കേരള ബിഷപ്പുമാരുടെ സംഘടനയായ കെ.സി.ബി.സി,
കേരളത്തിലെ ബാറുകള്‍ പുനഃസ്ഥാപിക്കുന്നതിനെതിരെ സമരങ്ങള്‍ നയിക്കാന്‍
തങ്ങളുടെ അനുയായികളെ ആഹ്വാനം ചെയ്തിരിക്കുകയാണ്. പുരോഹിതരും ബിഷപ്പുമാരും
സഭ അഭിമുഖീകരിക്കുന്ന മറ്റു പ്രശ്നങ്ങളില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ
തിരിച്ചുവിടാനായി സര്‍ക്കാരിനെതിരായുള്ള അടവുകളുമായി
രംഗത്തിറങ്ങിയിരിക്കുന്നു. പൊതു ജനങ്ങളെയോ കുഞ്ഞാടുകളെയോ നന്നാക്കണമെന്ന
ലക്ഷ്യമല്ല മദ്യനിരോധനത്തിന്റെ വക്താക്കളായി വന്ന ഈ ഇടയന്മാര്‍ക്കുള്ളത്.
വന്‍കിട ഷോപ്പിംഗ് കോമ്പ്ലെക്സുകളും ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലുകളും
കോഴകോളെജുകളും ആകാശം മുട്ടെയുള്ള പള്ളികളും അരമനകളും കോര്‍പ്പറേറ്റ്
പ്രസ്ഥാനങ്ങളും നടത്തുന്ന പുരോഹിത മുതലാളിമാര്‍ വിശ്വാസികളെ ഇളക്കാനായുള്ള
തന്ത്രങ്ങളും നെയ്തുകൊണ്ടിരിക്കുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മദ്യം നിരോധിച്ച തീരുമാനം ജനങ്ങളുടെ
ആരോഗ്യം ലക്ഷ്യമാക്കിയും മതപുരോഹിതരുടെ താല്‍പ്പര്യം
സംരക്ഷിക്കാനുമായിരുന്നു. അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തെ
മദ്യ നിരോധന മേഖലയാക്കാമെന്നുള്ള ലക്ഷ്യവുമുണ്ടായിരുന്നു. മദ്യ നിരോധനം വഴി
ഇന്ത്യയ്ക്ക് ചരിത്രപരമായി ഓര്‍മ്മിക്കാന്‍ നിരവധി വസ്തുതകളുണ്ട്. മദ്യം,
സാമൂഹിക തിന്മയെന്നത്, മഹാത്മാഗാന്ധിയുടെ ആശയങ്ങളിലൊന്നായിരുന്നു.
ഗാന്ധിയന്‍ ചിന്താഗതികള്‍ കാലത്തിനു യോജിച്ചതോയെന്നറിയാന്‍, കൂടുതല്‍ പഠന
വിധേയമാക്കേണ്ടതുമുണ്ട്. മുതലാളിത്ത ധന തത്ത്വത്തില്‍ കുതിച്ചുയരുന്ന
ഭാരതത്തില്‍ പഴയതിനെ മാറ്റി പുതിയതിനെ പ്രതിഷ്ഠിക്കേണ്ടതായുമുണ്ട്. ആധുനിക
നാഗരികതയില്‍ മദ്യമെന്നുള്ളത് സംസ്ക്കാരത്തിന്റെ അവിഭാജ്യ ഘടകവുമായി
മാറിക്കഴിഞ്ഞിരിക്കുന്നു.
കോണ്‍ഗ്രസ്സ് മന്ത്രിസഭയുടെ കാലത്ത് നടപ്പാക്കിയിരുന്ന മദ്യ നിരോധനം
കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത് വിവാദങ്ങള്‍ക്ക് വഴി
തെളിയിക്കുന്നു. ഉമ്മന്‍ ചാണ്ടി വീണ്ടും ഭരണത്തില്‍ വരാതിരുന്ന കാരണവും
അദ്ദേഹത്തിന്റെ കാലത്തെ തെറ്റായ മദ്യനയമായിരുന്നുവെന്നതും
ഓര്‍മ്മിക്കേണ്ടതാണ്. അടച്ചിട്ടിരുന്ന ബാറുകള്‍ വീണ്ടും തുറക്കുമെന്ന
വാഗ്ദാനങ്ങള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ജനങ്ങള്‍ക്കു നല്‍കിയിരുന്നു.
ജനങ്ങളോടുള്ള പ്രതിജ്ഞ നടപ്പിലാക്കേണ്ടതും പിണറായി സര്‍ക്കാരിന്റെ
കടമയായിരുന്നു. അതില്‍ ബിഷപ്പുമാര്‍ സമരകോലാഹലങ്ങളുമായി രംഗത്ത്
പ്രത്യക്ഷപ്പെടേണ്ട ആവശ്യമോ അവര്‍ക്ക് അതിനുള്ള അവകാശമോയില്ല. ഒരിക്കല്‍
മദ്യാസക്തരായാല്‍ മദ്യം വര്‍ജിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതുപോലെ
മദ്യ വില്പനയില്‍ക്കൂടിയുള്ള നികുതി വരുമാനം ഇല്ലാതാകുന്നതും സര്‍ക്കാരിനെ
കുഴപ്പത്തിലാക്കുന്നു.
കേരളത്തിലെ സദാചാര വാദികളാണ് മദ്യം നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നത്.
