Image

ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ കുടുങ്ങിയത് തിരക്കഥാ വിവര്‍ത്തക ; എ.എസ് ശ്രീകുമാര്‍

Published on 03 April, 2025
 ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ കുടുങ്ങിയത് തിരക്കഥാ വിവര്‍ത്തക ; എ.എസ് ശ്രീകുമാര്‍



മലയാള സിനിമാ മേഖലയിലെ ലഹരി ഉപയോഗം മറ്റിടങ്ങളിലെന്ന പോലെ പരസ്യമായ രഹസ്യമാണ്. അത് പൂര്‍ണമായും ഇല്ലാതാക്കുകയെന്നത് ഒരിക്കലും നടക്കാത്ത കാര്യവുമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ചില അന്വേഷണ കസര്‍ത്തുകള്‍ നടക്കുന്നുണ്ടെന്ന് മാത്രം. കേരളത്തില്‍ ഇപ്പോള്‍ ഓരോ മണിക്കൂറിലുമെന്ന കണത്തില്‍ വന്‍ തോതില്‍ കഞ്ചാവ് പിടിക്കുന്ന കാഴ്ചയാണ്. ഒപ്പം എം.ഡി.എം.എയും മറ്റ് രാസലഹരി ഉല്‍പ്പന്നങ്ങളും. നാടന്‍ കഞ്ചാവിനേക്കാള്‍ ഇതിന്റെ ഉപഭോക്താക്കള്‍ക്ക് പ്രിയം ബൈബ്രിഡ് കഞ്ചാവാണ്. തായ്‌ലാന്‍ഡ് പോലുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് കിക്ക് നീണ്ടു നില്‍ക്കുന്ന വിലകൂടിയ ഹൈബ്രിഡ് ഇനം കേരളത്തിലെത്തുന്നത്.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്ന് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് സിനിമാ ബന്ധമുള്ള യുവതിയെ എക്‌സൈസ് പിടികൂടിയത്. നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കഞ്ചാവ് കൈമാറിയെന്നാണ് ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താന പറഞ്ഞത്. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താനായാണ്, സെക്‌സ് റാക്കറ്റ് കേസില്‍ ഒരു തവണ പിടിയിലായ തസ്ലിമ ആലപ്പുഴയില്‍ മുന്തിയ ഇനം കഞ്ചാവുമായി എത്തിയത്. പൊലീസ് അന്വേഷണത്തില്‍ തായ്‌ലാന്‍ഡില്‍ നിന്നാണ് ഇവര്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന.

ഓമനപ്പുഴ തീരദേശ റോഡില്‍ വച്ചാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയായ തസ്ലിമ പിടിക്കപ്പെട്ടത്. കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് തസ്ലിമയെ എക്‌സൈസ് സംഘം ആലപ്പുഴയിലെത്തിച്ച് വലയിലാക്കിയത്. ആലപ്പുഴ ടൂറിസം മേഖലയില്‍ വിതരണം ചെയ്യുന്നതിനാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. തസ്ലിമയുടെ മൊഴിയനുസരിച്ച് നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. എന്നാല്‍ തങ്ങള്‍ കഞ്ചാവ് എന്ന സാധനം കണ്ടിട്ടേയില്ല എന്ന തരത്തിലാണ് ഇവര്‍ രണ്ടുപേരും 'നിഷ്‌കളങ്ക'മായി പ്രതികരിച്ചത്. രണ്ടു നടന്മാര്‍ക്കുമെതിരെ മയക്കു മരുന്നുമായി ബന്ധപ്പെട്ട ആരോപണം നേരത്തെയും ഉണ്ടായിട്ടുണ്ട്.

അതേസമയം തസ്ലിമ സുല്‍ത്താനയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ വ്യക്തമാക്കി. ഇവര്‍ വര്‍ഷങ്ങളായി സിനിമയില്‍ സജീവമാണ്. എട്ടു ഭാഷകള്‍ എഴുതാനും വായിക്കാനും അറിയുന്ന തസ്ലീമ തിരക്കഥയുടെ വിവര്‍ത്തനമാണ് ചെയ്തു വന്നിരുന്നത്. തസ്ലിമ തരക്കേടില്ലാത്ത ഡ്രഗ് അഡിക്ടുമാണ്. വാട്‌സ് ആപ്പ്, ഇന്‍സ്റ്റ അക്കൗണ്ടുകള്‍ വഴിയാണ് തസ്ലിമ കഞ്ചാവ്-മയക്കുമരുന്ന് കച്ചവടം നടത്തിക്കൊണ്ടിരുന്നത്.

തായ്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് ഹൈബ്രിഡ് കഞ്ചാവിന്റെ ഉത്പാദനം. പ്രത്യേക അന്തരീക്ഷ ഊഷ്മാവ് നിലനിര്‍ത്തി നിശ്ചിത സമയ പരിധിക്കുള്ളില്‍ വിളവെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. മാരക ലഹരിയുള്ള 'തായ് ഗോള്‍ഡ്' എന്ന വിളിപ്പേരുള്ള ഇത്തരം കഞ്ചാവ് ഡാര്‍ക്ക് വെബിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് വ്യാപകമായി വില്‍ക്കുന്നത്. നമ്മുടെ സ്വന്തം 'ഇടുക്കി ഗോള്‍ഡ്' വേറൊരു ലെവലാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഹൈബ്രിഡ് ഇനം പൂര്‍ണ വളര്‍ച്ചയെത്താന്‍ മൂന്നു മാസമേ എടുക്കൂ. അതിനിടെ കഞ്ചാവ് രാസവസ്തുക്കളില്‍ മാസങ്ങളോളം ഇട്ട് സംസ്‌കരിച്ചെടുത്ത് ലഹരി വര്‍ധിപ്പിച്ച ശേഷമുള്ള വാല്യൂ ആഡഡ് ഉല്‍പ്പന്നത്തിന്റെ വില്‍പ്പനയും നടക്കുന്നുണ്ട്. കൃത്രിമ കഞ്ചാവും വിപണിയിലെത്തുന്നുണ്ട്.

കാന്നബിസ് ഗണത്തില്‍പ്പെടുന്ന കഞ്ചാവ് ചെടി കന്നബിസ് ഇന്‍ഡിക്ക, കന്നബിസ് സറ്റൈവ, കന്നബിസ് റുഡെറലിസ് എന്നീ ഉപവര്‍ഗ്ഗങ്ങളില്‍ കാണുന്നു. കൂടുതല്‍ കാണപ്പെടുന്നത് ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ്. ഇത് ഒരു ഔഷധമായും ലഹരി പദാര്‍ത്ഥമായും ഉപയോഗിക്കുന്നു. കന്നബിസ് ഇന്‍ഡിക്കയെ സംസ്‌കൃതത്തില്‍ 'ഗഞ്ചിക' എന്നാണ്  വിളിക്കുന്നത്. നേപ്പാളിലും മറ്റും ഇത് 'ഗഞ്' എന്ന് അറിയപ്പെടുന്നു. ഇതില്‍ നിന്നാണ്  മലയാളത്തില്‍ കഞ്ചാവ് എന്ന പേര് ഉത്ഭവിച്ചത്. കഞ്ചാവ് ചെടിയില്‍ നിന്നുള്ള ഉല്പന്നങ്ങളെ കഞ്ചാവ് എന്ന പേരിന് പുറമെ ഗ്രാസ്, പുല്ല്, വീഡ്, സ്വാമി, ഗുരു, ജോയിന്റ്, മാരുവാന എന്നീ പേരുകളിലും പ്രാദേശികമായി വിളിക്കുന്നുണ്ട്.

കഞ്ചാവിന് ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. ഇതിന്റെ ഉപയോഗം 2.5 മില്യണ്‍ വര്‍ഷം മുമ്പ് മഹാശിലായുഗത്തില്‍ തന്നെ തുടങ്ങിയെന്നാണ് അനുമാനിക്കുന്നത്. ഏറ്റവും പഴക്കമുള്ള കഞ്ചാവ് ഉപയോക്താക്കള്‍ പുരാതന ഇന്ത്യയിലെ 'ഇന്‍ഡോ ആര്യന്മാരും' പിന്നെ ഹഷാഷിനുകളുമായിരുന്നു. എ.ഡി 1090-നും 1275-നും ഇടയില്‍ ജീവിച്ചിരുന്ന, നിസാരി ഇസ്മായിലി വിഭാഗത്തിനിടയില്‍ രൂപമെടുത്ത ഒരു രഹസ്യ സംഘമാണ് ഹഷാഷിനുകള്‍ അഥവാ അസാസിന്‍സ്. പല പുരാതന ആയുര്‍വേദ ഗ്രന്ഥങ്ങളിലും കഞ്ചാവ് മാനസികാസ്വാസ്ഥ്യങ്ങള്‍ക്കുള്ള ഒരു ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയുന്നു. ഇന്ന് കഞ്ചാവടിച്ച് വട്ടാവുന്നവരും കുറവല്ല. പുരാതന ഭാരതത്തില്‍ കഞ്ചാവ് പല താന്ത്രിക മാന്ത്രിക ചടങ്ങുകളില്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഇതില്‍ നിന്ന് ലഭിക്കുന്ന ലഹരിക്ക് ഒരു ദൈവിക പരിവേഷം കൂടിയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും കേരളത്തിലെ തലമൂത്ത കഞ്ചാവ് വലിക്കാരെ 'സ്വാമി' എന്ന് വിളിക്കുന്നത്.

