Image

മാറുന്ന ദേശീയതാ ബോധം - (ഭാഗം ഒന്ന്-അനിലാല്‍ ശ്രീനിവാസന്‍)

Published on 25 February, 2018
മാറുന്ന ദേശീയതാ ബോധം - (ഭാഗം ഒന്ന്-അനിലാല്‍ ശ്രീനിവാസന്‍)
[disclaimer : ചരിത്രം ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല. സ്വയം അറിയുന്നതിന്റെ ഭാഗമായി വായനയിലൂടെയും ചിന്തയിലൂടെയും ഉണ്ടാക്കിയെടുത്ത അവബോധം പങ്കു വക്കുകയാണിവിടെ...പലതും അസമര്‍ത്ഥങ്ങളായി തോന്നിയേക്കാം. 
വായിക്കുമല്ലോ]

ദേശീയത എന്താണ്?

തെക്കന്‍ തിരുവിതാംകൂറില്‍ 'പദ്മനാഭന്റെ പ്രജ' എന്നൊരു പ്രയോഗമുണ്ടായിരുന്നു. 'ഓ നമ്മള് പപ്പനാഭന്റെ വെറും പ്രജയല്ലേ' എന്ന് പറയുന്നതിന് പിന്നിലെ വ്യംഗ്യാര്‍ത്ഥം എന്താണ്? പദ്മനാഭനെന്നാല്‍ പദ്മം നാഭിയില്‍ ഉള്ളവന്‍ - അതായതു വിഷ്ണു. 

തിരുവനന്തപുരത്തെ പ്രസിദ്ധമായ ക്ഷേത്രത്തെയാണ് മുകളില്‍ സൂചിപ്പിച്ചത്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പദ്മനാഭ ദാസന്മാരായാണല്ലോ ഭരണം നടത്തിയിരുന്നത്. രാജ്യാധികാരം രാജാവിനും ഭരിക്കപ്പെടുന്നവന്, അതായതു പ്രജക്കു അധികാരത്തില്‍ പങ്കില്ലാതതുമായ ഒരു വ്യവസ്ഥയില്‍ 'ദേശീയത' എന്ന വൈകാരിക ബോധം ഉണ്ടാവുന്നില്ല. അവന്‍ വെറും പ്രജയാകുന്നു. മതം, വംശം, ഭാഷ, സംസ്‌കാരം ഇവയിലേതെങ്കിലും ഒന്നോ പലതിന്റെയും സങ്കലനമോ ഒരു ജനതയെ അധികാരത്തില്‍ പങ്കാളികളാക്കിയതിനും അതുവഴി ദേശീയത എന്ന വികാരം അവിരില്‍ ഉണ്ടായതിനും തെളിവുകള്‍ ലോക ചരിത്രത്തില്‍ കാണാവുന്നതാണ് - ക്രിസ്തുമതവും ഇസ്ലാം മതവും തന്നെയാണ് ഉചിതമായ ഉദാഹരണങ്ങള്‍.

എന്നാല്‍ ഒരു ഭൂപ്രദേശവും ഒരു ജനതയും, ഇത്തരം ഏതെങ്കിലും സ്വാധീനവും ഉണ്ടായതുകൊണ്ട് മാത്രം അവര്‍ക്കിടയില്‍ ദേശീയതാ ബോധം ഉണ്ടാവണമെന്നില്ല. അതിനു സാഹചര്യം ഒരുക്കാനായി ചില 'ഉപകരണങ്ങള്‍ (Instruments)' കൂടി ആവശ്യമുണ്ട്. ലോകചരിത്രത്തില്‍, യൂറോപ്പിലെ വികസിത രാജ്യങ്ങളായ ഇറ്റലിയിലും ജര്‍മനിയിലും മതസ്വാധീനത്താല്‍ ദേശീയത ഉണ്ടായെങ്കിലും അതിനു ഉപകരണങ്ങളായി വര്‍ത്തിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങളും വ്യാവസായിക വിപ്ലവവും ആയിരുന്നു. നമുക്കിത് കൂടുതല്‍ മനസ്സിലാക്കാവുന്നത് ഇന്ത്യയുടെ പശ്ചാത്തലത്തിലാണ്.

