Image

കാര്യങ്ങളുടെ കിടപ്പ് (State of Affaris) മുരളി തുമ്മാരുകുടി

Published on 24 March, 2018
കാര്യങ്ങളുടെ കിടപ്പ് (State of Affaris) മുരളി തുമ്മാരുകുടി
ഈ ആര്‍ഷഭാരത സംസ്‌ക്കാരവും ബൂര്‍ഷ്വാ ബ്രിട്ടീഷ് സംസ്‌ക്കാരവും തമ്മില്‍ ഒരു വലിയ വ്യത്യാസമുണ്ട്. വിവാഹത്തിന് മുന്‍പ് ഒരാള്‍ക്ക് പങ്കാളികള്‍ ഉണ്ടായിരുന്നതോ ലൈംഗികബന്ധം പുലര്‍ത്തിയിരുന്നതോ ഒന്നും വിവാഹസമയത്ത് ബ്രിട്ടനില്‍ ഒരു വിഷയമല്ല. പക്ഷെ ഇന്ത്യയില്‍ അങ്ങനെ അല്ല കാര്യങ്ങള്‍. അങ്ങനെ നടന്നവര്‍ക്ക് കല്യാണം കഴിക്കുക എന്നത് തന്നെ ബുദ്ധിമുട്ടാകും.

എന്നാല്‍ വിവാഹം കഴിഞ്ഞാല്‍ കഥ മാറി. വിവാഹ ബന്ധത്തിനിടെ പങ്കാളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടുപിടിക്കുന്നത് പാശ്ചാത്യരാജ്യങ്ങളില്‍ വന്‍ കുറ്റമാണ്. വിവാഹമോചനം മാത്രമാണ് അതിന് പൊതുവേ പരിഹാരം. എന്നാല്‍ നമ്മുടെ സംസ്‌ക്കാരത്തിലാകട്ടെ, ഒരു വിവാഹേതര ബന്ധം ഉണ്ടായാല്‍ അല്പം പൊട്ടലും ചീറ്റലുമൊക്കെയായി അതങ്ങ് തീരും. കാരണം പങ്കാളിയുടെ ലോയല്‍റ്റിയെക്കാളും സമൂഹത്തിന് മുന്നില്‍ വിവാഹ ബന്ധത്തിന്റെ കെട്ടുറപ്പാണ് നമുക്ക് പ്രധാനം.

ഇന്നത്തെ എന്റെ വിഷയം വിവാഹേതര ബന്ധങ്ങള്‍ ആണ് (Extra Marital Affairs), ഇതിനെ വിവാഹേതര ലൈംഗിക ബന്ധവും ആയി കൂട്ടിക്കുഴക്കരുത്.

ങേ അതെന്താ ചേട്ടാ അത് തമ്മില്‍ ഉള്ള വ്യത്യാസം ?

വിവാഹേതര ബന്ധത്തില്‍ 'ബന്ധം' ആണ് പ്രധാനം ലൈംഗികത നിര്‍ബന്ധമുള്ള കാര്യമല്ല. വിവാഹേതര ലൈംഗിക ബന്ധത്തില്‍ 'ലൈംഗികത' ആണ് പ്രധാനം 'ബന്ധം' ഉണ്ടായിക്കൊള്ളണം എന്നുമില്ല. വിവാഹേതര ലൈംഗിക ബന്ധത്തെ പറ്റി ഞാന്‍ എന്റെ ലൈംഗികതയെ പറ്റിയുള്ള സീരീസില്‍ എഴുതാം. തല്‍ക്കാലം വിവാഹേതര ബന്ധത്തെ പറ്റി എഴുതാം, അതില്‍ ലൈംഗികത ഉണ്ടെങ്കിലും ഇല്ലെങ്കിലും, ബന്ധമാണ് ഇവിടുത്തെ പ്രധാന വിഷയം, ലൈംഗികത അല്ല.

