പ്രശസ്തനായ വലിയ ചിത്രകാരന്‍ അന്നും വൈകീട്ട് നടക്കാനിറങ്ങി.
ജീവിതത്തിന്റെ സായാഹ്നത്തിലേക്കെത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ പതിവ്
നടത്തം പാര്‍ക്കില്‍ ചെന്നാണ് അവസാനിക്കുക. ഭാര്യ ഇടയ്ക്കു അദ്ദേഹത്തെ
അനുഗമിക്കും . ഇന്ന് അവര്‍ കൂടെയില്ലായിരുന്നു.
പാര്‍ക്കിന്റെ ഗേറ്റിനു സമീപമായി ചെറുപ്പക്കാരനായ ഒരു പുതിയ ചിത്രകാരനെ
കണ്ട് അദ്ദേഹത്തിന് കൗതുകം തോന്നി. മുടിയും താടിയും നീട്ടി
വളര്‍ത്തിയിട്ടുണ്ടെങ്കിലും , വൃത്തിയായി ഒതുക്കി വെച്ചിരിക്കുന്നു പുതിയ
ചിത്രകാരന്‍. സമീപത്തു സ്റ്റൂളില്‍ ഇരിക്കുന്ന ആളെ ക്യാന്‍വാസില്‍
പകര്‍ത്തുന്നതില്‍ ദത്തശ്രദ്ധനായിരുന്ന അയാള്‍ തനിക്കു സമീപം വന്നു തന്റെ
രചനയെ സാകൂതം വീക്ഷിക്കുന്നയാളെ കണ്ടതേയില്ല .
നോക്കി നില്‍ക്കെ ആ കൊച്ചു ചിത്രകാരന്റെ രചനാ വൈഭവം അദ്ദേഹത്തില്‍
മതിപ്പുളവാക്കി. അത്രയ്ക്ക് മികവുറ്റ ചിത്രമാണ് മുന്നില്‍ രൂപപ്പെട്ടു
കൊണ്ടിരുന്നത് .
വഴിയില്‍ കൂടെ നടന്നു പോകുന്നവര്‍ ആ വലിയ ചിത്രകാരനെ ബഹുമാനപൂര്‍വം കൈ
തൊഴുതു കടന്നു പോയിക്കൊണ്ടിരുന്നു. ഒപ്പം ആ ചെറുപ്പക്കാരന്റെ വരയും
വിടര്‍ന്ന കണ്ണുകളോടെ സൂക്ഷിച്ചു നോക്കി. അയാള്‍…. പക്ഷെ അതൊന്നും
അറിഞ്ഞതേയില്ല.
പൊടുന്നനെ തന്റെ ഒരു ചിത്രം അയാളെക്കൊണ്ട് വരപ്പിക്കാന്‍ അദ്ദേഹത്തിന് വല്ലാത്ത ആശ തോന്നി .
അതെ , തന്റെ ചിത്രം വരയ്ക്കാന്‍ ഇത്രയും യോഗ്യനായ ഒരാളെ തേടി
നടക്കുകയായിരുന്നു ഇത്രയും നാള്‍. ഇയാള്‍ എവിടെ നിന്നുമാണോ ഇവിടെ തന്റെ
നാട്ടില്‍ എത്തിയിരിക്കുന്നത് ?
ചിത്രം വരച്ചവസാനിപ്പിച്ചതും അദ്ദേഹം അഭിനന്ദനങ്ങള്‍ പറയാനായി മുന്നോട്ടു ചെന്നു.
ആ ചെറുപ്പക്കാരന്റെ മുഖം, ആ കണ്ണുകള്‍.. അതെവിടെയാണ് താന്‍ കണ്ടിട്ടുള്ളത് ?
ആ മുഖം ..കണ്ണുകള്‍ ..
മനസ്സ് ദശാബ്ദങ്ങള്‍ക്കു പിറകിലോട്ടോടി തിരഞ്ഞു...
.അതെ.. ആ കണ്ണുകള്‍ ...
വസുന്ധര ..
അവളെ . എങ്ങനെ താന്‍ മറന്നു ?
"ആരാണ് നീ " എന്ന് അയാളോട് ചോദിക്കാന്‍ അദ്ദേഹത്തിനായില്ല .
പകരം , വിവശനായി തന്റെ ഒരു ചിത്രം വരക്കാമോ എന്ന് ചോദിച്ചു.
ചെറുപ്പക്കാരനും അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി . ആദ്യമായി
കാണുകയാണെങ്കിലും, ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്ന എന്തോ ഒന്ന്
അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഉണ്ടെന്നു അയാളും അറിഞ്ഞു. താന്‍ ഇദ്ദേഹത്തെ
എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ?
ഒരു ചിത്രം വരച്ചു തീര്‍ത്ത ക്ഷീണം വക വയ്ക്കാതെ അയാള്‍ അദ്ദേഹത്തെ
അടുത്തിരുത്തി രചന തുടങ്ങി. എന്ത് കൊണ്ടോ അയാള്‍ ഇന്ന് വരെ വരച്ചതില്‍
വെച്ചേറ്റവും ശ്രമകരമായ ഒന്നായി അത് .
