'പാപ്പിലിയോ ബുദ്ധ' എന്ന സിനിമ കേരളത്തിൽ എന്തുകൊണ്ട് വേണ്ട രീതിയില്‍ അംഗീകരിക്കപ്പെട്ടില്ല? ഏതു സാധാരണപ്രേക്ഷകനും അങ്ങനെ ചിന്തിക്കും. ഉത്തരം കിട്ടാത്ത ചോദ്യമാണത്!
എന്താണ് ജയന്‍ ചെറിയാന് പറ്റിയത്? എവിടെയാണു പിഴച്ചത്? ഒരു 'ബുജി' ലുക്കിന് താടിയും മുടിയും വളര്‍ത്താമായിരുന്നു! ന്യൂയോര്‍ക്കില്‍ നിന്ന് സംവിധാനത്തിലും ഛായാഗ്രഹണത്തിലും ബിരുദം നേടിയതാണോ ജയന്റെ കുറ്റം? അവിടെത്തന്നെയുള്ള ഫിലിം സ്‌കൂളില്‍ കുട്ടികളെ സിനിമ പഠിപ്പിക്കുന്നതോ? അങ്ങനെയുള്ള അമേരിക്കന്‍ പൗരന്‍ ഒരു മലയാള സിനിമയെടുക്കാന്‍ പാടില്ലായിരുന്നു എന്നാണോ കേരളത്തിലെ തലമൂത്ത സിനിമാ കാരണവന്‍മാര്‍ പറയുന്നത്? സംവിധായകനും നിര്‍മാതാവും അമേരിക്കന്‍ പൗരന്‍മാരായതുകൊണ്ടു മാത്രം നാഷണല്‍ അവാര്‍ഡിന് ഒരു നല്ല സിനിമ പരിഗണിക്കാതിരിക്കുമ്പോള്‍ അങ്ങനെയല്ലേ ചിന്തിക്കാന്‍ കഴിയൂ? അങ്ങനെയുള്ള സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്‍മാര്‍ക്കും അവാര്‍ഡ് നിഷേധിക്കുന്നതിന് തുല്യമല്ലേ ആ തീരുമാനം? പണ്ടെങ്ങോ എഴുതിവച്ച പുരാതന നിയമങ്ങളില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന സെന്‍സര്‍ ബോര്‍ഡിന്റെ കാര്യം അതിലും കഷ്ടമാണ്. അവരീ സിനിമയെ മുളയിലേ നുള്ളിക്കളയാമെന്ന് കരുതിയെന്നു തോന്നുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ നിര്‍മാതാക്കളായ ഞാനും പ്രകാശ് ബാരെയും സംവിധായകന്‍ ജയന്‍ ചെറിയാനും അമേരിക്കന്‍ പൗരന്‍മാരായതുകൊണ്ടാണോ അങ്ങനെ കരുതിയത്?
വയനാട് മുത്തങ്ങയില്‍ സംവിധായകന്‍ ജയനോടൊപ്പം തമ്പി ആന്റണി
ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് ജയന്‍ ഇങ്ങനെയൊരു സംരംഭത്തിനു വഴങ്ങിയത്. എന്റെയറിവിൽ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ സിനിമ പഠിപ്പിക്കുന്ന ഒരേയൊരു മലയാളിയേയുള്ളൂ. അദ്ദേഹത്തോട് രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നൊരു മലയാള സിനിമയെടുക്കാനാണ് ഞാനാവശ്യപ്പെട്ടത്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രകാശ് ബാരെയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. അങ്ങനെയാണ് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഈ സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അത് ഞങ്ങള്‍ മലയാളത്തെ, മലയാളസിനിമയെ സ്‌നേഹിക്കുന്നതുകൊണ്ട് മാത്രമാണ്. ആവശ്യത്തിനും അനാവശ്യത്തിനും അന്ധമായൊരു അമേരിക്കന്‍വിരോധം നമ്മുടെയൊക്കെ രക്തത്തിലലിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. ഇപ്പോഴത്തെ ഐഫോണ്‍ തലമുറ കാര്യങ്ങള്‍ കുറച്ചൊക്കെ മനസ്സിലാക്കുന്നുണ്ട്. പണ്ടു റഷ്യയുടെകൂടെനിന്ന് ഇന്ദിരാഗാന്ധി സോഷ്യലിസമുണ്ടാക്കിയപ്പോള്‍ നമുക്ക് അംബാസിഡര്‍ കാറും ഫിയറ്റും സെവന്‍ ഒ'ക്ലോക്ക് ബ്ലേഡും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പഴയ തലമുറയ്ക്കു മറക്കാന്‍ പറ്റില്ലല്ലോ!
