"എന്താ പിള്ളേച്ചാ, മുഖം ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെ ഇരിക്കുന്നത്?"
"എടോ, എന്ത് പറയാൻ? ഒരു സിനിമാ കണ്ടിട്ടു വന്നതാ."
"ഏതു സിനിമയാ പിള്ളേച്ചനെ ഇത്ര സ്വാധീനിച്ചത്?"
"എടോ, മറ്റൊന്നുമല്ല, 'എമ്പുരാൻ'."
"അത് വളരെ നല്ല സിനിമയാണല്ലോ. അതു പിന്നെയെങ്ങനെയാ പിള്ളേച്ചനെ നിരാശപ്പെടുത്തിയത്?'
"താൻ ആ പടം കണ്ടോ?"
"ഇല്ല പിള്ളേച്ചാ, അടുത്തതായി ഒന്ന് കാണണം. മലയാളത്തിൽ ഇത്രയും റിക്കോർഡുകൾ ഭേദിച്ച ആ പടം ഒന്ന് കണ്ടില്ലെങ്കിൽ പിന്നെ നമ്മളൊക്കെ മലയാളിയാണെന്നു പറയുന്നതിലെന്താണർത്ഥം?"
"പടം കണ്ടു കഴിയുമ്പോഴും ഈ അഭിമാനം ഉണ്ടാവണം."
"അതെന്താ പിള്ളേച്ചാ? കണ്ടിട്ട് എന്താണ് പറയുവാനുള്ളത്?"
"എൻറെ ഒരു സുഹൃത്ത് പറഞ്ഞത്, ‘ടിക്കറ്റ് നേരത്തെ എടുത്തില്ലെങ്കിൽ കിട്ടത്തില്ല' എന്നാണ്. അതുകൊണ്ട് ഓൺലൈനിൽ എടുത്തിട്ടാണ് പോയത്. അവിടെ ചെന്നപ്പോൾ ആരെയും കണ്ടില്ല. ഷോ തുടങ്ങിയപ്പോൾ ആകെ തീയേറ്ററിൽ ഉള്ളത് വിരലിൽ എണ്ണാവുന്നവർ മാത്രം. അതെന്തെങ്കിലുമാകട്ടെ, സിനിമയെപ്പറ്റി പറയാം."
"ങ്ഹാ, അതു കേൾക്കട്ടെ."
"എടോ, ഈ സിനിമയെപ്പറ്റി വളരെ പ്രതീക്ഷയോടെ ഇരുന്നതുകൊണ്ടാവാം എന്നെ ഇത്രയധികം ഷോക്കേൽപിച്ചത്. ആദ്യത്തെ 27 മിനിറ്റിൽ ഒരക്ഷരം മലയാളം ഡയലോഗ് ഇല്ല. മുഴുവൻ ഹിന്ദി മാത്രം. ഞാൻ കുറച്ചു കാലം മിലിട്ടറിയിൽ ഉണ്ടായിരുന്നതു കൊണ്ട് ഭാഷ മനസ്സിലായി. 2002 ൽ നടന്ന ഗുജറാത്ത് കലാപത്തിന്റെ ഗ്രാഫിക് അവതരണമാണ്. അതിന് ഈ സിനിമയുമായി യാതൊരു ബന്ധവുമില്ല. കൃത്യം 3 മണിക്കൂർ ഓടുന്ന ഈ സിനിമയിൽ നിന്നും ഈ 28 മിനിട്ടു സമയം അനായാസമായി വെട്ടിമാറ്റാമായിരുന്നു."
"അതെന്തിനാ പിള്ളേച്ചാ വെട്ടിമാറ്റുന്നത്? അന്നവിടെ നൂറു കണക്കിനാളുകളെ വെട്ടിനുറുക്കിയ ചരിത്രം മറക്കാനാകുമോ നമുക്ക്?"
"അത് ഇങ്ങനെ മുറിവിൽ മുളക് തേക്കുന്നതുപോലെ ഓർപ്പിച്ചിട്ടെന്തു കാര്യം? അങ്ങനെയെങ്കിൽ അതിനു കാരണമായ ഗോദ്ര കൂട്ടക്കൊലയുടെ ചരിത്രം കൂടി ഗ്രാഫിക് വിവരണത്തിൽ ചേർക്കണമായിരുന്നു. എന്നാൽ എനിക്കൊരു ചോദ്യമുള്ളത് മറ്റൊന്നുമല്ല. ഇതിങ്ങനെ ഊതിവീർപ്പിച്ച് ആളുകളെ പ്രകോപിതരാക്കുന്നതു കൊണ്ട് ആർക്കെന്തു ഗുണം? തന്നെയുമല്ല, ആ സംഭവും ഈ സിനിമയുടെ കഥയുമായി എന്തെങ്കിലും ബന്ധമുണ്ടാകണ്ടേ?"
“അതുകൊണ്ടാണോ ബിജെപി യും ആർ എസ് എസ് കാരും കൂടി ഇത് വീണ്ടും സെൻസർ ചെയ്യണമെന്നു പറയുന്നത്?"
"അങ്ങനെയെങ്കിൽ ക്രിസ്ത്യാനികളും ഇതിനെതിരായി മുന്നിട്ടിറങ്ങേണ്ടതാണല്ലോ. പക്ഷേ, അവർക്കു യാതൊരനക്കവുമില്ലല്ലോ."
"അവർക്കെതിരായി എന്താണ് ഈ സിനിമയിൽ പറയുന്നത്?"
"എടോ, ഈ എമ്പുരാൻ എന്ന അത്ഭുത കഥാപാത്രത്തെ പറ്റി പറയുന്നത്, 'ദൈവപുത്രന് കാര്യങ്ങൾ അസാധ്യമായി വരുമ്പോൾ അത് ചെയ്‌തു തീർക്കാൻ ദൈവം തന്റെ ദത്തുപുത്രനായ സാത്താന്റെ നായകൻ ലൂസിഫറിനെ ഏൽപിക്കും. അവനു മാത്രമേ അതു സാധ്യമാകൂ' എന്നാണ്. അതുപോലെ തന്നെ, കുരിശ് ബോംബ് വച്ച് പൊട്ടിച്ചു ചിതറി തെറിക്കുന്ന രംഗങ്ങളുമുണ്ട്. പക്ഷേ, ഒരു ക്രിസ്ത്യാനിയും പ്രതിഷേധിച്ചു കണ്ടില്ല."
"അതൊക്കെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി കരുതിയാൽ പോരേ പിള്ളേച്ചാ? അങ്ങനെയല്ലേ, പലരും ചർച്ചകളിൽ ചോദിക്കുന്നത്?"
"അന്തിചർച്ചകളിൽ ചോദിക്കുന്ന പലരും എന്നിട്ടെന്തേ 'കേരളാ സ്റ്റോറി' വന്നപ്പോൾ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആണെന്ന് പറഞ്ഞില്ല? ജോസഫ് മാഷിന്റെ കൈ എന്തിനാണ് വെട്ടിയത്?"
"ഈ സിനിമയുടെ നിർമ്മാണ ചെലവ് ഏതാണ്ട് 221 കോടിയാണെന്നാണ് മനസ്സിലാക്കുന്നത്. ഇത്രയും പണച്ചെലവ് പിന്നെയെങ്ങനെ വന്നു?"
"ഇതിലെ പല സീനുകളും ലോകത്തിന്റെ പല പല ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്‌തിരിക്കുന്നത്. അപ്പോൾ ചിന്തിക്കാവുന്നതല്ലേയുള്ളൂ ഈ ലൊക്കേഷനിലൊക്കെ നൂറു കണക്കിനാളുകളുമായി പോയി ദിവസങ്ങളോ ആഴ്ച്ചകളോ താമസിച്ചു സെറ്റിട്ടു ഷൂട്ട് ചെയ്യണമെങ്കിൽ കുറഞ്ഞ കളിയാണോടോ? അതുപോലെ നൂറു കണക്കിനാളുകളുടെ വിവിധ കോസ്റ്റുംസുകളുടെ ചെലവെത്രയാ!"
"അപ്പോൾ പിള്ളേച്ചൻ പറയുന്നത് ഈ പടം ഒന്നിനും കൊള്ളത്തില്ല എന്നാണോ?"
"എന്ന് ഞാൻ പറഞ്ഞില്ല. സാധാരണ മലയാളം പടം മാത്രം കാണുന്ന ഒരാൾക്ക് ഇത് വലിയ സംഭവമാണെന്ന് തോന്നാം. കാരണം, പ്രത്യേകിച്ച് കഥയൊന്നുമില്ലെങ്കിലും ഇന്നത്തെ ടെക്നോളജി അനുസരിച്ചുള്ള 'സൗണ്ട് എഫക്റ്റുകളും പുലി മുരുകനെ അതിശയിപ്പിക്കുന്ന സ്പെഷ്യൽ എഫക്റ്റുകളും ഒക്കെ കാണുമ്പോൾ അവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ സംഭവമാണെന്ന് തോന്നാം. ഉദാഹരണത്തിന് നോർത്തേൺ ഇറാക്കിൽ ഉള്ള ഒരു സീനിൽ കാണിച്ചിരിക്കുന്നത് 'അമേരിക്കൻ സ്‌നൈപ്പർ' എന്ന സൂപ്പർ സിനിമയിലെ ഒരു സീൻ കോപ്പി ചെയ്തതു പോലെയാണ് നമുക്ക് തോന്നുക. എന്നാൽ അവർക്കതു ശ്വാസം അടക്കിപ്പിടിച്ചേ കാണാൻ സാധിക്കൂ. മോഹൻലാൽ എന്ന പകരം വയ്ക്കാനാവാത്ത നടനെ ഒന്നും അഭിനയിക്കാനില്ലാതെ വെറുതെ എന്തൊക്കെയോ കോപ്രായങ്ങൾ കാണിച്ചു കുളമാക്കിയതിന് ഇതിന്റെ സംവിധായകനും നിർമ്മാതാവും ക്ഷമ പറയുകയാണ് വേണ്ടത്. "
"എന്നിട്ടെന്തിനാണ് പിള്ളേച്ചാ, ഈ 'ലാലേട്ടൻ ഫാൻസ്' എന്ന് പറയുന്നവർ ടൈംസ് സ്‌ക്വയറിൽ പോലും പോയി നിന്ന് ഈ സിനിമയ്ക്ക് വേണ്ടി 'ഷോ' കാണിച്ചത്?"
"എടോ, അതിൽ ഭൂരിഭാഗവും H-1 വിസയിൽ വന്നിട്ടുള്ളവരാണ്. വല്ലതും പഠിച്ച് അവരുടെ കരിയർ നല്ലതാക്കാൻ നോക്കാതെ ഇതിന്റെയൊക്കെ പുറകെ നടക്കുന്നവരോട് എന്ത് പറയാൻ! "
"അപ്പോൾ പിള്ളേച്ചൻ പറയുന്നത് ഞാൻ ഈ സിനിമ കാണാൻ പോകേണ്ടെന്നാണോ?"
"എന്നു ഞാൻ പറഞ്ഞില്ല. എന്നാൽ, തനിക്കു പണം ഒത്തിരി ഉണ്ടെങ്കിൽ അത് വല്ലവനും വിശപ്പടക്കാൻ കൊടുത്തു സഹായിക്ക്."
"പിള്ളേച്ചന് ഈ സിനിമയേപ്പറ്റി ഒറ്റ വാക്കിൽ എന്താണ് പറയാനുള്ളത്?"
"കാണാത്തവർ ഭാഗ്യവാന്മാർ. എന്തു കൊണ്ടെന്നാൽ അവർക്ക് ധനലാഭവും സമയലാഭവും ഉണ്ടാകും!"
_______________