കവിതയേ! നിന്നുടെ കാഞ്ചനമേനിയെ
കാവ്യാസകരായോര് വ്യഭിചരിപ്പൂ
'അത്യാധുനിക' മെന്ന നാമധേയത്തിങ്കല്
അന്യായമേതുമേ ചെയ്തിടുന്നു.
വരിയുണ്ട് നിരവധി വഴിവിട്ട മാതിരി
വരകളില്‍ കാണുന്ന വാക്കുകളില്‍
ഇല്ലില്ല തമ്മില്‍ പൊരുത്ത പദശുദ്ധി
പ്രാസം കവികള്ക്കിന്നു പാഷണമേ!
വ്യക്തിത്വമില്ലാത്ത വ്യക്തിക്കു തീര്‍ക്കുന്ന
വെണ്കല് പ്രതിമയ്ക്കു കീര്ത്തിവേണേല്
അതിന്നുടെ താഴെയായ് കൊത്തിപ്പിടിക്കും
അതിയാനില്ലില്ലാത്ത സത്ക്രിയകള്‍.
കവിതയില്‍ തെളിയാത്ത ഭാവന
ലോകരെയറിക്കാന് തീര്ക്കുന്നടിക്കുറിപ്പ്
അരത്താളിലൊതുക്കിക്കുറിക്കുന്ന ഗദ്യത്തില്‍
യതിഭംഗം ഭാഷയ്ക്ക് ഭീഷണിയായ്.
വൃത്തത്തെ കാട്ടാനായ് കവ കവച്ചീടുമോ?
കവയ്ക്കുകില് കാണുന്നതേതു വൃത്തം?
പ്രാസമെവിടേന്നു ചോദിച്ചാല്‍ കാര്‍-
പ്പാസം ക്ഷോഭിച്ചു പൊക്കിപ്പിടിച്ചിടുന്നു.
സ്വഭാവോക്തി എന്തെന്നു വക്രോത്തിയുത്തരം
സമാസോക്തി ഇന്നൊരതിശയോക്തി
വിശേഷോക്തി വെറും വിരോധാഭാസമായ്
ഉല്ലേഖം അസംഗതി വിഭാവനയായ്.
അനുപ്രാസത്തിനക്ഷര ജ്ഞാനമിന്നില്ലിഹെ
യമകം അക്ഷരകൂട്ടത്തിനേകയര്ത്ഥം
അക്ഷരപ്രാസം അന്ത്യം പ്രയാസമായ്
പണ്ഡിത പതിത്വത്തിന് ലസിതസ്മിതം.
കളകാഞ്ചി, മണികാഞ്ചി, ലലനാമണികളായ്
തരംഗിണി മഞ്ജിരി പ്രസ്ഥാനമായ്
കാകളി കേകയും വിയോഗിനി പോലായ്
കേളികൊട്ടുന്നോര്ക്കൊരു താളമായ്.
ലിംഗം ചുരുങ്ങി നപുംസകങ്ങളായ്
സന്ധികളോരോന്നും വിഘടിതമായ് സ-
മാസമുറകളും തെറ്റിവരുന്നതു
അസഹ്യമേ! കവി തന് കാമുകര്‍ക്ക്.