അക്കൂടെ ബിഷപ്പുമാരും മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും കപട സദാചാരത്തിന്റെ
പേരില്‍ വാതോരാതെ സംസാരിക്കാറുണ്ട്. മദ്യം വിഷമാണ്, മദ്യം
കലഹമുണ്ടാക്കുന്നു, കുടുംബങ്ങളെ തകര്‍ക്കുന്നുവെന്നല്ലാമുള്ള
സാരോപദേശങ്ങള്‍ അവരില്‍നിന്നു കേള്‍ക്കുകയും ചെയ്യാം. ശുദ്ധമായ തെങ്ങും
കള്ളും പനങ്കള്ളും കുടിച്ചു ജോലി ചെയ്തിരുന്ന കര്‍ഷക വര്‍ഗത്തിന് കാര്യമായ
അസുഖങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ല. വിദേശികള്‍ രാജ്യം ഭരിക്കാന്‍
തുടങ്ങിയതില്‍ പിന്നീടാണ് വിദേശ മദ്യങ്ങള്‍ ഇവിടെ ലഭിക്കാന്‍ തുടങ്ങിയത്.
മദ്യം ജനങ്ങളുടെ ആരോഗ്യത്തിന് പ്രശ്നമാണെങ്കില്‍ അതിനേക്കാളും മുമ്പേ
നിരോധിക്കേണ്ട നിരവധി വിതര്‍ക്ക വിഷയങ്ങള്‍ കേരളത്തിലുണ്ട്. കെമിക്കല്‍
കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങളും വിഷമയമായ പാനീയങ്ങളും പച്ചക്കറികളും
നിരോധിക്കാനുള്ള തീക്ഷ്ണത, അല്ലെങ്കില്‍ അത് ജനങ്ങളില്‍
ബോധവാന്മാരാക്കാനുള്ള സന്മനസ്സ്, മത പുരോഹിതരിലും രാഷ്ട്രീയക്കാരിലും
കാണുന്നില്ല. ഒരാള്‍ മദ്യം കൊണ്ട് പ്രശ്!നം ഉണ്ടാക്കുന്നുണ്ടെങ്കില്‍,
മദ്യപിച്ച് കാര്‍ ഓടിക്കുന്നുവെങ്കില്‍, കുടുംബത്ത്
കലഹമുണ്ടാക്കുന്നെങ്കില്‍ മാന്യമായി മദ്യം ഉപയോഗിക്കുന്നവരെയും മദ്യം
മരുന്നായി പ്രയോജനപ്പെടുത്തുന്നവരെയും ശിക്ഷിക്കേണ്ട ആവശ്യമുണ്ടോ?
ലോകത്ത് മദ്യ നിരോധനം നടത്തിയിട്ടുള്ള ഒരു രാജ്യവും വിജയിച്ച ചരിത്രമില്ല.
അത് മയക്കുമരുന്ന് കച്ചവടക്കാരെയും കള്ളക്കടത്തുകാരെയും സഹായിക്കുക
മാത്രമേയുള്ളൂ. മയക്കു മരുന്നുകള്‍ സമൂഹത്തിനു തന്നെ അപകടകരമായ
സ്ഥിതിവിശേഷങ്ങള്‍ക്ക് കാരണമാകുന്നു. കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗം
വിനോദ സഞ്ചാരികളില്‍ നിന്നായിരുന്നു. മദ്യം നിരോധിച്ചതു കാരണം ആ വ്യവസായം
തന്നെ തകര്‍ച്ചയെ നേരിടേണ്ടി വന്നു.
വിശ്വാസത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ പുരോഹിതര്‍ വീഞ്ഞ്
ഉത്ഭാദിപ്പിക്കുന്നു. ബൈബിളില്‍ പറഞ്ഞിരിക്കുന്ന പോലെ എന്തുകൊണ്ട് ഇവര്‍
സ്വന്തം കണ്ണിലെ കോലെടുത്തിട്ട് അന്യന്റെ കണ്ണിലെ കരടെടുക്കുന്നില്ല. ആദ്യം
മദ്യ നിരോധനം നടത്തേണ്ടത് പുരോഹിതരുടെയിടയിലാണ്. അതിനു ശേഷം പോരെ, മദ്യ
നിരോധനത്തിനായുള്ള പ്രക്ഷോപണങ്ങള്‍.! മദ്യ നിരോധനം നടപ്പാക്കണമെന്ന്
വാദിക്കുന്ന ക്രിസ്ത്യന്‍ പുരോഹിതര്‍ പള്ളിയാവശ്യത്തിനുള്ള വീഞ്ഞിന്റെ
ഉത്പാദനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ട്. അനുയായികള്‍ വര്‍ദ്ധിച്ചതുകൊണ്ടു കൂടുതല്‍ വീഞ്ഞ്
ആവശ്യമുണ്ടെന്നാണ് സഭ ആവശ്യപ്പെടുന്നത്. കുര്‍ബാനയ്ക്ക് ഉപയോഗിക്കാനുള്ള
വീഞ്ഞു 23 ഫാക്റ്ററികളിലായി കത്തോലിക്കാസഭ ഉത്ഭാദിപ്പിക്കുന്നുണ്ട്. ഒരു
വര്‍ഷം 6000 ലിറ്റര്‍ വൈന്‍ ഉത്ഭാദിപ്പിക്കാനുള്ള അനുവാദം ലഭിക്കുകയും
ചെയ്തു.
