കേരള സർക്കാറിൻ്റെ മലയാളം മിഷൻ പ്രവാസസാഹിത്യ പുരസ്‌കാരം നേടിയ കഥാ സമാഹാരമാണ് 'ഭൂമിയിൽ നിഷ്‌കളങ്കതയ്‌ക്കു മാത്രമായി ഒരിടമില്ല' എന്ന പുസ്തകം. പുതുകാലത്തിൻ്റെ അവസ്ഥാന്തരങ്ങളേയും അതിവൈകാരികമായ ജീവിതാവസ്ഥകളേയും മനോഹരമായി ചിത്രീകരിക്കുന്ന 9 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഡ്രോൺ, ലൈബ്രറി, മതിലുകൾ, ഹാർമണി, കാഞ്ചൻ ജംഗ, റിംഗ്, തീകൊണ്ടും വെള്ളം കൊണ്ടും, മൂന്നു വൃദ്ധന്മാരുടെ സായാഹ്നം എന്നിവയും, പുസ്തകത്തിൻ്റെ പേരുള്ള - ഭൂമിയിൽ നിഷ്‌കളങ്കതയ്‌ക്കു മാത്രമായി ഒരിടമില്ല - എന്ന 20 ഭാഗമായി തിരിച്ചിരിക്കുന്ന നീണ്ടകഥയും പുസ്തകത്തിൽ ഉണ്ട്. ഈ കഥാ സമാഹാരത്തിലെ ഓരോ കഥയും വ്യത്യസ്തമായ വായനാനുഭവം പങ്കു വെയ്‌ക്കുന്നു. 2024 മെയ് മാസമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഈ കഥകളൊക്കെ പുസ്തകരൂപത്തിലാകുന്നതിനു മുൻപേ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലൂടെ അനേകർ വായിച്ച് നല്ല അഭിപ്രായം പറഞ്ഞവയുമാണ്.
ഇതിലെ കഥകളിലൂടെ ഒന്ന് ഓട്ടപ്രദക്ഷണം ചെയ്യുന്നത് കഥ വായിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. പ്രവീണിൻ്റെ ഒരു കഥ വായിച്ചൊരാൾ മറ്റ് കഥകളും തേടിപ്പിടിച്ച് വായിക്കുമെന്നുറപ്പുണ്ട്. വായനയെ ഇഷ്ടപ്പെടുന്നവർക്ക് കെ. വി പ്രവീണിൻ്റെ ഓരോ കഥയും പലവട്ടം വായിക്കുവാൻ മാത്രം പ്രത്യേകതകൾ നിറഞ്ഞതാണ്.
ഡ്രോൺ
ഡ്രോൺ എന്ന കഥ ഐ.ടി. പ്രൊഫഷണലായ ഒരാളുടെ ജീവിതച്ചൂളയെ പകർത്തി കാണിക്കുന്നു. 'ഭൂമിയിൽ ആർക്കും ഭേദിക്കാനാവാത്ത സുരക്ഷ' എന്ന പരസ്യവാചകമുള്ള ഐ. ടി. കമ്പനിയിൽ ജോലി ചെയ്യുന്ന രാജീവിൻ്റെ വീട്ടിൽത്തന്നെ സെക്യൂരിറ്റി അറ്റാക്ക് നടന്ന ഞെട്ടലിൽ നിന്നാണ് കഥയുടെ തുടക്കം. ഭാര്യയും മകനും കഥാപാത്രങ്ങളായി കൂടെയുണ്ട്.
പുത്തൻ സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. മനുഷ്യനെത്തന്നെ അപ്രസക്തമാക്കുന്ന ഏ. ഐ കാലത്തെ ദുരന്ത ദൂതനെപ്പോലെയുണ്ട് ഈ കഥ. ലോകം നേരിടാൻ പോകുന്ന യാന്ത്രിക ജീവിതവും, ബന്ധങ്ങളിലെ വിള്ളലും, കുടുംബത്തിനകത്തു തന്നെയുള്ള അപരിചിതത്വവും; യാഥാർത്ഥവും സ്വപ്നവും ഇടകലർത്തി അവതരിപ്പിക്കുന്നു. ബാല്യം പോലും വിനോദത്തിനായി സാങ്കേതിക വിദ്യയുടെ പിടിയിലമർന്ന ഇക്കാലത്ത്, ഏതു നിമിഷവും ആക്രമിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു വൈറസ് നമുക്കു ചുറ്റും ഉണ്ടെന്ന ഭീതിതമായ ഓർമ്മപെടുത്തലിൻ്റെ കഥയാണിത്. "നിന്നിടത്ത് തന്നെ നിൽക്കണമെങ്കിൽ, ഇരട്ടി വേഗത്തിൽ ഓടേണ്ട ഗതിയായിരിക്കുന്നു" എന്ന ഒറ്റവാചകം വർത്തമാനകാലത്ത് അതിജീവനത്തിനായി നേരിടുന്ന കടുത്ത മത്സരം കൃത്യമായി ധ്വനിപ്പിക്കുന്നു. കെ. വി. പ്രവീണിൻ്റെ കഥകളിൽ ഭൂതകാലത്തിൻ്റെ ഗൃഹാതുരമായ ഓർമ്മകളല്ല, മറിച്ച് ഇന്നിൻ്റെ കഥയാണ്, നാളെയുടെയും പ്രവചനമാണ്.
ലൈബ്രറി
കുറ്റവാളികളെ നന്നാക്കാൻ ബിബ്ബ്ലിയോ തെറാപ്പി പരീക്ഷിക്കുന്ന ജയിലിൽ അകപ്പെട്ട ഒരു കുറ്റവാളിയുടെ കഥ. വായന ഒരു ശിക്ഷയായി മാറുന്ന അവസ്ഥക്കൊപ്പം തടവിൻ്റെ ഭീകരതയും വ്യക്തമാക്കുന്ന കഥയാണ് ലൈബ്രറി. ജയിലിൽ കിടക്കുന്ന ഒരാളുടെ സ്വപ്നമാണ് അല്ലെങ്കിൽ ഭ്രമാത്മകമായ ചിന്തയാണ് കഥയിൽ.
പുസ്തകവായനയിൽ താല്പര്യം ഇല്ലെങ്കിലും തടവുകാർക്ക് ഒരു പുസ്തകം തന്നെ 14 വർഷം വായിക്കേണ്ടി വരുന്നു. അതും ഏകാധിപതി തന്നെ എഴുതിയ "ഈ ലോകം മുഴുവൻ ഒരു വലിയ ഗ്രന്ഥശാലയാണ്" എന്ന ഒറ്റ വാചകം മാത്രമുള്ള പുസ്തകം. പുസ്തകത്തിന് ഒരാളുടെ ജീവിതത്തെ മാറ്റി മറിക്കാൻ കഴിയും എന്നുറപ്പിച്ചു പറഞ്ഞു കൊണ്ടാണ് കഥ അവസാനിക്കുന്നത്. കഥകളിൽ മനഃപൂർവ്വമായി ദുരൂഹതകൾ കുത്തി നിറയ്‌ക്കുന്നില്ലെങ്കിലും ലളിത വായനക്കാർക്ക് പ്രവീണിൻ്റെ കഥകളോടൊപ്പം നടക്കണമെങ്കിൽ നന്നേ പണിപ്പെടേണ്ടി വരും.
മതിലുകൾ
സ്‌ക്കൂൾ വിട്ടശേഷം മകൾ റോസി വീട്ടിൽ എത്താത്തതിനാൽ പരിഭ്രമിക്കുന്ന സെലീനയിൽ നിന്നാണ് മതിലുകൾ തുടങ്ങുന്നത്. അനധികൃത കുടിയേറ്റക്കാരിയായ അമ്മയുടേയും, ഈ രാജ്യത്ത് ജനിച്ചതു കൊണ്ട് പൗരത്വം ലഭിച്ച മകളുടെയും കഥയാണിത്. രാജ്യം ഇല്ലാതാകുന്നതിൻ്റെയും പൗരത്വം നഷ്ടപ്പെടുന്നതിൻ്റെയും അതിലുപരി സ്നേഹം നിഷേധിക്കപ്പെടുന്നതിൻ്റെയും കഥയാണിത്.
പല രാജ്യങ്ങളുടേയും അതിർത്തികളിൽ ആകാശം മുട്ടുന്ന മതിലുകൾ ഉയരുന്നുവത്രേ, അഭയവും താവളവുമായിരുന്ന ഇടങ്ങൾ പൊടുന്നനെ വിലക്കപ്പെട്ടതായിരിക്കുന്നു. സ്നേഹം നിഷേധിക്കപ്പെട്ടവർക്ക് ഈ ഭൂമി തന്നെ വലിയ ജയിലാണെന്ന് ഓർമ്മിപ്പിക്കുന്നു. ഈ കഥയിലെ സംഭവം ട്രെമ്പിൻ്റെ രണ്ടാം വരവിൽ നമുക്കു ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നു. കെ. വി. പ്രവീൺ ഒരു മുഴം മുൻപേ എറിഞ്ഞെങ്കിലും കാലം വേഗത്തിൽ കൂടെ ഓടിയെത്തി.
ഹാർമണി
ഒരു അന്താരാഷ്ട്ര വിമാനത്താവളം ഹൗസിങ്ങ് കോളനിയാക്കിയതുപോലെ എല്ലാ രാജ്യക്കാരുമുള്ള ഹാർമണി ക്രോസ്സിങ്ങ് എന്ന കമ്യൂണിറ്റിയിൽ നടക്കുന്ന കഥയാണ് ഹാർമണി. കമ്യൂണിറ്റി റൂൾസിന് വിപരീതമായി, അഴിച്ചു വിട്ടിരിക്കുന്ന ഓസ്‌കാർ എന്ന മരണദൂതനായ പൂച്ചയുടെ കഥ - വൃദ്ധസദനത്തിലെ അന്തേവാസികളുടെ മരണം അടുക്കുമ്പോൾ അവരുടെ കിടക്കയിൽ ചെന്നു കേറി അവരെ മരണത്തിലേക്ക് യാത്രയാക്കുന്ന പൂച്ചയെ കൂടുതൽ വായിച്ചറിയുന്നത് പേടിയോടു കൂടിയാവും. സത്യത്തിൽ മനുഷ്യർക്ക് പേടി പൂച്ചയെയോ പാമ്പിനെയോ അല്ല, മനുഷ്യരെ തന്നെയാ. അതും അവരെപ്പോലെ അല്ലാത്ത മനുഷ്യരെ. അതിർത്തികൾ ഒന്നും ബാധകമല്ലാത്ത അയൽക്കാരൻ്റെ പൂച്ചയിലൂടെ, വിശാലമായ സൗഹൃദങ്ങൾ ഉണ്ടാക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി കഥയിൽ പറയുന്നു.
കാഞ്ചൻ ജംഗ
ദീദി മരിച്ചു പോയി എന്നു പറഞ്ഞ് കഥ തുടങ്ങി, ദീതിയുടെ കഥ പറയുകയാണ് കാഞ്ചൻ ജംഗയിൽ. കോണിപ്പടിയിൽ നിന്നും കാലുതെറ്റി വീണാണ് അവർ മരിച്ചത്. കാഞ്ചൻ ജംഗ കീഴടക്കിയവരാണ് അവർ എന്നതാണ് അതിലെ വൈരുദ്ധ്യം. "സമയം ആയാൽ പിന്നെ എവിടെ നിന്നാലും മതി" എന്ന കഥയിലെ സിനിയുടെ വാചകത്തിൽ ജീവിതത്തിൻ്റെ അനിശ്ചിതത്വം മുഴുവനുമുണ്ട്.
സിൽവർ മൗണ്ടനിൽ മലകയറാൻ പോയപ്പോഴാണ് ദീതിയെ പരിചയപ്പെടുന്നത് കഥയുടെ അവസാനം ആ കോപ്പർ മൗണ്ടൻ സന്ദർശനത്തിനു ശേഷം ഞങ്ങളുടെ ജീവിതം പലതരം കയറ്റിറക്കങ്ങളിലൂടെ കടന്നു പോയി എന്ന് പറയുന്നു. ആ മൗണ്ടൻ്റെ പേര് തെറ്റായി പറയുന്നതിലൂടെ കഥയ്‌ക്ക് ഒരു പുതിയ മാനം കൈവരുന്നത് കാണാം. കഥയുടെ അവസാനം മരണത്തേക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. 'ഒരിക്കൽ മാത്രമേ നാം നമ്മൾ ഉറങ്ങുന്നുള്ളു. അതിനു മുൻപുള്ള ഉറക്കങ്ങളെല്ലാം ഒരു പരിശീലനം ആയിരിക്കണം. ഞാൻ സിനിയെ പതുക്കെ ചേർത്തു പിടിച്ച് കണ്ണുകൾ അടച്ചു. ഒരു തയ്യാറെടുപ്പെന്നോണം.' പ്രമേയത്തെ ഭാഷയിലേക്ക് പരിവർത്തിപ്പിക്കുന്ന അസമാന്യമായ കരുത്തുമാത്രം മതിയാവും പ്രവീൺ കഥകളുടെ വീര്യം അളക്കുവാൻ.
റിംഗ്
പലവിധത്തിലുള്ള ട്രോമകളിലൂടെ കടന്നു പോയി ഒടുവിൽ ഒരു പുനരധിവാസ കേന്ദ്രത്തിലെത്തുന്ന നാലു യുവതികളുടെ കഥയാണ് റിംഗ്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ തിരസ്കരിക്കപ്പെട്ട, ലഹരിക്ക് അടിമയാക്കപ്പെട്ടവരാണ് അവർ. അവരുടെ വേദനകളാവും അവരെ പരസ്പരം തിരിച്ചറിയാൻ സഹായിക്കുന്നത്. ഈ കഥയും മറ്റു കഥകളേപ്പോലെ നമ്മെ സ്വൈര്യം കെടുത്തുന്നവയാണ്. ആവിഷ്‌ക്കാരത്തിൻ്റെയും പ്രമേയത്തിൻ്റെയും ഒക്കെ വ്യത്യസ്ഥത പ്രവീൺ കഥകൾ വാഗ്ദാനം ചെയ്യുന്നു.
തീ കൊണ്ടും വെള്ളം കൊണ്ടും
മകൾ നഷ്ടപ്പെട്ട ദമ്പതികളായ അരവിന്ദും അനിതയും ആ വേദനയിൽ നിന്നും രക്ഷ നേടാൻ ഒരു യാത്ര നടത്തുകയും അത് മറ്റൊരു ദുരന്തത്തിലേക്കും മനസിക സംഘർഷങ്ങളിലേക്കും നീങ്ങുന്ന കഥയാണ് തീ കൊണ്ടും വെള്ളം കൊണ്ടും. ആ ദമ്പതിമാരുടെ തീവ്രവ്യഥകൾ ആഖ്യാനം ചെയ്യപ്പെടുന്നത് ധ്വനിസാന്ദ്രത കൊണ്ടും ആവിഷ്‌ക്കാരത്തിലെ സൗന്ദര്യപൂർണ്ണമായ മിതത്വം കൊണ്ടും ശ്രദ്ദേയമാണ്.
മൂന്ന് വൃദ്ധന്മാരുടെ സായാഹ്നം
മറവിക്കാരൻ, വിഭാര്യൻ, ഫലിതക്കാരൻ എന്നീ മൂന്ന് പ്രായമായ മനുഷ്യരുടെ കഥയാണ് മൂന്ന് വൃദ്ധരുടെ സായാഹ്നം. ഈ മൂന്നു കൂട്ടർ പ്രതിനിധാനം ചെയ്യുന്ന സമൂഹം വളരെ വലുതാണ്. പൊതുവായി ഒരേ ദുഃഖവും പേറിയാണ് ഈ മനുഷ്യരുടെ യാത്ര. റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിലെ ആളൊഴിഞ്ഞ സിമൻ്റു ബെഞ്ചിലിരുന്ന് പങ്കുവെക്കുന്ന വിശേഷങ്ങളിൽ, ഓർത്തെടുക്കുന്ന മുഹൂർത്തങ്ങളിൽ; നർമ്മവും വേദനയും ഇടകലർത്തി മനുഷ്യ ജീവിതം തുറന്നു കാണിക്കുന്നു.
ട്രെയിൻ നിർത്താതെ ഓടുമ്പോൾ തങ്ങളുടെ ഭൂതകാലത്തിൽ നിന്ന് മരണത്തിലേക്കാണ് ആ ട്രെയിനുകൾ പായുന്നതെന്ന് അവർക്ക് തോന്നും. ഫലിതക്കാരൻ അധികം വൈകാതെ താനും തൻ്റെ വീട്ടിൽ പോകുമെന്ന് പറയുന്നു. ജോലിയൊക്കെ മതിയാക്കി ഗ്രാമത്തിൽ ഞങ്ങളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾത്തന്നെ എൻ്റെ കുടുംബത്തിനു കൃത്യമായി മനസ്സിലാകും എന്ത് ചെയ്യണമെന്ന്. തുടർന്ന് തമിഴ് നാട്ടിലെ ചിലയിടങ്ങളിൽ മുൻപ് ഉണ്ടായിരുന്ന 'തലൈ കൂന്തൽ' എന്ന വയസ്സന്മാരെ ദയാവധത്തിന് വിധേയമാക്കുന്ന ചടങ്ങിനെക്കുറിച്ച് കൃത്യമായി വിവരിക്കുന്നുണ്ട്. അവസാനം "എൻ്റെ അച്ഛാച്ചന് ഞാനും ഇതൊക്കെ തന്നെ ചെയ്തു കൊടുത്തതാ" എന്ന് പറയുമ്പോഴാണ് ഇതുവരെ തമാശക്കാരൻ പറഞ്ഞതൊന്നും തമാശ ആയിരുന്നില്ലെന്ന് മനസ്സിലാകുന്നത്. വളരെ മുൻപേ തന്നെയുള്ള അനാഥ വാർദ്ധക്യത്തിൻ്റെ കഥ വളരെ പുതുമയോടെ പറഞ്ഞിരിക്കുന്നു.
ഭൂമിയിൽ നിഷ്‌കളങ്കതയ്‌ക്കു മാത്രമായി ഒരിടമില്ല
അബ്രഹാമിൻ്റെയും തെരേസയുടേയും ഡേവിഡിൻ്റെയും കഥ 2018 ലെ മാതൃഭൂമി ഓണപതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഇത് പുതിയകാല എഴുത്തുകാരിൽ നിന്ന് ലോക കഥയിലേക്ക് നിർദ്ദേശിക്കാനുതകുന്ന നിലവാരമുള്ള കഥയെന്ന് വായനക്കാരും നിരൂപകരും ഒരുപോലെ വിലയിരുത്തി.
എബ്രഹാം, തെരേസ, ഡേവിഡ് എന്നിവരിലൂടെ കുടിയേറ്റത്തിൻ്റെയും പാലായനത്തിൻ്റെയും നാമാവശേഷമായ ഗോത്രങ്ങളുടെയും, ഭാഷയുടെയും കഥ പറയുകയാണ്. വൈകല്യത്തോടെ ജന്മമെടുത്ത അമേരിന്ത്യൻ ഗോത്രവർഗ്ഗത്തിലെ കുഞ്ഞുങ്ങൾ, ഗർഭാവസ്ഥയിൽ തന്നെ സിരകളിലേക്ക് വ്യാപിക്കുന്ന മദ്യത്തിൻ്റെ ലഹരി ഏത് പരിതസ്ഥിതിയിലും അവരെ പിന്തുടരുന്നു വെന്ന് കഥ സൂചിപ്പിക്കുന്നു. ഒറ്റപ്പെട്ടു പോയ മനുഷ്യൻ അതുപോലെ ഒറ്റപ്പെട്ടു പോയ മറ്റൊരു ജീവനെ സംരക്ഷിക്കാൻ ആഗ്രഹിച്ചു നടത്തുന്ന പാഴ്വേലയുടെ കഥ.
അമേരിക്കൻ പശ്ചാത്തലത്തിൽ വ്യത്യസ്ഥമായ പ്രമേയത്തിൽ നെയ്തെടുത്ത തൈമയും കോളംബസും എന്ന പുതിയ നോവലിൻ്റെ ആമുഖമാണ് ഈ കഥയെന്നു വേണമെങ്കിൽ പറയാം. ഈ നോവൽ കൂടുതൽ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യും. കഴിഞ്ഞ മാസം അതായത് 2025 ഫെബ്രുവരി 3 ആം തീയതി പ്രകാശനം ചെയ്യപ്പെട്ട കെ. വി. പ്രവീണിൻ്റെ തൈമയും കൊളംബസും എന്ന പുതിയ നോവൽ മാത്യഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തൻ്റെ രചനകളിൽ ഒരു തനത് ശൈലി വികസിച്ചെടുക്കുന്നതിൽ കെ. വി. പ്രവീൺ വിജയിച്ചിരിക്കുന്നു. മലയാളത്തിലെ സീരിയസ്സായ വായനക്കാർ മാത്രമാകും പ്രവീണിൻ്റെ വായനക്കാരെന്നത് കഥയുടെ മേന്മയാണോ പരിമിതിയാണോ എന്ന് അറിയില്ല. വിലുപമായി വായിക്കപ്പെടുന്നില്ലെങ്കിലും വായിക്കുന്നവർ ഉറപ്പായും ഈടുറ്റ കഥകളാണ് പ്രവീണീൻ്റെ കഥകളെന്ന് ഉറപ്പിച്ചു പറയാം. കെ. വി. പ്രവീണിന് കഥകളുടെയും നോവലുകളുടേയും പേരിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
മലയാളത്തിലെ ശ്രദ്ദേയരായ എഴുത്തുകാരിൽ ഒരാളായ കെ. വി. പ്രവീൺ കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിയാണ്. ടെക്സാസിലെ ഹ്യൂസ്റ്റണിൽ താമസിച്ച് ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ഡിജാൻ ലീ, പ്രച്ഛന്നവേഷം, തൈമയും കൊളംബസ്സും എന്നീ നോവലുകളും; ഓർമ്മച്ചെപ്പ്, ഭൂമിയിൽ നിഷ്‌കളങ്കതയ്‌ക്കു മാത്രമായി ഒരിടമില്ല എന്നീ കഥാ സമാഹാരങ്ങളും പുസ്തകരൂപത്തിൽ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി. സി. ബുക്സാണ്. 160 പേജുള്ള ഈ പുസ്ത്കത്തിൻ്റെ വില 220 രൂപയാണ്. ഇബുക്കായും ലഭ്യമാണ്.
കെ. വി. പ്രവീൺ (കഥാകാരൻ)
പുസ്തക പരിചയം - ബാജി ഓടംവേലി, ഡാലസ്