തുഞ്ചന്റെ പാട്ടിലെ കിളിമകളെ
കിഞ്ചന മൊഴിയോലും മലയാണ്മ മകളെ
തുഞ്ചാണിത്തുന്പിലിരുന്നാടും പൈങ്കിളിയാളെ
ആയിരം കാതം പറന്നിങ്ങു വായോ
ആയിരം രാവിലെ കഥയുമായ് വായോ
മലയാളം വളരുന്ന നാടിനു കുളിരായി വായോ
ഈ തുഞ്ചന്‍ പറമ്പിലെക്കിന്നു
പറന്നിങ്ങു വായോ
പറനിറച്ചും പയര്‍മണി നല്‍കാം
വയര്‍നിറച്ചുമുതിര്‍മണി നല്‍കാം
ചെന്തെങ്ങിന്‍ പൂക്കുല, കതിര്‍ക്കുല നിരത്താം
ഏഴുതിരിയിട്ട ദീപം തെളിക്കാം
ഞാലിവാഴക്കൂന്പില്‍ നിന്നൊരു
തേന്‍കണവും കൊണ്ടിങ്ങുപോരൂ
തേന്‍തുളുന്പും ചുണ്ടിലൊരു
പൊന്‍കതിര്‍ക്കുലയുമായി വായോ
ഒരു തളിര്‍വെറ്റിലയുമൊരു പഴുക്കാ
പാക്കുമായി വായോ,
നൂറു തരാമൊരു,
വാല്‍ക്കിണ്ടിയില്‍ പാലും തരാം
വെറുതെയിരുന്ന് മുഷിയുന്‌പോഴിത്തിരി
ചുണ്ണാന്പുതേച്ചു തളിര്‍വെറ്റിലയും ചവച്ചിരിക്കാം
അക്കൂടെ വടക്കന്‍ പാട്ടിലെ
വീരകഥകളും പാടിയിരിക്കാം
ഉണ്ണിക്കിടാങ്ങളോടൊത്തു
കഥ പറഞ്ഞിരിക്കാം
മുറുക്കാതെ ചുവന്ന നിന്‍ ചെഞ്ചുണ്ടിന്‍
മേനി പറഞ്ഞിരിക്കാം
ലൈലാക്ക് *പുഷ്പ്പങ്ങള്‍ പൂക്കൂട ചൂടുമീ
ജനസി *നദിയുടെ തീരത്തു പൂക്കളം തീര്‍ക്കാം
ഈ പൂക്കള നടുവില്‍ പൂവേ പൊലി
പാടിയിരിക്കാം
കുമ്മിയടിക്കാം താളമടിക്കാം
ഈ പാണന്റെ പാട്ടിനു
ജീവനായുള്ളോരുടുക്കും
കൊട്ടിയിരിക്കാം
ഈ ഗുരുകുല കളരീലെ*
കുഞ്ഞുങ്ങളെ ഒക്കെയും
പരന്നൊരു തളികയില്‍
വരിനെല്ലിന്നരി നിരത്തി
ഹരിശ്രീ എഴുത്തിനിരുത്താം
ഒരു നാരായ തുന്പു കൊണ്ടീ പനയോല തന്നില്‍
അക്ഷരമൊക്കെയും കുറിച്ചു വെയ്ക്കാം
പിന്നെ, ഇവയെല്ലാം
ചെമന്നുള്ള പൂതേച്ചു തെളിയിച്ചെടുക്കാം
തുഞ്ചന്റെ പാട്ടിലെ കിളിമകളെ
കിഞ്ചന മൊഴിയോലും മലയാണ്മ മകളെ
ആയിരം കാതം പറന്നിങ്ങു വായോ
ഈ തുഞ്ചന്‍ പറന്പിലേക്കിന്നു പറന്നിങ്ങു വായോ
"ഒരേ സമയം അമേരിക്കന്‍ അനുഭവങ്ങളും കേരളീയ സ്മൃതി ചിത്രങ്ങളുമാവാഹിക്കുന്ന
നന്പിമഠത്തിന്റെ കവിതകള്‍ ഇന്നത്തെ വായനക്കാര്‍ ആവര്‍ത്തിച്ച്
വായിക്കേണ്ടതാണ്. തുഞ്ചന്റെ കിളിമകളെ ആവാഹിക്കുന്ന കവിതയിലും ഇരട്ടക്കാഴ്ച
കാണാം. പഴമ പുതുമ;
വിദേശം സ്വദേശം; സൗമ്യം രൂക്ഷം തുടങ്ങിയ ഇരട്ടക്കാഴ്ചകള്‍ക്കു അനുഗുണമായി
ഇംഗ്ലീഷും മലയാളവും ഇടകലര്‍ന്ന ഭാഷ തന്നെ ഒരു ബിംബമായി മാറുന്നു വെറും
മാധ്യമം മാത്രമല്ല ജീവിത നിലവാര സൂചിക തന്നെ".1998 ല്‍ മള്‍ബറി
പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'നിസ്വനായ പക്ഷി' എന്ന എന്റെ ആദ്യ
കവിതാസമാഹാരത്തിനു, ശ്രീ അയ്യപ്പപ്പണിക്കര്‍ എഴുതിയ അവതാരികയില്‍ നിന്ന്.
1998 ലെ ഫൊക്കാനാ അന്തര്‍ദേശീയ സമ്മേളനം നടന്ന റോച്ചെസ്‌റ്റെറിലെ തുഞ്ചന്‍
പറന്പിലേക്ക് തുഞ്ചന്റെ കിളിയെ ക്ഷണിക്കുന്നുപ
കുറിപ്പ്.
റോച്ചസ്റ്റര്‍ നഗരം ലൈലാക്ക് പൂക്കള്‍ക്ക് പ്രസിദ്ധമാണ്
ഫൊക്കാന നടക്കുന്ന റോചെസ്റ്റര്‍ നഗരത്തിലെ നദിയാണ് ജെനസി നദി
ന്യൂയോര്‍ക്കില്‍ മലയാളം പഠിപ്പിക്കുന്ന ഗുരുകുലം സ്കൂള്‍