 അധിനിവേശങ്ങളിലുടെ ഭാരതീയന് മുന്നിലെത്തിയ ബ്രിട്ടിഷുകാരന്‍ ഒരു പൊതുശത്രുവാണ് എന്ന ചിന്തയാണ് അവനില്‍ ദേശീയത ഉണര്‍ത്താന്‍ സ്വാധീനം ചെലുത്തിയത്. അതിനു ഉപകരണങ്ങളായി വര്‍ത്തിച്ചത് അച്ചടി, ടെലിഗ്രാഫ്, ഇംഗ്ലീഷ് ഭാഷ, റെയില്‍വേ എന്നിവയായിരുന്നു. എന്നാല്‍ മുകളില പറഞ്ഞ ഒന്നും തന്നെ ഭാരതീയന്റെ നന്മക്കായി ചെയ്തതല്ല. ഇംഗ്ലീഷ് ഭാഷയും വിദ്യാഭാസവും ഭരണ സൌകര്യത്തിനും ക്രിസ്തുമത പ്രചാരണത്തിനും വേണ്ടിയായിരുന്നു. അപ്പോള്‍ ബ്രിട്ടീഷ്‌കാരന്‍ അവര്ക്കുവേണ്ടി നടപ്പിലാക്കിയ ഇംഗ്ലീഷ് ഭാഷയും മറ്റു സംവിധാനങ്ങളും പരോക്ഷമായി ഭാരതീയര്‍ക്കിടയില്‍ ദേശീയത വളര്ത്താന്‍ ഉപകരിച്ചു എന്ന Dr. എം ജി എസ് നാരായണന്റെ അഭിപ്രായത്തോട് പരിപൂര്‍ണമായി യോജിക്കാതെ വയ്യ. കേരള ദേശീയതയിലേക്ക് കടക്കും മുന്‍പ് മറ്റൊരു കാര്യം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. 

പൊതുശത്രുവെന്ന ബോധം ഭാരതീയരില്‍ ഐക്യ ബോധവും സ്വാതന്ത്ര്യ വാഞ്ചയും വളര്‍ ത്തുന്നുവെന്നും അതുവഴി അവരില്‍ ദേശീയത രൂപം കൊള്ളുന്നുവെന്നും മനസ്സിലാക്കിയ ബ്രിട്ടീഷ് അതിനു തളയിടാന്‍ കൊണ്ടുവന്ന തന്ത്രം വലിയൊരളവു വരെ വിജയിക്കുക തന്നെ ചെയ്തു. നാട്ടുരാജാക്കന്മാരെ തമ്മിലടിപ്പിച്ചു, ഭിന്നിപ്പിച്ചു ഭരിക്കുക (Divide and Rule) എന്നതായിരുന്നു അത്. ഈ രാഷ്ട്രീയ കാലാവസ്ഥയിലാണ് ബാലഗംഗാധര തിലകന്‍ തുടങ്ങിയവര്‍ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളില്‍ ഹൈന്ദവ വികാരം ഉണര്‍ത്തി , അത് വഴി അവരില്‍ ദേശീയത വളര്‍ത്താം എന്ന് ചിന്തിച്ചത്. 

ദക്ഷിണാഫ്രിക്കയില്‍ നിന്നും അപ്പോഴെത്തിയ ഗാന്ധിജിയും ഒരു തന്ത്രം എന്ന രീതിയില്‍ ആ വഴിക്ക് ചിന്തിച്ചത് സ്വാഭാവികം. എന്നാല്‍ ഒരിക്കലും മറ്റു മതങ്ങളെ വൃണപ്പെടുത്താനോ ഇന്ത്യയില്‍ നിന്നും ആട്ടിയോടിക്കാനോ ഗാന്ധിജി ആഗ്രഹിച്ചിരുന്നില്ല. ദേശീയ വികാരം ഉണര്‍ത്താന്‍ ഹൈന്ദവതയെ ഉപയോഗിക്കുക എന്ന് മാത്രം. എന്നാല്‍ ഹൈന്ദവ വികാരം വഴിവിട്ടു പോകുന്നുവെന്നും അത് മുസ്ലിം വിരോധമായി വളരുന്നുവെന്നും മനസ്സിലാക്കിയപ്പോള്‍ ഗാന്ധി ശക്തമായി തന്നെ എതിര്‍ത്തു . അതേ കാരണത്തിന് തന്നെയാണ് R.S.S (രാഷ്ട്രീയ സ്വയം സേവക്) എന്ന ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകനായ ഗോട്‌സെയുടെ വെടിയേറ്റ് അദ്ദേഹം രക്തസക്ഷിത്വം വരിച്ചതും.

