കേരളത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണെന്നു ചോദിച്ചാല്‍ എന്താ പറയുക ..
പത്രങ്ങള്‍ നോക്കിയാല്‍ സ്ത്രീകള്‍ കറുത്തുപോകുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. പത്രമെടുത്തു നോക്കിയാല്‍ ഒരു സംസ്ഥാനം ഭരിക്കുന്ന വനിതാചീഫ് സെക്രട്ടറിപോലും കറുപ്പു നിറത്തെ അതിജീവിക്കാന്‍ പെടാപ്പാടുപെടുന്ന കാഴ്ച.ഏറ്റവും വായനക്കാരുളള രണ്ടു പത്രങ്ങള്‍ ദിവസവും ഉറപ്പായും വായിക്കുന്ന ആളാണ് ഞാന്‍ .എന്നിട്ട് ഒരു താരതമ്യം ഉണ്ട്.മെയ്ന്‍ ആതാണ്,ഏതൊക്കെ വാര്‍ത്ത മറ്റേ പത്രത്തില്‍ വന്ന്ില്ല ,പ്രാധാന്യമുള്ള വാര്‍ത്തകള്‍ക്ക് എത്ര കോളം നല്‍കി ,ചിത്രങ്ങള്‍ എത്ര കോളത്തിലാണ് കൊടുത്തത്..തുടങ്ങി ഒട്ടേറെ താരതമ്യങ്ങള്‍.ഒരു കാര്യവുമില്ലാത്ത പാഴ്പ്പണിയാണെന്നറിയാം.പക്ഷേ ,പത്രാധിപസമിതിയില്‍ അംഗമായിരുന്ന കാലത്തെ ശീലം തുടരുകയാണ്.അതിനി നിര്‍ത്താന്‍ പാടാണ്.ഒരു തരത്തില്‍ പറഞ്ഞാല്‍ അതൊരു രസവുമാണ്.പറഞ്ഞു വരുന്നത് കറുപ്പു നിറമുള്ളവരുടെ അപകര്‍ഷതാബോധത്തെപ്പറ്റിയാണ്.പലരെയും മാനസ്സികമായി അതു തകര്‍ത്തുകളയുന്നുണ്ടെന്നു അറിഞ്ഞിട്ടുണ്ട്.
വിവാഹകമ്പോളത്തില്‍ പെണ്ണിന് വില ഇടിച്ചുകളയുന്ന പ്രധാന കാര്യം നിറമാണത്രേ.ചെക്കന്‍ കാക്ക കറുമ്പനായാലും അവന്‍ ആണാണ്.അവന് നിറം ഒരു പ്രശ്‌നമേയല്ലപോലും.കനമുള്ള സ്ത്രീധനം കൊടുക്കാനുണ്ടായാല്‍ കറുത്തപെണ്ണിനെ കൊത്തിക്കൊണ്ടുപോകാന്‍ ചെക്കന്‍മാര്‍ വരിനില്‍ക്കും.ചിലര്‍ പറയുന്നതു കേട്ടിട്ടുണ്ട് ,വെളുത്തപെണ്ണിനെക്കൊണ്ട് കെട്ടിച്ചതുകൊണ്ട് അവനുണ്ടായ പിള്ളാരു വെളുത്തു എന്ന് .വെളുവെളുത്ത പെണ്ണിനെ കെട്ടിയിട്ടും കറുത്ത കൊച്ചുങ്ങളുണ്ടായ ഒരു കറുത്ത ബന്ധു എനിക്കുണ്ട്.ജനിതകരഹസ്യം അറിയാത്ത ഏതോ ഒതളക്കോടന്‍ പറഞ്ഞുവച്ച അബദ്ധം തലമുറ തലമുറയായി കൈമാറി അണയാതെ സൂക്ഷിക്കുന്ന വിഡ്ഡികളാണ് നമ്മള്‍.
