റഷ്യൻ ക്രൂഡോയിലിന് മേൽ 25 ശതമാനം സെക്കൻഡറി താരിഫ് ഏർപെടുത്തുമെന്നുള്ള ഭീഷണിയെ പറ്റിയുള്ള വാർത്തയാണ് ഒടുവിലായി അമേരിക്കയിൽ നിന്നു വരുന്നത്. ട്രംപ് ഇറാനിൽ ബോംബ് ഇടുമെന്നും കൂടി പറഞ്ഞിട്ടുണ്ട്. അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപ് ഇതൊക്കെ വെറുതെ പറയുന്നതല്ല.
B-2 ബോംബർ ഉൾപ്പെടെ 'മാസ്സീവ് മിലിട്ടറി ബിൽഡ് അപ്പ്' ആണ് ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്ക-ബ്രിട്ടൻ ജോയിൻറ്റ് മിലിട്ടറി സെൻറ്റർ ആയ ഡിയഗോ ഗാർഷ്യയിൽ നടക്കുന്നതെന്ന് കേൾക്കുന്നു. തായ്‌വാൻ പ്രശ്നത്തിൽ ഇടപെട്ടു 'സൗത്ത് ചൈന' സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ എയർക്രാഫ്റ്റ് ക്യാരിയറൻറ്റെ 'സ്ട്രൈക്ക് ഗ്രൂപ്പ്' പശ്ചിമേഷ്യയിലേക്ക് മാറ്റിയതായി വാർത്തകൾ വരുന്നുണ്ട്. ഇപ്പോൾ തന്നെ യെമനിലെ ഹൂത്തികൾക്കെതിരെ ശക്തമായ അമേരിക്കൻ ബോംബിങ്ങ് നടക്കുകയാണ്. വിശ്വസനീയമായ ഡേറ്റയുടേയും, ഇൻഫർമേഷൻറ്റേയും അടിസ്ഥാനത്തിൽ നോക്കുമ്പോൾ, പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത വീണ്ടും ഉരുത്തിരിഞ്ഞു വരുന്നുണ്ട്. അമേരിക്കൻ നേതൃത്വൽ ഇറാനെതിരേ ബോംബിങ്ങ് അടുത്തുതന്നെ ആരംഭിക്കുമോ എന്നാണ് ഇനി കാണേണ്ടത്.
അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപിൻറ്റെ ഇത്തരത്തിലുള്ള ഭീഷണികളും യുദ്ധങ്ങളും അമേരിക്കയെ സാമ്പത്തികമായി കൂടുതൽ പാപ്പരാക്കാൻ മാത്രമേ ഉതകുകയുള്ളൂ. 2008-ൽ തുടങ്ങിയ ഇലോൺ മസ്ക്കിൻറ്റെ ടെസ്‌ല ഇപ്പോൾ വലിയ വെല്ലുവിളികൾ നേരിടുകയാണ്. ജനം ടെസ്‌ല 'ഷോറൂമുകൾ' ആക്രമിക്കുന്നതിലേക്ക് വരെ എത്തിയിരിക്കുകയാണ് കാര്യങ്ങൾ.
ഇലോൺ മസ്കിൻറ്റെ സാമൂഹ്യ മാധ്യമമായ എക്സിന് എതിരേ നിരന്തരമായി സൈബര്‍ ആക്രമണം ഉണ്ടാകുന്നതിനു പുറമേ, ടെസ്‌ലയുടെ ഷോറൂമുകൾ കത്തിക്കുന്നതിലേക്കും വാഹനങ്ങള്‍ ആക്രമിക്കപ്പെടുന്നതിലേക്കും വരെ കാര്യങ്ങൾ പോകുമ്പോൾ എത്രമാത്രം ശത്രുത ജനങ്ങൾക്കിടയിൽ ട്രംപും മസ്കും ചേർന്ന് ഇതിനോടകം തന്നെ സൃഷ്ടിച്ചുകഴിഞ്ഞു എന്നത് ആർക്കും കാണുവാൻ സാധിക്കും. രാജ്യത്ത് ടെസ്‌ലയുടെ ഷോറൂമുകൾ കത്തിക്കുന്നതും വാഹനങ്ങൾ ആക്രമിക്കപ്പെടുന്നതും അമേരിക്കയെ ഇനി ആഭ്യന്തര കലാപത്തിലേക്ക് എത്തിക്കുമോ എന്നാണ് കാണേണ്ടത്. യൂറോപ്പിൽ ടെസ്‌ലയുടെ വിൽപ്പന 40 ശതമാനം കുറഞ്ഞു. ടെസ്‌ലയുടെ ഷെയർ മാർക്കറ്റ് മൂല്യം 'പീക് ലെവലിൽ' നിന്ന് 47 ശതമാനം കുറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.