എങ്കിലും തളരാതെ ആവേശത്തോടെ അയാള് രചനയില്‍ ഏര്‍പ്പെട്ടു.
പ്രശസ്തനായ ചിത്രകാരന്റെ ചിത്രം മറ്റൊരു ചിത്രകാരന്‍ വരയ്ക്കുന്ന കാഴ്ച
അവിടെ വലിയ ആള്‍ക്കൂട്ടത്തെ വരുത്തി . പക്ഷെ അവര്‍ രണ്ട് പേരും
അതൊന്നുമറിഞ്ഞില്ല . ചിത്രം വരച്ചു കഴിയും വരെ അവര്‍ രണ്ട് പേരും അവരുടെ
ലോകത്തായിരുന്നു .
വരച്ചു തീര്‍ന്നപ്പോഴേക്കും ചിത്രകാരന്മാര്‍ രണ്ട് പേരും തളര്‍ന്നിരുന്നു.
അതിശയിപ്പിക്കുന്ന രചന !.
അദ്ദേഹത്തിന്റെ രചനകളെയും വെല്ലുന്ന ആ ചെറുപ്പക്കാരന്‍ ആര് ?
കണ്ടവര്‍ ആശ്ച്ചര്യം കൂറി.
നോക്കി നില്‍ക്കെ അദ്ദേഹം സാവധാനം എഴുന്നേറ്റു...
വേച്ചു വേച്ചു അയാള്‍ക്കടുത്തേക്കു നടന്നു.
പിന്നെ ചിത്രത്തിലേക്കും അയാളുടെ മുഖത്തേക്കും മാറി മാറി നോക്കി. അയാളുടെ കരം കവര്‍ന്നിട്ടു പറഞ്ഞു ..
"ഞാന്‍ എത്ര ഭാഗ്യവാനാണ് ?!"
"നിനക്ക് ..നിനക്കേ... എന്നെ ഇതുപോലെ വരക്കാന്‍ സാധിക്കൂ.. കാരണം .നീ എന്റെ
വസുന്ധരയുടെ മകനാണ്.. അതെനിക്കുറപ്പാണ്. വിധിയുടെ കളിയാട്ടത്തില്‍ പെട്ട്
ഒരുമിക്കാന്‍ കഴിയാതെ പോയിരുന്നില്ലെങ്കില്‍..എന്റെ മകന്‍
ആകേണ്ടിയിരുന്നവന്‍...
നിനക്കേ ഇതിനു കഴിയൂ.. ..
അത്ര കണ്ട് അവളെന്നെ മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നു... സ്‌നേഹിച്ചിരുന്നു
.. എന്റെ ചിത്രങ്ങളെക്കാള്‍ മികച്ചതായിരുന്നു അവളുടേത് ..ഈശ്വരാ... അവള്‍ ?
!!"
ചെറുപ്പക്കാരന്‍ അതിശയിച്ചു നില്‍ക്കെയാണ്.
പിന്നെ സാവധാനം അയാള്‍ പറഞ്ഞു ..'അമ്മ ..അമ്മ ഇന്നില്ല ".
പൊടുന്നനെ അദ്ദേഹം ജനക്കൂട്ടത്തിനോട് പറഞ്ഞു .
" കേള്‍ക്കൂ .. ഇവന്‍ എന്റെ പിന്‍ഗാമി... നിങ്ങള്‍ ഇവനെ എന്റെ വീട്ടില്‍
എത്തിക്കൂ... എന്റെ ഭാര്യയോട് പറയൂ...ഞാന്‍ എത്ര ഭാഗ്യവാന്‍ .... ഇവന്‍
എനിക്ക് പിറക്കാതെ പോയ മകന്‍ ..
ഞാന്‍ , എന്റെ ചിത്രങ്ങള്‍...
ഇനി ഇവനിലൂടെ ഇനി നിങ്ങള്‍ക്കു കിട്ടും. ..എന്നെ സ്‌നേഹിച്ചപോലെ ഈ നാട്
ഇവനെയും സ്‌നേഹിക്കുക... ഈ അത്യുന്നത കലാകാരനെ... ഞാന്‍.. എത്ര
ഭാഗ്യവാന്‍.. ."
അടുത്ത ക്ഷണത്തില്‍ അദ്ദേഹം കുഴഞ്ഞു വീണു.
അങ്ങ് പടിഞ്ഞാറ് ചക്രവാളത്തില്‍ സൂര്യന്റെ അവസാനത്തെ ര ശ്മിയും മറഞ്ഞ അ തേ നിമിഷം. ..
എങ്ങു നിന്നോ ഒരു ചെറു കാറ്റ് വീശി…
അത് പാര്‍ക്കിലെ മരങ്ങളില്‍ തഴുകി, അവരെ തലോടി കടന്നുപോയി .
*** ശുഭം ****
ആര്‍. പഴുവില്‍, ന്യൂജേഴ്‌സി.