അതൊക്കെ പോട്ടെ.കേരളത്തിന്റെ ചീഫ്‌സെക്രട്ടറിയായ ശ്രീമതി ശാരദ മുരളിധരന്‍ ഐ എ എസ് ,നവമാധ്യമത്തിലൂടെ പുറത്തുവിട്ട പങ്കുവയ്ക്കലാണ് കുടത്തില്‍നിന്നു പുറത്തു ചാടിയ പുതിയ ഭൂതം .ഏതോ ഒരു വ്യക്തി (അയാളുടെ ഊരുപേരും വെളിപ്പെടുത്തുകയില്ലെന്ന് വാശിയുണ്ട് ! ) അവരോട് സംസാരിച്ചപ്പോള്‍ ഭര്‍ത്താവിന്റെയും അവരുടെയും ഭരണകാലത്തെ താരതമ്യപ്പെടുത്തിയതാണ് സംഭവം.പഴയ ചീഫ്‌സെക്രട്ടറിയായിരുന്ന ഭര്‍ത്താവ് ശ്രീ വി.വേണു റിട്ടയര്‍ ചെയ്തപ്പോഴാണ് അടുത്ത സീനിയര്‍ മോസ്റ്റായിരുന്ന ശ്രീമതി ശാരദ ചീഫ്‌സെക്രട്ടറിയായത്.കഴിവു തെളിയിക്കപ്പെട്ട ഉദ്യോഗസ്ഥയാണ് അവര്‍.ഒന്നാന്തരം അക്കാദമിക് ബാക്ക്ഗ്രൗണ്ട് സ്വന്തം.എവിടെയും എന്നും ഒന്നാമത്.എന്നിട്ടും അവര്‍ തന്റെ കറുത്തതൊലിയെപ്പറ്റി ബേജാറാവുന്നു എന്നു പറയുമ്പോള്‍....ബോഡി ഷേമിംഗിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ വകുപ്പുണ്ടെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നതും ചീഫ് സെക്രട്ടറിക്കല്ലേ..?
ആ മാനസ്സിക അവസ്ഥയില്‍നിന്ന് അവരെ മോചിപ്പിച്ചത് മക്കള്‍ ആയിരുന്നുവത്രേ.അസാമാന്യ അറിവുള്ള ഒരു ഐ എ എസ് ഉദ്യോഗസ്ഥ ഇങ്ങനെ പറയുമ്പോള്‍ ഇവിടുത്തെ സാധാരണക്കാരികളായ പെണ്ണുങ്ങളുടെ കാര്യം എന്തായിരിക്കും.കഷ്ടം തന്നെ. ശ്രീമതി ശാരദ കറുത്തവളാണെന്ന് ഞാന്‍ ആദ്യമായി ശ്രദ്ധിച്ചത് സോഷ്യല്‍ മീഡിയയിലെ അവരുടെ കുറിപ്പു കണ്ടപ്പോഴാണ്.അതുവരെ എനിക്കവര്‍ മിടുമിടുക്കിയായ ഒരു ഐ എ എസ് ഉദ്യോഗസ്ഥ മാത്രമായിരുന്നു.കഴിവിനു മുമ്പില്‍ തൊലി വെളുപ്പ് നമ്മളാരെങ്കിലും ശ്രദ്ധിക്കുമോ ?.കറുത്ത മന്ത്രി ,വെളുത്ത മന്ത്രി എന്നുണ്ടോ ?നല്ല ഭരണം കിട്ടണം.സിനിമയില്‍ തൊലിവെളുപ്പിന് പ്രാധാന്യം ഉണ്ടായിരിക്കാം.എന്നിട്ടും സ്മിതാ പാട്ടീലിനെപ്പോലെ എത്രയെത്ര നടിമാര്‍ ഇന്നും നമ്മുടെ മനസ്സില്‍ ഒട്ടിപ്പിടിച്ചുകിടക്കുന്നത് നിറം കൊണ്ടല്ല ,അഭിനയ മികവുകൊണ്ടാണ്.
ശാരദ മുരളിധരന്റെ കുറിപ്പ് സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെടേണ്ട താമസം, ഒരു വിഷയം കിട്ടാതിരുന്നതുപോലെ പത്രങ്ങള്‍ക്ക് ഹാലിളകി. അതൊരു സംഭവമാക്കി.ഒരു പത്രം പേജ് മെയ്‌നാക്കി.110 പോയന്റില്‍ പടവലങ്ങ വലിപ്പത്തില്‍ തലക്കെട്ട്.പക്ഷേ മൂന്നു കോളത്തിലാണെന്നു മാത്രം.മറ്റേപ്പത്രം എട്ടുകോളത്തില്‍ ടോപ്പാക്കി.പക്ഷേ മെയിനാക്കിയില്ല.എന്നാലെന്താ എഡിറ്റോറിയല്‍ പേജ് മുഴുവന്‍ അവര്‍ക്കായി മറ്റി വച്ചു.ഇരു പത്രങ്ങളും അവരുടെ സ്‌പെഷ്യല്‍ അഭിമുഖവും നല്‍കി .അത്രയും മതിയായിരുന്നു ശ്രീമതി ശാരദയ്ക്ക് . ശ്രദ്ധിക്കപ്പെടാന്‍ ,തന്റെ കറുത്ത നിറത്തെ, അവര്‍ ബുദ്ധിപരമായി ഉപയോഗിച്ചു.കറുത്ത നിറമുള്ള പ്രശസ്ത പെണ്ണുങ്ങളെ തേടിയുള്ള നെട്ടോട്ടമായിരുന്നു പിന്നീട്.അവരുടെ ഗദ്ഗദങ്ങള്‍ പത്രങ്ങളില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടു.അവരും ശ്രദ്ധിക്കപ്പെട്ടു.രാവിലെ പത്രം കണ്ട മന്ത്രിമാര്‍ ഇളകിമറിഞ്ഞു.അന്നത്തെ മന്ത്രിസഭായോഗത്തിനെത്തിയ ചീഫ്‌സെക്രട്ടറിയെ അവര്‍ ഈ അപാര ധൈര്യത്തിന് അഭിനന്ദിച്ചു,പുകഴിത്തി,പിന്തുണ പ്രഖ്യാപിച്ചു.പോരെ പൂരം..!
സെക്രട്ടറിയേറ്റിലെ ശീതീകരിച്ച മുറിയിലിരുന്ന് , തന്റെ കറുപ്പുനിറത്തെ പരാമര്‍ശിച്ച് അപമാനിച്ചു എന്നു പറയപ്പെടുന്ന അജ്ഞാതനായ വ്യക്തിയെപ്പറ്റി പറഞ്ഞ് അഭിമുഖങ്ങള്‍ മാറിമാറി ഓരോ പത്രത്തിനും നല്‍കുന്ന ചീഫ് സെക്രട്ടറി ജാലകപ്പഴുതിലൂടെ ഒന്നു നോക്കിയാല്‍ കാണാവുന്ന ഒരു കാഴ്ചയുണ്ട്.രാവിലെ പത്തുമണിക്കു ശേഷം മൂന്നു മണിവരെയുള്ള വെയില്‍ കൊള്ളരുതെന്ന് ആരോഗ്യവകുപ്പു പുിറത്തുവിട്ട കര്‍ശന നിര്‍ദ്ദേശത്തെ അവഗണിച്ച് ഒന്നര മാസമായി സെക്രട്ടറിയേറ്റിന്റെ മുറ്റത്ത് കിടക്കുന്ന കുറേ സ്ത്രീകള്‍.തീഷ്ണമായ വെയില്‍ച്ചൂടിലും വേനല്‍മഴയിലും തളര്‍ത്താനാവാത്ത കുറെ ജന്‍മങ്ങള്‍.ശരീരത്തിന്റെ നിറത്തിലല്ല അവര്‍ വ്യാകുലപ്പെടുന്നത്.അവരുടെ വീട്ടില്‍ വിശക്കുന്ന കുറേ മനുഷ്യരുണ്ട്.പണമില്ലാത്തതിനാല്‍ പഠനം നിലച്ചുപോയ കുഞ്ഞുമക്കളുണ്ട്.വരുമാനമില്ലാത്തതിനാല്‍ ചികിത്സ നിര്‍ത്തിയ അവശരായ രോഗികളുണ്ട്.ലോണടയ്ക്കാന്‍ കഴിവില്ലാത്തതിനാല്‍ ജപ്തിവക്കിലായ കിടപ്പാടവും.അവരുടെ ആകെ ദിവസവരുമാനം എത്രയാണെന്ന് ലക്ഷങ്ങള്‍ ശമ്പളം കൈപ്പറ്റുന്ന ചീഫ് സെക്രട്ടറിക്കറിയ്ക്ക് അറിയുമോ ?.232 രൂഫാ !.
ഇവരുടെ നിരാഹാര സമരക്കിടപ്പു കണ്ട് പരിഹസിച്ചു ചിരിച്ച് മന്ത്രിസഭായോഗത്തിനെത്തുന്ന മന്ത്രിമാര്‍ക്കറിയ്യോ 232 രൂപയുടെ വില !.ഇവിടെ ജോലിചെയ്യുന്ന ബംഗാളിക്കു പോലും ദിവസവേതനം ഇതിന്റെ മൂന്നിരട്ടിയില്‍ അധികമാണ്. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന കുറ്റവാളി അവിടെചെയ്യുന്ന പണികള്‍ക്ക് ദിവസം 300 രൂപ വച്ച് നല്‍കുന്നുണ്ടത്രേ. അടുക്കള സഹായികളുടെ ദിവസക്കൂലി 600 രൂപയാണ്.എംഎല്‍എ മാരുടെയും പിഎസ് എസ്സി അംഗങ്ങളുടെയും ഒക്കെ ശമ്പളം അഞ്ചും ആറും അക്കങ്ങളായി പെരുകുമ്പോഴാണ് ഓണറേറിയവും ഇന്‍സെന്റീവും ഉള്‍പ്പടെ ദിവസം ആശമാര്‍ക്കു കിട്ടുന്നത് 232 രൂപ.പെന്‍ഷന്‍ ഏര്‍പ്പെടുത്തുക,ഓണറേറിയം വര്‍ധിപ്പിക്കുക,വിരമിക്കല്‍ ആനുകൂല്യം നല്‍കുക ഇതൊക്കെ മാത്രമാണ് ഇവരുടെ ആവശ്യങ്ങള്‍..
രാവിലെ വീട്ടില്‍നിന്നിറങ്ങിയാല്‍ വാര്‍ഡിലെ വീടുതോറും കയറിയിറങ്ങി ഗര്‍ഭിണിയുണ്ടോ,പോഷകാഹാരം കഴിക്കുന്നുണ്ടോ,കുത്തിവയ്പ്പുകളെടുത്തോ,കുഞ്ഞുങ്ങളെ സമയത്ത് കുത്തിവയ്പ്പിച്ചോ,കിടപ്പുരോഗികളുണ്ടോ ,പുറംപൊട്ടിയോ,മരുന്നുണ്ടോ,വേണ്ടത്ര കെയര്‍ കിട്ടുന്നുണ്ടോ, വാര്‍ഡില്‍ പകര്‍ച്ച വ്യാധികളുണ്ടോ തുടങ്ങി നൂറുകൂട്ടം കാര്യങ്ങള്‍ തിരക്കി രേഖപ്പെടുത്തി ,നടന്നു കാലുതേഞ്ഞ്,പൊരിവെയിലടിച്ച് സൂര്യതാപമേറ്റ് കറുത്തിരുണ്ടുപോയ പാവം സ്ത്രീകള്‍.അവരിലൊരാള്‍പ്പോലും കറുത്തുപോയെന്നു പറഞ്ഞ് വ്യാകുലപ്പെടുന്നില്ല.പകരം ന്യായമായ കൂലി കിട്ടണമെന്നുള്ള ആവശ്യം മാതമേ ചോദിച്ചുള്ളൂ.സമരത്തില്‍ പങ്കെടുത്തതുകൊണ്ട് ജോലിചെയ്ത അതിനു മുമ്പിലത്തെ മാസത്തെ ശമ്പളവും കിട്ടിയില്ല.ഇവര്‍ മനുഷ്യരാണ് , കൃമികളല്ലെന്ന ചിന്തയെങ്കിലും നമ്മുടെ ജനസ്സേവകര്‍ക്കുണ്ടായിരുന്നെങ്കില്‍ ഈ അവഗണന കാണിക്കില്ലായിരുന്നു.കേന്ദ്രം കേരളത്തെയും കേരളം കേന്ദ്രത്തെയും കുറ്റപ്പെടുത്തി കളിക്കുമ്പോള്‍ ദിവസങ്ങള്‍ മാസങ്ങളായി കൊഴിഞ്ഞു വീഴുകയാണ്.ഇവരുടെ വീട്ടുപടിക്കല്‍ചെന്ന് ഇരന്നു വാങ്ങിയ വോട്ടുകൊണ്ടാണ് തങ്ങള്‍ എംഎല്‍എമാരും മന്ത്രിമാരുമായതെന്ന ചിന്ത പോലുമില്ലാത്ത കുറേ നന്ദികെട്ട രാഷ്ട്രീയക്കാര്‍..
കറുത്ത തൊലിയും വെളുത്ത തൊലിയും പൊളിച്ചുനോക്കിയാല്‍ ഒരേ നിറമാണ്.ചോരയുടെ നിറം.അടിയന്തര ഘട്ടത്തില്‍ വെളുത്തവര്‍ക്ക് കറുത്തവരുടെയും കറുത്തവര്‍ക്ക് വെളുമ്പരുടെയും രക്തം പഥ്യമാണ്.കറുത്തവള് മരിച്ചാലും ആറടിമണ്ണ്,വെളുത്തവള്‍ മരിച്ചാലും കിട്ടും ആറടി മണ്ണ്.അപ്പഴേ ,പറഞ്ഞുവന്നത് ഏതില്‍നിന്നോ ് ശ്രദ്ധ തിരിക്കാനാണോ ചീഫ് സെക്രട്ടറി ഈ കറുപ്പെടുത്ത് വീശിയത്.ഇത്ര പവ്വര്‍ഫുള്ളായ ഒരു സ്ത്രീ തന്റെ കറുപ്പ് നിറത്തെ അപകര്‍ഷതാ ബോധത്തോടെ കാണില്ലെന്ന് മലയാളികള്‍ക്കറിയാം.അപ്പോ ചില ഞങ്ങള്‍ക്ക് സംശയങ്ങള്‍ തോന്നുക സ്വാഭാവികം..കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഒരു ഘട്ടത്തില്‍ കറുപ്പ് അലര്‍ജിയായിരുന്നു.ഇപ്പോള്‍ ഇത്തരി മാറ്റം വന്നിട്ടുണ്ട്.
പ്രിയ ചീഫ് സെക്രട്ടറീ, ഞങ്ങള്‍ക്ക് താങ്കള്‍ കറുത്താലെന്താ വെളുത്താലെന്താ ചുവന്നിരുന്നാലെന്താ ,നീതിപൂര്‍വ്വമുള്ള ഭരണം കേരളത്തില്‍ നടക്കണം എന്ന ഒറ്റ ചിന്ത മാത്രമേയുള്ളൂ.അര്‍ഹതപ്പെട്ടത് ആര്‍ക്കു നിഷേധിക്കാതിരിക്കുക,ആരുടെ കണ്ണീരും വീഴിക്കാതിരിക്കുക.അതിന് എന്തെങ്കിലും ചെയ്താല്‍ റിട്ടയര്‍ ചെയ്ത് നിങ്ങള്‍ വീട്ടിലിരിക്കുമ്പോഴും ജനം നിങ്ങളെ സ്‌നേഹത്തോടെ ഓര്‍മിക്കും.