സോമ എന്ന പാനീയം ഉണ്ടാക്കുന്നതില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കരുതുന്നു. പുരാതന ചൈനയിലും ഈജിപ്റ്റിലും ഇതൊരു ഔഷധമായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. ഈ ചെടിയില്‍ നിന്ന് ലഭിക്കുന്ന വളരെ ബലമുള്ള നാരിന് പല ഉപയോഗങ്ങളും ഉണ്ടായിരുന്നത്രെ. ഇന്‍ഡോ-ആര്യന്മാരില്‍ നിന്ന് അസ്സീറിയന്‍ സൈത്യരും (കിഴക്കന്‍ ഇറാനിയന്‍ ഭാഷ സംസാരിച്ചിരുന്ന മദ്ധ്യേഷ്യന്‍ നാടോടി ഗോത്ര വിഭാഗമായ ശകന്‍മാര്‍) ഡ്രകിയന്മാരും ഇത് സ്വായത്തമാക്കി. അവര്‍ക്കിടയിലെ ഷാമാന്‍ എന്ന വൈദ്യ-പുരോഹിതന്മാര്‍ കഞ്ചാവ് പുകച്ച് മായികലോകം സൃഷ്ടിച്ചിരുന്നുവത്രേ. ആ മായിക ലോകത്തേയ്ക്ക് തന്നെയാണ് നമ്മുടെ കഞ്ചന്‍മാരും ഇന്ന് എത്തുന്നത്. അന്നത്തേത് ഹൈബ്രിഡിനെ വെല്ലുന്ന കിടിലന്‍ സാധനമായിരുന്നിരിക്കണം.

മൂവായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഇന്ത്യന്‍-ചൈനീസ് ഗ്രന്ഥങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗത്തെ സംബന്ധിച്ച് രേഖകളുണ്ട്. ബെറിബെറി (വിറ്റമിന്‍ ബി-യുടെ കുറവുകൊണ്ടുണ്ടാകുന്ന രോഗം), മലബന്ധം, മലേറിയ, സന്ധി വാതം, ശ്രദ്ധക്കുറവ്, വിഷാദരോഗം, ഉറക്കമില്ലായ്മ, ഛര്‍ദി തുടങ്ങിയ അവസ്ഥകള്‍ക് പരിഹാരമായി കഞ്ചാവ് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നതായി ഈ ഗ്രന്ഥങ്ങള്‍ പറയുന്നു. 1800-കളുടെ മധ്യത്തില്‍ ഗൊണേറിയ, നെഞ്ച് വേദന തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള ചികില്‍സാ വിധികളിലും ഈ സസ്യം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും വേദന സംഹാരിയായും വിശപ്പ് വര്‍ധിപ്പിക്കുവാനും ലൈംഗിക പ്രശ്‌നങ്ങള്‍കും ഉള്ള ഔഷധം എന്ന നിലയ്ക്കും കഞ്ചാവ് സത്ത് വിപണനം ചെയ്തിരുന്നു.

കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് തുടക്കത്തില്‍ കൃത്രിമമായ ഒരു മനസുഖം ഉണ്ടാവുന്നു. തുടര്‍ന്നുണ്ടാകുന്ന മയക്കവും സ്വപ്നാവസ്ഥയും അതുപയോഗിക്കുന്നയാള്‍ക്ക് വൈകാരിക ഉദ്ദീപനവും ആന്തരിക സുഖവും ലഭിക്കുന്നു. പൊതുവെ ആഹ്ലാദ ഭരിതരായി കാണുന്ന ഇവര്‍ വളരെ ചെറിയ പ്രേരണകള്‍ മൂലം അനിയന്ത്രിതമായി ചിരിക്കുന്നു. ഇവര്‍ക്ക് ആക്രമണ മനോഭാവം തീരെ കാണില്ല. സമയബോധം വ്യത്യാസപ്പെടുകയും, ഏകാഗ്രത നഷ്ടപ്പെടുകയും, കേള്‍വി ശക്തി വര്‍ധിക്കുകയും ചെയ്യുന്നു. കാഴ്ച പലപ്പോഴും വക്രതയുള്ളതാകും. വിശപ്പു കൂടുന്നതിനു പുറമെ ഭക്ഷണത്തിന്റെ രുചിയും മണവും കൂടുതല്‍ ആസ്വദിക്കുവാന്‍ പറ്റുന്നു. തുടര്‍ച്ചയായുള്ള കഞ്ചാവ് ഉപയോഗം ഓര്‍മ്മ, അവബോധം, മാനസികാവിഷ്‌കാരങ്ങള്‍ മുതലായവയെ പ്രതികൂലമായി ബാധിക്കും.

ഇന്ത്യയില്‍ 1985 വരെ കഞ്ചാവിന്റെ ഉപയോഗം നിയമപരമായി നിരോധിക്കപ്പെട്ടിരുന്നില്ല. എന്നതിനാല്‍ തന്നെ കഞ്ചാവിന്റെയും അതില്‍ നിന്നുള്ള ഉല്പന്നങ്ങളുടെയും നിര്‍മ്മാണവും വിപണനവും ഉപഭോഗവും സ്വതന്ത്രമായി നടന്നിരുന്നു. 1985 സെപ്റ്റമ്പര്‍ 16-ന് ലോകസഭ പാസാക്കിയ നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമാണ് ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക