Image

കമലിന്റെ ആമി, അവരുടെ കമല, നമ്മുടെ മാധവിക്കുട്ടി (ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 07 April, 2018
കമലിന്റെ ആമി, അവരുടെ കമല, നമ്മുടെ മാധവിക്കുട്ടി (ഷാജന്‍ ആനിത്തോട്ടം)
നീര്‍മാതളം പൂത്തുലഞ്ഞ് നില്‍ക്കുകയാണ് പുന്നയൂര്‍ക്കുളത്ത്. മാധവിക്കുട്ടിയുടെ ജന്മദിനമായിരുന്നു മാര്‍ച്ച് 31-ാം തീയതി. പിറന്നാളിന്റെ പ്രസരിപ്പോ, 'ആമി' യുടെ വിജയക്കുതിപ്പോ, എന്തു കാരണമാണെങ്കിലും മലയാളത്തിന്റെ അക്ഷരമുത്തിന് ഇത് പ്രകൃതിയുടെ പ്രണയോപഹാരം. പുന്നയൂര്‍ക്കുളത്തുനിന്നും പ്രിയശിഷ്യ ലിജി റഹിം എഴുതി: ഇവിടെയിപ്പോള്‍ നീര്‍മാതളം നിറയെ പൂത്തുനില്‍ക്കുന്നു. ആമിയുടെ മനസ്സിലെ നിഷ്‌ക്കളങ്ക പ്രണയം പോലെ! കൊഴിഞ്ഞുവീണ പൂക്കള്‍ അവര്‍ പറയാന്‍ ബാക്കിവച്ച സ്വപ്‌നങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു..... നടന്നുനീങ്ങിക്കഴിഞ്ഞപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കിയില്ല. എനിക്ക് സങ്കടമാവും....

'ആമി' ഇപ്പോഴും കേരളത്തിലെ ചില തിയ്യേറ്ററുകളിലെങ്കിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു. കണ്ടിറങ്ങുന്നവരുടെ മനസ്സുകളിലും ഇത്തരമൊരു വിങ്ങലാണനുഭവപ്പെടുന്നുണ്ടാവുക. അമേരിക്കയില്‍ നീര്‍മാതളം ഇല്ലാത്തത് എന്തായാലും നന്നായി. അല്ലെങ്കില്‍ 'ആമി' യെ കാണുവാന്‍ ഇവിടെയെത്തുന്നവരുടെ ശുഷ്‌ക്കമായ സദസ്സ് കണ്ട് അവ ഇലകളൊക്കെയും പൊഴിച്ച് സ്വയം ഉണങ്ങി മരിയ്ക്കുമായിരുന്നു. ആമിയുടെ ആത്മാവുപോലും അത് കണ്ട് സങ്കടപ്പെടും.

മാധവിക്കുട്ടിയുടെ എഴുത്തിനോടും ജീവിതത്തോടും കമലിന്റെ 'ആമി' നീതി പുലര്‍ത്തിയോ എന്ന ചോദ്യം പ്രസക്തമാണ്. പൂര്‍ണ്ണമായല്ലെങ്കിലും  ഏറെക്കുറെ അക്കാര്യത്തില്‍ അദ്ദേഹം വിജയിച്ചുവെന്ന് പറയാം. 'My Story' എന്ന അവരുടെ ആത്മകഥയുടെ ചലച്ചിത്രാവിഷ്‌കാരമല്ല 'ആമി'യെന്ന് ചിത്രത്തിന്റെ തുടക്കത്തില്‍ എഴുതികാണിക്കുന്നുണ്ടെങ്കിലും 'എന്റെ കഥ' യുടെ ദൃശ്യാവിഷ്‌ക്കാരം തന്നെയാണ് മിക്കവാറും ഈ സിനിമയില്‍ നാം കാണുന്നത്. അതങ്ങിനെയാവുകയും വേണം. ഭാവനയുള്ള ഒരു കലാകാരന് എങ്ങിനെയും രൂപപ്പെടുത്തിയെടുക്കാവുന്ന രീതിയിലാണ് മാധവിക്കുട്ടി ആത്മകഥ എഴുതിയിരിക്കുന്നത്. ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തിനുവേണ്ട എല്ലാ ചേരുവകളും ചാരുതയോടെ ചേര്‍ത്തുവച്ചാണല്ലോ അതിന്റെ നിര്‍മ്മിതി. അതില്‍ പറഞ്ഞിരിയ്ക്കുന്ന പലതും തന്റെ ഭാവനയും ഫാന്റസിയും ചേര്‍ന്നു രൂപപ്പെടുത്തിയെടുത്തതാണെന്ന് പില്‍ക്കാലത്ത് മാധവിക്കുട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിവും കയ്യടക്കവുമുള്ള ഒരു ഫിലിംമേക്കര്‍ക്ക് അതെങ്ങനെ മനോഹരമായൊരു ചലച്ചിത്രാവിഷ്‌ക്കാരമായി മാറ്റാമെന്ന് 'ആമി' യിലൂടെ കമല്‍ തെളിയിച്ചിരിയ്ക്കുന്നു.

