ഭാഗം 2/6
ഭാഗം ഒന്നിനുള്ള ലിങ്ക്:
http://emalayalee.com/varthaFull.php?newsId=160052
3
ചിലനേരം, പരാജയം പകരുന്ന നിരാശാഭാവം തോല്‍പ്പിക്കാന്‍ അനുവദിക്കാതെ, സുദൃഢചിത്തനായി ഞാന്‍ മാറും. എന്തും പടവെട്ടിപ്പിടിക്കാനുള്ള ആത്മവീര്യത്തിന്റെ വെല്ലുവിളിയുടെ സ്വരം ശ്രവിക്കും. അപ്പോള്‍ ഞാന്‍ എന്റെ മൂന്നാമത്തെ ഭാര്യയുടെ സാമിപ്യം കൊതിക്കും — അവള്‍ ഒരിക്കലും എന്റെ മനോവീര്യം കെടുത്തില്ലെന്ന് എനിക്കറിയാം. ഞാന്‍ അവളുടെ മുറിയില്‍ പ്രവേശിക്കുമ്പോള്‍, പുസ്തകവായനയില്‍ ശ്രദ്ധചെലുത്തുന്ന പുരികച്ചുളിവില്‍ അവള്‍ കിടക്കുകയായിരിക്കും. തലയുയര്‍ത്താതെ, വിരല്‍ വടിപോലെ ഉയര്‍ത്തി, തന്നെ ഇപ്പോള്‍ ശല്യപ്പെടുത്തരുതേയെന്ന് അടയാള ഭാഷണം നടത്തും.
തുടര്‍വായനയുടെ അഗാധത മൂലമുള്ള പിരിമുറുക്കം അവളുടെ ശരീരത്തില്‍ കാണാം. കുറെ നേരം കഴിഞ്ഞ്, പുസ്തകം നെഞ്ചില്‍ വെച്ച്, നെറ്റി ചുളിച്ച്, കണ്ണുയര്‍ത്തി എന്നെ നോക്കും. ഇത്രയും കാലം അവളെ അവഗണിച്ചതിനെ എന്നെ കുറ്റപ്പെടുത്തും. ഞാന്‍ എന്നെ പ്രതിരോധിക്കാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ പരാതിപ്പട്ടിക തുറക്കും: പുതിയ തൂപ്പുകാരി ഒരു നീല വൈന്‍ ഗ്ലാസ് പൊട്ടിച്ചെന്ന്; റെഫ്രിജിറേറ്റിലെ കഷ്ണിച്ച ടര്‍ക്കിയിറച്ചി കഴിഞ്ഞിരിക്കുന്നു, പോര്‍ക്കിറച്ചി മാത്രമേയുള്ളൂ; ലിനന്‍ ക്ലോസെറ്റിന്റെ വാതില്‍ ശരിക്കടയുന്നില്ലെന്ന്. എല്ലാം വേഗം ശരിയാക്കാമെന്ന് ഞാന്‍ ഉറപ്പു കൊടുക്കുന്നു- വേണമെങ്കില്‍ ഇപ്പോള്‍ തന്നെ, അത്യാവശ്യമെങ്കില്‍ ആ നിമിഷം! മറുപടിയായി അവളുടെ കണ്ണുകള്‍ സാവാധനം അലക്ഷ്യമായി ഉരുളാന്‍ തുടങ്ങും.