ഒരു കാര്യം ആദ്യമേ പറയാം ആര്‍ഷം ആണെങ്കിലും ബൂര്‍ഷ്വാ ആണെങ്കിലും ലോകത്തൊരിടത്തും വിവാഹേതര ബന്ധത്തിന് ഒരു ക്ഷാമവും ഇല്ല. രാഷ്ട്രീയക്കാരുടെയും സിനിമക്കാരുടേയും വിശേഷങ്ങളാണ് നമ്മള്‍ അധികം കേള്‍ക്കുന്നതെങ്കിലും ഇത് എല്ലാ ജാതി മത വര്‍ഗ്ഗ വര്‍ണ്ണ സാമ്പത്തിക ഗ്രൂപ്പുകളിലും ഉണ്ട്. എന്റെ വായനക്കാരില്‍ ഒരു അഫെയര്‍ ഉണ്ടായിട്ടുള്ളവരോ ഉള്ളവരോ എത്ര എന്ന് ഞാന്‍ ചോദിക്കുന്നില്ല, പക്ഷെ നമ്മളുടെ ചുറ്റും നടക്കുന്ന ഒരു അഫെയര്‍ എങ്കിലും അറിയാത്ത ആരെങ്കിലും ഉണ്ടോ ? വിവാഹേതര ബന്ധങ്ങളില്ലാത്ത ഒരു പഞ്ചായത്ത് വാര്‍ഡെങ്കിലും കേരളത്തില്‍ ഉണ്ടാകുമോ?.

ഇതൊന്നുംനമ്മുടെ സാംസ്‌ക്കാരികമായ അധഃപതനത്തിന്റെ ഫലമാണെന്നൊന്നും പറഞ്ഞു വിരട്ടാന്‍ നോക്കേണ്ട . വിവാഹം നിലവില്‍ വന്ന കാലം തൊട്ടേ വിവാഹേതര ബന്ധങ്ങളുമുണ്ട്. എന്റെ ചെറുപ്പകാലത്ത്എന്റെ ഗ്രാമത്തില്‍ തന്നെ ഇങ്ങനെ എത്രയോ ചുറ്റിക്കളികളെപ്പറ്റി കേട്ടിരിക്കുന്നു...! കോതമംഗലത്ത് പഠിക്കുന്ന കാലത്ത് പറഞ്ഞുകേട്ട ഒരു കാര്യമുണ്ട്. അക്കാലത്ത് അവിടെ പലര്‍ക്കും അടിമാലിയിലും മന്നാംകണ്ടത്തും ഇഞ്ചിയും ഏലവും കൃഷിയുണ്ട്. നാട്ടില്‍ കുടുംബമായി കഴിയുന്ന കാരണവര്‍ക്ക് അവിടെ ചെറിയൊരു ചിന്നവീട് ഉണ്ടായിരിക്കും. അങ്ങനെയുള്ള ബന്ധത്തില്‍ കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് എസ്റ്റേറ്റില്‍ അഞ്ചോ പത്തോ സെന്റ് സ്ഥലം കൊടുക്കും. കാരണവര്‍ മലയില്‍ വിത്തിറക്കുന്ന കാലത്ത് അടിവാരത്തെ തറവാട്ടിലുള്ള സ്ത്രീകള്‍ നോമ്പ് നോറ്റിരിക്കുകയാണെന്ന് വിശ്വസിക്കുന്നത് കാര്‍ന്നോരുടെ മണ്ടത്തരം എന്നേ പറയാനുള്ളു. കാര്‍ന്നോരുടെ ജീന്‍ അഞ്ചു സെന്റ് സ്ഥലം കൊണ്ട് പുരോഗമിക്കാന്‍ ശ്രമിക്കുമ്പോള്‍ കുയിലിന്റെ കുട്ടിയാണ് അന്‍പതേക്കറിന് പലപ്പോഴും ഉടമയാകാറുള്ളത്. അന്നും ഇന്നും ഈ അഫയര്‍ എന്നുപറയുന്നത് സ്ത്രീകളും പുരുഷന്മാരും ചേര്‍ന്നുള്ള ഒരു കൂട്ടുകച്ചവടമാണ്. പുരുഷന്മാരുള്ള ഏതാണ്ട് അത്രയും തന്നെ സ്ത്രീകളും ഇതിലുണ്ട്.

വിവാഹേതര ബന്ധങ്ങള്‍ ശരിയാണോ തെറ്റാണോ എന്നുള്ള ഒരുവാല്യൂ ജഡ്ജ്‌മെന്റ് അല്ല ഇന്നത്തെ എന്റെ വിഷയം. അതിനൊക്കെ സദാചാര പോലീസുകാര്‍ ഉണ്ടല്ലോ. താത്വികമായ ഒരു അവലോകനം ആണ് ഉദ്ദേശിക്കുന്നത്. ഉത്തമന്മാരും ഉത്തമമാരും പോസ്റ്റ് ഈ സ്റ്റഡി ക്ലാസ്സില്‍ ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത്. പിന്നെ എന്റെ ഫോളോവേഴ്‌സില്‍ അങ്ങനെ ഡീസന്റ് ആയ ആരും ഇല്ലാത്തത് കൊണ്ട് ധൈര്യമായി പറയാം.