ആമിയും കമലയും മാധവിക്കുട്ടിയും ഒടുവില്‍ കമലാസുരയ്യയുമായുള്ള മജ്ജുവാര്യരുടെ പകര്‍ന്നാട്ടം ഏറെ അഭിനന്ദനാര്‍ഹമായിരിക്കുന്നു. ചില സീനുകളില്‍ അതിഭാവുകത്വമനുഭവപ്പെടുന്നുണ്ടെങ്കിലും വലിയ പൊട്ടും മൂക്കുത്തിയുമായി മാധവിക്കുട്ടി വീണ്ടും മജ്ജുവിലൂടെ പുനര്‍ജ്ജനിയ്ക്കുന്നത് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. മലയാളത്തിന്റെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' പദവി തനിയ്ക്ക് തന്നെ അവകാശപ്പെട്ടതാണെന്ന് മജ്ജു വീണ്ടും തെളിയിച്ചിരിയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ. മേയ്ക്കപ്പിന്റെ കനത്ത പിന്‍ബലമുണ്ടെങ്കിലും അപാരമായ ആ മേയ്‌ക്കോവര്‍ ശരിയ്ക്കും അഭിനന്ദനമര്‍ഹിയ്ക്കുന്നു. വിദ്യാ ബാലന്‍ പിന്‍മാറിയപ്പോള്‍ പകരക്കാരിയായിട്ടാണ്  അവര്‍ വന്നതെങ്കിലും 'കാതു കുത്തിയവന്‍ പോയപ്പോള്‍ കടുക്കനിട്ടവന്‍ വന്നു' എന്നതുപോലെയാണ് ഈ മാറ്റത്തെ മലയാളി പ്രേക്ഷകര്‍ കാണേണ്ടത്.

എടുത്തുപറയേണ്ടത് തന്നെയാണ് മാധവിക്കുട്ടിയുടെ കുട്ടിക്കാലവും കൗമാരവും അനുഭവവേദ്യമാക്കിയ രണ്ട് കൊച്ചുമിടുക്കികളുടെ അഭിനയമികവും. 
കല്‍ക്കത്തയിലെയും നാലപ്പാട്ടെ തറവാട്ടിലെയും കൊച്ചുകമലയുടെ കൗതുകം നിറഞ്ഞ ജീവിതത്തെ വളരെ സ്വാഭാവികതയോടെ ആഞ്ചലീനയെന്ന ബാലതാരം അഭിനയിച്ചു ഫലിപ്പിച്ചു. പതിനഞ്ചാം വയസ്സില്‍ ഇരട്ടിയിലേറെ പ്രായമുള്ള മാധവദാസിന്റെ ഭാര്യയായി ദാമ്പത്യജീവിതത്തിലേയ്ക്ക് കടന്നുചെല്ലേണ്ടിവന്ന ആമിയുടെ ദൈന്യാവസ്ഥ എത്ര തന്മയത്വത്തോടെയാണ് നീലാഞ്ചന എന്ന  കൗമാരക്കാരി അനുഭവവേദ്യമാക്കിയത്? സ്വന്തം ഭര്‍ത്താവ് ഏര്‍പ്പെടുത്തിയ ലൈംഗികത്തൊഴിലാളി സ്ത്രീയുടെ 'കോച്ചിംഗി'ന് ശേഷം രാത്രി കിടപ്പറയില്‍ കടന്നുചെല്ലുന്ന, പരിഭ്രാന്തയെങ്കിലും നിശ്ചയദാര്‍ഢ്യമുള്ള കൗമാരവധുവിനെ തികഞ്ഞ കയ്യടക്കത്തോടെയാണ് ആ കുട്ടി അവതരിപ്പിച്ചിരിയ്ക്കുന്നത്. 'എന്റെ കഥയുടെ വായനക്കാരേക്കാള്‍ 'ആമി' യുടെ പ്രേക്ഷകരാണ് ഈ രംഗം അതിന്റെ എല്ലാ തീവ്രതയോടെയും ആസ്വദിയ്ക്കുന്നത്.

മാധവിക്കുട്ടിയെപ്പോലൊരു ജനകീയ എഴുത്തുകാരിയുടെ ജീവിതം അടിസ്ഥാനമാക്കി സിനിമയെടുക്കുമ്പോള്‍ ഒരു സംവിധായകന്‍ നേരിടുന്ന വെല്ലുവിളികള്‍ അനവധിയാണ്. 'നഷ്ടപ്പെട്ട നീലാംബരി' എന്ന അവരുടെ കഥ 'മഴ' എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ ലെനിന്‍ രാജേന്ദ്രന്‍ ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ദൃശ്യാവിഷ്‌ക്കാരത്തിന് യോജിച്ച രീതിയില്‍ കഥയില്‍ വേണ്ടുന്ന മാറ്റം വരുത്തുവാനും പാട്ടും നടത്തവുമുള്‍പ്പെടയുള്ള ചേരുവകളുള്‍പ്പെടുത്തുവാനും ലെനിന്‍ രാജേന്ദ്രന് സാധിച്ചു. പക്ഷേ ഒരു ബയോപിക് സംവിധാനം ചെയ്യുമ്പോള്‍ സംവിധായകന്‍ ശ്രദ്ധിയ്‌ക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്, പ്രത്യേകിച്ചും നായിക പ്രണയത്തിന്റെ രാജകുമാരിയായിരുന്നതിനോടൊപ്പം വിവാദങ്ങളുടെ കളിത്തോഴി കൂടിയായിരുന്നപ്പോള്‍. അവിടെയാണ് കമലിന്റെ കരവിരുത് നാം കാണുന്നത്. 

നാലപ്പാട്ടെ തറവാട്ടില്‍ തുടങ്ങി കല്‍ക്കത്തയിലും  ബോംബെയിലും വീണ്ടും കല്‍ക്കത്തയിലെത്തുമ്പോഴുമെല്ലാം ആമിയെ ചുറ്റിപ്പറ്റിയുണ്ടാവുന്ന കൃഷ്ണനെ വളരെ സമര്‍ത്ഥമായാണ് കമല്‍ സിനിമയില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്; ഒപ്പം ടൊവീനോയെന്ന നടനും. യഥാര്‍ഥ ജീവിതത്തില്‍ ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ മാധവിക്കുട്ടി പറഞ്ഞത് 'ഗുരുവായൂരു നിന്നും കൃഷ്ണനെ ഞാനൊപ്പം കൊണ്ടുപോന്നു' എന്നാണ്. മതം മാറിയാലും കൃഷ്ണനെ കൈവിടാത്ത കമലയുടെ ഭക്തി ഒട്ടും വെള്ളം ചേര്‍ക്കാതെ കമല്‍ നമുക്ക് കാണിച്ചു തരുന്നു; ഒപ്പം മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം ആര്‍ക്കും ദോഷമില്ലാതെ അവതരിപ്പിയ്ക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. അക്ബര്‍ അലിയ്ക്ക് പക്ഷേ ഇന്നും ജീവിച്ചിരിയ്ക്കുന്ന, നിയമസഭാസാമാജികനും ഉജ്ജ്വലവാഗ്മിയുമായ ആ നേതാവിനെ ശരിയ്ക്കും ഉള്‍ക്കൊള്ളുവാന്‍ സാധിച്ചോ എന്ന് സംശയമുണ്ട്; അനൂപ് മേനോന്റെ അഭിനയത്തില്‍ അവിടവിടെ യാന്ത്രികത അനുഭവപ്പെടുന്നതുപോലെ....

'ആമി'യുടെ എടുത്തുപറയേണ്ടുന്ന ന്യൂനത, എന്തായിരുന്നു മാധവിക്കുട്ടിയുടെ ജീവിതത്തിലെ യഥാര്‍ത്ഥ ദുഃഖം എന്നത് അതിന്റെ തീവ്രതയില്‍ അനുഭവവേദ്യമാക്കിയില്ല എന്നതാണ്. 'നീര്‍മാതളം പൂത്ത കാലം' എന്ന അവരുടെ പുസ്തകത്തില്‍ ആമിയുടെ എല്ലാ വേദനകളും നമുക്ക് വായിച്ചറിയുവാന്‍ സാധിയ്ക്കും. പതിനാല് വയസ്സുവരെയുള്ള അവരുടെ ജീവിതമാണ് അതില്‍ വരച്ചുകാട്ടിയിരിക്കുന്നത്. 'ആള്‍ക്കൂട്ടത്തില്‍ തനിയെ' ജീവിയ്ക്കുന്ന ഒരുവളുടെ അരക്ഷിതബോധവും സ്‌നേഹത്തിനായുള്ള ദാഹവുമാണ് മാധവിക്കുട്ടി ജീവിതത്തിലുടനീളം അനുഭവിച്ചതെന്ന് നമുക്ക് അറിയാം. സ്വന്തം അമ്മമ്മ   മാത്രമാണ് കമലയെ ശരിയ്ക്കും സ്‌നേഹിച്ചത്. പ്രശസ്ത കവയത്രിയായ ബാലാമണിയമ്മയെന്ന സ്വന്തം അമ്മയോ അച്ചനോ പോലും ബാല്യത്തിലോ കൗമാരത്തിലോ അവള്‍ക്ക് വേണ്ടുന്ന വാല്‍സല്യം നല്‍കിയില്ല; അഥവാ നല്‍കിയതായി കൊച്ചുകമലയ്ക്ക് അനുഭവപ്പെട്ടിട്ടില്ല. അതുകൊണ്ട് മാത്രമാവണം സ്‌നേഹം(കാമം കലര്‍ന്നതായിട്ടുകൂടി) കിട്ടുന്നിടത്തേയ്‌ക്കെല്ലാം അവരുടെ മനസ്സും ശരീരവും വഴുതിപ്പോയത്.

"എന്റെ ജീവിതത്തിന്റെ ഏകാന്തത ഭഞ്ജിയ്ക്കുവാന്‍ ഒരു ദിവസം ഒരാള്‍ വന്നെത്തുമെന്നും എന്നും സ്‌നേഹിക്കാമെന്ന വാഗ്ദാനത്തോടെ അയാള്‍ എന്നെ കൂട്ടിക്കൊണ്ടുപോവുമെന്നും ഞാന്‍ ആശിച്ചു.... സംസാരിയ്ക്കുവാനും ശ്രദ്ധിയ്ക്കുവാനും ഞാന്‍ ആഗ്രഹിച്ചു. വേലക്കാര്‍ മാത്രമേ എന്റെ ശ്രോതാക്കളാവാന്‍ സന്നദ്ധത പ്രകടിപ്പിച്ചുള്ളൂ. അവരുടെ ശ്രദ്ധ പിടിച്ചു പറ്റുവാനും ആ ശ്രദ്ധ നിലനിര്‍ത്തുവാനും ഞാന്‍ സങ്കല്പകഥകള്‍ ചമച്ചു. യാഥാര്‍ത്ഥ്യത്തോട് അടുപ്പമില്ലാത്ത ഞാനെന്ന ഒരു സങ്കല്പം എന്റെ വാക്കുകളാല്‍ മെല്ലെമെല്ലെ വളര്‍ന്നു വന്നു..."(നീര്‍മാതളം പൂത്ത കാലം. അദ്ധ്യായം 41). മറ്റൊരിടത്ത് മാധവിക്കുട്ടി എഴുതി: ഞങ്ങളാരും അച്ചനെ ഏമാന്നേ എന്ന് വിളിച്ചില്ല. പക്ഷേ ഒരു യജമാനനോട് തോന്നാവുന്ന വികാരങ്ങള്‍ മാത്രമേ ഞങ്ങള്‍ക്ക് അച്ചനോട് തോന്നിയിരുന്നുള്ളൂ. തന്റെ ആജ്ഞാനുവര്‍ത്തികളില്‍ ഒരാളായി മാത്രമേ അച്ചന്‍ എന്നെ കണ്ടിരുന്നുള്ളൂ... അച്ഛനായിരുന്നു സൂര്യന്‍. അമ്മ ചന്ദ്രന്‍. ഞാനോ, വെറുമൊരു നിശ്ശബ്ദഗ്രഹം!(അദ്ധ്യായം 42).

സ്‌നേഹത്തിനുവേണ്ടി ദാഹിയ്ക്കുന്ന, അതിനായി സ്വന്തം കുടുംബാംഗങ്ങളെയും കുടുംബപശ്ചാത്തലത്തെയും ഉപേക്ഷിയ്ക്കുവാന്‍ തയ്യാറാവുന്ന വ്യക്തിയായി മാധവിക്കുട്ടിയെ അവതരിപ്പിച്ചിരുന്നെങ്കില്‍ ചിത്രം ഇത്തിരി കൂടി   നന്നാവുമായിരുന്നു എന്നു തോന്നുന്നു; അങ്ങിനെയൊരു സൂചന അവിടവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ കൂടി. 'നീര്‍മാതള'ത്തില്‍ റമോല എന്ന കൂട്ടുകാരി ആമിയോട് പറയുന്ന ഒരു വാചകമുണ്ട്: 'മൃഗങ്ങളെ കീഴടക്കുവാന്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ. അവരോട് സ്‌നേഹമുണ്ടെന്ന് വിശ്വസിപ്പിയ്ക്കുക. അത്ര തന്നെ. അവരും നമ്മെപ്പോലെയാണ്. സ്‌നേഹം കിട്ടുവാന്‍ ആഗ്രഹിക്കുന്നവര്‍' (അദ്ധ്യായം 46). വെറുമൊരു തൂലികാ സുഹൃത്തായ ഇറ്റലിക്കാരന്‍ കാര്‍ലോ മുതല്‍ മാധവിക്കുട്ടിയുടെ ജീവിതത്തിലേയ്ക്ക് കടന്നുചെന്ന എല്ലാവരും അവരെ കീഴടക്കിയത് സ്‌നേഹത്തിന്റെ പരിമളം വീശിക്കൊണ്ടായിരുന്നു. കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ മറ്റുള്ളവരുടെ കരുതല്‍ ഒട്ടേറെ ആഗ്രഹിക്കുന്നു എന്നൊരു സന്ദേശം കുറേക്കൂടി ശക്തമായി നല്‍കുവാന്‍ കമല്‍ ശ്രദ്ധിച്ചിരുന്നെങ്കിലെന്ന് മാധവിക്കുട്ടിയുടെ ആരാധകര്‍ ആഗ്രഹിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

