കാണാനുള്ളവര്‍ കണ്ടു. കേള്‍ക്കാനുള്ളത് കേട്ടു. നേടാനുള്ളവര്‍ നേടി.
ഏതാനും ദിവസത്തെ കോലാഹലങ്ങള്‍ക്കൊടുവില്‍, അവഗണിക്കപ്പെടുമായിരുന്ന ഒരു സിനിമ, കൃത്യമായ മാര്‍ക്കറ്റിംഗ് തന്ത്രത്തിലൂടെ കോടാനുകോടികള്‍ നേടി. കുടില്‍ മുതല്‍ കൊട്ടാരം വരെ അത് ചര്‍ച്ചാവിഷയമായി. തന്ത്രി മുതല്‍ മന്ത്രി വരെയുള്ളവരെ മൂന്നു മണിക്കൂര്‍ നേരം തീയേറ്ററില്‍ ഇരുട്ടിന്റെ തടവറയിലാക്കി. അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍!
ഓരോരുത്തരും അവരുടെ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക ചായ്‌വ് അനുസരിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞു. പറഞ്ഞ അഭിപ്രായങ്ങള്‍ ചിലര്‍ മാറ്റിപ്പറഞ്ഞു. ചാനല്‍ ചര്‍ച്ചകള്‍ ചന്ത നിലവാരത്തിലെത്തിച്ച്, അവതാരകര്‍, അവതാരങ്ങളായി ഉറഞ്ഞു തുള്ളി.
ചാനലുകാരും യുട്യൂബ് കാരും മത്സരിച്ച് തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ ചെയ്ത് 'ഓന്ത് പരമുവിനെ, ചട്ടമ്പിപ്പരമുവാക്കി'.
പറഞ്ഞുവരുന്നത് 'എമ്പുരാന്‍' എന്ന സിനിമയെപ്പറ്റിയാണ്. ഞാന്‍ ആ സിനിമ കണ്ടില്ല. കാണുവാനുള്ള താത്പര്യവുമില്ല.
'ആടുജീവിതവും', 'ആവേശവു'മൊന്നും എന്നില്‍ ഒരു ആവേശവും ഉയര്‍ത്തിയില്ല.
അരവിന്ദന്റെ 'കാഞ്ചനസീത'യും, അടൂര്‍ ഗോപാലകൃഷ്ണന്റെ 'എലിപ്പത്തായവു'മൊന്നും ആസ്വദിക്കുവാനോ വിലയിരുത്തുവാനോ ഉള്ള കഴിവ് എനിക്കില്ലാതെ പോയി. രാമു കാര്യാട്ട് സംവിധാനം ചെയ്ത തകഴിയുടെ 'ചെമ്മീനാണ്' എക്കാലത്തേയും മഹത്തായ മലയാള സിനിമ എന്നു വിശ്വസിക്കുന്ന ഒരു പഴഞ്ചനാണ് ഞാന്‍.
യഥാര്‍ത്ഥ ജീവിതത്തില്‍ പോലും ഗര്‍ഭിണികളെ കാണുമ്പോള്‍ എനിക്കൊരു അസ്വസ്ഥത തോന്നാറുണ്ട്. സിനിമയില്‍ പല്ല് ബ്രഷ് ചെയ്തുകൊണ്ട് സംസാരിക്കുന്നതും, പ്രസവ വേദന കാണിക്കുന്നതും എനിക്ക് അറപ്പുള്ള വിഷയങ്ങളാണ്.
'എമ്പുരാനില്‍' ഒരു ഗര്‍ഭിണിയെ ശൂലംകൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്നതും, അവരെ ബലാത്സംഗം ചെയ്യുന്നതുമായ രംഗങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഈ ഒരൊറ്റ കാരണം മതി, ആ സിനിമ കാണാതിരിക്കുവാന്‍.
അമേരിക്കയിലും 'എമ്പുരാന്' വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. കോമാളി വേഷം ധരിച്ച ചില ഫാന്‍സുകാര്‍, ചെണ്ടയും കൊട്ടി വെളിച്ചപ്പാടിനെപ്പോലെ, ന്യൂയോര്‍ക്ക് നഗരത്തിന്റെ ഹൃദയഭാഗമായ ടൈംസ് സ്‌ക്വയറില്‍ ഉറഞ്ഞു തുള്ളുന്നത് കണ്ടു. ഇതിനുള്ള സമയവും, സന്മനസുമുള്ള മലയാളി കുഞ്ഞുങ്ങള്‍ ഇവിടെയുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ ആനന്ദക്കണ്ണീര്‍ പൊഴിച്ചു.