കേരള ദേശീയത 

കേരള ദേശീയത എന്നത് കേരളീയതയും ദേശീയതയും ചേര്‍ന്നതാണ്. കേരളീയത എന്നത് ഭാഷാപരമാണ്. ദേശീയത എന്നത് നേരത്തെ പറഞ്ഞു വച്ചതാണല്ലോ. ഇവയിലേക്കു കടക്കുന്നതിനു മുന്‍പ് കേരളത്തിന്റെ ഭുപ്രകൃതി കാലാവസ്ഥ പഴയകാല സമ്പദ് വ്യവസ്ഥ , പ്രാചീന സമൂഹങ്ങള്‍ (നാടുകള്‍, ഊരുകല്‍, കുടികള്‍) എന്നിവയെക്കുറിച്ച് പറയേണ്ടതാണെങ്കിലും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കട്ടെ. 

ഒന്ന് : ആര്യന്മാരുടെ വരവ് - എം ജി എസ് നാരായണന്റെ വാക്കുകളില്‍.

'ആര്യന്മാരുടെ ആഗമനവും അധിനിവേശവുമാണ് കേരളത്തില വമ്പിച്ച മാറ്റങ്ങള്‍ക്കിടയാക്കിയത്.  ആദി ശതകങ്ങളില്‍ കടല്ക്കരയിലൂടെ  വന്ന കുടിയേറ്റക്കാര്‍ മുഖ്യ നദീ തീരങ്ങളില്‍ ഉയര്ത്തിയ ബ്രാഹ്മണ ഗ്രാമങ്ങള്‍ കേരളത്തില്‍ ഒരു കാര്ഷിക വിപ്ലവം തന്നെ സൃഷ്ട്ടിച്ചു. 32 മൂല ഗ്രാമങ്ങളും ഒട്ടേറെ ഉപ ഗ്രാമങ്ങളും മുഖ്യ ഉല്പ്പാദന കേന്ദ്രങ്ങളായി മാറി. ജാതി സമ്പ്രദായം നടപ്പിലായി. ക്ഷേത്രങ്ങളുണ്ടായി. കേരളത്തെ ഭാരതീയ സംസ്‌കാരത്തിന്റെ മുഖ്യധാരയിലെക്കെത്തിച്ചത് ഈ ബ്രാഹ്മണ അധിവാസത്തിന്റെ ഫലമായുണ്ടായ പ്രത്യേക  ആര്യ ദ്രാവിഡ മേളനമായിരുന്നു. സംബന്ധ വ്യവസ്ഥയിലുടെ പ്രാകൃതമായ മരുമക്കത്തായ സമ്പ്രദായത്തിനു ലോകത്തില്‍ മറ്റെങ്ങുമില്ലാത്ത പോലെ പരിഷ്‌കൃത സമൂഹത്തിനകത്തും സ്ഥാനമുണ്ടായി. നമ്പൂതിരിമാരുടെ നേത്രുത്വത്തിലുണ്ടാക്കിയ ചേരമാന്‍ പെരുമാക്കളുടെ കേരള രാജ്യം ഇന്നത്തെ കേരളത്തിന്റെ അതിരുക
ള്‍  നിര്‍ണയിച്ചു. കേരള രാജ്യത്തിന്റെ ചട്ടക്കുടിനുള്ളി ലാണ് മലയാളവും തമിഴും വേര്‍തിരിയാന്‍ തുടങ്ങിയത്. കേരളത്തിന്റെ തനതു കലകളുണ്ടായതും ഇക്കാലത്താണ്. പ്രകൃതിയാല്‍ വേര്‍തിരിക്കപ്പെട്ടും അനുഗ്രഹീതമാവുകയും ചെയ്ത കേരളത്തെ ഒന്നിച്ചു കൂട്ടിക്കെട്ടി നിറുത്തുന്ന ചരട് മലയാള ഭാഷയാണ് '