മാധവിക്കുട്ടി മണ്‍മറഞ്ഞിട്ട്(2009 മെയ് 31)ഏതാണ്ട് ഒരു ദശാബ്ദത്തോളമാവുകയാണ്. പക്ഷേ അവരുടെ എഴുത്തിന്റെ കരുത്ത് ഇന്നും വായനക്കാര്‍ക്ക് സജീവമായി അനുഭവപ്പെടുന്നു; അവരുടെ ജീവിതം നല്‍കിയ സന്ദേശവും. നാലപ്പാട്ട് നാരായണമേനോനും ബാലാമണിയമ്മയും കമലയുമെല്ലാം ജനിച്ചു വളര്‍ന്ന തറവാട് വീട് ഇന്നില്ല. മഹത്തായ ആ പൈതൃകം പേറുവാന്‍ ഇപ്പോള്‍ അവശേഷിയ്ക്കുന്നത് അവിടെ തനിയ്ക്ക് ഓഹരിയായി ലഭിച്ച 16 സെന്റ് സ്ഥലം കമലാസുരയ്യ കേരള സാഹിത്യ അക്കാദമിയ്ക്ക് ദാനമായി നല്‍കിയതില്‍, അക്കാദമി സ്ഥാപിച്ച സാംസ്‌കാരിക സമുച്ചയമാണ്. ദശാബ്ദങ്ങള്‍ക്കു മുമ്പ് പുന്നയൂര്‍ക്കുളത്തിനടുത്തൊരു വിദ്യാലയത്തില്‍ അദ്ധ്യാപകജീവിതം നയിച്ച കാലമോര്‍ത്തുപോകുന്നു. വല്ലപ്പോഴുമൊരിക്കല്‍ വൈകുന്നേരങ്ങളില്‍ സഹാദ്ധ്യാപകരോടൊത്ത് ആല്‍ത്തറ സ്‌റ്റോപ്പില്‍ ബസ്സിറങ്ങി ചരിത്രമുറങ്ങുന്ന നാലപ്പാട്ട് തറവാട് കാണാനിറങ്ങുമ്പോള്‍ എന്നും നിശബ്ദമായി സ്വാഗതം ചെയ്തിരുന്നത് മാധവിക്കുട്ടിയുടെ ജീവിതവൃക്ഷമായ ആ നീര്‍മാതളമായിരുന്നു. ഒരിക്കലും നീര്‍മാതളം പൂത്തു കാണുവാന്‍ സാധിച്ചിട്ടില്ല. പക്ഷേ എല്ലാ മതക്കാരും വളരെ സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന ഒരു നാടിന്റെ സുഗന്ധം അവിടെയെങ്ങും പരന്നിരുന്നു. കാലമിപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ടെങ്കിലും, നാടാകെ വര്‍ഗീയതയുടെ വിഷപ്പുക വമിയ്ക്കുന്നുണ്ടെങ്കിലും, ആ നാട്ടിന്‍പുറത്തിന്റെ നന്മയും പരിശുദ്ധിയും ഇപ്പോഴുമിവിടെയുണ്ടാവണം. 'ആമി' യില്‍ കാണുന്ന വര്‍ഗീയവെറികളൊന്നും ആ ഗ്രാമത്തിന്റെ പരിശുദ്ധിയെ നശിപ്പിയ്ക്കാതിരിയ്ക്കട്ടെ. കാരണം, ഇത് സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ കാലമാണ്. നീര്‍മാതളം പൂത്ത കാലം!

കമലിന്റെ ആമി, അവരുടെ കമല, നമ്മുടെ മാധവിക്കുട്ടി (ഷാജന്‍ ആനിത്തോട്ടം)കമലിന്റെ ആമി, അവരുടെ കമല, നമ്മുടെ മാധവിക്കുട്ടി (ഷാജന്‍ ആനിത്തോട്ടം)കമലിന്റെ ആമി, അവരുടെ കമല, നമ്മുടെ മാധവിക്കുട്ടി (ഷാജന്‍ ആനിത്തോട്ടം)കമലിന്റെ ആമി, അവരുടെ കമല, നമ്മുടെ മാധവിക്കുട്ടി (ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക