സി.പി.എമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറില്‍ ആറാം തീയതി ഞായറാഴ്ച കൊടിയിറങ്ങാനിരിക്കെ ആരാവും പാര്‍ട്ടിയുടെ പുതിയ അഖിലേന്ത്യാ ജനറല്‍ സെക്രട്ടി എന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഒരാളെ ജനറല്‍ സെക്രട്ടറിയാക്കാനാണ് സാധ്യത. എം.എ ബേബി, മഹാരാഷ്ട്രയുടെ അശോക് ധാവ്‌ളെ എന്നിവരുടെ പേരുകളാണ് അവസാന റൗണ്ടിലെത്തിയിരിക്കുന്നത്. എം.എ ബേബിക്കാണ് സാധ്യതയേറെ. പി.ബിയില്‍ കേരളാ ഘടകത്തിന് ആധിപത്യമുണ്ടെങ്കിലും എം.എ ബേബി ജനറല്‍ സെക്രട്ടി ആകുന്നതിനോട് പിണറായി വിജയന് താത്പര്യമില്ല. അതേസമയം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ മരണ ശേഷം പി.ബി കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന പ്രകാശ് കാരാട്ടിന് ബേബിയോടാണ് താത്പര്യം.
പിണറായി വിജയന് മേല്‍ക്കൈയ്യുള്ള സി.പി.എം കേരള ഘടകം 71 വയസുള്ള ബേബിയ പൂര്‍ണമായി പിന്തുണയ്ക്കുന്നില്ലെങ്കിലും അശോക് ധാവ്‌ളയെ ഒറ്റ ക്കെട്ടായി എതിര്‍ക്കുന്നു. എന്നാല്‍, അഖിലേന്ത്യാ കിസാന്‍ സഭയുടെ അധ്യക്ഷന്‍ അശോക് ധാവ്‌ളെക്കുവേണ്ടി ബംഗാള്‍ ഘടകം ശക്തമായി രംഗത്തുണ്ട്. ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 17 അംഗ പി.ബിയില്‍ നിന്ന് പ്രായപരിധി കഴിഞ്ഞവര്‍ പിണറായി വിജയനടക്കം ഏഴുപേരാണുള്ളത്. 75 വയസ് കഴിഞ്ഞ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍, സുഭാഷിണി അലി, ജി രാമകൃഷ് കൃഷ്ണന്‍, സൂര്യകാന്ത് മിശ്ര എന്നിവര്‍ വിരമിക്കും. കാരണം ഇവര്‍ക്ക് പ്രായപരിധി മാനദണ്ഡം ബാധകമാണ്. അടുത്ത മാസം 24-ന് 80 വയസ് തികയുന്ന പിണറായി വിജയന് ഇളവ് നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയുമാണ്.
മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ടോ ബൃന്ദാ കാരാട്ടോ ജനറല്‍ സെക്രട്ടറി ആവണമെന്ന നിലയിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് സി.പി.എമ്മില്‍ സജീവമായിരുന്നു. എന്നാല്‍ പ്രായപരിധി മാനദണ്ഡം കര്‍ശനമായി നടപ്പിലാക്കണമെന്ന നിലപാടുകാരായ ഇരുവരും അത്തരം നീക്കങ്ങളെ എതിര്‍ത്തു. ഭാവിയില്‍ സി.പി.എമ്മിന് ഒരു വനിതാ ജനറല്‍ സെക്രട്ടറി ഉണ്ടാവുമെന്നാണ് ബൃന്ദാ കാരാട്ട് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍ ജനറല്‍ സെക്രട്ടറി ആരാവണമെന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ഒരഭിപ്രായവും പറഞ്ഞിട്ടില്ല. ഇതില്‍ നിന്ന് മനസിലാക്കേണ്ടത് അദ്ദേഹം ബേബിക്ക് അനുകൂലമല്ല എന്ന വസ്തുതയാണ്. പ്രായപരിധി മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന വാദവും ശക്തമാണ്. അങ്ങനെയെങ്കില്‍ പിണറായി വിജയനെ പോളിറ്റ് ബ്യൂറോയിലെ പ്രത്യേക ക്ഷണിതാവാക്കിയേക്കുമെന്ന സൂചനയുണ്ട്.
എം.എ ബേബി അഖിലേന്ത്യാ ജനറല്‍ സെക്രട്ടിയായാല്‍ അദ്ദേഹം പാര്‍ട്ടിയില്‍ തനിക്ക് മുകളില്‍ ഒരു അധികാര കേന്ദ്രമാ യിപ്പോകുമെന്ന ചേതോവികാരമാണ് പിണറിയെ നയിക്കുന്നതെന്നാണ് ആക്ഷേപം. അതേസമയം സകലയിടത്തും പ്രായ പരിധിയുടെ ഇളവ് പിണറായിക്ക് ലഭിക്കുന്നുണ്ട് താനും. 2012 മുതല്‍ പോളിറ്റ് ബ്യൂറോയിലുള്ള എം.എ ബേബി ഏറ്റവും സീനിയറായ നേതാവാണ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന നേതാവ് മാത്രമല്ല, പാര്‍ട്ടിയുടെ ബുദ്ധി ജീവികളില്‍ പ്രമുഖനുമാണ്. പി.ബിയുടെ ശക്തമായ കേരള ഘടകത്തില്‍ നിന്നുള്ള ആളെന്ന നിലയില്‍ ബേബിയാണ് നിലവില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടിയാന്‍ സര്‍വഥാ യോഗ്യന്‍.
സീതാറാം യെച്ചൂരിയും എം.എ ബേബിയും ഡല്‍ഹി കേന്ദ്രമാക്കി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണ്. അതുകൊണ്ട് യെച്ചൂരിയ്ക്ക് ശേഷം ആരെന്ന ചോദ്യത്തിന് ബേബിയുടെ പേര് ഉയര്‍ന്നു വന്നതില്‍ വലിയ അത്ഭുതമെന്നുമില്ല. ബേബിക്ക് വേണ്ടി കേരള ഘടകം ഒര്‌റക്കൊട്ടായി വാദിച്ചാല്‍ ഇ.എം.എസിന് ശേഷം സി.പി.എമ്മിന് മറ്റൊരു മലയാളി ജനറല്‍ സെക്രട്ടറിയുണ്ടാവും. നിലവില്‍ പാര്‍ട്ടിയുടെ അന്താരാഷ്ട്ര വിഭാഗത്തിന്റെ പ്രധാന ചുമതലക്കാരന്‍ കൂടിയാണ് എം.എ ബേബി.
ഇതിനിടെ പിണറായി വിജയന്റെ മകള്‍ വീണ വിജയന് എതിരായ മാസപ്പടി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ സംഭവത്തില്‍ ബേബി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുഖ്യമന്ത്രിയുടെ പിന്തുണ തേടിയുള്ള പ്രതികരണമാണ് ബേബി നടത്തിയതെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാല്‍ പിണറായി വിജയന്‍ എതിര്‍ത്താലും ബേബിയെ നേതൃത്വത്തിലെത്തിക്കാന്‍ ചില ബദല്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.
കൊല്ലം പ്രാക്കുളം സ്വദേശിയായ എം.എ ബേബി അദ്ധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവനായി 1954 ഏപ്രില്‍ 5-ന് ജനിച്ചു. പ്രാക്കുളം എന്‍.എസ്.എസ് ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍ കോളജ് എന്നിവിടുങ്ങളില്‍ വിദ്യാഭ്യാസം. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചു. 32-ാം വയസ്സില്‍ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളാണ്.
കുണ്ടറയില്‍ നിന്ന് 2006-ല്‍ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006 മേയ് 18 മുതല്‍ 2011 മേയ് 18 വരെ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിയായിരുന്നു. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ സ്ഥാപക കണ്‍വീനറായിരുന്നു. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച എം.എ ബേബി ഡല്‍ഹി കേന്ദ്രമായി 'സ്വരലയ' എന്ന കലാസാംസ്‌കാരിക സംഘടന രൂപവത്കരിക്കുന്നതില്‍ മുന്‍കയ്യെടുത്തു.
സി.പി.എം പാര്‍ട്ടി കേണ്‍ഗ്രസിന്റെ ഉദ്ഘാടന ദിവസം മാധ്യമ പ്രവര്‍ത്തകര്‍ എം.എ ബേബിയോട്, പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറിയാവാന്‍ സാധ്യതയുണ്ടോയെന്ന് ചോദിച്ചപ്പോള്‍...''എന്നെ സ്‌നേഹിക്കുന്നുവെന്ന് പറയുന്നവരും പാര്‍ട്ടിയെ സ്‌നേഹിക്കാത്തവരും നടത്തുന്ന സാങ്കല്‍പ്പിക പ്രചാരണങ്ങള്‍ ആണിത്...'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.