രണ്ടു യുദ്ധങ്ങൾ സ്പോൺസർ ചെയ്ത് വലിയ 'പബ്ലിക് ഡെബ്റ്റ്' സൃഷ്ടിച്ചിരക്കയാണ് അമേരിക്ക. അമേരിക്കയുടെ പൊതുകടം ഇപ്പോൾ 36.22 ട്രില്യൺ ആണ്. ഇത് മറികടക്കാൻ ഫെഡറൽ ടാക്സസ് ഉയർത്താതെ ഒരു വഴിയുമില്ല. അത് സാധാരണനായ അമേരിക്കൻ പൗരൻറ്റെ വരുമാനത്തിൽ കുറവ് വരുത്തും. ഇപ്പോൾ തന്നെ അമേരിക്കയിൽ ഇൻഫ്ലേഷൻ വളരെ കൂടുതലാണ്. വിലക്കയറ്റം ഇനിയും രൂക്ഷമാക്കാനേ ട്രംപിൻറ്റെ 'താരിഫ് യുദ്ധങ്ങൾ' ഉപകരിക്കുകയുള്ളൂ. മാറിയ ലോകക്രമത്തിൽ പണ്ട് ചൈന വാങ്ങിയതുപോലെ, അമേരിക്കൻ ബോണ്ടുകൾ ആരുവാങ്ങും എന്ന പ്രശ്നം കൂടി ഉണ്ട്. അമേരിക്കൻ കടപ്പത്രങ്ങൾ ആരും വാങ്ങാനില്ലാത്ത അവസ്ഥ എന്നു പറഞ്ഞാൽ, അമേരിക്കൻ ഡോളറിൻറ്റെ അപ്രമാദിത്വവും, അമേരിക്കൻ മേധാവിത്വവും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ കൂടിയാണ്.
അമേരിക്ക ഇറാനെ ആക്രമിച്ചാൽ, റഷ്യയും ചൈനയും വടക്കൻ കൊറിയയുമെല്ലാം ഇറാനെ പിന്തുണക്കും. സൈനികമായി നേരിട്ട് ഇടപെടാതെ അമേരിക്കയെ ഒതുക്കാൻ 'കൈ നനയാതെ മീൻ പിടിക്കൽ' തന്ത്രങ്ങൾ ആയിരിക്കും ഈ രാജ്യങ്ങൾ അവലംബിക്കുക എന്നാണ് തോന്നുന്നത്. ഇറാനെ സപ്പോർട്ട് ചെയ്യാൻ ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകളുടെ ആഹ്വാനവും വരും. ചുരുക്കം പറഞ്ഞാൽ ഹൂത്തികളോടുള്ള ശത്രുത കൂടാതെ ഇറാനു നേരേയുള്ള ബോംബിങ്ങ് കൂടി വന്നാൽ, അമേരിക്ക ലോകമെങ്ങുമുള്ള ഇസ്ലാമിസ്റ്റുകളുടെ നമ്പർ വൺ ശത്രു ആയി തീരുമെന്ന് സാരം.
സ്ട്രാറ്റജിക് രംഗത്തുള്ള വെല്ലുവിളികളെക്കാൾ അമേരിക്കക്ക് ഇനി ദോഷം ചെയ്യാൻ പോകുന്നത് ചൈന ഉയർത്തുന്ന സാമ്പത്തിക വെല്ലുവിളികൾ ആയിരിക്കും. ടെസ്‌ലയുടെ ഇലക്ട്രിക്ക് കാർ ഒരെണ്ണം വാങ്ങുന്ന കാശുകൊണ്ട് BYD-യുടെയോ, ഷവോമിയുടെയോ രണ്ട് ഇലക്ട്രിക്ക് കാറുകൾ വാങ്ങാൻ പറ്റും. കൺസ്യൂമർ എപ്പോഴും നോക്കുന്നത് ഗുണമേന്മയും, വിലക്കുറവും ആയിരിക്കും. ജാപ്പനീസ്, കൊറിയൻ, ചൈനീസ് ഉൽപ്പന്നങ്ങൾ ഇങ്ങനെ ഗുണമേന്മയും വിലക്കുറവും ഉറപ്പു തരുമ്പോൾ, ഉപഭോക്താവ് എന്തിന് അമേരിക്കൻ ഉൽപ്പന്നങ്ങളുടെ പിന്നാലെ പോകണം?