സഭയുടെ വക്താവായ ഫാദര്‍ പോള്‍ തേലേക്കാട്ടില്‍ പറയുന്നത് പള്ളികളുടെ എണ്ണം
കൂടുന്നതും ജനസംഖ്യ വര്‍ദ്ധിക്കുന്നതുമനുസരിച്ച് വീഞ്ഞിന്റെ ആവശ്യവും കൂടി
വരുന്നുവെന്നാണ്. എന്നാല്‍ സെന്‍സസ് അനുസരിച്ച് കത്തോലിക്കരുടെ എണ്ണം
വളരെയധികം കുറഞ്ഞതായി കാണുന്നു. കുടുംബാസൂത്രണ പദ്ധതി പ്രകാരം
കുടുംബങ്ങളുടെ അംഗസംഖ്യ വളരെയേറെ കുറഞ്ഞിട്ടുണ്ട്. കുടുംബാസൂത്രണം ഏറ്റവും
കൂടുതല്‍ നടത്തുന്നതും ക്രിസ്ത്യന്‍ സമൂഹങ്ങളാണ്. സഭയില്‍ ആവശ്യത്തിന്
പുരോഹിതരെയും കന്യാസ്ത്രികളെയും ലഭിക്കുന്നില്ലെന്ന കാരണത്താല്‍ മൂന്നാമതു
ജനിക്കുന്ന കുട്ടിക്ക് സഭ പതിനായിരം രൂപ പാരിതോഷികം
പ്രഖ്യാപിച്ചിട്ടുണ്ട്. പോരാഞ്ഞ്, വളരുമ്പോള്‍ ആ കുട്ടിക്ക് സ്കൂളില്‍
സ്കോളര്‍ഷിപ്പ് നല്‍കാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. സഭയുടെ അംഗങ്ങള്‍
ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വിദേശങ്ങളിലും കുടിയേറുന്നതു എണ്ണം കുറയാന്‍
കാരണമാകുന്നു. ഏകദേശം ആറുലക്ഷത്തില്‍പ്പരം ക്രിസ്ത്യന്‍ ജനത വിദേശങ്ങളില്‍
കുടിയേറിയതും അതാത് രാജ്യങ്ങളിലെ പൗരത്വം എടുത്തതും ജനസംഖ്യ കുറയാന്‍
മറ്റൊരു കാരണവുമാണ്.
സഭ വീഞ്ഞുത്ഭാദനം ഒരു വ്യവസായമാക്കാന്‍ ആഗ്രഹിക്കുന്നു. കുര്‍ബാനയ്ക്ക്
ഉപയോഗിച്ച ശേഷം മിച്ചം വരുന്ന വീഞ്ഞ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നുമുണ്ട്.
പള്ളികള്‍ വീഞ്ഞു വില്‍ക്കുന്നതായി വെള്ളാപ്പള്ളി നടേശന്
ആരോപണമുയര്‍ത്തിയിരുന്നു. പള്ളിക്ക് വീഞ്ഞുത്ഭാദിപ്പിക്കുന്ന ലൈസന്‍സ്
കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ വീഞ്ഞു വില്‍ക്കുന്നതും നിയമ വിരുദ്ധമാണ്.
സാധാരണ ഗതിയില്‍ വീഞ്ഞു വ്യവസായം തുടങ്ങാന്‍ 23 ലക്ഷം രൂപ ഫീസ്
ഉണ്ടെന്നിരിക്കെ സഭയ്ക്കുവേണ്ടിയുള്ള ലൈസന്‍സ് ഫീ വെറും 250 രൂപ
മാത്രമാണ്. കുര്‍ബാനക്ക് ഉപയോഗിക്കുന്ന വീഞ്ഞില്‍ 15.5 ശതമാനം ആല്‍ക്കഹോള്‍
അടങ്ങിയിരിക്കുമ്പോള്‍ ബിയറിനുള്ളില്‍ ആറു ശതമാനം ആല്‍ക്കഹോള്‍
മാത്രമേയുള്ളൂ. ഭാഗികമായി മദ്യ നിരോധനം നടത്തിയപ്പോള്‍ 'വെള്ളാപ്പള്ളി
നടേശന്' പള്ളികള്‍ക്കു നല്കുന്ന വീഞ്ഞിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും
ആവശ്യപ്പെട്ടിരുന്നു. സഭ, മദ്യ നിരോധനത്തിനു ആവേശപൂര്‍വം പ്രചരണങ്ങള്‍
നടത്തുന്ന കാരണം പള്ളികള്‍ക്കു അനുവദിച്ചിരിക്കുന്ന ലൈസന്‍സ് നിര്‍ത്തല്‍
ചെയ്യാന്‍ ബിജെപി യിലെ ഘടക കക്ഷികളും നിര്‍ദ്ദേശിച്ചിരുന്നു.