രണ്ട് : തുഞ്ചത്ത് എഴുത്തശ്ച്ചന്‍

ഭാഷയെക്കുറിച്ച് പറയുമ്പോള്‍, തുഞ്ചത്ത് എഴുത്തശ്ച്ചനെ സ്മരിക്കാതിരിക്കുന്നത് അനുചിതമായിരിക്കും. ഭക്തി പ്രസ്സ്ഥാനമെന്നോ ഇതിഹാസ തര്‍ജമ പ്രസ്ഥാനമെന്നോ ഒക്കെ വിളിക്കാവുന്ന ഒരു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നതിലുപരി അദ്ദേഹം ഒരു സാമൂഹ്യ പരിഷ്‌കര്ത്താവോ വിമര്‍ശകനോ ഒക്കെ ആയിരുന്നു. പടനായന്മാരുടെ പള്ളിക്കുടം വാധ്യാരായിരുന്ന സമുദായത്തിലെ (ഒരു പിന്നോക്ക വിഭാഗം) അംഗമായിരുന്ന അദ്ദേഹം ഒരു നാടുവാഴിയുടെയും സദസ്യനായിരുന്നില്ല. സമൂഹത്തില്‍ നിലനിന്നിരുന്ന തിന്മകള്‍ ക്കെതിരെ സാഹിത്യം കൊണ്ടൊരു സമാന്തര ശക്തി കേന്ദ്രമുണ്ടാക്കി നിശിതമായി വിമര്‍ ശിച്ചു.. ഗുരിവയൂര് കേന്ദ്രമായിനിലനിന്നിരുന്ന ഭക്തിപ്രസ്ഥാനത്തില്‍ നിന്നും തികച്ചും വിഭിന്നമായിരുന്നു എഴുത്തച്ഛന്റെ നിലപാട്. ആദ്യത്തെ കൂട്ടര്‍ ധാര്‍മികാധപതനവും അധികാരക്കൊതിയും അത്യാര്‍ത്തിയും കണ്ടില്ലെന്നു നടിച്ചു ഭക്തിയിലേക്ക് ഒതുങ്ങി കുടിയപ്പോള്‍ എഴുത്തശ്ച്ചന്‍ സാഹിത്യത്തിലുടെ കാലികമായ തിന്മകള്‍ക്കെതിരെയെല്ലാം പ്രതികരിച്ചു.  വ്യവസ്ഥാപിത ദുര്‍നടപ്പുകളെ വിമര്‍ശിച്ചു. നമ്പൂതിരിമാരെ കണക്കിന് കളിയാക്കി,  പരിഹസിച്ചു. അതുപോലെ നായന്മാര്ക്കായി മറ്റു ദേവന്മാരെ പ്രതിഷ്ഠിച്ച്   ആരാധിച്ച വിപ്ലവകാരിയും ആയിരുന്നു അദ്ദേഹം. 

കേരള ചരിത്രം 

18, 19 നൂറ്റാണ്ടുകളിലെ രാഷ്ട്രീയവും സമുഹ്യവും സാമ്പത്തികവുമായ സംഭ
വ വികാസങ്ങള്‍ 
കേരളീയരില്‍ ദേശീയതയോടടുപ്പിക്കുന്ന തരത്തിലുള്ള ഐക്യബോധം വളര്‍ത്താന്‍ സഹായകരമായി. തിരുവിതാംകൂര്‍ , കൊച്ചി , കോഴിക്കോട് എന്നിവയായിരുന്നല്ലോ പ്രധാന രാജവംശങ്ങള്‍. തിരുവിതംകൂറിനെ സംബന്ധിച്ചിടത്തോളം മറ്റു രണ്ടു സ്ഥലങ്ങളെ അപേക്ഷിച്ച് പുറമേ നിന്നുള്ളവര്‍ക്ക് വന്നെത്താന്‍ സൗകര്യം കുറവായിരുന്നു. അതുകൊണ്ട് തന്നെ പുറമേ നിന്നുമുള്ള സ്വാധീനങ്ങള്‍ കുറവായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടത് മാര്‍ത്താണ്ഡവര്‍മയെയാണ്, കാരണം ഭരണതന്ത്രങ്ങളില്‍ ഒരു തരം ക്രാന്തദര്‍ശിത്വം അദ്ദേഹത്തിലുണ്ടായിരുന്നു. നാടുവാഴിത്ത രീതിയിലുള്ള ഭരണ തന്ത്രങ്ങളുടെ മുനയൊടിയുന്നതായി അദ്ദേഹത്തിന് തോന്നിയിരുന്നു.  ജന്മിശക്തികളെ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നീക്കം നടത്തിയ അദ്ദേഹം വാണിജ്യത്തില്‍ നിന്നും ധനമുണ്ടാക്കാന്‍ മുന്‍കൈയ്യെടുത്തു. അതുകൊണ്ട് തന്നെ ജന്മിത്തത്തില്‍ നിന്നും മുതലാളിത്തത്തിലേക്കു ചുവടുവെപ്പു നടത്തിയ ആദ്യത്തെ രാജാവായിരുന്നു മാര്‍ത്താണ്ഡവര്‍മ. അദ്ദേഹത്തിന്റെ കീഴില്‍ തിരുവിതാംകൂര്‍ ശക്തി പ്രാപിച്ചു.

കോഴിക്കോട് സാമൂതിരിയും അറബി മുസ്ലീങ്ങളുമായി ഉണ്ടായിരുന്ന വളരെ കാലത്തെ ബന്ധത്തിനു വിള്ളലുണ്ടാക്കിയത് 1498 -ല്‍ വാസ്‌കോടഗാമ കോഴിക്കൊട്ടെത്തുമ്പോഴായിരുന്നു. തെക്കിനെ ആക്രമിച്ചു അതിര്ത്തി വ്യാപിപ്പിക്കാന്‍ അധികാരക്കൊതിയുമായി കഴിയുകയായിരുന്ന സാമൂതിരിക്ക് പറങ്കികളുടെ ശക്തിയുള്ള പീരങ്കികളാവണം അവരുമായി സന്ധിചെയ്യാന്‍ പ്രേരകമായത്. മാപ്പിളമാര്‍ക്ക് പായ് കപ്പലും പീരങ്കിയും ഉണ്ടായിരുന്നെങ്കിലും മാപ്പിളയുടെ പീരങ്കിക്കു ശക്തി കുറവായിരുന്നു. എന്നാല്‍ ആ ബന്ധം അത്രയ്ക്ക് ഉറപ്പിക്കാന്‍ കഴിയാത്തത് കൊണ്ടും, സാമൂതിരിയുടെ അധികാരക്കൊതി മനസ്സിലാക്കിയതുകൊണ്ടും പറങ്കികള്‍ കൊച്ചിരാജാവുമായി സന്ധിയിലെര്‌പ്പെട്ടു. അതോടുകുടി കൊച്ചി ശക്തമാവുകയും തെക്കോട്ടുള്ള ആക്രമണം സാമൂതിരിക്ക് അത്രയ്ക്ക് എളുപ്പമാല്ലതാവുകയും ചെയ്തു. എന്നാല്‍ ഈ അവസരം  പറങ്കികള്‍ നന്നായി തന്നെ ഉപയോഗിച്ച് മതപരിവര്‍ത്തനം ആരംഭിച്ചു. 1599 ഉദയം പേരൂര് സുനഹദോസ് , കുനന്‍ കുരിശ് സത്യം എന്നിവ ഓര്‍ക്കുക. അതുപോലെ വലിയ തോതില്‍ മുക്കവരെ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യിച്ച് പുതിയൊരു ക്രിസ്തീയ വിഭാഗം തന്നെയുണ്ടാക്കി. ഇങ്ങിനെ പറങ്കികളുടെ ധിക്കാരവും നിര്‍ബന്ധ ബുദ്ധിയും നാടുവഴികളെയും നാട്ടുകാരെയും വെറുപ്പിച്ചു. അവര്‍ക്കിടയില്‍ ആദ്യമായി വിദേശ ശക്തിക്കെതിരെ ഐക്യബോധമുണ്ടായി.

ഈ സമയത്താണ് മൈസൂര്‍ ആക്രമണം - ശക്തനായ മുസ്ലിം രാജാവായ ഹൈദര്‍ അലി 
സാമൂതിരിക്കെതിരെ ആക്രമണം അഴിച്ചു വിട്ടു. മുസ്ലിം പിന്തുണയുണ്ടായിരുന്ന സാമുതിരിക്കെതിരെ അറക്കല്‍ ആലി എന്ന മുസ്ലിം രാജാവുമായി തന്നെ തന്ത്രപരമായ സഖ്യം ചെയ്തതോടെ സാമൂതിരിക്ക് മുസ്ലിം സഹായം നഷ്ട്ടപ്പെടുകയും മലബാര് കീഴ്‌പ്പെടുത്തുകയും ചെയ്തു. 1800-ല്‍ ഫ്രഞ്ച് പിന്തുണയുണ്ടായിരുന്ന ടിപ്പുസുല്‍ത്താനെ ബ്രിട്ടിഷുകാര്‍ വധിക്കുകയും ഭരണം ഏറ്റെടുക്കുകയും ചെയ്തു. ഭരണ സൌകര്യത്തിനായി മലബാറിനെ, മദിരാശി സംസ്ഥാനത്തിന്റെ ഒരു ജില്ലയായി ബ്രിട്ടിഷുകാര്‍ പ്രഖ്യാപിച്ചു 

ആത്യന്തികമായ ദേശീയതയിലേക്ക് കേരളത്തെ നയിച്ച സംഭവങ്ങള്‍ ഇവിടുന്നു തുടങ്ങട്ടെ.

ഒന്ന് : ടിപ്പുവിന്റെ ദുര്ഭരണവും മതമര്‍ദനവും പേടിച്ചോടിയ നാടുവാഴികളും രാജാക്കന്മാരും മറ്റുള്ളവരും അഭയം തേടിയത് കൊച്ചിയിലും തിരുവിതാംകൂറിലുമായിരുന്നു. അതും അവരില്‍ ഐക്യബോധം ഉണ്ടാക്കാന്‍ സഹായകമായി.

രണ്ട് : മലബാറിനെ മദിരാശിയുടെ ഭാഗമാക്കിയത് അവിടുത്തെ മലയാളികള്ക്ക് ഇഷ്ട്ടപ്പെട്ടില്ല. മലയാളിയും തമിഴനും വ്യതസ്തരാണെന്ന  ധാരണ കലയിലൂടെയും സഹിത്യത്തിലുടെയും അവര്‍ക്കിടയില്‍ ആളിപടര്‍ന്നു. ഇതും മലബാറിലെ മലയാളിയെ കൊച്ചിയോടും തിരുവിതാം കൂറിനോടും വൈകാരികമായി അടുപ്പിച്ചു.

മൂന്ന് : ദൂരവ്യാപകമായ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക ഫലങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കിയ 
വ്യക്തിയായിരുന്നു ശ്രീനാരായണ ഗുരുവും SNDP എന്ന പ്രസ്ഥാനവും. ആത്മീയതയെ ഒരു ജനതയുടെ ( ഈഴവന്‍ മാത്രമല്ല, പാര്‍ശ്വ വല്ക്കരിക്കപ്പെട്ട മറ്റെല്ലാ ജാതികളും ഇതില്‍ പെടും) സാമൂഹിക ഉന്നമനത്തിനും പരിഷ്‌ക്കരണത്തിനും വേണ്ടി ഉപയോഗിച്ച മറ്റൊരാള്‍ ചരിത്രത്തിലില്ല. സവര്‍ണരോട് ഏറ്റുമുട്ടാതെ അവര്‍ണര്‍ക്കായി സമാന്തര ദേവാലയങ്ങളും വിദ്യാലയങ്ങളും വ്യവസായങ്ങളും ആരംഭിക്കുക വഴി അദ്ദേഹം ഒരു സമാന്തര സാമുഹ്യ രാഷ്ട്രീയ സാമ്പത്തിക വിപ്ലവം തന്നെ നടത്തുകയുണ്ടായി.

നാല്: ഇക്കാലത്ത് ഇന്ത്യയിലാകമാനം സജീവമാകാന്‍ തുടങ്ങിയ സാമ്രാജ്യ വിരുദ്ധ ദേശീയ പ്രസ്ഥാനം കേരളത്തിലുമെത്തി. പ്രൊഫ. മുണ്ടശ്ശേരി , K .P കേശവ മേനോന്‍ തുടങ്ങിയവര്‍ കരുപ്പിടിപ്പിച്ച പ്രസ്ഥാനത്തിന് കമ്മ്യൂണിസ്റ്റ്കാരും പിന്തുണ നല്കിയിരുന്നു.

തിരുകൊച്ചിയിലുടെയും ഐക്യകേരളത്തിലുടെയും ഐക്യവും സ്വാതന്ത്ര്യ ബോധവും പൌരബോധവും ഉണര്‍ന്നുവെങ്കിലും അധികാരത്തില്‍ ജനപങ്കാളിത്തമുണ്ടായി ദേശീയത ഊട്ടി ഉറപ്പിക്കപ്പെട്ടതിനു തെളിവായി പറയാവുന്നത് 1957-ല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ആണ്.