സംവിധായകന്‍ ജയനോടൊപ്പം തമ്പി ആന്റണി
പ്രിയപ്പെട്ട ജയന്‍ ചെറിയാന്‍, നിങ്ങള്‍ക്ക് കുറെ അബദ്ധങ്ങള്‍ പറ്റി. ഒന്നാമത്, ലുക്കിലെങ്കിലും ഒരു ബുദ്ധിജീവി ചമയണമായിരുന്നു. താടിയോ മുടിയോ എന്തെങ്കിലുമൊന്നു വളര്‍ത്തണമായിരുന്നു. അല്ലെങ്കില്‍ പേരിലൊരു കിടിലന്‍ അക്ഷരമെങ്കിലും? അതുമില്ല! കൊറിയക്കാരനായ കിം കി ഡുക്കിനെ കണ്ടുപഠിക്കണം. ഇംഗ്ലീഷിലെ ഒരക്ഷരംപോലുമറിയില്ലെങ്കിലും കേരളത്തെ ഞെട്ടിച്ചില്ലേ? ഈ ഡുക്കിന്റെയൊരു ബോറന്‍ ഡോക്യുമെന്ററിയും പ്രസംഗവും ഈയുള്ളവന്‍ രണ്ടായിരത്തിപ്പത്തിലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കാണുകയും കേള്‍ക്കുകയും ചെയ്തതാണ്. അദ്ദേഹം പ്രതിഭയാണ്. അത്യുഗ്രന്‍ സിനിമകളെടുത്തിട്ടുണ്ട്. സമ്മതിക്കുന്നു. എങ്കിലും ജയൻ എന്നൊരു മലയാളി, വളരെയധികം ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ളൊരു സിനിമയാണെടുത്തതെന്ന് മനസ്സിലാക്കാനുള്ള വിവരമെങ്കിലുമില്ലാതെപോയല്ലോ, കേരളത്തിലെ പ്രതിഭകള്‍ക്ക്! ഇപ്പോള്‍ ആഗോളതലത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരങ്ങളറിയുമ്പോള്‍ എന്നെപ്പോലുള്ളൊരു സാധാരണപ്രേക്ഷകന് അങ്ങനെയല്ലേ ചിന്തിക്കാന്‍ പറ്റൂ? അതിനീ പ്രതിഭകളെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല! ഇതിനുമുമ്പ് പല ഇന്ത്യന്‍ചിത്രങ്ങള്‍ക്കും രാജ്യാന്തര അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ലെന്നല്ല പറയുന്നത്. ആ ചിത്രങ്ങളൊക്കെ കേരളത്തിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലോകപ്രശസ്തമായ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ 'പാപ്പിലിയോ ബുദ്ധ'യ്ക്ക് പനോരമ സെലക്ഷന്‍ കിട്ടിയതു ചെറിയ കാര്യമല്ലാത്തുകൊണ്ടാണ് ഇത്രയും പറഞ്ഞത്. അതായത്, ലോകസിനിമകളില്‍നിന്ന് തിരഞ്ഞെടുത്ത പത്തൊന്‍പത് സിനിമകളിലൊന്ന്! വര്‍ഷങ്ങളായി ഒരു മലയാള പടത്തിനും കിട്ടാത്ത അംഗീകാരമാണിതെന്ന് കേരളത്തിലെ പ്രേക്ഷകരെങ്കിലും സമ്മതിക്കാതിരിക്കില്ല.
പറുദീസ സിനിമാലൊക്കേഷനിൽ ശ്രീനിവാസൻ, ജഗതി ശ്രീകുമാർ എന്നിവരോടൊപ്പം തമ്പി ആന്റണി
മലയാളികള്‍ അംഗീകരിക്കാതിരുന്നതുകൊണ്ടാണ് ഇതിനെയൊരു ഇന്‍ഡോ-അമേരിക്കന്‍ ചിത്രമായി പല മത്സരങ്ങള്‍ക്കുമയയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. അങ്ങനെ പൂര്‍ണമായും കേരളത്തില്‍ നിര്‍മിച്ച, കേരളത്തിലെ ആദിവാസികളുടെ കഥ പറയുന്ന, മലയാളമണ്ണിന്റെ മണമുള്ള ഈ സിനിമ അമേരിക്കയുടേതുംകൂടിയായി എന്നു പറയാം! അല്ലെങ്കില്‍ അങ്ങനെയാക്കേണ്ടിവന്നു.
(കടപ്പാട്: മാതൃഭൂമി)