വീഞ്ഞിന്റെ കാര്യത്തില്‍ വിവാദങ്ങളുള്ളതുകൊണ്ട് കുര്‍ബാനയ്ക്ക് അത്
ആവശ്യമില്ലെന്നും മാര്‍ത്തോമ്മാ ബിഷപ്പ് മാര്‍ ഫിലിപ്പോസ് ക്രിസോസ്റ്റം
പറയുകയുണ്ടായി. വീഞ്ഞിനു പകരം മുന്തിരി ചാര് ഉപയോഗിക്കാമെന്നും അദ്ദേഹം
നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഈ രണ്ടു ക്രിസ്ത്യന്‍
വിഭാഗങ്ങള്‍ തമ്മില്‍ ദൈവശാസ്ത്ര വിവാദങ്ങളും ഉണ്ടായി. മാര്‍ത്തോമ്മാ സഭ
വീഞ്ഞു ക്രിസ്തുവിന്റെ രക്തത്തിന്റെ പ്രതീകമായി മാത്രമേ
വിശ്വസിക്കുന്നുള്ളൂ. എന്നാല്‍ കത്തോലിക്ക സഭ കുര്‍ബാന മദ്ധ്യേ വീഞ്ഞ്!
ക്രിസ്തുവിന്റെ രക്തമായി രൂപാന്തരം പ്രാപിക്കുന്നുവെന്നും വിശ്വസിക്കുന്നു.
'അത് വെറും പ്രതീകമോ അടയാളമോ അല്ലെന്നും മറ്റു യാതൊരു പദാര്‍ത്ഥങ്ങളും
പാനീയങ്ങളും വീഞ്ഞിനു പകരം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും' ആലഞ്ചേരി
പറഞ്ഞു. അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമാണെന്നും അതിനു
മാറ്റം വരണമെങ്കില്‍ ലോകാവസാനം സംഭവിക്കണമെന്നും കര്‍ദ്ദിനാള്‍
ന്യായികരിക്കുകയുമുണ്ടായി.
ഗുണ്ടാ മോഡലിലുള്ള പ്രസ്ഥാനങ്ങളെയാണ് ബിഷപ്പ് സംഘടനകള്‍ വളര്‍ത്തുന്നത്.
രാജ്യത്തു എന്ത് നടപ്പാക്കണം, ഏതു തരത്തിലുള്ള പുരോഗമനം വേണമെന്നുള്ളത്
തെരഞ്ഞെടുത്ത സര്‍ക്കാരുകളാണ് നിശ്ചയിക്കേണ്ടത്. സര്‍ക്കാരിന്റെ
വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ അനുകൂലിക്കുന്നതിനു പകരം
പ്രതിക്ഷേധങ്ങളില്‍ക്കൂടി നാട്ടിലെ നിയമ വ്യവസ്ഥ കൈവശപ്പെടുത്തുകയല്ല
വേണ്ടത്. പിണറായുടെ ഭരണം ളോഹധാരികള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ സമാധാനമായി
എവിടെയെങ്കിലും പള്ളിയും അരമനയും ഭരിച്ചു നടന്നുകൊള്ളുക! ജനങ്ങളെ
കൂട്ടുപിടിച്ചുകൊണ്ട് അടുത്ത മന്ത്രിസഭ കയ്യടക്കാമെന്നുള്ള
വ്യാമോഹങ്ങളുമുണ്ടായിരിക്കാം. അതിനുപകരം സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന
പേരില്‍ രാജ്യത്തെ ക്രമസമാധാനം നശിപ്പിക്കുകയല്ല വേണ്ടത്.
ഭീകര കൊള്ളകള്‍ നടത്തുന്ന ഭൂരിഭാഗം ഹോസ്പിറ്റലുകളും സ്കൂളുകളും
ക്രിസ്ത്യന്‍ പുരോഹിതരുടെ നിയന്ത്രണത്തിലാണ്. സ്വന്തം സമുദായത്തിലെ
ദരിദ്രര്‍ക്കു പോലും മാനുഷിക പരിഗണ നല്‍കാതെ സ്ഥാപനങ്ങള്‍ നടത്തുന്ന
ഇവര്‍ക്ക് അല്മായരെ നിയന്ത്രിക്കാന്‍ എന്തധികാരമാണുള്ളതെന്നും അറിയില്ല!
ക്രിസ്ത്യാനി മദ്യം കിട്ടാനായി ഏതു സ്ഥലങ്ങളിലും പോവും. ബീവറേജിന്റെയും
ബാറിന്റെയും മുമ്പില്‍ നീണ്ട ലൈന്‍ കാണാം. അനാവശ്യമായി രാഷ്ട്രീയ
പ്രശ്നമുണ്ടാക്കി മദ്യ നിരോധനത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ്
നടത്തണമെന്നുള്ളതാണ് ഇവരുടെ പരമമായ ലക്ഷ്യവും. അതുവഴി സര്‍ക്കാരിനെ
താഴെയിറക്കി പുതിയതായി വരുന്ന ഭരണകൂടത്തെ തങ്ങളുടെ നിയന്തണത്തില്‍
കൊണ്ടുവരാനും പുരോഹിതര്‍ ആഗ്രഹിക്കുന്നു.
ധാര്‍മ്മികത ലവലേശം പുരോഹിതര്ക്കില്ല. പുരോഹിതരോട് ലളിത ജീവിതം
നയിക്കണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്യുമ്പോള്‍ കേരള പുരോഹിതരും
മെത്രാന്മാരും ആഡംബര ജീവിതമാണ് നയിക്കുന്നത്. വില കൂടിയ കാറില്‍
സഞ്ചരിക്കുമ്പോള്‍, രാജകീയ അരമനയ്ക്കുള്ളില്‍ കഴിയുമ്പോള്‍, തിളങ്ങുന്ന
കുപ്പായങ്ങള്‍ ധരിക്കമ്പോള്‍ പാവപ്പെട്ടവന്റെ ദുഃഖത്തെപ്പറ്റി
ചിന്തിക്കേണ്ടതുമില്ല. സര്‍ക്കാരിന്റെ മദ്യനിരോധനത്തിനുള്ള ജനപിന്തുണ
ഇല്ലാതാക്കുകയെന്നതും ലക്ഷ്യമാണ്. സ്ഥിരമായി കള്ളുകുടിക്കുന്ന ഒരാളിനെ
നന്നാക്കാന്‍ ധ്യാന ഗുരുക്കന്മാര്ക്കോ മെത്രാന്മാര്ക്കോ സാധിക്കില്ല.
അത്തരക്കാരായ ദരിദ്ര കുടിയന്മാര്ക്ക് സ്വന്തം സ്ഥാപനങ്ങളില്‍ സൗജന്യമായ
ചീകത്സ നല്കാന് അഭിഷിക്ത ലോകം തയാറാകുമോ? ഇന്ന് പുരോഹിതരുടെ വചനങ്ങള്‍
ശ്രവിക്കാന്‍ വിശ്വാസികളുടെ താല്‍പ്പര്യം കുറഞ്ഞു വരുന്നതു കാണാം. അവരുടെ
ആഭാസത്തരം നിറഞ്ഞ കഥകള്‍ സോഷ്യല്‍ മീഡിയാകളില്‍ നിത്യ സംഭവങ്ങളായി
മാറിയിരിക്കുന്നു. നേഴ്സറി മുതല്‍ ഒരു കുട്ടിക്ക് സ്കൂളില്‍ അഡ്മിഷന്
വേണമെങ്കില്‍ വലിയ തോതിലുള്ള കോഴപ്പണം കൊടുക്കണം. വ്യവസായ സാമ്രാജ്യം
പടുത്തുയര്‍ത്തുന്ന അത്മായ ഗുരുക്കന്മാരുടെ വാക്യങ്ങള്‍ ബൗദ്ധിക
തലത്തിലുള്ളവര്‍ പുച്ഛത്തോടെ ശ്രവിക്കുന്ന കാലമാണിതെന്നും ഓര്‍ക്കണം.
വത്തിക്കാന്റെ ഹൃദ്യഭാഗത്തായി ഒരു മദ്യശാല പ്രവര്‍ത്തിക്കുന്നുണ്ട്.
ഇറ്റലിയിലെ എല്ലാ നഗരങ്ങളെക്കാള്‍ അവിടെ വില കുറച്ചു മദ്യം കിട്ടുന്നു.
അവിടെനിന്ന് മദ്യം മേടിക്കാന്‍ വത്തിക്കാനിലെ അന്തേവാസികള്‍ക്കും
പുരോഹിതര്‍ക്കും മാത്രമേ സാധിക്കുള്ളൂ. കേരളത്തില്‍ മദ്യം
നിരോധിക്കുന്നതിനുമുമ്പ് ആദ്യം മദ്യ നിരോധനം വത്തിക്കാനില്‍ നടപ്പാക്കാന്‍
ശ്രമിക്കരുതോ? ആദ്യമേ മാര്‍പ്പാപ്പയെ മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങള്
പഠിപ്പിക്കുക! അതിനുശേഷം പള്ളിയില്‍ വരുന്ന വിശ്വസികളുടെയിടയില്‍ മദ്യ
നിരോധനം പ്രചരിപ്പിക്കുന്നതായിരിക്കും ഉത്തമം. മാര്‍പ്പാപ്പയേക്കാളും
കേരളത്തിലെ പുരോഹിതര്‍ മെച്ചമായ ക്രിസ്ത്യാനികളോ?
അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളില്‍ മദ്യം നിരോധിച്ചിട്ടില്ല.
അതുകൊണ്ടു ആ രാജ്യമൊന്നും സാംസ്കാരികമായി തകര്‍ന്നുപോയിട്ടില്ല.
ഉത്തരവാദിത്വ ബോധത്തോടെ മദ്യം കഴിക്കണമെന്നുള്ള ബോധവല്‍ക്കരണമാണ്
കെ.സി.ബി.സി പോലുള്ള ബിഷപ്പുമാരുടെ സംഘടനകള്‍ തങ്ങളുടെ അല്മായര്ക്കായി
നല്‍കേണ്ടത്.! വത്തിക്കാനില്‍പ്പോലും മദ്യ നിരോധനം നടപ്പാക്കാത്ത
സ്ഥിതിക്ക് ഹിന്ദുക്കളും ഇതര സമുദായങ്ങളും ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനത്ത്
മദ്യ നിരോധനം നടപ്പാക്കണമെന്ന് പറയാന്‍ പുരോഹിതര്‍ക്ക് എന്തവകാശം?
വത്തിക്കാനില്‍ താമസിക്കുന്ന പുരോഹിതര്‍ക്ക് നികുതി കൊടുക്കാതെ കുറഞ്ഞ
വിലക്ക് നിത്യവും മദ്യവും കഴിക്കാം. കേരളത്തിലെ നല്ലൊരു ശതമാനം വൈദികരും
മദ്യത്തിനടിമപ്പെട്ടവരെന്നുള്ള കാര്യവും മദ്യവിരുദ്ധ പുരോഹിതര്‍
മറക്കുന്നു.
സമൂഹത്തില്‍ എന്തുതന്നെ ദുഷിച്ച വ്യവസ്ഥകളുണ്ടെങ്കിലും കത്തോലിക്ക സഭ ചെറു
വിരല്‍ അനക്കാറില്ല, ഏറ്റവും കൂടുതല്‍ സ്ത്രീധനം മേടിക്കുന്ന സമുദായമാണ് ഈ
സഭയിലുള്ള അംഗങ്ങള്‍. സ്ത്രീധനം കൊടുക്കാന്‍ നിവൃത്തിയില്ലാതെ
വിവാഹിതരാകേണ്ട പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ ആത്മഹത്യ ചെയ്ത
സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. 1966ല്‍ സ്ത്രീധന നിരോധനം നടപ്പാക്കിയ
രാജ്യമാണ് ഇന്ത്യ. സ്വന്തം സമുദായത്തെ നന്നാക്കാന്‍ കഴിവില്ലാത്ത
കത്തോലിക്ക സമുദായം നാട് നന്നാക്കാന്‍ ഒരുമ്പെട്ടിരിക്കുന്നതും തികച്ചും
വിരോധാഭാസമാണ്. സാമൂഹിക ജീവിതത്തിന്റെ അടിത്തറ തന്നെ ഇവര്‍
മാന്തിയെന്നുള്ളതാണ് സത്യം. ആദായകരമായ വിദ്യാഭ്യാസ കച്ചവടം സഭയെ ഇട്ടുമൂടിയ
പണം കൊണ്ട് കൊഴുപ്പിക്കുകയും ചെയ്തു. ഇങ്ങനെ കോഴ മേടിച്ചുകൊണ്ട്
രക്ഷകര്‍ത്താക്കളെ പിഴിഞ്ഞു ജീവിക്കുന്ന ഇവരാണ് ജനങ്ങളുടെ ആരോഗ്യ
പ്രശ്നങ്ങളുമായി എത്തിയിരിക്കുന്നത്. മദ്യത്തിനടിമപ്പെട്ടാല്‍ ജനങ്ങളുടെ
ആരോഗ്യം നശിക്കുംപോലും! പുരോഹിതരും ബിഷപ്പുമാരും മുതല കണ്ണുനീര്
പൊഴിക്കുന്നതല്ലാതെ അല്മായരുടെ ക്ഷേമങ്ങളില്‍ യാതൊരു വിധ താല്‍പ്പര്യവും
കാണിക്കാറില്ല.
മദ്യ നിരോധനം കൊണ്ട് ഒരാളിന്റെ മദ്യാസക്തി ഇല്ലാതാക്കാനും സാധിക്കില്ല.
ചാരായ വാറ്റും വിഷം കലര്‍ന്ന മദ്യങ്ങളുടെ ഉത്ഭാദനവും കുടിയിട
വ്യവസായങ്ങളായി മാറും. മദ്യം കഴിക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും
വ്യക്തിപരമായ തീരുമാനമാണ്. മദ്യം കഴിക്കണമെന്ന് സാധാരണഗതിയില്‍ ഒരു
മദ്യപാനിയെ ആരും നിര്‍ബന്ധിക്കാറില്ല. സൗകര്യമുള്ളവര്‍ മദ്യം
കഴിക്കട്ടെയെന്ന യുക്തമായ ഒരു തീരുമാനമാണ് സ്വീകരിക്കേണ്ടത്. എന്ത്
കുടിക്കണം, എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരോ
മതസ്ഥാപനങ്ങളോ ആയിരിക്കരുത്. ഒരാള്‍ കുടിക്കുന്നവനെന്നോ കുടിക്കാത്തവനെന്നോ
സര്‍ക്കാര്‍ എങ്ങനെ മനസിലാക്കും! മദ്യ നിരോധനം ഒരാളിന്റെ അവകാശത്തിലുള്ള
കൈകടത്തലാണ്.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രം മദ്യം വില്ക്കാമെന്നുള്ള
സ്ഥിതിവിശേഷം നീതികരിക്കാവുന്നതല്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍
കഴിവില്ലാത്തവര്‍ സാധാരണ ഹോട്ടലുകളില്‍ ചെന്നാല്‍ ഭക്ഷണം മാത്രം കഴിച്ച്
മദ്യം ലഭിക്കാതെ പച്ചയായി മടങ്ങി പോവേണ്ടി വരും. ചെറു കുടിയന്മാര്ക്ക്
മദ്യം ഇല്ലാതെ ജീവിക്കാനും സാധിക്കും. പക്ഷെ വന്‍കിട കുടിയന്മാരുടെ
മാനസികാവസ്ഥ കഷ്ടമായിരിക്കും. സര്‍ക്കാര്‍ നടത്തുന്ന മദ്യശാലകളുടെ
മുമ്പില്‍ നീണ്ട ലൈനില്‍ നിന്ന് മദ്യം മേടിക്കേണ്ടി വരുന്നു. കുടിയന്മാര്
കൂടുതല്‍ ദിവസങ്ങള്‍ ഉപയോഗിക്കാനുള്ള മദ്യം ഒന്നിച്ച് മേടിക്കും.