അടുത്തയാഴ്ച: ബദല്‍ രാഷ്ട്രീയ സംവിധാനം                                                            
മാറുന്ന ദേശീയതാ ബോധം - (ഭാഗം ഒന്ന്-അനിലാല്‍ ശ്രീനിവാസന്‍)
Join WhatsApp News
Boby Varghese 2018-02-26 15:00:46
Mr. Sreenivasan, you mentioned the arrival of Aryans to Kerala. In some books, I read that the Aryans came to Kerala around the sixth century A.D. Do you agree with that ? Can you show some light as when the Aryans reached Kerala?
Mr. Smart 2018-02-26 16:55:42
Actually they came in 1903. 
Prof of history 2018-02-26 19:05:55
I don't think you are that smart, Mr. Smart . Aryans first came to India in 1948, 
TRUE Kana. 2018-02-26 20:57:54
Aryans or ബ്രാമനര്‍  കേരളത്തില്‍ വന്നു. മിക്കവാറും എല്ലാവരും ക്നായ സമുദായത്തില്‍ ചേര്‍ന്നു. ചിലര്‍ മര്തോമയിലും. യഹൂദര്‍ + ബ്രാമനാര്‍ അതാണ് ഇന്നു കാണുന്ന കാനയ  ക്രിസ്ടിയനികള്‍ . തെളിവ് തരാം.
Anilal Sreenivasan 2018-02-26 22:34:06
Boby Varghese,
I had quoted Dr.M.G.S Narayanan's words as it is -"aadi shathakangalil" which implies during first few centuries after AD, so 6th century may be right. I can't be more authoritative than that...but I can say last wave of aryan aggression happened in north india way before, around 800 BC...at the same time there are folks who claim that aryan invasion never happened and is just a made up story
Anilal Sreenivasan 2018-02-26 22:37:13
തെളിവ് വേണ്ട...
ഇവിടെയും എന്റെ ക്നാനായ സുഹൃത്തുക്കൾ അങ്ങിനെ പറഞ്ഞു കേൾക്കുന്നുണ്ട്..
ചരിത്രത്തിനു പല വ്യാഖ്യാനങ്ങൾ അല്ലെ.
Joseph 2018-02-27 21:04:36
ഇന്ത്യയുടെ പൗരാണിക സംസ്‌കാരങ്ങളുടെ സർവ്വ നാശങ്ങൾക്കും കാരണം ബ്രിട്ടീഷുകാരെന്നു ചരിത്രകാർ പൊതുവെ സമർത്ഥിക്കാറുണ്ട്. ഡോ.എം.ജി.എസ് നാരായണനെയും അക്കൂടെ ഉൾപ്പെടുത്താം. 'അരജനെ കെടുത്തി ഒരു വാക്ക് പറഞ്ഞൂടായെന്ന്' പണ്ട് വഞ്ചിഭൂമിയിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കുമായിരുന്നു. അതുകൊണ്ടു ചരിത്രത്തിൽ രാജാക്കന്മാരുടെ അക്കാലത്തെ അന്തപ്പുര രഹസ്യങ്ങളെപ്പറ്റി ഒന്നും എഴുതാറില്ല.

തിരുവിതാംകൂർ ചരിത്രം കൂടുതലും രാജാക്കന്മാരുടെ മുഖസ്ഥിതി പറഞ്ഞുകൊണ്ടുള്ളതായിരിക്കും. ലേഖകൻ ഈ ലേഖനം വിനയത്തോടെയാണ് എഴുതിയിരിക്കുന്നതെങ്കിലും ലേഖനത്തിലെ ഉള്ളടക്കത്തിലുള്ള വസ്തുതകൾ ചരിത്ര സത്യങ്ങളായി കണക്കാക്കാൻ സാധിക്കില്ല. 

സാധാരണ ഒരു രാജ്യത്തിന്റെ ചരിത്രം രചിക്കപ്പെടുന്നത് യുദ്ധത്തിൽ ജയിക്കുന്നവനെ പ്രകീർത്തിച്ചുകൊണ്ടായിരിക്കും. രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലർ ജയിച്ചിരുന്നുവെങ്കിൽ ഇന്ന് ലോക ചരിത്രം മറ്റൊരു തരത്തിൽ പഠിക്കുമായിരുന്നു. സാമ്രാജ്യ ശക്തികളും ക്യാപിറ്റലിസവും ലോകം കീഴടക്കിയപ്പോൾ ക്യാപിറ്റലിസം ഏറ്റവും മഹത്വവും പ്രായോഗികമായ സാമ്പത്തിക ശാസ്ത്രവുമായി. 

മരുമക്കത്തായ നിയമം അനുസരിച്ച് എട്ടു വീട്ടിൽ പിള്ളമാർക്കായിരുന്നു രാജ്യാവകാശം ലഭിക്കേണ്ടിയിരുന്നത്. സ്വന്തം അമ്മാവന്മാരെ വധിച്ചുകൊണ്ടാണ് മാർത്താണ്ഡ വർമ്മ രാജ്യം കീഴടക്കിയത്. പിന്നീട് രാമയ്യൻ ദളവയുടെ ചതിയും ചതി പ്രയോഗങ്ങളോടെ രാജ്യ വിസ്തൃതി വർദ്ധിപ്പിക്കുന്നതും ചരിത്രമാണെങ്കിലും അരജനെ കെടുത്തി ഇന്നും ആരും സംസാരിക്കാറില്ല.

തികഞ്ഞ വർഗീയ വാദിയും അധികാരമോഹിയുമായിരുന്നു വേലുത്തമ്പി ദളവ. ടിപ്പുവിനെ വർഗീയവാദിയും ക്രൂരനുമായി ചിത്രീകരിക്കും. സ്വാതന്ത്ര്യം നേടിയപ്പോൾ ഇവർ രണ്ടുപേരും സ്വാതന്ത്ര്യ സമര പോരാളികളുമായി ചരിത്രം മാറ്റപ്പെട്ടു. സ്വന്തം കണക്കപ്പിള്ളയുടെ കൈവിരലുകൾ കണക്കെഴുത്തിൽ പിശക് വന്നതിനു മുറിച്ചുകളഞ്ഞ വേലുത്തമ്പിയുടെ ക്രൂരതയെ മഹത്വപ്പെടുത്തുന്ന ചരിത്രമാണ് കേരള ചരിത്രത്തിലുള്ളത്. 

ദേശീയത എന്നാൽ, ബ്രിട്ടീഷ്കാർ ചെയ്തത് സർവ്വതും തെറ്റ്; ഇംഗ്ലീഷ് പഠിപ്പിച്ചതും ഇന്ത്യൻ റെയിൽവേയും മതപ്രചരണത്തിനായിരുന്നുവെന്നും ചിന്തിക്കണം. സതിയും തീണ്ടാചാരവും മരുമക്കത്തായവും, മുലക്കരവും, സ്ത്രീകൾ മാറു മറയ്ക്കാനും പരിഷ്‌ക്കാരങ്ങൾ നടത്തിയതിനെല്ലാം കുറ്റക്കാർ ബ്രിട്ടീഷ്കാർ തന്നെയാണ്. താജ് മഹലിന്റ ചരിത്രം തേജോ മഹലാക്കി ഭ്രാന്തൻ ചരിത്രം ഉണ്ടാക്കുന്നു. സെന്റ്. തോമസ് മൗണ്ട് പണ്ട് ശിവ ക്ഷേത്രമായിരുന്നുവെന്ന ചരിത്രവും കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളിൽ രചിച്ചു.  

സ്വാതന്ത്ര്യം കിട്ടിയ ശേഷം ചരിത്രം ചില ബ്രാഹ്മണ അയ്യർമാരുടെയും പിള്ളമാരുടെയും ഉയർന്ന ജാതികളുടെയും കുത്തകയായി മാറി. മിഷിണറിമാർ താണ ജാതികളെയും വിദ്യ അഭ്യസിപ്പിച്ചപ്പോൾ നമ്പൂതിരി ഇല്ലം വാസികൾക്ക് ദഹിക്കില്ലായിരുന്നു. മലയാളത്തിന് 'ഡിക്ഷ്ണറി' എഴുതാൻ പോലും ജർമ്മൻകാരൻ ഗുണ്ടർട്ട് വരുന്നവരെ കാത്തിരിക്കണമായിരുന്നു. വിദ്യ നിഷേധിക്കപ്പെട്ട താണ ജാതികളെ സ്‌കൂളിൽ പഠിക്കാൻ പോലും ജാതി വ്യവസ്ഥ അനുവദിക്കില്ലായിരുന്നു. അതും ബ്രാഹ്മണന്റെ കുറിപ്പടിയിൽ മതം പ്രചരിപ്പിക്കുന്നതെന്നാക്കി. 

ചേരമാൻ രാജാക്കന്മാർ നമ്പൂതിരിമാരായിരുന്നുവെന്ന് ആദ്യം കേൾക്കുകയാണ്. ദേശീയത വളരുകയും മാറുകയും ചെയ്യുന്നതനുസരിച്ച് ചരിത്രവും അങ്ങനെ മാറിക്കൊണ്ടിരിക്കും. ജന്മിത്വം അവസാനിപ്പിച്ച് ക്യാപ്പിറ്റലിസം മാർത്താണ്ഡ വർമ്മ നടപ്പാക്കിയെന്നാണ് ഡോ. നാരായണന്റെ ചരിത്രത്തിൽ ഉള്ളതെന്നു ഈ ലേഖനത്തിൽ നിന്ന് മനസിലാക്കുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ കമ്മ്യുണിസ്റ്റ് മന്ത്രിസഭ കൊണ്ടുവന്ന ഭൂനയ പരിഷ്‌ക്കാര നിയമമൊക്കെ വെറും പാഴായ വ്യാജ ചരിത്രമായി മാറും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക