ലൈലാക നിറമുള്ള പൂക്കള്‍ കിടക്കുന്ന ഈ
ആശുപത്രി മുറ്റത്ത് നിക്കുമ്പോള്‍ എനിക്ക് നിന്നെ പിന്നെയും ഓര്‍മ്മ വന്നു.
സങ്കടങ്ങളുടെയും സഹതാപത്തിന്റെയും വയലറ്റ് പൂക്കള്‍ക്ക് ഓര്‍മകളുടെ
ഗന്ധമില്ല ... എങ്കിലും രാജീവ്... നീ എന്നില്‍ നിറയുന്നു... എന്റെ
മുന്നില്‍ നരച്ചു വാര്‍ദ്ധക്യത്തിന്റെ മണമുള്ള ഒരമ്മയുണ്ട്... നീയെന്നും
ഓര്‍മ്മകളില്‍ നിന്ന് പോലും അകറ്റി നിര്‍ത്താന്‍ ആഗ്രഹിച്ച അതെ 'അമ്മ...
പക്ഷെ ഒരിക്കലും ചിന്തകളില്‍ നിന്നും മായാതെ ഒടുങ്ങാത്ത വെറുപ്പിന്നവസാനം
നീയിപ്പോഴും സ്‌നേഹിക്കുന്ന നിന്റെ സ്വന്തം 'അമ്മ. അവര്‍ എല്ലാം
അറിയുന്നുണ്ടായിരുന്നു രാജീവ്...!!! നിന്റെ ജീവിതത്തിന്റെ ഓരോ വഴികളും
ഏടുകളും അവര്‍ അറികെ തന്നെയേ മുന്നോട്ടു കടന്നു പോയിട്ടുള്ളൂ, പക്ഷെ
അവര്‍ക്ക് ഭയമായിരുന്നു മകന്റെ മുന്നില്‍ വന്നു തെറ്റുകാരിയെ പോലെ
നില്‍ക്കാന്‍... തല താഴ്ത്തി വിതുമ്പി കരഞ്ഞു നില്‍ക്കാന്‍... അവര്‍ക്ക്
ഭയമായിരുന്നു.ഇപ്പോഴും ഈ ആശുപത്രി കട്ടിലില്‍ വെള്ളയുടുപ്പിട്ട , അവര്‍
മാലാഖ കുഞ്ഞെന്നു വിളിക്കുന്ന എന്റെയരികില്‍ കണ്ണുനീരൊലിപ്പിച്ച് കൊണ്ട്
കിടക്കുമ്പോഴും ആ ഭയം നിന്റെ അമ്മയെ വിട്ടൊഴിഞ്ഞിട്ടേയില്ല... അവരുടെ
വാക്കുകളില്‍ നിന്നുമെപ്പോഴോ എന്നിലേയ്ക്ക് നീ ചായുന്നത് ഞാനറിഞ്ഞു കൊണ്ട്
തന്നെയായിരുന്നു...
മാഗിയാന്റിയുടെ വാക്കുകള്‍ അമ്മയുടെ കാതോരത്ത് നിന്നും എന്റെ
നെഞ്ചോരത്തേയ്ക്ക് മഴ ഇറ്റു വീഴുന്നത് പോലെ തണുപ്പ് പടര്‍ത്തി ഇറങ്ങി
വന്നു. പിന്നെ മനസ്സില്‍ അലിഞ്ഞു സ്വയം ഞാനായി തീരുന്നു... രാജീവ്,
കഥകള്‍ക്കിടയിലെപ്പോഴോ നിന്നോടെനിക്ക് എപ്പോഴോ പ്രണയം തോന്നി
തുടങ്ങിയിരുന്നു...
ഇതിഹാസത്തിലെ ദശരഥന്റെ യോഗമാണ് നിനക്ക്.ചില നിയോഗങ്ങള്‍ തടയാന്‍
കഴിയുന്നതേയല്ല, നമുക്ക് മുന്നില്‍ കടലടിക്കുന്നതു പോലെ ആഞ്ഞലച്ചു അത് കയറി
വരും, കടപുഴക്കി വീഴ്ത്തും, എന്നാലും നഷ്ടപ്പെട്ടതിനെ ഓര്‍ത്തു നാമിങ്ങനെ
നിലവിളികള്‍ ഉതിര്‍ത്തു കൊണ്ടേയിരിക്കും. അമ്മയുടെ കഥകളില്‍ ആദ്യം നീയൊരു
വില്ലനായിരുന്നു. 'അമ്മ നഷ്ടപ്പെട്ടു തെമ്മാടിയാക്കപ്പെട്ട ഏതൊരു മകന്റെയും
രംഗബോധമില്ലാത്ത വഷളത്തരങ്ങള്‍. സ്വയം നീ എത്രയോ വട്ടം
കോമാളിയാക്കപ്പെട്ടിരിക്കുന്നു... ആ തിരിച്ചറിവിലെവിടെയോ വച്ച്
സഹതാപത്തിന്റെ ഒരു തരിമ്പ് എന്റെ ഉള്ളില്‍ വിത്തായി രൂപമെടുത്തുവെന്നു
തോന്നുന്നു. മുളപൊട്ടിയത് നീയാദ്യം നിന്റെ മകന്‍റെ കുപ്പിപ്പാല്‍ ചുണ്ടോടു
ചേര്‍ത്ത് വച്ച് വലിച്ചു കുടിച്ചില്ലേ, ആ നിമിഷത്തിലായിരുന്നു. മാഗിയാന്റി
കണ്ട കാഴ്ച വന്നു അമ്മയോട് പറയുമ്പോള്‍ അമ്മയുടെ ചങ്കിനൊപ്പം എന്റേത്
കൂടിയാണ് തകര്‍ന്നു തരിപ്പണമായത്. അതുവരെ വിവാഹം കഴിക്കാതെ, പെണ്ണിന്റെ
പ്രണയം അറിയാതെ ഉണ്ടാകുന്ന കുഞ്ഞിനെ ലാളിക്കാന്‍ നില്‍ക്കുന്ന നിന്നോട്
മുളപൊട്ടാത്ത പ്രണയത്തിന്റെ വിത്തുകള്‍ക്ക് മുകളില്‍ പരിഹാസത്തിന്റെ ചുവന്ന
പൂക്കള്‍ പരന്നു കിടന്നിരുന്നു. നിനക്കല്ല കുഞ്ഞിനെ ആവശ്യം..........
നിനക്കാവശ്യം നിന്റെ അമ്മയെ മാത്രമാണ്... തിരിച്ചറിവുകള്‍ എന്നില്‍
പ്രണയത്തിന്റെ വിത്തുകള്‍ മുളപ്പിച്ചിരിക്കുന്നു.
ഒരിക്കല്‍ അമ്മയറിയാതെ ആരുമറിയാതെ ഞാന്‍ നിന്നെ ഒളിച്ചു കണ്ടു... ആദ്യമായി,
കുഞ്ഞിനെ നഷ്ടമായ ആ കോടതി വരാന്തയില്‍ വച്ച് എല്ലാം നഷ്ടപ്പെട്ടവനെ പോലെ
തല താഴ്ത്തി ബന്ധങ്ങള്‍ നല്‍കിയ മുറിവുകളുമായി ചുരുങ്ങി കൂടി നീ
നില്‍ക്കുമ്പോള്‍ വിരലുകളും ചുണ്ടുകളും വിറച്ചു തേങ്ങലിന്റെ വക്കിലെത്തി
നില്‍ക്കുമ്പോള്‍, എന്റെ നെഞ്ചു കൊതിച്ചിരുന്നു, ഭാരം കൂടിയ നിന്റെ
സങ്കടമിയലുന്ന കണ്ണുകള്‍ ഇരു ചുംബനങ്ങളാല്‍ തുടയ്ക്കണമെന്നും നിന്നെ
നെഞ്ചിലേക്ക് ചേര്‍ത്ത് വയ്ക്കണമെന്നും... നിന്റെ അമ്മയെ പോലെ പക്ഷെ ഞാനും
ഭയന്നു. പെണ്ണെന്നാല്‍ നിനക്ക് ശരീരം മാത്രമായിരുന്നുവല്ലോ... ഇടപെടുന്ന
പെണ്ണുങ്ങളെയൊക്കെ കിടക്കയില്‍ എത്തിയ്ക്കുന്ന നിന്റെ മോഹിപ്പിക്കുന്ന
ഭംഗിയും, പണവും... അതില്‍ നിന്നും സ്വന്തം മകനിലേക്കുള്ള ദൂരം നീ ആനിയിലൂടെ
അളന്നു കഴിഞ്ഞപ്പോള്‍ സ്ത്രീ എന്ന വാക്ക് നിനക്ക് 'അമ്മ എന്ന പേരിനോളം
പുണ്യമായിക്കഴിഞ്ഞിരുന്നു. മറ്റൊരു പെണ്ണും കയറി കൂടാത്ത പോലെ 'അമ്മ എന്ന
വാക്കിലേക്ക് നീ ചാഞ്ഞിരുന്നു... നിരാസം എനിക്ക് സഹിക്കാനാവില്ല രാജീവ്!!!
ഇവിടെയിപ്പോള്‍ കാപ്പി പൂക്കുന്ന സമയമാണ്. അമ്മയെ നോക്കാനായി അടുത്ത്
നില്‍ക്കുമ്പോള്‍ ഹോം നഴ്‌സ് എന്ന വെള്ള കുപ്പായത്തില്‍ നിന്നും
നിന്നിലേക്കുള്ള ദൂരം ഞാന്‍ തിരിച്ചറിയുന്നുണ്ട്. ഇപ്പോള്‍ രാത്രികള്‍ക്ക്
ഭംഗിയുണ്ട്, കാപ്പി മണം സിരകളില്‍ നിന്നെ ഓര്‍മ്മിപ്പിക്കുന്നു.
ഇരുട്ടിലേക്ക് നോക്കി ഞാന്‍ ചിരിക്കുന്നു...
എനിക്ക് നിന്റെ അമ്മയാകണം...
ഇത്രനാള്‍ നിനക്ക് നഷ്ടമായ സ്‌െ്രെതണ സ്‌നേഹത്തിന്റെ പ്രതീകമാകണം.
അന്നാദ്യമായി ബന്ധങ്ങളുടെ വില നീ മനസ്സിലാക്കിയ ദിനം.... ഓര്‍മ്മയുണ്ടോ...
ഗര്‍ഭിണിയായ ആനിയുടെ മുകളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന അടിമത്തത്തിന്റെ
ചങ്ങലക്കിലുക്കങ്ങള്‍ അവളുടെ ദാസിനരികിലെത്തുമ്പോള്‍ എളുപ്പത്തില്‍ അവള്‍
മറന്നു പോകുന്നത് നിനക്കാദ്യം മനസ്സിലായിരുന്നില്ലല്ലോ. ഒരു കാര്യം
മറക്കരുതായിരുന്നു, അവളുടെ പ്രിയപ്പെട്ടവന്റെ ജീവന്‍ രക്ഷിക്കാനാണ്
ഒരിക്കലും ഒരു സ്ത്രീയും ചെയ്യാത്ത ആ പദവി ആനി ഏറ്റെടുത്തത്... വാടകയ്ക്ക്
ഒരു ഗര്‍ഭപാത്രം കിട്ടാന്‍ ഒരിക്കലും എളുപ്പമായിരുന്നില്ലല്ലോ
അല്ലെങ്കിലും. പ്രണയിനിയാകുന്നത് പോലെ അത്ര എളുപ്പമല്ല ഒരു സ്ത്രീയ്ക്കും
അമ്മയാകാന്‍... കാരണം അവള്‍ ആദ്യം അമ്മയാകുന്നത് മനസ്സിലാണ്... ഓരോ മാസവും
സ്വയം ആ വിശ്വാസത്തെ അവനവനിലേക്ക് ഊട്ടിയുറപ്പിക്കലാണ് പിന്നെ. വളര്‍ന്നു
വരുന്ന ഉദരത്തിന്റെ ഭിത്തികളില്‍ പിടിച്ചു തൂങ്ങി കിടക്കുന്ന രക്തത്തിന്റെ
പങ്കാളി ആരൊക്കെയോ ആണെന്ന തോന്നല്‍ പ്രസവത്തിന്റെ ഏതൊക്കെയോ ഘട്ടങ്ങളില്‍
അവളില്‍ അങ്കുരിച്ചു തുടങ്ങും, പിന്നെ കയ്യില്‍ കിട്ടിയ ആ കുരുന്നു
മുത്തിനെ ആര്‍ക്കു കൈവിടാനാകും രാജീവ്? ആനിയിലൂടെ ബന്ധവും സ്‌നേഹവും
നിന്നിലേയ്ക്കും ഉരുകിയിറങ്ങി തുടങ്ങുന്നത് മാഗിയാന്റിയുടെ അറിയുമ്പോള്‍
'അമ്മ ഉള്ളുരുകി കരയുന്നുണ്ടായിരുന്നു. മൂന്നു വയസ്സായ നിന്റെ കൈകള്‍
വിടുവിച്ച് സ്വയം ജീവിതം മാറ്റി മറിക്കുമ്പോള്‍ പ്രണയത്തിന്റെ സാന്നിധ്യം
മാത്രമായിരുന്നു അവര്‍ക്കുള്ളില്‍. പക്ഷെ അതിനു ശേഷം ഒരു ദിവസവും നിന്നെ
ഓര്‍ക്കാതെ അവര്‍ ഉറങ്ങിയിട്ടില്ല..
നിന്റെ ഓര്‍ത്തു കരയാതെ അവര്‍ ജീവിച്ചിട്ടുമില്ല. പണത്തിനു പിന്നാലെ
പായുന്ന സ്‌നേഹമില്ലാത്ത ഭര്‍ത്താവിന്റെ മുന്നില്‍ നിന്നും സ്‌നേഹം
വാരിക്കോരി നല്‍കുന്ന മറ്റൊരാളുടെ അടുത്തെത്തിയിട്ടും രാജീവ് എന്ന മൂന്നു
വയസ്സുകാരന്റെ കണ്ണുകള്‍ അവരെ കുറ്റബോധത്തിന്റെ ഏതൊക്കെയോ കരകളില്‍
എത്തിച്ചിരുന്നു. അവസാനം തൊട്ട നിന്റെ കുഞ്ഞു വിരലുകളുടെ ആര്‍ദ്രതയില്‍
അവര്‍ എന്നും വിരലഗ്രങ്ങള്‍ തിരുമ്മാറുണ്ടായിരുന്നു. ഇപ്പോഴും ഈ വയസ്സ്
കാലത്തും ഏറ്റവും നിരാശയുടെയും നോവോടു കൂടിയും ആ തിരുമ്മല്‍ അവര്‍
തുടരുന്നുണ്ട്. പക്ഷെ അവര്‍ക്ക് ഇപ്പോഴും നിന്നെ ഭയമാണ് രാജീവ്.!!!
കോടതി വരാന്തയില്‍ നിന്നും ലഹരിയുടെ ലോകങ്ങളിലേയ്ക്ക് നീ
വീണ്ടുമെത്തുമ്പോള്‍ സ്‌നേഹത്തോടെ ശാസിച്ചു മകനെ പോലെ പരിചരിയ്ക്കാന്‍
എനിക്ക് വല്ലാത്ത കൊതിയുണ്ടായിരുന്നു. നിറയെ കാറ്റും വെളിച്ചവും കയറുന്ന
മഞ്ഞിന്റെ തണുപ്പ് അരിച്ചു കയറുന്ന മല മുകളിലെ ആ വീടിന്റെ ഉള്ളിലിരുന്നു
ആരും കാണാതെ നീ കണ്ണീരടക്കാന്‍ പാട് പെടുമ്പോള്‍ മാഗിയാന്റിയെ കാണാനെന്ന
മട്ടില്‍ ഞാനും വന്നിരുന്നു അവിടെ. അതുകൊണ്ടാണല്ലോ ആ ദൃശ്യത്തിന് എനിക്ക്
നേരിട്ട് സാക്ഷിയാകാന്‍ കഴിഞ്ഞത്! ദാസിന്റെ കൈകളില്‍ നിന്നും കുഞ്ഞിനെ
ഏറ്റു വാങ്ങിയ നീ ആനിയുടെ കരഞ്ഞു തളര്‍ന്ന സങ്കടങ്ങളുടെ മുന്നിലേയ്ക്ക്
മകനെ തിരികെ നല്‍കുമ്പോള്‍ ഒരു മരത്തിന്റെ മറവില്‍ ഞാനുണ്ടായിരുന്നു...
നിറയുന്ന കണ്ണിനെ എനിക്ക് തടഞ്ഞു നിര്‍ത്താന്‍ പറ്റിയതേയില്ല...
മൂന്നു അമ്മമാരുടെ സങ്കടങ്ങള്‍...
പ്രണയവും സ്‌നേഹവും എല്ലാം പരാജയപ്പെടുന്ന 'അമ്മ മുഖങ്ങള്‍...
ഒടുവില്‍ നീയത് തിരിച്ചറിഞ്ഞിരിക്കുന്നു.
സ്വയം നഷ്ടപ്പെട്ട അമ്മയുടെ സ്‌നേഹത്തിലേക്ക് നീ നിന്റെ മകനെ ചേര്‍ത്ത്
വയ്ക്കുന്നു, എന്നിട്ട് നീ നിന്നെ നഷ്ടപ്പെടുത്തുന്നു... ഇനിയുമൊരു
പെണ്ണിലേയ്ക്ക് മനസ്സിനെ പറിച്ചു നടാനാകാതെ മരണത്തെ മാത്രം നോക്കി
നില്‍ക്കുന്നു.പിന്നെ മാഗിയാന്റിയുടെ തോളിലേക്ക് നീ ചായുന്നു...
"ആനി മോനെ സ്‌നേഹിക്കുന്നത് പോലെ മാഗിയ്ക്ക് എന്നെ സ്‌നേഹിക്കാന്‍ കഴിയുമോ...",
മാഗിയാന്റിയോടുള്ള ചോദ്യത്തില്‍ ആ മരത്തിന്റെ മറവിലിരുന്നു ഞാന്‍ ചിതറിക്കരഞ്ഞു പോയി.
എനിക്ക് നിന്നോട് പ്രണയമല്ല നിറഞ്ഞ വാത്സല്യമാണ് രാജീവ്...
വിറയ്ക്കുന്ന നിന്റെ വിരലുകള്‍ എന്റേതുമായി കൊരുത്തെടുത്ത് മിഴിനീര്‍ തുടച്ചെടുത്ത് എനിക്ക് നിന്റെ അമ്മയാകണം...
ഒരു കുഞ്ഞിനെയെന്ന വണ്ണം നിന്നെ നെഞ്ചോടു ചേര്‍ക്കണം...
പിന്നെ എന്നും കൈവിരലിനാല്‍ നിനക്ക് ഭക്ഷണം നല്‍കണം... തഴുകിയുറക്കണം...
നിന്റെ സ്‌നേഹത്തിന്റെ തുടിപ്പുകള്‍ എന്റെയുള്ളില്‍ ജീവന്‍ എടുക്കുമ്പോള്‍ വളര്‍ന്നു വരുന്ന ഉദരത്തില്‍ നിന്നെ ചേര്‍ത്ത് കിടത്തണം...
അവനോടൊപ്പം നിന്നെയും ഊട്ടണം...
എന്തൊക്കെ മോഹങ്ങളാണ്...!!!
തെല്ലു ചരിഞ്ഞ ഈ കാറ്റാടി മരത്തിനു താഴെ ഇപ്പോള്‍ വീഴുമെന്ന പോലെ
ചരിഞ്ഞിരുന്നു ഞാന്‍ കരയുന്നത് നിന്റെ കണ്ണുനീരിനൊപ്പമാണ്. ഒരിക്കല്‍....
ഒരിക്കല്‍ മാഗിയാന്റിയോട് ഞാന്‍ പറയും എനിക്ക് നിന്നോടുള്ള വാത്സല്യമിയന്ന
പ്രണയം. ഏതൊരു പെണ്ണിലും അമ്മയെ കാണാന്‍ പഠിക്കുന്ന നിന്റെ ജീവിതം ഇനി
അലയൊടുങ്ങിയ കടലായിരിക്കും. ഉള്‍ക്കടല്‍ പോലെ ശാന്തമായ ഹൃദയം കൊണ്ട്
ഒരിക്കല്‍ അമ്മയെ നീ കണ്ടെന്നും വരാം... മാഗിയാന്റി ഇനിയത്
പറയാതെയിരിക്കില്ല! എനിക്ക് അതിവേഗത്തില്‍ നെഞ്ചിടിക്കുന്നു...
തല്‍ക്കാലം നീയൊന്നുറങ്ങൂ...
നഷ്ടപ്പെട്ട മകന്റെ കരച്ചിലുകളില്‍ സ്വപ്നത്തെയുരുക്കി പുതിയ ഭ്രാന്തുകളിലേയ്ക്ക് കണ്ണുകള്‍ തുറക്കൂ...
നഷ്ടമായ സ്‌നേഹങ്ങള്‍ നിനക്കായി കാത്തിരിക്കുന്നു..
രാജീവ്... നീയിനി നഷ്ടപ്പെട്ടവനല്ല...
ചുളിഞ്ഞുണങ്ങിയ രണ്ടു കൈകള്‍ക്കൊപ്പം നിന്നെ മാത്രം പ്രണയിച്ചു ഉന്മാദിനിയായ ഞാനുമുണ്ട്... കാത്തിരിക്കാന്‍...
അവതരണം നല്ല പ്രതീക്ഷ നൽകുന്നു, നന്നാവട്ടെ എഴുത്തും വായനയും.
ശ്രീമതി പാറുസിന്റെ പുതിയ നോവൽ പ്രവാചക മെയ് 2018 ലക്കം മുതൽ കലാകൗമുദിയുടെ കഥയിലൂടെ പ്രസിദ്ധികരിക്കുന്നതായി അറിയാൻ കഴിഞ്ഞു .
എല്ലാ ആശംസകളും നേരുന്നു. നന്നായി എഴുതാൻ കഴിയട്ടെ.