ഇടവിട്ടുള്ള ദിവസങ്ങളില്‍ മാത്രം മദ്യം ഉപയോഗിച്ചിരുന്ന കുടിയന്മാരായവര്‍
ദിവസവും കുടിക്കാനാരംഭിക്കും. കുടിച്ചിട്ട് കലഹം ഉണ്ടാക്കിയും
സംസ്ക്കാരരഹിതങ്ങളായ ഭാഷകളുപയോഗിച്ചും പൊതുനിരത്തുകളില്‍ക്കൂടി
സഞ്ചരിക്കുകയും ചെയ്യും. വീട്ടില്‍ മദ്യം സ്റ്റോക്ക് ചെയ്യുമ്പോള്‍
കുടിയന്മാര്ക്കു നിയന്ത്രണമില്ലാതെ കുടിക്കാനും സാധിക്കുന്നു.
ഗുജറാത്ത് മദ്യ നിരോധനം നടപ്പാക്കിയ ഒരു സംസ്ഥാനമാണ്. എങ്കിലും മദ്യം ആ
സംസ്ഥാനത്ത് സുലഭമാണെന്നുള്ളതാണ് വസ്തുത. അടുത്തുള്ള സംസ്ഥാനങ്ങള്‍
ഗുജറാത്തിലേക്ക് മദ്യം ഒഴുക്കി ലാഭം കൊയ്തുകൊണ്ടിരിക്കുന്നു. മദ്യനിരോധനം
കൊണ്ട് അവിടെയാരും മദ്യവര്‍ജനം നടപ്പാക്കിയില്ലെന്നുള്ളതാണ് വാസ്തവം.
കേരളത്തിലും സമ്പൂര്‍ണ്ണമായ മദ്യനിരോധനം നടപ്പാക്കിയാല്‍ നിയമപരമല്ലാത്ത
മദ്യം ഈ സംസ്ഥാനത്തിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കും. മദ്യം അന്യ
സംസ്ഥാനത്തില്‍ നിന്ന് വരുന്നവഴി കോഴ വാങ്ങുന്ന ഉദ്യോഗസ്ഥരുടെ സമ്പത്തും
ബ്ളാക്ക് പണവും വര്‍ദ്ധിക്കാനിടയാകും. മദ്യത്തില്‍ അടിമപ്പെട്ടു
കഴിഞ്ഞാല്‍ എന്ത് ചെലവിലും അവര്‍ എവിടെനിന്നെങ്കിലും മദ്യം എത്തിച്ചു
കൊണ്ടിരിക്കും. സാക്ഷരത ഏറ്റവും കൂടുതലുള്ള കേരളത്തെ മദ്യം മൂലം
കള്ളക്കടത്തു നടത്തുന്ന കുപ്രസിദ്ധ കേന്ദ്രവുമാക്കും. കുറ്റവാളികളുടെ
എണ്ണവും വര്‍ദ്ധിക്കുന്നതിനിടയാകും.
മദ്യ നിരോധനം നടപ്പായാല്‍ സ്റ്റേറ്റിന് വരുമാനം കുറയും. ബ്ളാക്ക്
മാര്‍ക്കറ്റിലൂടെയുള്ള വ്യവസായികള്‍ നിയമവിരുദ്ധമായി കൊള്ളലാഭം കൊയ്യാന്‍
തുടങ്ങും. അഴിമതി നിറഞ്ഞ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും മുതലെടുക്കും.
മദ്യ വ്യവസായം മൂലം സര്‍ക്കാരിനു 8000 കോടി രൂപാ വരുമാനം ലഭിക്കുന്നുണ്ട്.
അതില്ലാതാക്കിയാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തന്നെ സ്തംഭിപ്പിക്കാന്‍
ഇടയാക്കും. റമ്മും വിസ്ക്കിയും ബ്രാണ്ടിയും മദ്യ മാര്‍ക്കറ്റിന്റെ എണ്പതു
ശതമാനം ഉപഭോക്താക്കള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. മദ്യ വില്‍പ്പനയില്‍
നിന്നും നഷ്ടപ്പെടുന്ന വരുമാനം സര്‍ക്കാരിനു എങ്ങനെ വീണ്ടെടുക്കാന്‍
സാധിക്കുമെന്നും വ്യക്തതയില്ല. സ്റ്റേറ്റിന്റെ 20 ശതമാനം വരുമാനം
മദ്യത്തില്‍ നിന്നാണെന്ന് കണക്കുകള്‍ പറയുന്നു.
മദ്യ വിവാദങ്ങള്‍ക്കു പകരം മത സംഘടനകള്‍ ആദ്യം ചെയ്യേണ്ടത് അവരുടെ
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദരിദ്രര്‍ക്കും പഠിക്കാനുള്ള അവസരം കൊടുക്കുക,
അവര്‍ നടത്തുന്ന ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലിലെ ആദായ വീതത്തില്‍ ഒരു വിഭാഗം
ദരിദ്രരുടെ ക്ഷേമത്തിനായും പ്രയോജനപ്പെടുത്തുക, എന്നിവകളാണ്. സംസ്ഥാനത്തെ
നേഴ്സുമാര്‍ക്ക് മാന്യമായ ശമ്പളം കൊടുത്താലും മാനുഷിക ധര്മ്മത്തിന് ഒരു
അര്‍ത്ഥമുണ്ടാകും. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ വലിയ ശതമാനം
മദ്യത്തില്‍ നിന്നുമായ സ്ഥിതിക്ക് സര്‍ക്കാരിനും ക്ഷേമകരമായ പല കാര്യങ്ങളും
ചെയ്യാന്‍ സാധിക്കും. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വരുമാനം
ഉപയോഗിക്കാനും കഴിയുന്നു.
മദ്യപാനത്തെ സംബന്ധിച്ച് സമഗ്രമായ ഒരു പഠനം ആവശ്യമാണ്. കുടിയന്മാരെപ്പറ്റി
ഒരു ഗവേഷണം നടത്തുകയാണെങ്കില്‍ അതനുസരിച്ച് സര്‍ക്കാരിന്റെ നയങ്ങള്‍
നടപ്പാക്കാന്‍സാധിച്ചേക്കാം. കുടിയന്മാരുടെ സാമ്പത്തിക നില, വിദ്യാഭ്യാസം,
കുടുംബത്തിലെ അസമാധാനം, മാനസിക വിഭ്രാന്തി എന്നിവകള്‍ കുടിയുമായി
ബന്ധമുണ്ടോയെന്ന് അന്വേഷിച്ച ശേഷം അവര്‍ക്കു വേണ്ട ചീകിത്സ
നല്കുകയാണെങ്കില് മദ്യനിരോധനത്തെക്കാളും ഗുണപ്രദമാകുമായിരുന്നു.
മദ്യത്തിന് വില കൂട്ടിയാല്‍ അത് സാധാരണക്കാരെ മാത്രമേ ബാധിക്കുള്ളൂ.
മദ്യത്തിന്റെ അമിതവില കുടിയന്മാരുടെ കുടുംബത്തെ സാമ്പത്തികമായി
തകര്‍ക്കാനുമിടയുണ്ട്.
മതേതര രാജ്യമായ ഇന്ത്യയില്‍ മതസംഘടനകളല്ല സര്‍ക്കാരിന്റെ നയങ്ങളെ
നിയന്ത്രിക്കേണ്ടത്. മദ്യ നിരോധനം വേണമെന്നു മതസംഘടനകള്‍ ആവശ്യപ്പെട്ടാല്‍
അവരെ ചര്‍ച്ചക്കു പോലും ക്ഷണിക്കരുത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ
സ്തംബിപ്പിക്കണമെന്ന ഉദ്ദേശ്യമാണ് മത പുരോഹിതര്‍ക്ക് കൂടുതലായുമുള്ളത്.
പുരോഹിതര്‍ ആദ്യം പോയി അവരുടെ പള്ളിയിലെ വീഞ്ഞിനു പകരം പൈനാപ്പിള്‍ ജ്യൂസോ
ഓറഞ്ചു ജ്യൂസോ ഉപയോഗിക്കുന്ന വ്യവസ്ഥിതിയുണ്ടാക്കട്ടെ. മതവും സര്‍ക്കാരും
രണ്ടു ധ്രുവങ്ങളായി പ്രവര്‍ത്തിക്കേണ്ട മണ്ഡലങ്ങളാണ്. അവിടെ സര്‍ക്കാരിനെ
നിയന്ത്രിക്കേണ്ടത് ഇന്ത്യന്‍ നിയമമനുസരിച്ചാണ്. വിദേശ നിയമമായ കാനോനിക
പുസ്തകത്തിന് നീതിനിര്‍വഹണത്തില്‍ ഒരു കടലാസിന്റെ വിലപോലുമില്ല.
മദ്യ നിരോധനം ഇല്ലാതാക്കി ബാറുകള്‍ക്ക് ലൈസന്‍സ് കൊടുത്ത് മദ്യം
പുനഃസ്ഥാപിച്ചാല്‍ രാഷ്ട്രീയക്കാരെയും അഴിമതി ഉദ്യോഗസ്ഥരെയും അകറ്റി
നിര്‍ത്തേണ്ടതായുമുണ്ട്. ബാര്‍ ഹോട്ടല്‍ ലൈസന്‍സ് ലഭിക്കാന്‍
രാഷ്ട്രീയക്കാര്‍ക്കും നേതാക്കന്മാര്ക്കും ഉദ്യോഗസ്ഥന്മാര്ക്കും കോഴ
കൊടുക്കുന്ന വ്യവസ്ഥിതിക്കും മാറ്റം വരണം. ലാഭമുണ്ടാക്കാന്‍ ബാര്‍ ഉടമകള്‍
നിലവാരം കുറഞ്ഞ മദ്യം ബോട്ടിലിനകത്താക്കി വില്‍ക്കുന്ന പതിവുമുണ്ട്.
അത്തരക്കാരുടെ ലൈസന്‍സ് റദ്ദാക്കി തക്കതായ ശിക്ഷയും കൊടുക്കണം. ശരിയായ
കംപ്യുട്ടര്‍ ബില്ലിംഗ് സമ്പ്രാദായം നടപ്പായാല്‍ ബാര്‍ ഉടമകള്‍ക്ക് നികുതി
വെട്ടിക്കാനുള്ള അവസരങ്ങളും നഷ്ടപ്പെടും. ബാറുകളില്‍ സര്‍ക്കാര്‍
മേല്‍നോട്ടത്തില്‍ കര്‍ശനമായ ഓഡിറ്റിങ്ങും ആവശ്യമാണ്.