കോടികള്‍ പൊടിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ആദരിക്കാന്‍ വേണ്ടി, ടൈം സ്‌ക്വയറില്‍ നടത്തിയ മഹാസമ്മേളനം ഓര്‍മ്മയില്‍ വരുന്നു. തുരുമ്പ് പിടിച്ച് ഒരു ഇരുമ്പ് കസേരയില്‍ മ്ലാനവദനനായി ഇരിക്കുന്ന മുഖ്യമന്ത്രിയുടെ ഒരു ചിത്രം മാത്രമായിരിക്കും, ആ ധൂര്‍ത്തില്‍ നിന്നും കാലത്തിന് അടയാളപ്പെടുത്താന്‍ കിട്ടുന്ന ഏക തെളിവ്.
പല തന്ത്രങ്ങളും ഉപയോഗിച്ച് 'എമ്പുരാന്‍' തരംഗം ലൈവായി നിലനിര്‍ത്തുവാന്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. അവരുടെ നല്ലകാലത്തിന് വാര്‍ത്താ പ്രാധാന്യമുള്ള മറ്റൊരു സംഭവവും എമ്പുരാന്റെ റിലീസിംഗിനുശേഷം ഇതുവരെ ഉണ്ടായിട്ടില്ല.
ഇതിനിടയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ, 'എമ്പുരാന്‍' എന്ന സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ഖേദിക്കുന്നു. വേണ്ട മാറ്റങ്ങള്‍ സിനിമയ്ക്ക് വരുത്തുന്നതാണ്' എന്നു പ്രഖ്യാപിച്ചു.
ലാലേട്ടന്റെ വേദന നമ്മുടെ വേദനയാണ്. ആരാധകര്‍ വീണ്ടും മുന്‍വാതിലിലൂടെയും, പിന്‍ വാതിലിലൂടെയും ഇടിച്ചുകയറി തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കി.
ഇപ്പോള്‍ കേള്‍ക്കുന്നു 'എമ്പുരാന്‍' സിനിമ റീ- സെന്‍സര്‍ ചെയ്ത് ഇരുപത്തിനാല് വെട്ടുകള്‍ വെട്ടിയെന്ന്. അമ്പത്തിരണ്ട് വെട്ടുകള്‍ വെട്ടിയിരുന്നെങ്കില്‍, മറ്റൊരു സംഭവവുമായി കൂട്ടി യോജിപ്പിച്ച് വിവാദങ്ങള്‍ ഒന്നുകൂടി കൊഴുപ്പിക്കാമായിരുന്നു.
പൃഥ്വിരാജ് തന്റേടമുള്ള, ആണത്വമുള്ള ഒരു വ്യക്തിയാണെന്നാണ് കേട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ മാതാജി, ശ്രീമതി മല്ലികാ സുകുമാരന്‍ ചാനലുകള്‍ കയറിയിറങ്ങി 'എന്റെ കുഞ്ഞ് ഒരു പാവമാണ്. എന്റെ കുഞ്ഞിനെ ദ്രോഹിക്കുന്നവര്‍ക്ക് ഒരുകാലത്തും ഗുണംപിടിക്കില്ല- ഞങ്ങള്‍ക്ക് ഒരുത്തന്റേയും പണം വേണ്ടാ, ഞങ്ങള്‍ ജന്മനാ കോടീശ്വരന്മാരാണ്'- എന്നൊക്കെ പറഞ്ഞ് വിലപിച്ച് നടക്കുന്നത് സത്യത്തില്‍ പൃഥ്വിരാജിനെ അപമാനിക്കുന്നതിന് തുല്യമാണ്.
പൃഥ്വിരാജിന്റെ സഹധര്‍മ്മിണി സുപ്രിയാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാല്‍, അഹങ്കാരത്തിന് കൈയ്യും കാലും വെച്ച ഒരു മഹിളയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റംപറയാന്‍ പറ്റുകയില്ല.
ഏതായാലും മോഹന്‍ലാല്‍ 'ലേലു അല്ലു, ലേലു അല്ലു' എന്നു പറഞ്ഞ് പോസ്റ്റിട്ടു. പൃഥ്വിരാജും, ആന്റണി പെരുമ്പാവൂരും അത് ഷെയര്‍ ചെയ്തതിലൂടെ തങ്ങളുടെ ഖേദവും അറിയിച്ചു.
'എമ്പാരന്റെ' തിരക്കഥാകൃത്ത് മുരളി ഗോപിയുടെ ഒരു വാചകത്തോടെ ഈ ലേഖനം അവസാനിപ്പിക്കുന്നു. 'എന്റെ വീടിന്റെ ഭിത്തിയില്‍ ഒരാളുടെ ചിത്രം മാത്രമേയുള്ളൂ. - അത് എന്റെ അഛന്റെയാണ്!