കോട്ടയംകാരനായ കല്ലൂർ ഉമ്മൻ ഫിലിപ്പോസ് പത്രാധിപരായി പശ്ചിമാതാരക എന്ന മലയാള പത്രം പ്രസിദ്ധീകരണം തുടങ്ങിയിട്ട് 160 വർഷം പൂർത്തിയായി. കൊച്ചിയിൽ നിന്ന് ആദ്യ ലക്കം പുറത്തു വന്നത് 1865 മാർച്ച് 24ന്. മലയാള മനോരമ ഇറങ്ങിയത് കാൽ നൂറ്റാണ്ടിനു ശേഷം.
ജർമ്മനിയിൽ ജനിച്ച ഹെർമൻ ഗുണ്ടർട്ട് തലശ്ശേരിയിൽ അച്ചടിച്ചിറക്കിയ രാജ്യസമാചാരം ആണ് ആദ്യത്തെ മലയാള പത്രം എന്നാണ് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്. 1847 ജൂണിൽ പ്രസിദ്ധീകരണം തുടങ്ങിയ ആ മാസികയുടെ ലക്ഷ്യം മത പ്രചാരണം ആയിരുന്നു.
സിഎംഎസിന്റെപുത്രൻ: കല്ലൂർ ഉമ്മൻ ഫിലിപ്പോസും ഗുരുവര്യർ ജോൺ ചാപ് മാനും റിച്ചാർഡ് കോളിൻസും
രാജ്യസമാചാരം പ്രസിദ്ധീകരിച്ച് 18 വർഷങ്ങൾക്കു ശേഷം പുറത്തിറങ്ങിയ പശ്ചിമാതാരകയ്ക്കു മലയാളവും ഇംഗ്ളീഷും ലത്തീനും ഗ്രീക്കും ഒരുപോലെ വശമായിരുന്ന കല്ലൂർ ഉമ്മൻ ഫിലിപ്പോസ് നൽകിയ വരപ്രസാദം തികച്ചും കേരളീയമായിരുന്നു. എല്ലാ അർത്ഥത്തിലും സമ്പൂർണമായ പത്രം. അങ്ങിനെ അദ്ദേഹം മലയാളിയായ ആദ്യത്തെ പത്രാധിപർ ആയിത്തീർന്നു.
'മലയാള ഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ച് യശ്ശശരീരനായ കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ഒരു യുഗോദ്‌ഘാടകനാണ്. മലയാള ഭാഷയിലെ ആദ്യത്തെ നാടക കർത്താവ്, ആദ്യത്തെ പത്രാധിപർ എന്നീ നിലകളിൽ അദ്ദേഹം അർഹിക്കുന്ന സ്ഥാനം നിത്യ നൂതനവും സുസ്മരണാർഹവുമാകുന്നു,' എന്നു പ്രഖ്യാപിക്കുന്നു മലയാള മനോരമ മുഖ്യ പത്രാധിപർ ആയിരുന്ന കെഎം ചെറിയാൻ.
വെസ്റ്റേൺ സ്റ്റാർ; മലയാളം പതിപ്പ് എഡിറ്റർ കല്ലൂർ ഉമ്മൻഫിലിപ്പോസും പ്രസാധകൻ കുര്യൻ റൈറ്ററും
മലയാള മനോരമയിൽ പ്രൊഫ. എം കെ ചെറിയാൻ കൊഴുവല്ലൂർ എഴുതിയ ലേഖന പരമ്പര 1971ൽ പുസ്തകമാക്കിയപ്പോൾ അതിനെഴുതിയ അവതാരികയിലാണ് കെഎം ചെറിയാൻ ഈ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. 'ഭാഷാഗവേഷകരുടെ നിതാന്ത ശ്രദ്ധക്കും പഠനത്തിനും വിഷയീഭവിക്കേണ്ട ഒരു സവ്യസാചിയാണ് കല്ലൂർ ഉമ്മൻ ഫിലിപ്പോസ്,' അദ്ദേഹം പറയുന്നു.
സിഎംഎസ് കോളജിലാണ് കല്ലൂർ ഉമ്മൻ ഫിലിപ്പോസ് പഠിച്ചത്. വിശ്രുതനായ ബെഞ്ചമിൻ ബെയ്‌ലി ആദ്യ പ്രിൻസിപ്പലായി 1817ൽ ആരംഭിച്ച കോളജിന്റെ ഏഴാമത് പ്രിൻസിപ്പൽ റവ. ജോൺ ചാപ്‌മാന്റെ കീഴിൽ പഠനം തുടങ്ങി, എട്ടാമതു പ്രിൻസിപ്പൽ റവ. റിച്ചാർഡ് കോളിൻസിന്റെ കീഴിൽ പൂർത്തിയാക്കി.
കല്ലൂർ മൊഴിമാറ്റിയ ഷേക്‌സ്‌പീയർ നാടകം ആൾമാറാട്ടം; 1866ലെ ആദ്യപതിപ്പിന്റെ ആമുഖം
കേംബ്രിഡ്‌ജിലെ സെന്റ് ജോൺസ് കോളജ് ഫെല്ലോ ആയിരുന്നു ചാപ് മാൻ. പ്രിൻസിപ്പൽ ആകുമ്പോൾ ആകെ എഴുപതു വിദ്യാർഥികൾ. സുറിയാനി സഭയിലെ ശെമ്മാശ്ശൻമാരും നായർ യുവാക്കളും. ബ്രാഹ്മണയുവാക്കൾ എത്തിയെന്നതാണ് അന്നത്തെ പ്രധാന സംഭവം.
ഡോ. റിച്ചാർഡ് കോളിൻസിന്റെ കാലത്താണ് വിദ്യാസംഗ്രഹം എന്ന പേരിൽ ഇന്ത്യയിൽ ആദ്യത്തെ കോളജ് മാഗസിൻ പുറത്തിറങ്ങുന്നത്. പത്നി ഫ്രാൻസസ് റൈറ്റ് കോളിൻസ് ദി സ്ലേയേഴ്സ് സ്‌ലൈൻ എന്ന പേരിൽ എഴുതിയ നോവൽ 'ഘാതക വധം' എന്ന പേരിൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തു കോളജ് മാഗസിനിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചതും റിച്ചാർഡ് കോളിൻസ് ആയിരുന്നു. ഘാതകവധം മലയാളത്തിലെ ആദ്യത്തെ നോവൽ ആയി പരിഗണിക്കപ്പെടുന്നു.
കല്ലൂരിന്റെ ജീവചരിത്രം; ചരിത്രകാരൻ പ്രൊഫ. എംകെ ചെറിയാൻ കൊഴുവല്ലൂർ
അക്കാലത്തു സിഎംഎസിൽ ഇന്റർമീഡിയറ് എന്ന എഫ്എ വരെയേ പഠിപ്പിച്ചിരുന്നുള്ളു. ഡിഗ്രി കോഴ്‌സുകൾ പഠിപ്പിക്കുന്ന ഫിസ്റ് ഗ്രേഡ് കോളജായി ഉയരുന്നത് പത്തൊമ്പതാമത് പ്രിൻസിപ്പൽ പിസി ജോസഫിന്റെ കാലത്ത് 1950ൽ മാത്രം.
കല്ലൂർ ഉമ്മൻ ഫിലിപ്പോസ് (1838-1880) പത്തനംതിട്ട ജില്ലയിൽ കല്ലൂപ്പാറയിലാണ് ജനിച്ചത്. കല്ലൂർപാറ എന്ന അന്നത്തെ പേര് ലോപിച്ചാണ് കല്ലൂർ വീട്ടുപേരായത്. കല്ലൂർ ഉമ്മന്റേയും ഒളശ്ശ പത്തിൽ അന്നാമ്മയുടെയും പുത്രൻ. കുട്ടിക്ക് ഒരു വയസ് ആയപ്പോൾ അമ്മയും അഞ്ചു വയസ് ആയപ്പോൾ പിതാവും മരിച്ചതിനെ തുടർന്ന് അമ്മവീടായ പത്തിൽ തറവാട്ടിലേക്ക് മാറിതാമസിച്ചു.
സാഹിത്യഅക്കാദമിയുടെ പഠനം-എഡിറ്റർ ഡോ. പോൾ മണലിൽ
സംസ്കൃതം പഠിച്ചു വളർന്ന ഉമ്മൻ മലയാളം, ഇംഗ്ലീഷ് , ലത്തീൻ, ഗ്രീക്ക് ഭാഷകളിലും പ്രാവീണ്യം നേടി. 1858ൽ ഇരുപതാം വയസിൽ കൊച്ചിയിലെ ആംഗ്ലിക്കൻ സഭ വക ഗ്രാന്റ് ഇൻ എയ്‌ഡ് സ്‌കൂളിൽ മലയാളം അദ്ധ്യാപകൻ ആയി.
അമ്മാവൻ റവ. ജോർജ് കുര്യൻ അന്ന് കൊച്ചി സെന്റ് ആൻഡ്രൂസ് പള്ളി വികാരിയായിരുന്നതിനാൽ കൂടെ താമസിച്ചു. അന്നു കൊച്ചിയിലുണ്ടായിരുന്ന ഇംഗ്ളീഷ്‌കാരിൽ പലരും മലയാളം പഠിക്കാൻ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി.
ഒളശ്ശ ഏനാദിക്കൽ തൊമ്മൻ വർക്കിയുടെ പുത്രിയും ആംഗ്ലിക്കൻ സഭാ വൈദികനും എഴുത്തുകാരനുമായ ഇ.വി. ജോണിന്റെ സഹോദരിയുമായ ഉണിച്ചാരമ്മയെ 1862ൽ വിവാഹം ചെയ്യുമ്പോൾ പ്രായം 24. 1869ൽ ട്രാവൻകൂർ ചർച്ച് കൗൺസിലിൽ കൊച്ചിയുടെ പ്രതിനിധിയായി.
ഗ്രേറ്റ് ഗ്രാൻഡോട്ടർ പ്രൊഫ. ശോശാമ്മ, മക്കൾ പ്രിയ, സൗമ്യ, രമ്യ
കൊച്ചിയിൽ പോൾ മെൽവിൻ വാക്കർ എന്ന ഇംഗ്ലീഷ് കാരനും കോട്ടയം അക്കരെ കുര്യൻ റൈറ്ററും മറ്റും ചേർന്ന് വെസ്റ്റേൺ സ്റ്റാർ എന്നൊരു ഇംഗ്ലീഷ് പത്രം 1864 ൽ പ്രസിദ്ധീകരണം തുടങ്ങി. പിറ്റേ വർഷം പശ്ചിമ താരക എന്ന പേരിൽ തുടങ്ങിയ മലയാളം പത്രത്തിന്റെ എഡിറ്ററായി കല്ലൂർ ഉമ്മൻ ഫിലിപ്പോസ് നിയമിതനായി.
പുസ്തക നിരൂപണം, സമകാലീന പ്രശ് നങ്ങളെക്കുറിച്ചുള്ള വിശകലനം, അഴിമതിക്കെതിരായ കുരിശുയുദ്ധം തുടങ്ങിയവ പശ്ചിമതാരകയുടെ മുഖമുദ്ര ആയിരുന്നു. ആംഗ്ലിക്കൻ സഭാവിശ്വാസിയായ ഉമ്മൻ വിശ്വാസസംബംന്ധമായ കാര്യങ്ങളിൽ മാർപാപ്പയെ വിമർശിക്കാനും മടികാണിച്ചില്ല.
ക്ലാസ്സ്‌മേറ്റ്സ്-ശോശാമ്മ, ജോർജ് മാമ്പറ, കുര്യൻ പാമ്പാടി
ആറടി പൊക്കം ഒത്ത വണ്ണം. നല്ല ഫുട്ബോൾ കളിക്കാരൻ. രണ്ടു തണ്ടുവച്ച കാബിൻ ബോttilaയിരുന്നു സഞ്ചരിച്ചിരുന്നത്. അഴിമതിക്കെതിരെ തൂലിക പടവാൾ ആക്കിയ അദ്ദേഹത്തെ ഉദ്യോഗസ്ഥൻമാർക്കു ഭയമായിരുന്നത്രെ. പുറമെ കൊട്ടാരത്തിൽ സ്വാധീനവും. Yours Sincerely എന്ന് ഒപ്പു വച്ച് അദ്ദേഹം അയക്കുന്ന കത്തുകൾ ദിവാൻജി പോലും ആദരിച്ചു.
ഷേക്‌സ്‌പീയറിന്റെ കോമഡി ഓഫ് ഏറേഴ്സ് എന്ന നാടകം 1866ൽ ആൾമാറാട്ടം എന്നപേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചതാണ് ഉമ്മൻ ഫിലിപ്പോസിന്റെ നേട്ടങ്ങളിൽ ഏറ്റവും ശ്രദ്ധേയം. മലയാളത്തിലെ ആദ്യത്തെ ഷേക്‌സ്‌പീയർ കൃതിയും ആദ്യം പ്രസിദ്ധീകൃതമായ മലയാള നാടകവും അതായിരുന്നു. അമരകോശ പ്രദീപിക, ശബ്ദദീപിക തുടങ്ങിയ കൃതികളും അദ്ദേഹം രചിച്ചു.
ബന്ധു ടിജെഎസ് ജോര്ജും മലയാളത്തിലെ ബെസ്റ്സ് സെല്ലറും
1880 ജൂലൈ 20നു കരൾ രോഗം മൂലം അന്തരിക്കുമ്പോൾ പ്രായം വെറും 42. ഒളശ്ശയിൽ പുതിയൊരു വീട് പണിയുന്ന തിരക്കിലായിരുന്നെങ്കിലും അത് പൂർത്തിയാക്കാതെ അദ്ദേഹം വിടവാങ്ങി. ഒളശ്ശ സെന്റ് മാർക്ക്സ് പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. ഇംഗ്ലീഷ് മിഷനറി ഹെൻറി ബേക്കർ സീനിയർ 1840 ൽ സ്ഥാപിച്ച പള്ളിയാണിത്.
ഉമ്മൻ ഫിലിപ്പോസിന്റെ മരണശേഷം വിധവ ഉണിച്ചാരമ്മയും മക്കളും മാതൃഗൃഹമായ ഒളശ്ശ ഏനാദിക്കൽ വീട്ടിൽ കഴിഞ്ഞു. മക്കളിൽ കെ.പി ഉമ്മൻ, കെ.പി വർക്കി എന്നിവർ ആംഗ്ലിക്കൻ സഭയിൽ വൈദികരായി. സഹോദരിമാർ-അന്നമ്മ, ഏലിയാമ്മ
ഒളശ്ശ സെന്റ് മാർക്സ് പള്ളിയിൽ കല്ലൂരിന് പ്രണാമം; വികാരി ചെറിയാൻ തോമസ്, സീനിയർ ജേര്ണലിസ്റ് ജേക്കബ് ജോൺ. പിന്നിൽ 1945ലെ പള്ളിമഞ്ചൽ
കോട്ടയത്ത് 1971ൽ കല്ലൂർ ഉമ്മൻഫിലിപ്പോസിന്റെ പേരിൽ ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. അതോടനുബന്ധിച്ച് പ്രൊഫ. കൊഴുവല്ലൂർ എംകെ ചെറിയാൻ രചിച്ച 55 പേജുള്ള ജീവചരിത്രം പുറത്തിറങ്ങി. വിദ്യാർത്ഥി മിത്രത്തിനായിരുന്നു വിതരണാവകാശം.
ആൾമാറാട്ടത്തിന്റെ പുതിയ പതിപ്പ് ആകർകമായ പുറംചട്ടയോടെ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ചു. 2007ൽ കേരള സാഹിത്യ അക്കാദമി 'ആൾമാറാട്ടം: പാഠവും പഠനവും' പുറത്തിറക്കി. എഡിറ്റർ ഡോ. പോൾ മണലിൽ. 'മലയാളത്തിലെ ആദ്യ നാടകം. ഒരു നല്ല കേളീ സല്ലാപം എന്ന ഉപശീര്ഷകത്തോടെ. ഇംഗ്ലീഷിനെക്കാൾ സംസ്‌കൃതത്തിനും പ്രധാന്യം കല്പിച്ചിരുന്ന കാലത്ത് തനി മലയാളത്തിലേക്കുള്ള മാറ്റം അത് അടയാളപ്പെടുത്തി,' പോൾ ഓർമ്മിപ്പിക്കുന്നു.
സിഎംഎസ് കോളജ് ഇംഗ്ലീഷ് വകുപ്പ് മേധാവിയായി സേവനം ചെയ്ത കല്ലൂർ ശോശാമ്മ വർക്കിയുടെ മുതുമുത്തശ്ശൻ (ഗ്രേറ്റ് ഗ്രാൻപാ) ആയിരുന്നു ഉമ്മൻ ഫിലിപ്പോസ്. പ്രൊഫ. ശോശാമ്മയും പ്രിയ, സൗമ്യ, രമ്യ എന്നീ മക്കളും മഹത്തായ ആ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരായതിൽ അഭിമാനം കൊള്ളുന്നു.
ശോശാമ്മയുടെ പിതാവ് കെ.ഒ. വർക്കി ബിഎഎൽടി കോട്ടയം ബേക്കർ സ്‌കൂൾ അദ്ധ്യാപകനും സിഎസ്‌ഐ സ്‌കൂൾസ് കോർപറേറ്റ് മാനേജരുമായിരുന്നു. സഹോദരൻ റവ കെ ഒ ഫിലിപ്പ് മധ്യകേരള മഹായിടവക ബിഷപ് മാരുടെ സെക്രട്ടറിയായും സ്ക്കൂൾ കോർപ്പറേറ്റു മാനേജരായും ശോഭിച്ചു.
അതേ കാലടിപ്പാടുകളിൽ : പ്രപൗത്രൻ ഉമ്മൻ മാത്യു കല്ലൂർ (92) രചിച്ച അഞ്ചാമത്തെ നോവൽ
ഒളശക്കടുത്ത് അയ്മനത്ത് ജനിച്ചു വളർന്ന കോട്ടയം പള്ളിക്കൂടം സ്‌കൂൾ സ്ഥാപക പ്രിൻസിപ്പൽ മേരി റോയിയും മകൾ നോവലിസ്റ്റ് അരുന്ധതി റോയിയും ഉമ്മൻ ഫിലിപ്പോസുമായി ബന്ധമുള്ളവരാണ്. അരുന്ധതിയുടെ നോവലിൽ പറയുന്നുണ്ട് അയ്മനം ഹൗസിനെസിനെപ്പറ്റിയും അവിടത്തെ 'പുണ്യൻ അച്ച നെ'പ്പറ്റിയും. എൻജിനീയർ ആയി ഗവ. സർവീസിൽ ഇരുന്ന ശേഷം വൈദികപട്ടം സ്വീകരിച്ച പത്തിൽ ജോൺ കുര്യനാണ് ഈ കഥാപാത്രം. അദേഹത്തെ നാട്ടുകാർ എൻജിനീയർ അച്ചൻ എന്നു വിളിച്ചിരുന്നു.
കല്ലൂർ ഉമ്മൻ ഫിലിപ്പോസിന്റെ അഞ്ചാം തലമുറയിൽ പെട്ടയാളാണ് പ്രശസ്ത പത്രപ്രവർത്തകൻ ടി.ജെ.എസ് ജോർജ്. മകനും നോവലിസ്റ്റുമായ ജീത് തയ്യിൽ ആറാം തലമുറ. ഹോങ്കോങിൽ ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ ആരംഭിച്ച പദ്മഭൂഷൺ ടിജെഎസ് (96)) ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം കൃതികൾ രചിച്ചിട്ടുണ്ട്. സ്വദേശാഭിമാനി പുരസ്കാരവും ലഭിച്ചു.
എഴുത്തുകാരനായ കല്ലൂർ ഫിലിപ്പോസിന്റെ യഥാര്ഥ പിൻഗാമിയെ ഞാൻ കണ്ടെത്തിയത് ആകസ്മികമായി. തിരുവനന്തപുരത്തു കേശദാസപുരത്തിനു സമീപം ശ്രീനഗറിൽ താമസിക്കുന്ന ഉമ്മൻ മാത്യു കല്ലൂർ (92) ഒളശ്ശയിൽ ജനിച്ചയാൾ. കല്ലൂർ ഉമ്മൻ പിലിപ്പോസിന്റെ മകന്റെ കൊച്ചുമകനാണ്. ആദ്ദേഹത്തിന്റെ അഞ്ചാമത്തെ നോവൽ മങ്കി ബിസിനസ് അടുത്തകാലത്തു കോട്ടയത്തു പുറത്തിറക്കി. പിതാവിനെപ്പോലെ കുന്നൂരിലെ ടീ എസ്റ്റേറ്റിൽ സേവനം ചെയ്തു. വീണ്ടുമൊരു അങ്കത്തിനു ബാല്യം.
(പ്രൊഫ. എംകെ ചെറിയാൻ (84) 1971ൽ പ്രസിദ്ധീകരിച്ച കല്ലൂർ ഉമ്മൻ ഫിലിപ്പോസിന്റെ സമഗ്രവും ആധികാരികവുമായ ജീവചരിത്രത്തിന്റെ കോപ്പി കണ്ടെത്താൻ സഹായിച്ചത് ചെറിയാൻ പ്രിൻസിപ്പൽ ആയിരുന്ന മാവേലിക്കര ബിഷപ് മൂർ കോളജിന്റെ ലൈബ്രേറിയൻ അജോ ഗീവർഗീസ് തോമസ്. കൂത്തുപറമ്പ് നിർമ്മല ഗിരി കോളജ് ലൈബ്രറിയിൽ നിന്ന് പുതകത്തിന്റെ സംപൂർണ പിഡിഎഫ് കോപ്പി അജോ സംഘടിപ്പിച്ചു. തിരുവനന്തപുരത്തു ഭാര്യ പ്രൊഫ. റോസിയും മകൾ അനുവുമൊത്ത് താമസിക്കുന്ന 84 എത്തിയ പ്രൊഫ ചെറിയാന്റെ ഏറ്റവും പുതിയ ചിത്രം എത്തിച്ചു തന്നത് മൂർ കോളജിൽ സഹപ്രവർത്തകൻ ആയിരുന്ന പ്രൊഫ. വിഐ ജോൺസൺ. രണ്ടുപേർക്കും നന്ദി. സിഎംഎസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ റീനു ജേക്കബ് ആണ്ചെറിയാന്റെ മറ്റൊരു മകൾ. മകൻ ബിനി വെർജീനിയയിൽ).