എന്തുകൊണ്ടാണ് ഏകപത്‌നീവ്രതത്തിന്റെ പേരില്‍ വിവാഹപ്രതിജ്ഞ എടുക്കുന്നവരും രണ്ടോ അതിലധികമോ ഭാര്യമാരുള്ളവരും വിവാഹത്തിന് പുറത്ത് ബന്ധങ്ങള്‍ തേടുന്നത്?

അടിസ്ഥാനകാരണം ജൈവികം തന്നെ. മനുഷ്യന്‍ എന്ന ജീവിയുടെ അടിസ്ഥാനപരമായ നിര്‍മ്മാണം ഒരു പങ്കാളിയുമായി ജീവിക്കാനുള്ളതല്ല. പരമാവധി സ്ത്രീകളില്‍ പരാഗണം നടത്തി സ്വന്തം ജീനിന്റെ മുന്നോട്ടുള്ള പ്രയാണത്തെ സഹായിക്കുക എന്ന അടിസ്ഥാന ദൗത്യത്തിനാണ് പുരുഷനെ ഡിങ്കന്‍ സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും ഉത്തമനായ പങ്കാളിയില്‍ നിന്നും ബീജം സ്വീകരിച്ച് ഒന്നാം ക്ലാസ്സ് പിന്‍തലമുറയെ ഉണ്ടാക്കുക എന്ന ദൗത്യം സ്ത്രീകള്‍ക്കും സര്‍വ്വശക്തനായ ഡിങ്കന്‍ നല്‍കി. മൂന്നു ലക്ഷം വര്‍ഷമായി മനുഷ്യനെ മുന്നോട്ടു നയിച്ച അതിശക്തമായ ഈ ജൈവിക വാഞ്ചയാണ് കഴിഞ്ഞ മൂവായിരം വര്‍ഷമായി ഒരു താലിച്ചരട് കെട്ടി പ്രതിരോധിക്കാന്‍ നിസാരനായ മനുഷ്യന്‍ ശ്രമിക്കുന്നത്. നടക്കുന്ന കാര്യമല്ല. തുളസി ചെടി നട്ട് ടിപ്പുവിന്റെ പടയോട്ടത്തെ പ്രതിരോധിക്കാന്‍ മലയാളികള്‍ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അതുകൊണ്ടുണ്ടായ ഗുണമേ ഇതുകൊണ്ടും ഉണ്ടാകൂ..

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സുലഭമായ കാലത്ത് ജീനിന്റെ സാധ്യത വര്‍ദ്ധിപ്പിക്കാനാണ് പരസ്ത്രീ ഗമനത്തിന് പോകുന്നതെന്ന വര്‍ത്തമാനംപറഞ്ഞാല്‍ അടി എപ്പോള്‍ കിട്ടി എന്ന് ചോദിച്ചാല്‍ മതി. പ്രത്യേകിച്ചും ഈ പണിക്ക് പോകുന്നവര്‍ ജീന്‍ പ്രൊപ്പഗേഷന്‍ ഒക്കെ നടക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുക്കാറും ഉണ്ട്. അതുകൊണ്ട് തല്‍ക്കാലം സാമൂഹ്യമായ കരണങ്ങള്‍ കണ്ടെത്തിയേ തീരു.

ഈ വിഷയത്തെ പറ്റി എവിടെ വായിച്ചാലും 'ലൈംഗികതയാണ്' വിവാഹേതര ബന്ധത്തിന്റെ അടിസ്ഥാന കാരണം എന്നായിരിക്കും കാണുക, ശുദ്ധ മണ്ടത്തരം ആണിത് എന്നാണ് എന്റെ അഭിപ്രായം. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും വിവാഹേതര ബന്ധത്തിന്റെ അടിസ്ഥാന കാരണം അവസരങ്ങളുടെ ലഭ്യത തന്നെ. മറ്റുള്ളവരോട് അടുത്തിടപെടാന്‍ അവസരമുണ്ടായാല്‍ ചിലരോട് അടുപ്പം തോന്നും, വിവാഹേതര ബന്ധത്തിന് സാധ്യത കൂടും. സ്വന്തം പങ്കാളി അറിയാതെ കാര്യങ്ങള്‍ മുന്നോട്ടു നീക്കാം എന്ന് വന്നാല്‍ അത് മിക്കവാറും സെക്‌സിലേക്ക് നീങ്ങുകയും ചെയ്യും. സെക്‌സിന് വേണ്ടി മാത്രം ആളുകള്‍ വിവാഹേതര ബന്ധത്തില്‍ എത്തിപ്പറ്റുകയല്ല മറിച്ച് വിവാഹേതര ബന്ധത്തില്‍ എത്തുന്നവര്‍ സാഹചര്യം അനുസരിച്ച് സെക്‌സിലേക്ക് എത്തിപ്പെടുകയാണ് ചെയ്യന്നത്.

ഇതുകൊണ്ടാണ് കുടുംബത്തില്‍ നിന്നും അകന്നു താമസിക്കുന്നവരിലും ഏറെ യാത്ര ചെയ്യുന്നവരിലും തൊഴില്‍പരമായി ധാരാളം ആളുകളെ കണ്ടുമുട്ടാന്‍ സാധ്യതയുള്ളവരിലും, അത് സന്യാസിമാരായാലും രാഷ്ട്രീയക്കാരായാലും സിനിമക്കാരായാലും, ഒക്കെ വിവാഹേതര ബന്ധങ്ങള്‍ കൂടുതല്‍ കാണുന്നത്. പണ്ടുകാലത്തും നാട്ടിലെ കൃഷിക്കാരനായ ആളിലും കൂടുതല്‍ വ്യാപകമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നത് കഥകളിയും കളിച്ച് നാട് തോറും നടക്കുന്നവര്‍ക്കായിരുന്നു.

എന്നുവെച്ച് കൂടുതല്‍ ജനങ്ങളുമായി ബന്ധപ്പെടുന്നവരെല്ലാം അ'സംബന്ധ'ക്കാരാണെന്ന് ഞാന്‍ പറയില്ല. അതിനുള്ള സാധ്യത കൂടുതല്‍ ഉണ്ടെന്നേ പറഞ്ഞുള്ളു. വെങ്ങോലക്കാരായ രണ്ടു പേരില്‍ ഒരാള്‍ ജനീവയിലോ മറ്റോ ഇരിക്കുകയും ലോകം ചുറ്റുകയും നാട്ടുകാരുടെ ആരാധനാപാത്രം ആയിരിക്കുകയും ചെയ്യുന്നു എന്ന് കരുതുക (ഏയ് നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല),മറ്റേ ആള്‍ നാട്ടില്‍ സ്‌കൂള്‍ അധ്യാപകനും. ഇവരുടെ രണ്ടുപേരുടേയും താല്പര്യങ്ങള്‍ ഒന്നാണെങ്കിലും അത് യാഥാര്‍ഥ്യമാക്കാനുള്ള സാധ്യത ഒന്നാമനാണ് കൂടുതല്‍ (ശ്രദ്ധിക്കുക, രണ്ടാമനല്ല !). എന്ന് വച്ച് നാട്ടിലെ അധ്യാപകരില്‍ ചുറ്റിക്കളി ഉള്ളവര്‍ ഇല്ല എന്നുമില്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.

