കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാരിതര ഭൂവുടമസ്ഥർ കത്തോലിക്കാ സഭയാണെന്ന ആർഎസ് എസിൻറെ നുണലേഖനത്തെ ക്രൈസ്തവർക്ക് തരിമ്പും ഭയമില്ലന്ന് കത്തോലിക്കാ സഭാ മുഖപത്രം- ദീപികയുടെ മുഖപ്രസംഗം. ഓരോ വിശ്വാസിയുടെയും വിയർപ്പിൻറെ വിലകൊണ്ടു വാങ്ങിയതല്ലാതെ ഇവിടെയൊന്നും വെട്ടിപ്പിടിച്ചു വച്ചിട്ടുമില്ലന്നും മുഖപ്രസംഗം പറയുന്നു . പഠിക്കുന്ന വിദ്യാലയങ്ങളുടെയും കിടക്കുന്ന ആശുപത്രികളുടെയും പരിസരത്തുനിന്നു നോക്കിയാൽ സംഘപരിവാറിനും കാണാം, സഭയുടെ സ്വത്തുക്കൾ. സംശയമുണ്ടെങ്കിൽ കോടതിയുണ്ടല്ലോ. അതിലൊന്നും ആധിയില്ല. പക്ഷേ, ക്രൈസ്തവർ ആഭ്യന്തരഭീഷണിയാണെന്നു തോന്നിപ്പിക്കുന്ന ആർഎസ്എസ് ലേഖനത്തിൻറെ പുകമറസന്ദേശം അക്രമികളായ വർഗീയവാദികളിലെത്തിയേക്കാം. ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന അതിൻറെ പേര് വർഗീയതയെന്നു മാത്രമാണ്. അത് ഭയപ്പെടുത്തുന്നുണ്ടെന്ന് ലേഖനം പറയുന്നു.
മുഖപ്രസംഗം പൂർണ്ണരൂപത്തിൽ
ആർക്കാണ് അധികം ഭൂമിയുള്ളത് എന്ന ആർഎസ്എസ് ലേഖനത്തെ ഇവിടെയാർക്കും ഭയമില്ല. കൂടുതലുള്ളത് കത്തോലിക്കാ സഭയ്ക്ക് അല്ലാത്തതിനാൽ മാത്രമല്ല, ഉള്ളതിലൊരു തരിപോലും മതനിയമങ്ങളാൽ തട്ടിയെടുത്തതോ അനധികൃതമോ അല്ല എന്നതിനാലും ഉള്ളതിലേറെയും ജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത് എന്നതിനാലുമാണ്.
ആർഎസ്എസ് പിൻവലിക്കുകയോ നിഷേധിക്കുകയോ ചെയ്ത ലേഖനങ്ങളെന്നല്ല, അംഗീകരിച്ചിട്ടുള്ള ആശയങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവൃത്തിയുമൊക്കെ ഈ രാജ്യത്തെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും തുല്യ പൗരത്വബോധത്തെയുമൊക്കെ പരിക്കേൽപ്പിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാരിതര ഭൂവുടമസ്ഥർ കത്തോലിക്കാ സഭയാണെന്ന ആർഎസ്എസ് ലേഖനത്തിലും അതാണു കാണുന്നത്.
ആർക്കാണ് അധികം ഭൂമിയുള്ളത് എന്ന ആർഎസ്എസ് കുറിപ്പിനെ ഇവിടെയാർക്കും ഭയമില്ല. കൂടുതലുള്ളത് കത്തോലിക്കാ സഭയ്ക്ക് അല്ലാത്തതിനാൽ മാത്രമല്ല, ഉള്ളതിലൊരു തരിപോലും മതനിയമങ്ങളാൽ തട്ടിയെടുത്തതോ അനധികൃതമോ അല്ല എന്നതിനാലും ഉള്ളതിലേറെയും ജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത് എന്നതിനാലുമാണ്. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൻറെ ഓൺലൈൻ പോർട്ടലിലാണ് വിവാദ ലേഖനം വന്നത്. കത്തോലിക്കാ സഭയ്ക്ക് വഖഫ് ബോർഡിനേക്കാൾ സ്വത്തുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ഇതര ഭൂവുടമ സഭയാണെന്നുമാണ് അതിലുള്ളത്.
അതനുസരിച്ച് സഭയുടെ സ്ഥാപനങ്ങൾക്ക് 20,000 കോടി രൂപ മൂല്യമുള്ള ഏഴു കോടി ഹെക്ടർ അഥവാ 17.29 കോടി ഏക്കർ ഭൂമിയുണ്ടത്രേ. ഇതു വഖഫ് ബോർഡിനുള്ളതിനേക്കാൾ കൂടുതലാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് സഭയ്ക്ക് ഇത്ര ഭൂമി ലഭിച്ചത്. 1927ൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യൻ ചർച്ച് നിയമം പാസാക്കിയതിനു പിന്നാലെ വലിയ അളവിലുള്ള ഭൂമി ഗ്രാൻറുകൾ സഭയ്ക്കു ലഭിച്ചു. ഇതിൻറെ സാധുതയെ യാണ് ആർഎസ്എസ് ചോദ്യം ചെയ്യുന്നത്. ബ്രിട്ടീഷ് സർക്കാർ സഭയ്ക്കു പാട്ടത്തിനു നൽകിയ ഭൂമിയൊന്നും സഭയുടെ സ്വത്തായി കണക്കാക്കില്ലെന്ന് 1965ൽ സർക്കുലർ പുറപ്പെടുവിച്ചെങ്കിലും അതു നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. തീർന്നില്ല, സഭയുടെ സ്കൂളുകളിലും ആശുപത്രികളിലും സൗജന്യമായോ കുറഞ്ഞ നിരക്കിലോ സേവനം നൽകി പാവങ്ങളെ മതപരിവർത്തനം നടത്തുന്നുണ്ടെന്ന ചില റിപ്പോർട്ടുകളുണ്ടെന്നും പറഞ്ഞ്, ലേഖനം യഥാർഥ ലക്ഷ്യത്തിലേക്ക് പിൻവാതിൽ പ്രവേശം നടത്തുന്നുമുണ്ട്.
ഏപ്രിൽ മൂന്നിൻറെ ലേഖനം പിന്നീടു പിൻവലിക്കുകയും, പഴയ ഒരു ലേഖനം വഖഫ് വാർത്തകളുടെ പശ്ചാത്തലത്തിൽ വീണ്ടും പ്രസിദ്ധീകരിച്ചതാണെന്ന് ഓർഗനൈസർ എഡിറ്റർ പ്രഫുൽ കേട്കർ പ്രതികരിക്കുകയും ചെയ്തു. പക്ഷേ, വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ലേഖനം തെറ്റാണെന്നു സമ്മതിച്ചിട്ടില്ല. ആർഎസ്എസിൻറെ ലേഖനം ശരിയാണെങ്കിൽ ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിൻറെ അഞ്ചിലൊന്നിലധികം (21 ശതമാനം) ഭൂമി കത്തോലിക്കാ സഭയുടേതാകണം. കാരണം, ഇന്ത്യയുടെ ആകെ ഭൂവിസ്തൃതി 32,87,263 സ്ക്വയർ കിലോമീറ്റർ മാത്രമാണ്! അതിൽ ഏഴു ലക്ഷം സ്ക്വയർ കിലോമീറ്റർ (17.29 കോടി ഏക്കർ) ഭൂമി സഭയുടേതാണെന്നാണ് ലേഖനം പറയുന്നത്.
വഖഫ് ബോർഡിനുള്ള 9.4 ലക്ഷം ഏക്കറിൻറെ 183 ഇരട്ടി! എവിടെനിന്നാണ് ഈ കണക്കുകൾ കൊണ്ടുവരുന്നതെന്ന് ആർക്കുമറിയില്ല. 2024 നവംബർ 25ന് തൃണമൂൽ കോൺഗ്രസ് എംപി മുഹമ്മദ് നദിമുൽ ഹഖ്, കത്തോലിക്കാ സഭയ്ക്ക് രാജ്യത്ത് എത്ര ഭൂമിയുണ്ടെന്നു രാജ്യസഭയിൽ ചോദിച്ചിരുന്നു. ന്യൂനപക്ഷവകുപ്പ് മന്ത്രി കിരൺ റിജിജുവിൻറെ കൈയിൽപോലും ആർഎസ്എസ് ഇപ്പോൾ പറഞ്ഞ കണക്കില്ലായിരുന്നു. റിജിജു പറഞ്ഞത്, ഭൂമിയും അതിൻറെ കൈകാര്യവും സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിലാണെന്നും ഭൂനിയമങ്ങൾ പാസാക്കേണ്ടത് നിയമസഭകളാണെന്നുമാണ്. കത്തോലിക്കാ സഭയുടേത് ഉൾപ്പെടെയുള്ള ഉടമസ്ഥതാ വിവരങ്ങൾ ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽനിന്നു ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കാര്യങ്ങൾ ഈവിധമായിരിക്കെയാണ്, വഖഫ് ബോർഡിനേക്കാൾ സ്വത്ത് കത്തോലിക്കാ സഭയ്ക്കുണ്ടെന്നും ബ്രിട്ടീഷുകാർ കൊടുത്ത സ്വത്തുവകകൾ സഭ കൈയടക്കി വച്ചിരിക്കുകയാണെന്നുമുള്ള ചില വർഗീയ-തീവ്രവാദ സമൂഹമാധ്യമ ആരോപണങ്ങളുടെ ശൈലിയിലുള്ള ആർഎസ്എസ് ലേഖനം. ഇതിനിടെ, അർഎസ്എസിൻറെ ക്രൈസ്തവ ആക്രമണങ്ങളെയും ഓർഗനൈസർ ലേഖനത്തെയും വഖഫിനെയുമൊക്കെ കൂട്ടിക്കെട്ടാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. വഖഫിനുശേഷം ബിജെപി ക്രൈസ്തവരെ തേടി വരുമെന്നു ഞങ്ങൾ പറഞ്ഞത് ഇപ്പോൾ ശരിയായില്ലേയെന്നു ചോദിക്കുന്ന രാഷ്ട്രീയക്കാരോട്, ഇല്ല എന്നുതന്നെ പറയും. കാരണം, സംഘപരിവാറിന് ന്യൂനപക്ഷത്തെ ആക്രമിക്കാൻ വഖഫൊന്നും വേണ്ട. മറ്റൊന്ന്, ആർഎസ്എസ് ലേഖനത്തിൻറെ ഉള്ളടക്കം തെറ്റാണ്. ആ തെറ്റിനെക്കുറിച്ചു പറയുന്നതിനു പകരം, വഖഫ് ഭേദഗതിയെ എതിർത്ത തെറ്റായ തീരുമാനത്തെ ന്യായീകരിക്കാൻ പ്രതിപക്ഷം ഈയവസരം ഉപയോഗിക്കുകയാണ്.
മുനമ്പത്തെ ജനങ്ങളെ വഴിയാധാരമാക്കാൻ വഖഫ് ബോർഡിനെ സഹായിച്ച ചില വകുപ്പുകൾ ഒഴിവാക്കണമെന്നാണ് സിബിസിഐയും കെസിബിസിയും ആവശ്യപ്പെട്ടത്. പ്രതിപക്ഷം അതു കേട്ടതായി നടിച്ചില്ല. അതുപോലെ, വഖഫ് ഭേദഗതി ബിൽ പാസാക്കാൻ ബിജെപിക്കു കോൺഗ്രസിൻറെയും സിപിഎമ്മിൻറെയും എന്നപോലെ ക്രൈസ്തവരുടെയും പിന്തുണ ആവശ്യമില്ലായിരുന്നെന്ന യാഥാർഥ്യവും മറക്കരുത്. പ്രതിപക്ഷത്തിന് ഇതൊന്നും ഉൾക്കൊള്ളാനോ വഖഫിലെ ചില വകുപ്പുകൾ ഈ രാജ്യത്തുണ്ടാക്കിയ പൊല്ലാപ്പുകളെ തിരിച്ചറിയാനോ താത്പര്യമില്ല. ‘ഇന്ത്യ’ സഖ്യത്തിൻറെ ന്യൂനപക്ഷ നിലപാടുകളിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന തോന്നൽ ക്രൈസ്തവരിൽ രൂഢമൂലമായിക്കഴിഞ്ഞു.
മതവർഗീയതയുടെ പല്ലും നഖവുമുള്ള സംഘപരിവാർ ആക്രമണങ്ങളും വഖഫ് വകുപ്പുകളും ക്രൈസ്തവർക്ക് ദുരിതമായപ്പോൾ അതിലേതെങ്കിലും ഒന്നു തെരഞ്ഞെടുക്കാനാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഈ രാഷ്ട്രീയംകൊണ്ട് എങ്ങനെ വർഗീയതയെ ചെറുക്കും? കോൺഗ്രസിനോടും സിപിഎമ്മിനോടും കാര്യങ്ങൾ തുറന്നുപറയേണ്ടിവരുന്നത്, സംഘപരിവാറിൻറെ ക്രൈസ്തവപീഡനങ്ങൾ കാണാതെയല്ല. ഉത്തരേന്ത്യയിൽ ക്രൈസ്തവരെ ഓടിച്ചിട്ടു തല്ലുന്നവർ കേരളത്തിൽ സഹായിക്കുമെന്നു പറയുമ്പോൾ അതിൻറെ രാഷ്ട്രീയം തിരിച്ചറിയാനാകും. സംഘപരിവാറിൻറെ ഓരോ അതിക്രമവും രാജ്യത്തെവിടെയുമുള്ള ക്രൈസ്തവർക്കു കൊള്ളുന്നുണ്ട്.
മതപരിവർത്തനത്തിനു പ്രേരിപ്പിച്ചെന്ന പരാതി കൊടുത്താൽ ഏതൊരു ക്രിസ്ത്യാനിയെയും ജയിലിൽ അടയ്ക്കാമെന്നും സ്ഥാപനം പൂട്ടിക്കാമെന്നുമൊക്കെ കുട്ടികൾ വരെ ചിന്തിച്ചുതുടങ്ങി. പാക്കിസ്ഥാനിലെ ദൈവദൂഷണനിയമ മതഭ്രാന്തുകളെ ഇനിയെങ്ങനെ നാം വിമർശിക്കും? ക്രൈസ്തവരെയും അവരുടെ ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിക്കുന്നവരുടെ ഊർജസ്രോതസായി മാറിയ കേന്ദ്രസർക്കാരിൻറെ നിശബ്ദതയാണ് സ്ഥിതി ഗുരുതരമാക്കിയത്. ക്രിസ്മസ് കാലത്തെന്നപോലെ അടുത്തയാഴ്ച ഈസ്റ്ററിൻറെ വിശുദ്ധവാരം തുടങ്ങുമ്പോഴും ഉത്തരേന്ത്യയിലെ ക്രൈസ്തവർ ഭീതിയിലാണ്.
ആർഎസ്എസിൻറെ നുണലേഖനത്തെ ക്രൈസ്തവർക്കു തരിമ്പും ഭയമില്ല. ഓരോ വിശ്വാസിയുടെയും വിയർപ്പിൻറെ വിലകൊണ്ടു വാങ്ങിയതല്ലാതെ ഇവിടെയൊന്നും വെട്ടിപ്പിടിച്ചു വച്ചിട്ടുമില്ല. പഠിക്കുന്ന വിദ്യാലയങ്ങളുടെയും കിടക്കുന്ന ആശുപത്രികളുടെയും പരിസരത്തുനിന്നു നോക്കിയാൽ സംഘപരിവാറിനും കാണാം, സഭയുടെ സ്വത്തുക്കൾ. സംശയമുണ്ടെങ്കിൽ കോടതിയുണ്ടല്ലോ. അതിലൊന്നും ആധിയില്ല. പക്ഷേ, ക്രൈസ്തവർ ആഭ്യന്തരഭീഷണിയാണെന്നു തോന്നിപ്പിക്കുന്ന ആർഎസ്എസ് ലേഖനത്തിൻറെ പുകമറസന്ദേശം അക്രമികളായ വർഗീയവാദികളിലെത്തിയേക്കാം. ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന അതിൻറെ പേര് വർഗീയതയെന്നു മാത്രമാണ്. അത് ഭയപ്പെടുത്തുന്നുണ്ട്; ഭയം ഒരു രാജ്യമായി മാറുന്നതുപോലെ.