കഴിഞ്ഞ ദിവസം മാധവിക്കുട്ടിയുടെ പിറന്നാൾ ആയിരുന്നു. ജീവിച്ചിരുന്നെങ്കിൽ അവർക്ക് എത്ര വയസ്സ് കാണും എന്ന് നമ്മൾ ചിലപ്പോൾ കണക്കുകൂട്ടി നോക്കിയേക്കാം.
അവരുടെ സാഹിത്യ സപര്യകൾക്കൊപ്പം അവർ ജീവിതത്തിൽ ചെയ്ത നന്മകളിലേക്ക് കൂടെ നമ്മൾ ഒന്ന് തിരിഞ്ഞു നോക്കണം .1984 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ട ഒരു മലയാളി എഴുത്തുകാരിയാണ് അവർ എന്ന് എത്ര പേർക്കറിയാം? അനാഥകളായ, അശരണകളായ സ്ത്രീകളെ സംരക്ഷിക്കാനായി നടത്തിയിരുന്ന ചാരിറ്റബിൾ ട്രസ്റ്റ് നെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? അതുപോലെ നാലപ്പാട്ട് തറവാട് കേരള സാഹിത്യ അക്കാദമിക്കു വേണ്ടി വിട്ടുകൊടുത്ത ഉദാരമതി ആണ് അവരെന്ന്?പണത്തിന് ബുദ്ധിമുട്ടി ആര് ചെന്ന് ചോദിച്ചാലും വാരിക്കോരി കൊടുക്കുന്ന ഒരു മനസ്സായിരുന്നു അവർക്ക് എന്ന് കേട്ടിട്ടുണ്ട്. വായനക്കാർക്കുവേണ്ടി കൽപ്പനയും യാഥാർഥ്യവും കൂട്ടിക്കുഴച്ച് കഥകളും കവിതകളും നോവലുകളും മറ്റും മറ്റും എഴുതിയ ആ കൈ മണ്ണിനടിയിൽ വിശ്രമിക്കുവാൻ പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ആസ്വാദക ഹൃദയത്തിൽ കഥയുടെയും കലയുടേയും വിസ്ഫോടനം തീർത്ത കഥാകാരി ജീവിതത്തിൻ്റെ പടിയിറങ്ങിയപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് എന്താണ് ?
പുത്തൻ തലമുറയ്ക്ക് പുതിയ ഉൾക്കാഴ്ചകളും സ്നേഹിക്കാനുള്ള ധൈര്യവും പ്രണയിക്കുവാൻ ഉള്ള ആവേശവും പകർന്നു നൽകിയ നിർഭയമായ എഴുത്തിൻ്റെ രാജ്ഞിയെ ആയിരുന്നില്ലേ?
ആ രാജ്ഞി ഒഴിച്ചിട്ടു പോയ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു. നഗ്നമായ ആത്മാവിൻ്റെ ആവിഷ്കാരം മലയാളിക്ക് പിന്നീട് അനുഭവിക്കാൻ കഴിഞ്ഞില്ല .തങ്ങൾക്ക് ശക്തമായ ഒരു ആന്തരിക ലോകം സമ്മാനിച്ച ആ കൃതികൾ ഇന്നും സ്ത്രീകൾ നന്ദിയോടെ നെഞ്ചോട് ചേർക്കുന്നു. ശരീരത്തിൻ്റെ ആസക്തികളാണ് അവരുടെ കഥകൾ എന്ന മിഥ്യാധാരണ ചിലർക്കെങ്കിലും ഉണ്ടായിരുന്നു .മറ്റ് എഴുത്തുകാർക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തത്ര ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും പരിഹാസവും അവർക്കുനേരെ കരിങ്കൽ ചീളുകളായി പറന്നു വന്നിട്ടുണ്ട്. അതവരെ വേദനിപ്പിച്ചു എന്ന് എന്നോട് പറഞ്ഞിട്ടുണ്ട് .എങ്കിലും അവർ നിസ്തോഭയായി അതെല്ലാം നേരിട്ടുവത്രെ.