വിവാഹേതര ബന്ധങ്ങളുടെ രണ്ടാമത്തെ കാരണം വിവാഹബന്ധത്തിന്റെ കിടപ്പ് തന്നെയാണ്. നമ്മുടെ വിവാഹങ്ങളെ പറ്റി ഇന്നലെ പറഞ്ഞല്ലോ. സ്വന്തം ഇഷ്ടപ്രകാരം അല്ല വിവാഹങ്ങള്‍ നടക്കുന്നത്. കുടുംബം തിരഞ്ഞെടുക്കുന്ന, സമൂഹം അംഗീകരിക്കുന്ന പങ്കാളിയുമായി നമുക്ക് പല തരത്തില്‍ ഉള്ള കോമ്പാറ്റിബിലിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാകും.എന്നാല്‍ വിവാഹത്തിന് അകത്തേക്ക് പോകാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത പോലെ പുറത്തേക്ക് പോകാനും സ്വാതന്ത്ര്യം ഇല്ല. അതുകൊണ്ടുതന്നെ അസംതൃപ്തിയുടെ പ്രഷര്‍ കുക്കറിലാണ് പല വിവാഹബന്ധങ്ങളും തിളക്കുന്നത്. ഈ അസംപ്തൃപ്തി വൈകാരികമാകാം, സാമ്പത്തികം ആകാം ലൈംഗികം ആകാം, മറ്റെന്തും ആകാം. അസംതൃപ്തി എത്ര വലുതാണെന്നത് അനുസരിച്ച് അതില്‍ നിന്നും ഒരു മോചനം കിട്ടിയാല്‍ അവിടേക്ക് പോകുന്ന ഒരു മാനസികാവസ്ഥ അതുണ്ടാക്കുന്നു. ഒരു മിസ്സ്ഡ് കോളില്‍ വീഴുന്ന വീട്ടമ്മ, വിളിക്കുന്ന ആളുടെ ശബ്ദമാധുര്യത്തില്‍ മയങ്ങിപ്പോകുന്നതൊന്നുമല്ല. സ്വന്തം പങ്കാളിയില്‍ നിന്നും അവരെ അകറ്റിനിര്‍ത്തുന്ന കാരണത്തിന്റെ ശക്തി സ്വന്തം കുടുംബത്തിലേക്ക് അവരെ പിടിച്ചു വലിക്കുന്ന ശക്തിയേക്കാള്‍ ഏറെ വലുതായതുകൊണ്ട് അതിലേക്ക് ചെന്നുപെടുന്നതാണ്. ആണുങ്ങളുടെ കാര്യവും വ്യത്യസ്തമല്ല.

പക്ഷെ ഒരു കാര്യത്തില്‍ ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ വ്യത്യാസം ഉണ്ട് കേട്ടോ. അധികാരം, താരപ്രഭ എന്നിങ്ങനെ മറ്റുള്ളവര്‍ കാംക്ഷിക്കുന്ന പദവികള്‍ എത്തിപ്പിടിച്ച പുരുഷന്മാരോട് സ്ത്രീകള്‍ക്ക് തോന്നുന്ന ആരാധന പലപ്പോഴും അവരെ വിവാഹേതര ബന്ധത്തില്‍ എത്തിക്കും. ഈ സെലിബ്രിറ്റികളുടെ ശ്രദ്ധയും സാമീപ്യവും ലഭിക്കാനും , അതിന് വേണ്ടി മത്സരിക്കുന്ന മറ്റുള്ളവരെ തോല്‍പ്പിക്കാനും സ്വന്തമായുള്ള എന്തും 'എടുത്തു വീശുന്ന' പദ്ധതിയാണ് ഏറെ പെണ്‍കുട്ടികളെ സെലിബ്രിറ്റികളും ആയിട്ടുള്ള ബന്ധത്തില്‍ നിന്നും ലൈംഗിക ബന്ധത്തില്‍ എത്തിക്കുന്നത്. ശ്രദ്ധ കിട്ടാനുള്ള സ്ത്രീകളുടെ താല്പര്യം മുതലെടുക്കുന്ന സെലിബ്രിറ്റികളും ശ്രദ്ധ കിട്ടാന്‍ വേണ്ടി ലൈംഗികത ഉപയോഗിക്കുന്ന സ്ത്രീകളും ഇതില്‍ തുല്യ പങ്കാളികള്‍ ആണ്. അതേ സമയം തന്നിലും അധികാരം ഉള്ളവരോട് അപൂര്‍വ്വമായേ പുരുഷന്മാര്‍ വിവാഹേതര ബന്ധത്തില്‍ എത്തിപ്പറ്റാറുള്ളൂ. മുന്‍പ് പറഞ്ഞ ജീനിന്റെ പ്രവര്‍ത്തനം ആയിരിക്കണം കാരണം.

ജീവിതത്തില്‍ ബുദ്ധിമുട്ടുള്ള കാലത്ത് അത് മുതലെടുക്കുന്നവരിലേക്ക് എത്തിപ്പെടുന്നതാണ് അഫയറിലെ അടുത്ത പ്രധാനി. സിദ്ധന്മാര്‍ മുതല്‍ വക്കീലുമാര്‍ വരെ ഇത്തരം സാഹചര്യത്തിന്റെ ഉപഭോക്താക്കളും ഗുണഭോക്താക്കളുമാണ്. അവരുടെ മുന്നില്‍ ആളുകള്‍ സാധരണ വന്നു പെടുന്നത് വള്‍നറബിള്‍ ആയ സാഹചര്യത്തില്‍ ആണെന്നും അതുകൊണ്ടു തന്നെ അത് ദുരുപയോഗം ചെയ്യാന്‍ എളുപ്പമാണെന്നും മാത്രമേ ഉദ്ദേശിച്ചുള്ളൂ. വക്കീലുമാരും സ്വാമിമാരും പരസ്ത്രീ ഗമനത്തിന് നടക്കുന്നവരാണെന്ന് ഇവിടെ വിവക്ഷയില്ല. ഇവിടെയും പ്രൊഫഷണല്‍ ബന്ധം വിവാഹേതര ബന്ധത്തിലേക്കും അവിടെ നിന്നും വിവാഹേതര ലൈംഗിക ബന്ധത്തിലേക്കും കടക്കുന്നത് പ്രായപൂര്‍ത്തിയായ രണ്ടുപേരും അറിഞ്ഞാണ്, ഉത്തരവാദിത്തത്തില്‍ അല്പം ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും ഒരാള്‍ പൂര്‍ണ്ണമായും അതില്‍ നിന്നും വിമുക്തരല്ല.

പോലീസ് ഓഫീസര്‍മാര്‍ മുതല്‍ റിസര്‍ച്ച് ഗൈഡ് വരെ തങ്ങളുടെ അധികാരം തങ്ങളുടെ അടുത്ത് വരുന്നവരില്‍ നിന്നും ലൈംഗിക സേവനങ്ങള്‍ കിട്ടാന്‍ ഉപയോഗിക്കുന്നതും തങ്ങളുടെ ലൈംഗികത ഉപയോഗിച്ച് മന്ത്രിമാര്‍ മുതല്‍ ബാങ്ക് മാനേജരുടെ അടുത്ത് വരെ കാര്യസാധ്യത്തിന് ശ്രമിക്കുന്നവരും ആയവരുടെ കഥ ഞാന്‍ ഇവിടെ കൂട്ടിയിട്ടില്ല. അത് അഫയറില്‍ പെടുത്താന്‍ പറ്റുന്നതല്ല, കുറ്റകൃത്യങ്ങള്‍ ആണ്.

ഏതൊക്കെ സാഹചര്യമാണ് വിവാഹേതര ബന്ധമുണ്ടാകുന്നതെന്ന് പറഞ്ഞല്ലോ. ഇങ്ങനെയുള്ള സാഹചര്യമുണ്ടായാല്‍ അതെല്ലാം സ്വാഭാവികമായി വിവാഹേതര ബന്ധത്തിലേക്ക് എത്തേണ്ട കാര്യമില്ല. ഈ സാധ്യതയില്‍ നിന്നും കാര്യസാധ്യത്തിലേക്ക് എങ്ങനെ എത്തിക്കാം എന്നതിനെപ്പറ്റി പൊതുവേദി ആയതിനാല്‍ ഉണ്ണിമായ ഒന്നും പറയുന്നില്ല.

പക്ഷെ ഒന്ന് പറയാം. ഈ അഫയറിനെ ഒക്കെ ശെരിയും തെറ്റും എന്നൊന്നും വിധിക്കാന്‍ ഞാന്‍ ആളല്ല. അഫയര്‍ എന്ന് പറയുന്നതിന് പലതരം വകഭേദങ്ങളുണ്ട്. ബിസിനസ്സ് ടൂറിന് പോകുമ്പോള്‍ കൂടെ ഉള്ള ആളുമായി ഉള്ള വണ്‍ നൈറ്റ് സ്റ്റാന്‍ഡ് തൊട്ട് പങ്കാളിയുടെ കൂട്ടുകാരന്‍/കൂട്ടുകാരിയും ആയി വര്‍ഷങ്ങള്‍ നീളുന്ന ചുറ്റിക്കളിയായി പലതും. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ചുപോയതും സീരിയല്‍ ഒഫന്‍ഡര്‍ ആയവരുമുണ്ട്. എന്തിന്, ഒരേ സമയം സന്തുഷ്ടകുടുംബവും ഒന്നില്‍ കൂടുതല്‍ അഫയറും ഉള്ളവരുണ്ട്. അതൊക്കെ ഓരോരുത്തരുടെ സമയവും സാഹചര്യവും അനുസരിച്ചിരിക്കും. ഇതിനെയൊക്കെ വിധിക്കാന്‍ ഞാന്‍ ആരാണ്?

പക്ഷെ, ഒരു കാര്യം പറയാതെ വയ്യ. പാശ്ചാത്യമാണെങ്കിലും പൗരസ്ത്യമാണെങ്കിലും സ്വന്തം പങ്കാളി മറ്റൊരാളോടൊത്ത് ചുറ്റിക്കളിക്ക് നടക്കുന്നു എന്ന വാര്‍ത്ത നടുക്കുന്നത് തന്നെയാണ്. പങ്കാളിയില്‍ ഉള്ള വിശ്വാസത്തിന്റെ എന്നന്നേക്കുമായുള്ള നഷ്ടം, നമ്മുടെ ആത്മവിശ്വാസത്തിനുണ്ടാകുന്ന ഇടിവ്, നമുക്ക് സമൂഹത്തിലുണ്ടാകുന്ന
മൂല്യത്തകര്‍ച്ച, നമുക്ക് കുട്ടികളുണ്ടെങ്കില്‍ അത് കുട്ടികളുടെ വളര്‍ച്ചയേയും വ്യക്തിത്വത്തേയും ബാധിക്കുന്നത്, ഇതെല്ലാം ഈ പ്രശ്‌നത്തിന് ആക്കം കൂട്ടുന്നു. വിവാഹേതര ബന്ധത്തില്‍ നിന്നും കിട്ടുന്ന സന്തോഷവും അത് കുടുംബത്തിലും പങ്കാളിയിലും ഉണ്ടാക്കുന്ന ആഘാതവും താരതമ്യപ്പെടുത്തിയാല്‍ ഇതൊരു വലിയ നഷ്ടക്കച്ചവടം തന്നെയാണ്, വ്യക്തിക്കും സമൂഹത്തിനും. ഇതൊരു സീറോ സം ഗെയിം അല്ല. ഇത് മനസ്സിലാക്കിയിട്ടാണ് പാശ്ചാത്യര്‍ വിവാഹേതര ബന്ധത്തിന് പകരം വിവാഹമുപേക്ഷിച്ചുള്ള ബന്ധത്തിന് പോകുന്നത്. അങ്ങനെ വരുമ്പോള്‍ കുറ്റബോധവും വിശ്വാസാഘാതവും മാനഹാനിയും ഒന്നുമില്ല. കുടുംബബന്ധത്തിലും കുട്ടികളിലുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവിടേയും ഉണ്ട്. അതിനിവിടെ സമൂഹം പ്രതിവിധി കണ്ടുവെച്ചിട്ടുമുണ്ട്.

വിവാഹേതര ബന്ധത്തിന്റെ ശരിതെറ്റുകളല്ല എന്റെ വിഷയമെന്ന് പറഞ്ഞുവല്ലോ. എങ്കിലും ഇങ്ങനെയൊരു ബന്ധത്തില്‍ ചെന്ന് പെട്ടവര്‍ക്കുള്ള ഒരു ഉപദേശം നല്‍കി ഈ പരിപാടി അവസാനിപ്പിക്കാം. വിവാഹേതര ബന്ധത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സമയം ആ ബന്ധം വഷളാകുന്ന സമയമാണ്. അപൂര്‍വ്വം വിവാഹേതര ബന്ധങ്ങളേ സുസ്ഥിരമായ പുതിയ ബന്ധത്തില്‍ എത്താറുള്ളൂ. എന്നെങ്കിലും ഇത്തരം ബന്ധങ്ങള്‍ അടിച്ചുപിരിഞ്ഞേ പറ്റൂ. ഈ വിവാഹേതര ബന്ധം എന്ന പരിപാടി മൊത്തത്തില്‍ വഞ്ചനയായിരുന്നെങ്കിലും ആ വഞ്ചനയില്‍ ചതി നടന്നതായി പങ്കാളികള്‍ക്ക് തോന്നിത്തുടങ്ങും. 'കാര്യം കഴിഞ്ഞപ്പോള്‍ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല' എന്നോ 'ഇതിനപ്പുറം പോയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും' എന്നോ ഒക്കെ തോന്നാം. അങ്ങനെ ബന്ധങ്ങള്‍ അടിച്ചു പിരിയും. അപ്പോള്‍ 'ആയ കാലത്ത്' അടയും ചക്കരയും പോലെ കെട്ടിപ്പിടിച്ചിരുന്ന കാലത്തെടുത്തടുത്ത ചിത്രങ്ങള്‍ കാണിച്ച് പങ്കാളിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നത് ഇന്റര്‍നെറ്റ് ലോകത്തെ സ്റ്റാന്‍ഡേര്‍ഡ്
ഓപ്പറേറ്റിംഗ് പ്രൊസീജിയറാണ്. 'റിവഞ്ച് പോണ്‍' എന്നൊരു വിഭാഗം തന്നെ ഇംഗ്ലീഷിലുണ്ട്. വീട്ടമ്മമാരെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന കേസുകള്‍ കേരളത്തില്‍ എത്രയോ വന്നിരിക്കുന്നു. സെലിബ്രിറ്റികളുമായി അഫയര്‍ ഉണ്ടായതിന് ശേഷം അതിനെ പറ്റി മിണ്ടാതിരിക്കാന്‍ കാശിനു വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുന്നത് ലോകത്തെവിടെയും നടക്കുന്ന കാര്യമാണല്ലോ.

ഇതില്‍ രണ്ടാണ് സംഭവം എങ്കിലും ബ്ലാക്ക് മെയിലിംഗില്‍ പെട്ടാല്‍ പിന്നെ ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. പങ്കാളിയുടെ മുന്നില്‍ പോയി നൂറു ശതമാനം സത്യസന്ധമായ കുമ്പസാരം നടത്തുക, കിട്ടുന്നത് സ്വകാര്യമായി വാങ്ങിക്കുക. നമ്മുടെ സാഹചര്യത്തില്‍ വിശാസം എന്നേക്കുമായി നഷ്ടപ്പെടുമെങ്കിലും വിവാഹം കുഴപ്പത്തില്‍ ആകണം എന്നില്ല. എന്നിട്ട് ബ്ലാക്ക് മെയില്‍ ചെയ്യുന്നവരോട് പോയി പണിനോക്കാന്‍ പറയുക. വിവാഹേതര ബന്ധം എന്നത് ഒരു കൂട്ടുകൃഷിയാണ്, അതിന്റെ ഉത്തരവാദിത്തം ഒരാളുടെ മാത്രമല്ല. ബ്ലാക്ക് മെയിലിംഗ് എന്നത് അന്തമില്ലാത്ത ഒരു കുഴിയാണ്, ബ്ലാക്ക് മെയിലിങ്ങുകാരുടെ ആവശ്യത്തിന് വഴങ്ങി അത് തീര്‍ക്കുക സാധ്യമല്ല. ഒരിക്കല്‍ അതിന് വഴങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ അതില്‍ പെടും.

കാര്യങ്ങളുടെ കിടപ്പ് ഇപ്പോള്‍ മനസ്സിലായല്ലോ. അതുകൊണ്ട് വെടി വെക്കുന്നതിന് മുന്‍പ് എല്ലാവരും പിരിഞ്ഞു പോണം (pun not intended എന്ന് ഇംഗ്ലീഷ്, ഇതിന് മലയാളം ഇല്ല)

(പാശ്ചാത്യ രാജ്യങ്ങളിലും വിവാഹേതര ബന്ധങ്ങളെ പറ്റിയുള്ള ചിന്തകള്‍ മാറുകയാണ്, State of Affairs എന്ന പുതിയ പുസ്തകം അതിനെ പറ്റിയുള്ളതാണ്, അത് വാങ്ങിയതാണ് ഈ വിഷയത്തെ പറ്റി എഴുതാനുള്ള പ്രചോദനം, ഇതേവരെ വായിച്ചിട്ടില്ല അത് കൊണ്ട് മുകളില്‍ പറഞ്ഞതിന് ഞാന്‍ മാത്രമാണ് ഉത്തരവാദി, വായിച്ചു കഴിഞ്ഞുള്ള കാര്യങ്ങള്‍ പിന്നെ പറയാം)

മുരളി തുമ്മാരുകുടി
കാര്യങ്ങളുടെ കിടപ്പ് (State of Affaris) മുരളി തുമ്മാരുകുടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക