ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഉഴവൂർക്കാരൻ കെ.ആർ നാരായണൻ മുമ്പ് ഇങ്ങിനെ എഴുതിയിട്ടുണ്ട് - "ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്റെ ആദ്യത്തെ എഴുത്ത് അച്ചടിച്ചു വന്നത് കണ്ട സമയത്താണ്. രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത സമയത്ത് പോലും അത്രത്തോളം സന്തോഷം എനിക്ക് ഉണ്ടായിട്ടില്ല" എന്ന്. ഇപ്പോൾ ഏതാണ്ട് എല്ലാ അച്ചടി മാധ്യമങ്ങളും സകറാത്തുൽ മൗത്തിനെ കാത്തിരിക്കുന്ന അവസ്ഥയിലാണ് ഉള്ളത്. അച്ചടി മാഗസിനുകളും പുസ്തകങ്ങളും ഇല്ലാത്ത ലോകം എത്ര വിരസത നിറഞ്ഞതായിരിക്കുമെന്ന് കുറെ മുൻപേ ഞാൻ ആലോചിക്കാറുണ്ടായിരുന്നു. അക്ഷരങ്ങൾ ഇല്ലാത്ത ജീവിതവും ചിന്തയും എത്ര വ്യർത്ഥത നിറഞ്ഞതായിരിക്കുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പഠിക്കുന്ന കാലത്താണ് കൂടുതൽ വായിച്ചിട്ടുള്ളത് - അത്ര കൂടുതലൊന്നും വായിച്ചിട്ടില്ലെങ്കിലും പുസ്തകങ്ങളെങ്കിലും കൂടുതൽ കണ്ടത് അക്കാലത്താണ്. പത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതി തുടങ്ങിയതും യു ജി - ഡിഗ്രി പഠന കാലത്താണ്. എഴുതി കിട്ടിയ റമ്യൂണറേഷൻ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത രീതിയിലുള്ള Functions നിർവഹിച്ചത് ഇന്ന് ആലോചിക്കുമ്പോൾ അത്ഭുതമായാണ് തോന്നുന്നത്.
എല്ലാം നനുത്ത ഓർമ്മകൾ, വ്യക്തി ജീവിതത്തിൽ ഹൃദയത്തിന്റെ ഓർമ്മച്ചെപ്പിൽ ഒളിപ്പിക്കാൻ അതിനുമപ്പുറം പ്രത്യേകിച്ചൊന്നുമില്ല. സാമ്പത്തികമായി വളരെ പ്രതിസന്ധിയിൽ ഇരിക്കുന്ന ഒരു സമയത്ത് മുമ്പ് എന്നോ എഴുതിയതിന്റെ റെമ്യൂണറേഷൻ ഒരു രക്ഷകനായി വന്ന് നിരാശയിൽ നിന്നും കൈപിടിച്ചുയർത്തിയിട്ടുണ്ട്. ജീവനുള്ളിടത്തോളം കാലം അതൊന്നും ഒരിക്കലും മറക്കാനാവില്ല. പ്രിയപ്പെട്ട പിതാവിന് അവസാനമായി ഞാൻ കൊടുത്തിട്ടുള്ള പണം എൻ്റെ ഓർമ്മയിൽ ഒരു മാഗസിനിൽ നിന്നും റമ്യൂണറേഷൻ കിട്ടിയ തുകയായിരുന്നു. നമ്മളെഴുതിയ സൃഷ്ടി പ്രസിദ്ധീകരിച്ച മാഗസിൻ്റെ ഒരു കോപ്പി നമ്മെ തേടി വരുന്ന സമയത്തുള്ള സന്തോഷവും അനിർവ്വചനീയമാണ്. റാപ്പർ പൊട്ടിച്ച് നാം തന്നെ എഴുതിയ നമ്മുടെ സൃഷ്ടിയെ ഒരുതവണ ഒന്ന് വായിച്ചു നോക്കാത്തവരായി വളരെ കുറഞ്ഞ എഴുത്തുകാരെ ഉണ്ടാകാനിടയുള്ളൂ. ആദ്യമൊക്കെ ഒരുപാട് മാഗസിനുകൾ എന്നെ തേടി പൊട്ടിക്കാത്തമായി വരാറുണ്ടായിരുന്നു. ഇപ്പോൾ അവ എണ്ണത്തിൽ വളരെ കുറവാണ്. എങ്കിലും ഇപ്പോൾ ചുരുങ്ങിയത് ഓരോ മാസവും മൂന്നു മാഗസിനുകളെങ്കിലും അങ്ങനെ എന്നെ തേടി വരുന്നതായിട്ടുണ്ട്. അതാ റാപ്പർ പൊട്ടിച്ച് പുസ്തകത്തിൻറെ പുതുമണം ആസ്വദിച്ച് ഒന്ന് മറിച്ചു നോക്കി വേണ്ടപ്പെട്ടവ വായിച്ചെടുത്ത ഹൃദയത്തോടെ ചേർത്തുവയ്ക്കുന്ന സ്വഭാവം ഇപ്പോഴും മിക്ക വായനക്കാർക്കും ഉണ്ട്.
ആദ്യമൊക്കെ പത്രങ്ങളിലേക്കോ മാഗസിനുകളിലേക്ക് അല്ലെങ്കിൽ മറ്റു ആനുകാലികങ്ങളിലേക്ക് സൃഷ്ടികൾ എഴുതി പോസ്റ്റ് കവർ ലെറ്റ് ചാം പൊട്ടിച്ച് അയക്കുമ്പോൾ അതിൻറെ കൂടെ ഒരു പോസ്റ്റൽ കാർഡ് കൂടിയ ഓർക്കുന്ന സ്വഭാവം ഞങ്ങളുടെ തലമുറയിൽ ഉള്ളവർക്ക് ഉണ്ടായിരുന്നു. പലപ്പോഴും പ്രസിദ്ധീകരണയോഗ്യമാണോ അല്ലയോ എന്ന് പ്രസാധകർ അറിയിച്ചിരുന്നത് ഇത്തരം കാർഡുകളിലൂടെ ആയിരുന്നു. ആ കാർഡുകൾ കിട്ടുമ്പോഴും വളരെയധികം സന്തോഷമായിരിക്കും ഉണ്ടാവുക. ഒരുപക്ഷേ അതിൽ ഉണ്ടാകുന്ന ഉള്ളടക്കം രസകരമായിരിക്കും താങ്കളുടെ രചന പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ ഞങ്ങൾ ഖേദിക്കുന്നു എന്നായിരിക്കും മധുരം ഉണ്ടാവുക. അതുമല്ലെങ്കിൽ അടുത്ത ലജ്ജന ഉൾപ്പെടുത്തുന്നത് ആയിരിക്കും എന്നും ആവാം. പഠിക്കുന്ന കാലത്ത് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ഒരു കവിതയെഴുതിയിരുന്നു നിള എന്നായിരുന്നു അതിൻറെ തലക്കെട്ട്. അന്ന് അത് പ്രസിദ്ധീകരിക്കുന്ന വിവരം അറിയിച്ചുകൊണ്ട് ഇങ്ങനെ ഒരു പോസ്റ്റ് കാർഡ് വന്നിരുന്നു - ഞങ്ങളുടെ ബന്ധവും അയൽവാസിയുമായിരുന്ന മുത്തു ആയിരുന്നു അത് കൊണ്ടുവന്നത്. പുറത്ത് നല്ല മഴ പെയ്യുകയായിരുന്നു അപ്പോൾ അവൻ കാർഡ് നനയാതിരിക്കാൻ ഷർട്ടിന് അടിയിൽ പിടിച്ചാണ് ആ കാർഡ് കൊണ്ടുവന്നത്. മഴത്തുള്ളി നനഞ്ഞ് കാർഡിലെ അക്ഷരങ്ങളിലെ മഷികൾ ചിലതൊക്കെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിയിരുന്നു. എങ്കിലും കവിത പ്രസിദ്ധീകരിക്കും എന്ന് കണ്ടപ്പോൾ വളരെ വലിയ സന്തോഷം തോന്നി അങ്ങനെയും ഒരുപാട് കാലം.
പക്ഷേ ഇന്ന് കാര്യങ്ങളൊക്കെ പരിപൂർണ്ണമായി മാറിപ്പോയി. ഒരു തലത്തിൽ പറഞ്ഞാൽ വായന വല്ലാതെ വിദ്യാർത്ഥികളിൽ പോലും വളരെ ചുരുങ്ങി പോയിട്ടുണ്ട്. അനാരോഗ്യകരമായ സോഷ്യൽ മീഡിയയുടെയും സ്ക്രീനിന്റെയും ഉപയോഗവും കുറച്ചൊന്നുമല്ല ധൈഷണികമായി നമ്മുടെ കുട്ടികളെ നശിപ്പിച്ചിട്ടുള്ളത്. തലച്ചോറിനേയും ചിന്തകളെയും തലമുറയുടെ പ്രവർത്തനങ്ങളെയുമാണ് സ്ക്രീനിന്റെ അഡിക്ഷനിലൂടെ നശിപ്പിക്കപ്പെടുന്നത്. നമ്മുടെ പുതുതലമുറയെ ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളതും സ്ക്രീൻ അഡിക്ഷൻ തന്നെയാണ്. പേജ് മറിച്ചു വായിക്കുന്ന പുസ്തകങ്ങളുടെ അത്ര കൂടുതൽ ലോകത്ത് ഒരു സമൂഹവും സ്ക്രീനിലൂടെ പുസ്തകങ്ങൾ വായിച്ചതായി അറിയില്ല. വായനയും ചിന്തയും ഇല്ലാത്ത സമൂഹം ഉയർന്നു വരുമ്പോഴാണ് അവരുടെ സംസ്കാരം ശൂന്യമായി പോകുന്നത്. അത്തരം സമൂഹങ്ങളിൽ ലഹരി മാത്രമല്ല മറ്റു നിരവധി അസാംസ്ക്കാരിക പ്രവർത്തനങ്ങളും കൊടികുത്തി വാഴും എന്നതിന് സന്ദേഹമില്ല. മൊബൈൽ ഫോണും ഇൻ്റർനെറ്റും പോലുള്ള സംഗതികളെ കർശനമായി നിയന്ത്രിക്കാൻ നമ്മുടെ ഭരണകൂടം തയ്യാറായിട്ടില്ലെങ്കിൽ നാളെയുടെ തലമുറ നമുക്ക് കൈവിട്ടുപോകും. പല വികസിത രാഷ്ട്രങ്ങളും അവിടങ്ങളിലെ കുട്ടികൾ മൊബൈൽഫോണും ഇൻറർനെറ്റും ഉപയോഗിക്കുന്നതിനെ കർക്കശമായി നിയന്ത്രിച്ചിട്ടുള്ളത് ഈ പ്രത്യാഘാതങ്ങളെ മുൻകൂട്ടി കണ്ടു കൊണ്ടാണ് എന്നതിനെ നമുക്ക് വിസ്മരിക്കാനാവില്ല. നന്മയിലൂടെ ഒരു മഹിതമാനവ സമൂഹത്തെ കെട്ടിപ്പടുക്കാൻ നമുക്കാവട്ടെ.