പ്രണയം തകർന്നാലും കുലീനത മറക്കാത്ത ആ തറവാട്ടുകാരി തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള ഒരുപാട് മാനസിക പീഡയെപ്പറ്റി എന്നോട് പറഞ്ഞിട്ടുണ്ട്. അവർക്ക് നേരെ ഉണ്ടായിട്ടുള്ള പലതരം ഭീഷണികൾ, ഫോണിലൂടെയും കത്തുകളിലൂടെയും ആളുകൾ പറഞ്ഞ അസഭ്യങ്ങൾ, ചില പുരുഷന്മാർ എഴുതിയ അശ്ലീലക്കത്തുകൾ, ടെലഫോണിലൂടെ അശ്ലീലം പറയുന്നവർ അങ്ങനെ അവർക്ക് ചുറ്റും ഉപജാപക സംഘം എന്നും ഉണ്ടായിരുന്നു. മതം മാറ്റത്തോടെ അത് ഭീകരമായത്രെ. എന്നാൽ അവർ അചഞ്ചല ആയിരുന്നു. തൻ്റെ ശരിയായിരുന്നു അവർക്ക് ശരി.
സ്ത്രീയെന്ന നിലയിൽ സ്വന്തം ചിന്തകൾ വെളിപ്പെടുത്തുകയും, എഴുത്തിൽ തൻ്റേത് മാത്രമായ വഴികളിലൂടെ സഞ്ചരിക്കുകയും, സ്വത്വവും ധിഷണയും അവയിലൂടെ ആവിഷ്കരിക്കുകയും ചെയ്ത എഴുത്തുകാരി. അവർക്ക് മനുഷ്യരായിരുന്നു മാനദണ്ഡം. മനുഷ്യൻ്റെ സംഘർഷവും സങ്കടവും സ്നേഹവും പ്രണയവും നിരാശയും അനുഭൂതിയും ആസക്തിയും അറിയാനും പറയാനും ശ്രമിക്കുന്നത് ഒരു അനുഗ്രഹമായി അവർ കണ്ടു. ഈ പരിശ്രമങ്ങൾ അസഹനീയമായ ഏകാന്തതയാണ് അവർക്ക് പാരിതോഷികമാക്കിയത്.ഏകാന്ത വിവശമായ ആ മനസ്സ് വേദനിക്കുന്ന ആത്മാക്കളെ സമാശ്വസിപ്പിക്കുകയായിരുന്നു. അവരെ സ്നേഹിക്കുവാനും പ്രണയിക്കുവാനും അടിമത്തത്തിൽ നിന്നും മോചിപ്പിക്കാനും ക്ലേശങ്ങളുടെ അണികളെ എതിർത്ത് തോൽപ്പിക്കുവാനും പഠിപ്പിക്കുകയായിരുന്നു. നിലവിലുള്ള നിയമസംഹിതകളെ തച്ചു തകർക്കുകയും പുതു നിയമങ്ങൾ നടപ്പിൽ വരുത്തുകയുമായിരുന്നു, രാഗ ധീരമായ ആ തൂലിക. വിലക്കുകൾക്ക് വഴിപ്പെടാത്ത പടക്കുതിരയെന്ന് സ്വയം പ്രഖ്യാപിച്ച അതേ തൂലിക.
ഭാര്യയായി ഇരിക്കെ താൻ സ്ത്രീയുമാണ് എന്ന് എല്ലാവരെയും അവർ ഓർമിപ്പിച്ചു. സ്ത്രീക്കും ആനന്ദത്തിന് അവകാശമുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ചവൾ. രതിയെന്നാൽ അത് ശരീരത്തിൻ്റെ ആസക്തിയല്ല, പ്രണയത്തിൻ്റെ ജീവജലമാണ് എന്ന് ബോധ്യപ്പെടുത്തിയവൾ.ഇടി മിന്നൽ പോലുള്ള സർഗാത്മകതയും, ജീവിതത്തോടുള്ള സരളവും തരളവുമായ സമീപനമായിരുന്നു അവരെ വ്യത്യസ്തയാക്കിയത്. അവരുടെ കഥാപാത്രങ്ങൾ പ്രണയം മാടി വിളിച്ചപ്പോൾ പിന്തുടർന്നു. സ്നേഹച്ചിറകുകൾ പൊതിഞ്ഞ് ആലിംഗനത്തിൽ ഒതുക്കിയപ്പോൾ, വഴങ്ങിക്കൊടുത്തു. കഥകളോരോന്നും അന്യനിഷ്ഠവും കൽപിതവും ആണെങ്കിൽ പോലും അവ വ്യക്തിനിഷ്ഠമെന്ന് ആരോപിക്കപ്പെട്ടു. അതൊരു എഴുത്തുകാരിയുടെ വിജയമായിരുന്നു.
ജീവിതം നഗ്നമാണ് എന്ന് ജിബ്രാനെപ്പോലെ തിരിച്ചറിഞ്ഞ എഴുത്തുകാരി, ആത്മാവിനെ നഗ്നമായി ചിത്രീകരിക്കുകയും നഗ്ന ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. സ്നേഹത്തിനും സൗന്ദര്യത്തിനും വേണ്ടിയുള്ള തീരാത്ത മോഹം അവരിൽ ഒടുങ്ങാത്തെ വിശപ്പായി ബാക്കി നിന്നു .
"എന്നും നശിക്കാത്തൊരേതോ പുതുമയായി " മാധവിക്കുട്ടിയുടെ കഥകൾ ഇന്നും പൂത്തുലഞ്ഞു നിൽക്കുകയാണ്. ഇരുളിൻ്റെ ശക്തികളെ തോൽപ്പിക്കുന്ന കഥകൾ. ജീവിതത്തെ സമഗ്രമായി കൈകാര്യം ചെയ്യുന്ന കഥകൾ. പ്രണയത്തിൻ പാരിജാതപ്പൂമണമുള്ള കഥകൾ. പീഡിതമായ, പരിഛിന്നമായ പെൺ മനസ്സിനെ മറനീക്കി പുറത്തു കൊണ്ടുവന്ന കഥകൾ .ആ കഥകളായിരുന്നു ഞങ്ങളുടെ യൗവനത്തെ സമ്പന്നമാക്കിയത്. ഞങ്ങൾ ആരെന്ന് ആരായാൻ ആരംഭിച്ചത് അവിടെനിന്നാവണം. "നിനക്കറിയില്ല, ഉവ്വോ? എന്നാൽ ഞാൻ പറഞ്ഞു തരാം പക്ഷിത്തൂവലുകളുടെ മണമാണ് മരണത്തിന് ..നിനക്കത് അറിയാറാവും അടുത്തുതന്നെ. സ്നേഹത്തിൻ്റെ പരിപൂർണ്ണത കാണിച്ചുതരുവാൻ എനിക്ക് മാത്രമേ കഴിയുകയുള്ളൂ .എനിക്ക് നീ ഓരോന്നായി കാഴ്ചവെക്കും. ചുവന്ന ചുണ്ടുകൾ ,ചാഞ്ചാടുന്ന കണ്ണുകൾ, അവയവ ഭംഗിയുള്ള ദേഹം എല്ലാം. ഒന്നും നിൻ്റെയല്ലാതാവും. പക്ഷേ എല്ലാ മായിത്തീരും. കടലിൻ്റെ ഇരമ്പലിൽ നീയുണ്ടാവും. മഴക്കാലത്ത് കൂമ്പുകൾ പൊട്ടിമുളയ്ക്കുന്ന പഴയ മരങ്ങളിൽ നീയുണ്ടാവും. പ്രസവ വേദന അനുഭവിക്കുന്ന വിത്തുകൾ മണ്ണിൻറെ അടിയിൽ കിടന്നു തേങ്ങുമ്പോൾ , നിൻ്റെ കരച്ചിലും ആ തേങ്ങലോടൊപ്പം ഉയരും. നീ കാറ്റാവും, മഴത്തുള്ളികളാവും. നീയായിത്തീരും ഈ ലോകത്തിൻ്റെ സൗന്ദര്യം."
ഇത് എഴുതിയ മഹാ സാഹിത്യകാരി ഈ ലോകത്തിൻ്റെ സൗന്ദര്യമായി മാറി. പക്ഷേ ആ ആത്മാവിൻ്റെ ചിറകടികൾ അനുവാചകൻ്റെ ഹൃത്തടത്തിൽ എന്നും പ്രതിധ്വനിച്ചു കൊണ്ടിരിക്കും. കൊക്കുരുമ്മുന്ന പക്ഷികളെന്നപോൽ ഈ വാക്കുകൾ അവൻ്റെയാത്മാവിന്റെ ചില്ലകളിൽ വന്നിരിക്കുകയും ചെയ്യും.
അങ്ങയുടെ പിറന്നാൾ ദിനത്തിന്റെ ഓർമ്മയിൽ
മൃദുവായൊന്ന് ആലിംഗനം ചെയ്ത്,ആ പതുപതുത്ത നെഞ്ചിൽ ഒന്ന് മുഖമമർത്തട്ടെ.
സ്നേഹത്തോടെ,
കെ.പി.സുധീര