ചു. 1954-ലെ നിയമം ഭേദഗതി ചെയ്താണ് 1995-ല്‍ നിയമം പാസാക്കിയത്. 2013-ല്‍ വഖഫ് സ്വത്തിനെപ്പറ്റി തീരുമാനിക്കാന്‍ ബോര്‍ഡിന് അധികാരം നല്‍കുന്ന 'ഭേഗദതി 40' നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് 1995-ലെ വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഒരു സ്വത്ത് വഖഫ് ചെയ്താല്‍ മുസ്ലീം വിശ്വാസ പ്രകാരം അതിന്റെ ഉടമ അല്ലാഹു ആണ്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം വഖഫ് ആണോ സര്‍ക്കാര്‍ ഭൂമിയാണോ എന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ബില്‍ അധികാരം നല്‍കുന്നുവെന്നതാണ് ശ്രദ്ധേയം.
വഖഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ആ സ്വത്തിന്റെ ഉടമസ്ഥാവകാശമുള്ള, കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം ആചരിക്കുന്ന വ്യക്തിയായിരിക്കണമെന്നതാണ് ബില്ലിലെ നിര്‍വചനം. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഏത് തര്‍ക്കവും വഖഫ് ട്രിബ്യൂണല്‍ തീരുമാനിക്കുമെന്നാണ് നിയമം പറയുന്നത്. ട്രിബ്യൂണല്‍ രൂപീകരിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഒരു ജില്ലാ സെഷന്‍സ് അല്ലെങ്കില്‍ സിവില്‍ ജഡ്ജി, സംസ്ഥാന സിവില്‍ സര്‍വീസില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍, കൂടാതെ മുസ്ലീം നിയമത്തിലും നിയമശാസ്ത്രത്തിലും അറിവുള്ള വ്യക്തി എന്നിവര്‍ ട്രിബ്യൂണലില്‍ ഉള്‍പ്പെടുന്നു.
ഒരു വ്യക്തി വഖഫ് ആയി നല്‍കിയിട്ടുള്ള ഒരു വസ്തു സര്‍ക്കാര്‍ ഭൂമിയാണോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു. എന്തങ്കിലും തര്‍ക്കം ഉണ്ടായാല്‍ വഖഫ് ബോര്‍ഡ് അല്ല, കലക്ടറാകും അന്തിമ തീരുമാനം എടുക്കുക. സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡുകളുടെ ഘടനയില്‍ മാറ്റം വരുത്താനും ബില്‍ നിര്‍ദേശിക്കുന്നു. മുസ്ലീം അല്ലാത്ത ഒരു തലവനെ അനുവദിക്കണമെന്നും ബില്ലില്‍ ഉണ്ട്. കൂടാതെ സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ കുറഞ്ഞത് മുസ്ലീം അല്ലാത്ത രണ്ട് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നു.
അതേസമയം ബില്ലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിരവധി മാറ്റങ്ങളില്‍, വിവാദത്തിന് തിരികൊളുത്തിയതും അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ എതിര്‍ക്കുന്നതുമായ അഞ്ച് വ്യവസ്ഥകളുണ്ട്. ബില്ലിലെ നിര്‍ദ്ദേശങ്ങളിലൊന്ന് കേന്ദ്ര വഖഫ് കൗണ്‍സിലിന്റെയും സംസ്ഥാന വഖഫ് ബോര്‍ഡുകളുടെയും ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നതാണ്. മുസ്ലീങ്ങളല്ലാത്തവരെയും അംഗങ്ങളായി ഉള്‍പ്പെടുത്തേണ്ടത് ബില്‍ നിര്‍ബന്ധമാക്കുന്നു.
തര്‍ക്ക കേസുകളില്‍, ഒരു സ്വത്ത് വഖഫ് ആണോ സര്‍ക്കാരിന്റേതോ ആണെങ്കില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഒരു മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കും. 2024-ല്‍ അവതരിപ്പിച്ച മുന്‍ ബില്ലില്‍ ജില്ലാ കളക്ടറെ അന്തിമ അധികാരിയാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ വഖഫ് ട്രൈബ്യൂണലാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത്. തര്‍ക്ക കേസുകളില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരിക്കലും സര്‍ക്കാരിനെതിരെ വിധി പറയില്ലെന്ന് പ്രതിപക്ഷവും മുസ്ലീം സംഘടനകളും വാദിക്കുന്നു. എന്തായാലും സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ രാഷ്ട്രീയ തര്‍ക്കത്തിന് വഴിതിറന്നിരിക്കുകയാണ് ഈ ബില്‍. ഇത് ഭരണഘടനാ വിരുദ്ധവും മുസ്ലീം സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് അവര്‍ ആരോപിച്ചു.
ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) എം.പി അസദുദ്ദീന്‍ ഒവൈസിയാണ് ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. മുസ്ലീങ്ങളുടെ മതസ്വാതന്ത്ര്യം തടയുക എന്നതാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അരോപിച്ചു. ബില്ലിനെ 'വഖഫ് ബര്‍ബാദ് ബില്‍' എന്ന് വിശേഷിപ്പിച്ച ഒവൈസി, ''ഈ ബില്‍ ഭരണഘടനാ വിരുദ്ധമാണ്. ഒരു ഹിന്ദു അല്ലാത്തയാള്‍ക്കും ഹിന്ദു എന്‍ഡോവ്‌മെന്റ് ബോര്‍ഡില്‍ അംഗമാകാന്‍ കഴിയില്ലെങ്കില്‍, പിന്നെ എന്തിനാണ് നിങ്ങള്‍ ഇവിടെ ഒരു മുസ്ലീമല്ലാത്ത വ്യക്തിയെ സൃഷ്ടിക്കുന്നത്..?'' എന്ന് അദ്ദേഹം ചോദിച്ചു.
വഖഫ് ബില്ലിനെ പിന്തുണയ്ക്കണമെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെ.സി.ബി.സി) സംസ്ഥാനത്തെ എം.പിമാരോട് ആവശ്യപ്പെട്ടിരുന്നു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും (സി.ബി.സി.ഐ) ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത് കേന്ദ്രത്തിന് ആശ്വാസം നല്‍കുന്നതാണ്. എന്‍.ഡി.എയിലെ പ്രധാന ഘടകക്ഷികളായ ജെ.ഡി.യുവും, ടി.ഡി.പിയും നിലപാടറിയിച്ചിട്ടില്ല. ഒരു സ്വത്ത് വഖഫ് ആയി നിശ്ചയിച്ചുകഴിഞ്ഞാല്‍, അത് കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ കഴിയില്ല എന്നതാണ് വസ്തുത.
രാജ്യത്തെ സായുധ സേനയ്ക്കും ഇന്ത്യന്‍ റെയില്‍വേയ്ക്കും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഭൂവുടമകളാണ് വഖഫ് ബോര്‍ഡ്. ഏകദേശം 9.4 ലക്ഷം ഏക്കര്‍ ഭൂമിയുള്ള ലോകത്തില്‍ തന്നെ ഏറ്റവും വലിയ വഖഫ് ഭൂമി ഉടമസ്ഥതയും ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ വഖഫ് ഭേദഗതി നിയമം പൊള്ളുന്ന ചര്‍ച്ചയാകുകയാണ്. ഇപ്പോള്‍ 8.66 ലക്ഷം സ്വത്തുക്കള്‍ വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുണ്ട്. ക്രിത്യമായി പറഞ്ഞാല്‍ 8.7 ലക്ഷം വഖഫ് ആസ്തികളില്‍ 3,56,051 എണ്ണം വഖഫ് എസ്റ്റേറ്റുകളായി നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 8,72,328 എണ്ണം സ്ഥാവര സ്വത്തുക്കളാണ്. 16,713 എണ്ണം ജംഗമ സ്വത്തുക്കളും.
എന്നാല്‍ ഉവയില്‍ നിന്നുള്ള വരുമാനം തുച്ഛമാണെന്നാണ് പറയുന്നത്. വഖഫ് സ്വത്തുക്കള്‍ കാര്യക്ഷമമായി വിനിയോഗിച്ചാല്‍ പ്രതിവര്‍ഷം 12,000 കോടി രൂപയോളം ഇതില്‍ നിന്ന് നേടാന്‍ കഴിയുമെന്ന് സച്ചാര്‍ കമ്മിറ്റി (ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുന്നതിനായി മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിയോഗിച്ച ഒരു ഉന്നതാധികാര സമിതിയാണ് രജീന്ദര്‍ സച്ചാര്‍ കമ്മിര്‌റി) റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
ഭൂരിഭാഗം വഖഫ് ഭൂമികളും തര്‍ക്കഭൂമികളാണ്. 50 ശതമാനം വഖഫ് ഭൂമികളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കൃത്യമായ രേഖകളില്ലെങ്കിലും ദീര്‍ഘകാലമായി മതാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഭൂമി ഇപ്പോള്‍ 'ബൈയൂസര്‍ കാറ്റഗറി'യില്‍ പെടുത്തി വഖഫ് ഭൂമിയായാണ് കണക്കാക്കുന്നതെങ്കിലും ബില്ല് നിയമമാകുന്നതോടെ ഈ രീതിനടപ്പാകില്ലെന്നതാണ് എതിര്‍പ്പിന് കാരണം.