എഡിസൺ, ന്യു ജേഴ്‌സി: ഇന്റ്യുഷൻ (അവബോധം) പിന്തുടരുക എന്നുള്ളതാണ് മാധ്യമരംഗത്ത് താൻ ചെയ്യുന്നതെന്ന് 24 ന്യൂസ് എഡിറ്റർ പി.പി.ജെയിംസ് അഭിപ്രായപ്പെട്ടു. 2020 ൽ ബൈഡനും ട്രംപും പ്രസിഡൻഷ്യൽ സ്ഥാനാർഥികളായി മാറ്റുരച്ചപ്പോൾ, ട്രംപ് തോൽക്കുമെന്ന് പ്രവചിച്ചതിന്റെ രഹസ്യവും അതുതന്നെ.
ലോക മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്ന 24 കണക്ടിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കവെയാണ് അദ്ദേഹം അമേരിക്കയെപ്പറ്റിയും മാധ്യമ രംഗത്തെപ്പറ്റിയും വാചാലനായത്. (റിപ്പോർട്ട് കാണുക)
കേരളത്തിൽ ഇരുന്നുകൊണ്ട് അമേരിക്കൻ രാഷ്ട്രീയം എങ്ങനെ വിശകലനം ചെയ്യാനാകുമെന്നു ഇലക്ഷൻ ചൂട് നേരിട്ട് അറിഞ്ഞവർ ചോദിച്ചിട്ടുണ്ട്. തപാൽ വോട്ടുകൾ എണ്ണുന്നതിന് തൊട്ടുമുൻപ് ഡൊണൾഡ് ട്രംപ് വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച സമയത്തും തന്റെ പ്രവചനത്തിൽ ഉറച്ചുനിന്നു. തപാൽ വോട്ടുകളിൽ 80 ശതമാനവും ആന്റി-ട്രംപ് വോട്ടർമാരുടേതായിരിക്കും എന്ന തോന്നലാണ് അന്ന് രക്ഷയായത്.
2024 ൽ കമല ഹാരിസും ട്രംപും തമ്മിലുള്ള പോരാട്ടത്തിൽ ട്രംപ് വിജയിക്കുമെന്ന് പ്രവചിച്ചു. താനൊരു ട്രംപ് വിരോധി അല്ല, രാഷ്ട്രീയ ഗതിവിഗതികൾ വിലയിരുത്തുക മാത്രമാണ് ലക്ഷ്യമെന്ന് അദ്ദേഹം ഇതിലൂടെ അടിവരയിട്ടു. ഒരു വനിതയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കാൻ അമേരിക്ക ഇനിയും സമയമെടുക്കുമെന്നാണ് തന്റെ പക്ഷം. വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ മലയാളികൾക്ക് ഡെമോക്രാറ്റിക് പാർട്ടിയോടായിരുന്നു ചായ്‌വെന്നും ഇന്ന് റിപ്പബ്ലിക്കൻ പാർട്ടിയെ അനുകൂലിക്കുന്ന ധാരാളം മലയാളികളും ഇവിടെയുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
ഒരു വീട്ടിൽ തന്നെ ഭാര്യ ഡെമോക്രാറ്റും ഭർത്താവ് റിപ്പബ്ലിക്കനും ആയിരിക്കും. അനധികൃത കുടിയേറ്റക്കാരോട് 'നോ' പറയാൻ ശക്തനായ നേതാവ് എന്ന നിലയിലാണ് ട്രംപ് വോട്ട് നേടിയത്. ലോകത്തെ ഏറ്റവും ലിബറൽ രാജ്യം എന്ന നിലയിൽ ഫ്രഞ്ചുകാർ അമേരിക്കയ്ക്ക് സമ്മാനിച്ച 'സ്റ്റാച്യു ഓഫ് ലിബർട്ടി', അവർ തിരിച്ചു ചോദിക്കുകയാണെന്നും ജെയിംസ് ചൂണ്ടിക്കാട്ടി. അമേരിക്കയുടെ മനോഭാവം മാറുകയും ഏകാധിപത്യത്തിന്റെ മേലങ്കി അണിയുകയും ചെയ്യുന്നു എന്നാണവർ പറയുന്നത്.
ഇന്ത്യൻ ആർമിയിലായിരുന്ന തന്റെ പിതാവ് പകർന്ന ചില അറിവുകളും അദ്ദേഹം പങ്കുവച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നത് ഡെമോക്രാറ്റിക് അല്ലെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ അധിഷ്ഠിതമല്ലെന്നും വ്യക്തികളെ ആശ്രയിച്ച് അത് മാറുമെന്നും ജെയിംസ് വ്യക്തമാക്കി. ഇന്ത്യയുമായി ഏറ്റവും നല്ല സൗഹൃദം സൂക്ഷിച്ച അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി ഡെമോക്രാറ്റും ഇന്ത്യൻ സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുകയും ഇന്ത്യയോട് വിരോധം സൂക്ഷിക്കുകയും ചെയ്ത അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ റിപ്പബ്ലിക്കനുമായിരുന്നു. ആണവക്കരാർ ഒപ്പിടുന്നതിന് സശക്തം ഇന്ത്യയെ പിന്തുണച്ച അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ബുഷ് റിപ്പബ്ലിക്കൻ ആയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയായി ചൈന വളർന്നത് അമേരിക്കയുമായി ബിസിനസ് ചെയ്തുകൊണ്ടാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അത് ഇന്ത്യയ്ക്ക് മിസ്സായ ബസ്സാണെന്നും പറഞ്ഞു. ഇന്ത്യ-ചൈന ഭായ് ഭായ് എന്ന് 60 കളുടെ തുടക്കത്തിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പറഞ്ഞിരുന്ന സമയത്താണ് 1962 ൽ ചൈന അപ്രതീക്ഷിതമായി ഇന്ത്യയെ ആക്രമിച്ചത്. അന്ന് ഇന്ത്യ ആദ്യം സഹായം അഭ്യർത്ഥിച്ചത് സോവിയറ്റ് യൂണിയനോടായിരുന്നു. ഇന്ത്യ നമ്മുടെ സുഹൃത്താണ്, എന്നാൽ ചൈന സഹോദരനാണ് എന്ന് പറഞ്ഞുകൊണ്ട് അവർ കയ്യൊഴിഞ്ഞു. കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന അതേ മനസ്സുള്ള ചൈനയോട് മമത തോന്നിയത് സ്വാഭാവികമാണ്. ഇന്ത്യ - ചൈന യുദ്ധം നടക്കുമ്പോൾ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ യാതൊരു സൗഹൃദവും ഉണ്ടായിരുന്നില്ല.
അപമാനിതനായ നെഹ്‌റു പിന്നീട് സഹായം തേടിയത് ജോൺ എഫ്.കെന്നഡിയോടാണ്. അദ്ദേഹം 12 യുദ്ധവിമാനങ്ങൾ അയച്ചുകൊണ്ട് ഇന്ത്യയെ സഹായിച്ചു. 'If you are fighting with India, then America is ready for the war' എന്ന് കെന്നഡി മുഴക്കിയ ഭീഷണിയെത്തുടർന്നാണ് ചൈന യുദ്ധത്തിൽ നിന്ന് പിൻവാങ്ങിയത്.
പിതാവിൽ നിന്ന് ലഭിച്ച ഈ അറിവ് ഒരു ചരിത്രപുസ്തകത്തിലുമില്ലെന്നും പി.പി.ജെയിംസ് പറഞ്ഞു. അഞ്ച് വർഷം മുൻപ് അമേരിക്കയുടെ ഡീക്ലാസിഫൈഡ് ഡോക്യൂമെന്റസ് വായിച്ചപ്പോൾ ഇന്ത്യ-ചൈന യുദ്ധത്തെക്കുറിച്ചുള്ള ഭാഗം വായിച്ചപ്പോൾ പിതാവ് പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നെന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. കെന്നഡി കൊല്ലപ്പെട്ടപ്പോൾ ഇന്ത്യയിലെ സ്‌കൂളുകൾക്ക് അവധി നൽകിയത് ഈ കടപ്പാട് കൊണ്ടാകാം.
റിച്ചാർഡ് നിക്സണ് ഇന്ത്യയോടുള്ള വിരോധം കാരണം ചൈനയുമായി 2018 വരെ 50 വർഷം നീണ്ട ട്രേഡിങ് കരാർ ഒപ്പുവച്ചതാണ് ചൈനയെ ഇന്ന് കാണുന്ന ഉയരത്തിലെത്തിച്ചത്.ചരിത്രത്തിൽ ഇത്തരം ആകസ്മിതകളുണ്ട്. മൂന്നാം ലോക മഹായുദ്ധം വന്നാൽ, ആണവായുധംകൊണ്ട് റഷ്യയെയും പണംകൊണ്ടും ചൈനയെയും ഭയക്കണം. ഈ സാഹചര്യത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ സൗഹൃദം ഊട്ടിയുറപ്പിക്കേണ്ടത് ആവശ്യമാണ്.
അമേരിക്ക ഇസ്രയേലിന്റെ കയ്യിലാണ്. ജൂതന്മാരെ പിണക്കിക്കൊണ്ട് അമേരിക്കയിൽ ഒരു നയം കൊണ്ടുവരാൻ സാധിക്കില്ലെന്ന് ജയിംസ് തറപ്പിച്ചുപറഞ്ഞു. ബാങ്കുകൾ, മീഡിയ എല്ലാം അവരുടെ കയ്യിലാണ്. ഇസ്രായേൽ യുദ്ധം ചെയ്യുന്നത് അമേരിക്കയുടെ പിന്തുണയോടെ ആണെന്ന തോന്നൽ ദോഷം ചെയ്യും. 200 കോടി വരുന്ന മുസ്ലിം ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിന്റെ പേരിൽ അമേരിക്കയ്ക്ക് എന്നെങ്കിലും പ്രത്യാഘാതം നേരിടേണ്ടി വരും. കൊല്ലപ്പെട്ട 61000 പലസ്തീനികളിൽ 70 -80 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഹമാസിനെ ആക്രമിക്കുന്നതിനുപകരം നിരാലംബരെ വധിച്ചു എന്നതാണ് മറ്റ് ഇസ്ലാം രാജ്യങ്ങൾക്കും ഇസ്രയേലിനോട് വിരോധം കടുക്കാൻ കാരണം.
റഷ്യ പോലൊരു രാജ്യത്തെയും പുടിനെ പോലൊരു ഭരണാധികാരിയെയും അടിയറവ് പറയിക്കുന്ന നിലയിൽ എത്തിച്ചിരിക്കുന്നത് അമേരിക്കൻ ഭരണകൂടമാണ്. അമേരിക്ക എടുക്കുന്ന നിലപാടറിയാൻ ലോകം മുഴുവൻ ആകാംക്ഷയിലാണ്.
ലിബറലിസത്തിന്റെ ഏറ്റവും വലിയ വക്താവായ അമേരിക്ക അനധികൃത കുടിയേറ്റക്കാരെ ചങ്ങലക്കിട്ടു കൊണ്ട് പോയതും ഏറെ എതിർപ്പുണ്ടാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചങ്ങലക്കിട്ടതിനുള്ള ന്യായീകരണങ്ങൾ ഒന്നും വിശ്വസനീയമായിരുന്നില്ല.