നിന്‍മിഴിയിതളിലെ മദജലകണങ്ങളില്‍ എന്നഭിലാഷങ്ങള്‍ അലിയുമെങ്കില്‍, അപ്‌സരസ്സേ, നിന്റെ താരുണ്യതനുവിനേമല്‍ അനുരാഗകവിത ഞാന്‍ കുറിക്കുമല്ലോ, കുപ്പിവളകള്‍ നാണം കുണുങ്ങി ചിരിക്കുന്ന കുളിരുള്ള രാവുകള്‍ പിണങ്ങുമെങ്കില്‍ പൊന്നാടയണിഞ്ഞു നീ പുളകങ്ങള്‍ വിതറുന്ന പൂമെത്ത നിവര്‍ത്തി നാമുറങ്ങുമല്ലോ' (അഭിലാഷങ്ങള്‍) എന്നീ വരികള്‍ വായിക്കുമ്പോള്‍ അനുരാഗക്കളരിയില്‍ പയറ്റിത്തെളിഞ്ഞ ഒരു പ്രണയഗായകന്റെ ഭാവനാവിലാസം ചിറകുവിടര്‍ത്തി വായനക്കാരേയും തന്നോടൊപ്പം ആകാശഗംഗയില്‍ വിഹരിക്കാന്‍ കൂടെ കൂട്ടുന്നു. അതെ, മലരമ്പില്‍ മുനക്കൊണ്ട് മുറിയുന്ന നോവിന്റെ സുഖമോര്‍ത്തു ഞാനാകെ തരിച്ചിരിക്കും. മന്ത്രകോടിയണിയിച്ച നിമിഷങ്ങള്‍ എന്റെ മുന്നില്‍ നിറഞ്ഞ്‌നില്‍ക്കേ കതിരിട്ട സ്വപ്‌നങ്ങള്‍ വിടരുന്ന വിരിമാറില്‍ തലചായ്ച്ച് ഒന്നുറങ്ങാന്‍ ഞാന്‍ കൊതിച്ചിരിക്കും.' എന്നീ വര്‍ണ്ണനകള്‍ ലാളിത്യഭംഗിക്കൊണ്ടും, കലവറയില്ലാത്ത സുതാര്യതകൊണ്ടും, മധുവിധു ആഘോഷിക്കാന്‍ ഭാഗ്യദേവത കടാക്ഷിച്ചിട്ടുള്ള എല്ലാ പ്രണയജോഡികളേയും സ്മൃതിമണ്ഡലത്തിലെങ്കിലും ഒരു പുനരാവര്‍ത്തന സുഖാനുഭൂതിയിലേക്ക് ആനയിക്കാന്‍ പര്യാപ്തങ്ങളാണ്. മുഗ്ധമായ ഭാവനാവിലാസത്തില്‍ വായനക്കാരനേയും ആറാടിക്കുന്ന കാവ്യസൗഭഗം ഒന്നു വേറെ തന്നെ.
പാലൊളി തൂകും ചിരുയുമായി കുഞ്ഞിളം ചുണ്ടിലൊലിച്ചിറങ്ങും(ഒരു നെഞ്ചുവേദനയുടെ കഥ) സങ്കല്‍പ്പലോകത്തില്‍ സഞ്ചരീച്ചീടവേ'(കവിയുടെ ഘാതകര്‍) എന്നീ വരികള്‍ നമ്മുടെ പ്രിയപ്പെട്ട കവി വള്ളത്തോളിന്റെ കവിതകളിലെ ശബ്ദസൗകുമാര്യത്തെ ഒരു ചെറിയ തോതിലെങ്കിലും ഓര്‍മ്മിപ്പിക്കുന്നു.(വയാഗ്രയും, നീലിയും നളിനനും, കവിയുടെ ഘാതകര്‍, ഒരു നെഞ്ചുവേദനയുടെ കഥ.) ഞാന്‍ പാലാക്കാരന്‍', എന്ന കവിതയില്‍, പാലുപോലുള്ളവര്‍ പാലാക്കാര്‍ ഇത്തിരി വെള്ളം ചേര്‍ത്താലും നിറം തീരെ മങ്ങാത്തോര്‍', ഈ വരികളിലെ ദ്വയോക്തികളും നര്‍മ്മവും വായനക്കാരെ രസിപ്പിക്കുന്നതിനോടൊപ്പം ചിരിപ്പിക്കാനും വഴിയൊരുക്കുന്നു.
അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായി പിറന്ന യേശുദേവന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി പൊതുജനം ദുര്‍വ്യയം ചെയ്യുന്ന ദുരവസ്ഥയെ, 'ആട്ടവും പാട്ടുമീ ആര്‍ഭാടവും കൊള്ളാം, നിര്‍മ്മലമാക്കിയോ നിങ്ങള്‍ മനസ്സിനെ? അന്നമില്ലാതെ വലയും ദരിദ്രന്മാര്‍ക്കഷ്ടിക്ക് വല്ലതും നിങ്ങള്‍ കൊടുത്തുവൊ? സ്‌നേഹമാണീശ്വരന്‍ എന്നറിഞ്ഞോ? നിങ്ങള്‍ ചിത്തത്തില്‍ വാഴുമാ ദേവനെ കണ്ടുവോ?' എന്നീ അര്‍ത്ഥപൂര്‍ണ്ണമായ ചോദ്യശരങ്ങളിലൂടെ ആര്‍ദ്രചിത്തനായ കവി തന്റെ അനുകമ്പയും ദയയും തുറന്നുകാട്ടുന്നു. ഒപ്പം തന്നെ എന്റെ നാമത്തില്‍ കൊളുത്തും വിളക്കുകള്‍, തോരണം ചാര്‍ത്തുന്ന വീഥികള്‍, മേളങ്ങള്‍ നിഷ്ഫലമാണെന്നറിയുക നിങ്ങളില്‍ നിങ്ങളെ തന്നെ അറിയാതിരിക്കുകില്‍' എന്നു കവി പാടുമ്പോള്‍, നിഷേധാത്മകതയെ ഉണ്മയാക്കി മാറ്റുന്ന സൂചന, തന്നെ താന്‍ അറിയുവിന്‍, അല്ലെങ്കില്‍ അത് നീയാണെന്ന,(തത്വമസി) എന്ന വലിയ ദാര്‍ശനിക സന്ദേശം കവി വായനക്കാര്‍ക്ക് നല്‍കുന്നു.
ഭാഷാസ്‌നേഹം, ദേശസ്‌നേഹം, ആഘോഷങ്ങള്‍, ആദര്‍ശവനിത, സാഹിത്യപ്രതിഭ, സാംസ്‌കാരികസംഘടനകള്‍, സ്ത്രീ, പ്രണയം, പ്രകൃതി, എന്നിങ്ങനെ നിരവധി പ്രമേയങ്ങള്‍, കൊയ്തുകൂട്ടി ഉണക്കിസംഭരിച്ചുവച്ചിരിക്കുന്ന ഈ കവിതാപത്തായത്തിലുണ്ട്. പല കവിതകളിലും തുളുമ്പി നില്‍ക്കുന്ന സുധീറിന്റെ ശൃംഗാരഭാവനകളിലൂടെ കടന്നുപോകുമ്പോള്‍ ഈ ലേഖകനു ഓര്‍മ്മ വരുന്നത് അനശ്വരനായ വൈലോപ്പിള്ളിയുടെ 'വസന്തം' എന്ന കവിതയിലെ, 'പൂന്തേന്‍ കുടിപ്പാന്‍ പുറപ്പെട്ടതോരാതെ നീന്തുണ ശൃംഗാരസാഗരത്തില്‍!' എന്ന വണ്ടുകളുടെ ആത്മഗതമാണ്. 'കൊതിയോടെ കാത്തിരിപ്പൂ'എന്ന കവിതയിലെ 'മറക്കാനാവില്ലെന്നെ മരണം ഗ്രസിച്ചാലും ദേവ ദേവ നീയെന്റെ പ്രാണനില്‍ തിളങ്ങുന്നോര്‍' എന്ന വരികള്‍ വൈലോപ്പിള്ളിയുടെ 'കന്നിക്കൊയ്ത്തിലെ, ഹാ വിജിഗീഷുമൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്്ത്താന്‍' എന്ന ശാശ്വത സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു.
'ഒരു നെഞ്ചുവേദനയുടെ കഥയില്‍' 'വൈദ്യന്മാര്‍ തീര്‍ക്കുന്ന വ്യാധിയല്ലാത സുഖങ്ങളില്ലെനിക്കന്നുമിന്നും' എന്ന പ്രസ്താവനയിലൂടെ കീശയില്‍ നോട്ടമിടുന്ന ആധുനിക ഭിഷഗ്വരന്മാര്‍ രോഗമില്ലാത്തവനെ രോഗമുള്ളവനാക്കി അനാവശ്യകീറിമുറിക്കല്‍ നടത്തുന്ന ദുര്‍മ്മോഹികളുടെ വാര്‍ത്തകള്‍ നമുക്ക് ചുറ്റും നടമാടുന്നത് ഓര്‍മ്മയിലെത്തുന്നു. പിന്നെ, അച്ഛന്റെ ചിത്രത്തില്‍ തൊട്ടുനോക്കി ചിത്രമാണെങ്കിലും അവിടെയപ്പോള്‍ ആത്മബന്ധത്തിന്റെ ചരടഴിഞ്ഞു.' ഇവിടെ നാം ആത്മബന്ധത്തിന്റെ ബന്ധനത്തിന്റെ കുരുക്കഴിക്കുന്ന, ഹൃദയസ്പൃക്കായ വിവരണം ഒരു ചിത്രകാരന്റെ വിരുതോടെ, കവി നമുക്ക് കാണിച്ച് തരുന്നുണ്ട്. കവിയും കലാകാരനും ഒന്നിക്കുന്ന വിചിത്രസംഗമമെന്നല്ലാതെന്തു പറയാന്‍! തുടര്‍ന്നു 'വൈദ്യശാസ്ത്രത്തിനു ആത്മബന്ധം അളക്കാന്‍ അളവു കോലൊന്നുമില്ലതാനും' എന്ന നഗ്നസത്യം വിളിച്ചുപറയുമ്പോള്‍ ഹാസ്യോക്തികളിലൂടെ അപ്രിയ സത്യങ്ങള്‍ പറയാനുള്ള ചങ്കൂറ്റം ഈ കവി കാണിക്കുന്നു.
'സ്വപ്‌ന സുന്ദരിയിലെ' രണ്ടു വരികളെക്കുറിച്ച് പ്രതിപാദിക്കാതിരുന്നാല്‍ ഈ അപൂര്‍ണ്ണാസ്വാദനത്തിന്റെ അപൂര്‍ണ്ണതക്കായിരിക്കും മികവെന്നതിനാല്‍ പറയാതിരിക്കാന്‍ വയ്യ. മനസ്സറിയാതെ നാം ചോദിച്ച ചോദ്യങ്ങള്‍, മൗനങ്ങള്‍ നല്‍കിയ മറുപടികള്‍' എന്നു കവി ഉരിയാടുമ്പോള്‍, വിരുദ്ധോക്തികളിലൂടെ കവി പറയാതെ പറയുന്ന വാചാലതയുടെ ചിത്രം അവര്‍ണ്ണനീയം തന്നെ.
പ്രവാസികളുടെ ഈ പ്രണയഗായകനെ, മുഖ്യധാരയിലെ ഏതു കവിയുമായി താരതമ്യതുലനം ചെയ്യാമെന്ന വിലയിരുത്തല്‍, മാന്യവായനക്കാരുടെ ഊഹാപോഹങ്ങള്‍ക്ക് വിട്ടുകൊടുക്കാനാണ് ഈ ലേഖകനു ഹിതം. പുസ്തകത്തിന്റെ പിന്‍ ചട്ടയില്‍ ഒരു സൂചനാ വരിയുണ്ട്.' ആര്‍ക്കും വായിച്ചാല്‍ മനസ്സിലാകുംവിധം രചന നിര്‍വ്വഹിച്ചിട്ടുള്ള ഇതിലെ കവിതകള്‍ ആധുനികതയോട് അകലം പാലിച്ചുകൊണ്ട് കല്‍പ്പനയുടെ പടവുകളിലൂടെ അനുരാഗലോലരായ് കയറിപോകുന്നു എന്ന്. ശരിയാണ് കവേ, ഈ ലേഖകന്‍ ആരംഭത്തില്‍ സൂചിപ്പിച്ചപോലെ ദുരൂഹമായ ആധുനിക കവിതകള്‍ വായിച്ച് ആഗിരണം ചെയ്യുമ്പോഴുള്ള ആയാസം ഓര്‍ത്താല്‍, സുധീര്‍ കവിതകള്‍ വായിച്ചു രസിക്കാന്‍ വിഘാതങ്ങളേതും നല്‍കുന്നില്ല. അത്ര ഋജുവും സരളകോമളമായ ഭാഷയുമാണ് 'അക്ഷരക്കൊയ്ത്തി' ന്റെ സവിശേഷത എന്നു എടുത്തു പറയാതിരിക്കാന്‍ വയ്യ. വശ്യമായ ആഖ്യാനശൈലിയും, ചാരുതയാര്‍ന്ന എന്നാല്‍ ചടുലമായ ഭാഷാസ്വാധീനവും ഈ അനുഗ്രഹീത കവിയെ മലയാളവായനക്കാരുടെ ജനപ്രിയ എഴുത്തുകാരനാക്കിയത്് വിദേശമലയാളികളുടെ പുണ്യമെന്നല്ലാതെന്തു പറയാന്‍? ഒരു സാഹിത്യകാരന്‍ അക്ഷരങ്ങളിലൂടെ അനുവാചകര്‍ക്ക് നല്‍കുന്ന അനുഭൂതിയെ വെല്ലാന്‍ ഈ ദുനിയാവില്‍ മറ്റെന്താണുള്ളത്? സര്‍ഗ്ഗപ്രതിഭാധനനായ സുധീറില്‍ നിന്നും അനര്‍ഗ്ഗളമായ കവിതാപ്രവാഹം ഉണ്ടായിക്കൊണ്ടേയിരിക്കാന്‍ വാഗ്‌ദേവത പ്രസാദിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ സര്‍വ്വ മംഗളങ്ങളാശംസകളും അദ്ദേഹത്തിനു നേരുന്നു.
ഈ ലോകത്തിൽ കാവൽക്കാരന്റെ മേൽനോട്ടത്തിൽ അല്ലാത്ത ഏറ്റുവും ശുദ്ധമായ ശാസ്ത്രമാണ് സാഹിത്യശാസ്ത്രം. അമേരിക്കയിലെ മലയാള സാഹിത്യ ശാസ്ത്രത്തിനു തല്ക്കാലം ഒരു കാവൽക്കാരന്റെ ആവശ്യമില്ല .സാഹിത്യ ശാസ്ത്രം വികസ്വരമാണ്. കാലത്തിനും ദേശത്തിനും അനുസരിച്ചു പച്ചയായ ജീവിതത്തിലെ വ്യവഹാരമൂലമുണ്ടാകുന്ന സംസാരദുഃഖങ്ങളെ വൈകാരികമായി മഴവില്ലിന്റെ അൽപ്പായുസുള്ള ചമൽക്കാരപൂർവം പറഞ്ഞു കോരിത്തരിപ്പിച്ചാൽ മാത്രം പോരാ വൈചാരികമായ, ചിന്താപരമായ ,ബുദ്ധിപരമായ ശ്രേഷ്ഠതയും ഒന്നിക്കുമ്പോൾ മാത്രമാണ് എഴുത്തിൽ സാഹിത്യമുണ്ടാകുന്നത്. ഈ ചൈതന്യം കുടികൊള്ളുന്നതുകൊണ്ടാണ് വാല്മീകി, വ്യാസൻ ,കാളിദാസൻ, മുതലായ സാഹിത്യകാരന്മാർ ഇന്നും നമ്മുടെ സാമാജിക ശരീരത്തിൽ പ്രകാശം പ്രസരിപ്പിച്ചിച്ചുകൊണ്ടു പ്രവർത്തിക്കുന്നത് .അവരുടെ അപൂർവ്വ അതിഗമമായ ചാരുത ഇന്നും പ്രശോഭിച്ചു അക്ഷയ കാന്തിയോടെ വിളങ്ങുന്നത്.
മുത്ത് ഗവ്വ്, ഏനുണ്ടോടി താമരച്ചന്തം , അയ്യേ പറ്റിച്ചേ ,നിൻ തുമ്പ് കെട്ടിയിട്ട ചുരുൾ മുടിയിൽ , കൊതിയോടെ കാത്തിരുപ്പു, കൊഞ്ചാതെടി, കൊഞ്ചാതെടി കുറുമ്പുകാരി ,വളയൊച്ചകൾ ഇതെല്ലാം വായിക്കുമ്പോൾ എഴുത്തുകാരൻ കാല്പനികതയുടെ കുത്തൊഴുക്കിൽ (മനഃപൂർവ്വം )ചാടി അമർന്ന് അമർന്ന് അതിൽനിന്നും രക്ഷപെടാതെ നീന്തി നീന്തി കൊണ്ടിരിക്കുകയാണ് .ഈ സൃഷ്ടികൾ വായിക്കാൻ ആളുള്ളത് കൊണ്ട് അധുനാ(ഇപ്പോഴും )പ്രവർത്തിതമാണ് .അതായതു ആധുനികമാണ് .അതുകൊണ്ടു കാല്പനികതയും ആധുനികമാണ്. വർത്തമാനകാല കവിതകളും ആധുനികമാമാണ് എന്നത് മറക്കരുത് .
ലോക സമൂഹത്തിനു ബുദ്ധി പകരുന്ന ഏറ്റവും വലിയ മീമാംസയാണ് സാഹിത്യം എന്നത് നാം ഒരിക്കലും വിസ്മരിക്കരുത് .കാല്പനികത ജീവിതത്തിൽ നിന്നും അടർത്തിയെടുക്കാൻ ആർക്കും സാധ്യമല്ല.സ്ത്രിയില്ലെങ്കിൽ ജീവിതമില്ല ,സാഹിത്യമില്ല.കാല്പനികത ജീവിതത്തിന്റെ ഒരംശം മാത്രം .വർത്തമാന കവിതകളിലും പരാവിദ്യയുടെയും അപരാവിദ്യയുടെയും മേളനം ( ശരിയായ സാഹിത്യം )കാണാൻ പ്രയാസപ്പെടുന്നുണ്ട് .
വാക്കുകൾക്കപ്പുറത്തുള്ള ഒരു വൈരാഗ്യം ആരോടുമില്ല .മറ്റൊരുതരത്തിൽ വെളിപ്പെടുത്തിയാൽ വാക്കിൽ ശത്രുതയുമില്ല. ആശയത്തെയാണ് ഉയർത്തികാണിക്കുന്നത്.വിചാരശീലതയുള്ള വായനക്കാർ യുക്തിപൂർവം കാര്യങ്ങളെ അപഗ്രഥിക്കട്ടെ .ഈ എഴുതുന്ന ആളുടെ ശത്രുക്കൾക്കും സുഹൃത്തുകൾക്കും കൃതജ്ഞത നേരുന്നു.പ്രതികരണകോളത്തിൽ നിന്നും ഇതോടെ വിരമിക്കുന്നു.
(ഡോ.ശശിധരൻ)
‘സാഹിത്യ ശാസ്ത്രം’ എന്നാല്‍ എന്താണ് ?
,യുക്തി,ബുദ്ദി
പക്ഷേ ശാസ്ത്രം എന്ത് എന്ന് നിങ്ങളുടെ ഭാഷ്യം പറയുക. എന്നിട്ട് -സാഹിത്യ ശാസ്ത്രം എന്ത് എന്ന് കൂടി വിവരിക്കുക.
കാത്തിരിക്കുന്നു.
അറിവ് പകരണം, ആരെങ്കിലും അക്ഷരം വിതക്കുകയോ കൊയ്യുകയോ ചെയ്യട്ടെ. നെല്ലും പതിരും സാഹിത്യത്തിൽ ഉണ്ടാകും. പതിരൊക്കെ ജനം പാറ്റി കളയും. അറിവിന്റെ വന്മലയായ അങ്ങ് തിരിച്ച് ബര ണം. ഓന്റെ കബിതകൾ ഇങ്ങള് ബായിക്കണ്ടാന്നു. ഇങ്ങള് പറഞ്ഞാൽ ഞമ്മളും ബായിക്കില്ല.അഞ്ചാറു പേര് ഓന്റെ കബിതയെക്കുറിച്ച് എയ്തിയത് ഞമ്മള് ബായിച്ചപ്പോൾ നല്ലതായിരിക്കും കബിതകൾ എന്ന് കരുതി. നിങ്ങൾക്ക് അറിവുണ്ട്. ഇങ്ങള് പറയുന്നതാണ് ശരി. അപ്പോൾ അസ്സലാമു അലൈക്കും. തിരിച്ച് ബ ര ണം .