അമേരിക്കൻ പ്രസിഡൻറ്റ് ട്രംപിൻറ്റെ ഇന്ത്യക്കെതിരേയുള്ള 'താരിഫ് നീക്കങ്ങൾ' വിജയിക്കുമെന്ന് തോന്നുന്നില്ല. ഇന്ത്യക്ക് 'ടാക്സ് ഭീകരത' ഉണ്ടെന്നുള്ളത് വാസ്തവം തന്നയാണ്. 'ഓൺ ദ റോഡ് പ്രൈസ്' വാഹനങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ വളരെ കൂടുതലാണ്. ഇന്ത്യ അതൊക്കെ കുറച്ചു കൊടുത്താലും ടെസ്‌ല ഇന്ത്യയിൽ അധികം വിറ്റുപോകുമെന്ന് തോന്നുന്നില്ല.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ നേരിട്ടുള്ള ഇടപെടൽ മൂലം അവിടെ ചൈനീസ് BYD 85,000 കോടി രൂപയുടെ നിക്ഷേപം നടത്തുകയാണ്. തുടക്കത്തിലേ, ഓട്ടോമൊബൈൽ രംഗത്ത് ഇന്ത്യ ഇന്നേവരെ കണ്ടതിൽ വെച്ചുള്ള ഏറ്റവും വലിയ തുകയാണ് ഇലക്ട്രിക് കാർ മാനുഫാക്ച്ചറിംഗ് രംഗത്തുള്ള BYD തെലുങ്കാനയിലെ വരാൻ പോകുന്ന പ്രൊജക്റ്റിൽ നിക്ഷേപിക്കുന്നത്. ഒന്നും കാണാതെ ചൈനീസ് BYD ഇത്രയും വലിയൊരു തുക ഇന്ത്യയിൽ മുടക്കില്ല. ഇത്ര വലിയൊരു ഇൻവെസ്റ്റ്മെൻറ്റ് വരുമ്പോൾ, ആ നിക്ഷേപം വരുന്ന ഹൈദരാബാദിൻറ്റെ പ്രാന്തപ്രദേശം വലിയൊരു ഓട്ടോമൊബൈൽ വ്യവസായ ഹബ്ബായി മാറാനാണ് സാധ്യത.
പ്രതി വർഷം 6 ലക്ഷം ഇലക്ട്രിക് കാറുകളിൽ നിന്നു തുടങ്ങി ക്രമേണ പത്തു ലക്ഷത്തിന് മുകളിൽ ഇലക്ട്രിക് കാറുകളുടെ ഉൽപ്പാദനം എന്നു കമ്പനി വക്താക്കൾ പറയുമ്പോൾ, ബാംഗ്ലൂർ ഐ. ടി. വ്യവസായത്തിൽ വളർന്നതുപോലെ, ഹൈദരാബാദ് വാഹന നിർമാണ രംഗത്തും കുതിക്കാനാണ് സാധ്യത.
ഉൽപ്പാദനം കൂടുമ്പോൾ, വിൽപ്പനയിലും BYD ടെസ്‌ലക്ക് മുകളിൽ നിൽക്കും. അപ്പോൾ പിന്നെ ടെസ്‌ലക്ക് BYD-യുടെ മുമ്പിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല. അമേരിക്കയുടെ ഫോർഡ് ഇവിടെനിന്ന് പൂട്ടിക്കെട്ടി പോയതുപോലെ ഭാവിയിൽ ടെസ്‌ലയും ഇന്ത്യയിൽ നിന്ന് പൂട്ടിക്കെട്ടി പോവാനാണ് സാധ്യത കാണുന്നത്. ഇന്ത്യയിൽ ഇപ്പോൾ തന്നെയുള്ള ടാറ്റ മോട്ടോഴ്സ്, മാരുതി, ഹ്യൂണ്ടായ്, ടൊയോട്ട - ഇവയ്ക്കും BYD-യിൽ നിന്നും ഭാവിയിൽ കാർ നിർമാണ രംഗത്ത് വെല്ലുവിളികൾ നേരിടേണ്ടി വരും.
(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
How does Chinese investment in Telangana pose a challenge to Tesla?