പുകവലി ആരോഗ്യത്തിനു ഹാനികരമാണ്; പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരും, തിയേറ്ററുകളിലും ടിവിയിലും പുകവലിക്കെതിരെയുള്ള പ്രചരണമാണിത്.
പുകവലിയെക്കാള്‍ എത്രയോ നീചവും ക്രൂരവും അക്ഷന്തവ്യവുമായ ഒരു സാമൂഹ്യാരാചകത്വമാണ് സ്ത്രീപീഢനം. അതിനെതിരെയും ശക്തമായ പ്രചരണവും പ്രതിഷേധവും ഉണ്ടാവേണ്ടതല്ലെ? സ്ത്രീകളെങ്കിലും ഒറ്റക്കെട്ടായി നിന്ന് അതിനെതിരെ പോരാടേണ്ടതല്ലെ?
സമൂഹത്തിലാകെ പകര്‍ച്ചവ്യാധി പോലെ പടര്‍ന്നുപിടിച്ചിരിക്കുകയാണ് സ്ത്രീപീഢനം. പതിനൊന്നുമാസമായ കുരുന്നു മുതല്‍ എണ്‍പതുവയസ്സായ വൃദ്ധറ്#വരെ പീഢിപ്പിക്കപ്പെടുന്നു. മാനസികമായ അരാചകത്വം ബാധിച്ച ഒരു കൂട്ടം പുരുഷന്മാരുടെ ഇടയിലാണെന്ന്; ഏതുസമയത്തും ചാടിവീണേക്കാവുന്ന, സ്‌നേഹവും മനുഷ്യത്വവും നശിച്ച് കാമവെറിക്കൂത്തുമായി പരക്കം പായുന്ന മൃഗതുല്യരായ നരാധമന്‍മാരുടെ ഇടയിലാണ് സ്ത്രീകള്‍ ജീവിക്കുന്നതെന്ന് നിത്യവും ഓര്‍മ്മിക്കേണ്ട അവസ്ഥയാണിന്നുള്ളത്. അതിന് അറുതിയുണ്ടായെ മതിയാവൂ.
എത്ര പറഞ്ഞാലും പുരുഷന്മാര്‍ക്ക് സ്ത്രീയുടെ വേദന മനസ്സിലാവില്ല.
പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാവാത്തതിനുകാരണവും അതുതന്നെയാണ്. പുരുഷന് കാമം തീര്‍ക്കലാണ് ലൈംഗികതയെങ്കില്‍ സ്ത്രീക്ക് സ്‌നേഹപൂര്‍ണ്ണതയില്‍ സംഭവിക്കുന്ന പരിപാവനമായ കര്‍മ്മമാണത്. അവന്റെ ശരീരത്തിന്റെ ഒരു ഭാഗം മാത്രം അതിനുസജ്ജമാകുമ്പോള്‍ സ്ത്രീയുടെ ശരീരം മുഴുവനും, മനസ്സും അതിനു സജ്ജമായെ മതിയാകൂ. പ്രണയപൂര്‍ണതയില്‍ നിന്നല്ലാതെയുള്ള ലൈംഗികത ഭര്‍ത്താവില്‍ നിന്നായാല്‍പോലും അവള്‍ക്കത് അറപ്പാണ്; വെറുപ്പാണ്. അവിടെ വെറും യാന്ത്രികതയ്ക്കപ്പുറം ആസ്വാദ്യതയുണ്ടാകുന്നില്ല. പുരുഷന് വേശ്യാലയങ്ങളെ സമീപിക്കാനാവുന്നതും ഈ യാന്ത്രികത മൂലമാണ്. ബലാല്‍സംഗങ്ങള്‍ തുടര്‍ക്കഥകളാകുന്നതും പുരുഷന്റെ ഈ ശാരീരിക വിലക്ഷണത കൊണ്ടാണ്.
ചെറുപ്പം മുതലെ ശരിയായ ലൈംഗിക ശിക്ഷണം കിട്ടിവരുന്ന ഒരു കുട്ടി ഒരിക്കലും പീഢകനാവുകയില്ല. മാതാപിതാക്കളും അധ്യാപകരും ഇതൊരു പ്രധാന വിഷയമായിക്കരുതി തക്കസമയത്ത് ശരിയായ തിരുത്തലുകള്‍ നല്‍കി കുട്ടികളെ വളര്‍ത്തേണ്ടതാണ്. മാതാപിതാക്കള്‍ക്കും കൗമാരക്കാര്‍ക്കും ശരിയായ ബോധവല്‍ക്കരണം നടത്താന്‍ സഭയും സമൂഹവും സാമൂഹ്യ സംഘടനകളും മുന്നോട്ടു വരണം. പാപം ചെയ്തിട്ടു കുമ്പസരിച്ചു പാപം കളയാനല്ല നോക്കേണ്ടത് പാപം ചെയ്യാതിരിക്കാനുള്ള പാഠങ്ങളാണ് സഭയില്‍ നിന്നുണ്ടാകേണ്ടത്.
പണ്ടു മുതലേ സ്ത്രീയെ ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് എവിടെയും ഉണ്ടായിരുന്നത്. പുരുഷാധിപത്യസമൂഹത്തില്‍ പുരുഷനെന്തുമാകാം സ്ത്രീ എന്തുവന്നാലും സഹിച്ചു ജീവിച്ചുകൊള്ളണം എന്ന മനോഭാവം പുരുഷന്‍ ഉണ്ടാക്കിയെടുത്തതാണ്. അതിനിയെങ്കിലും അനുവദിച്ചു കൂടാ. സ്ത്രീയ്ക്കും പുരുഷനും ശാരീരിക പ്രക്രിയയില്‍ വന്ന മാറ്റം തലമുറകളുടെ നിലനില്‍പ്പിനുവേണ്ടി മാ്ത്രമാണ്. അല്ലാതെ പേശീബലത്താല്‍ അടിമയാക്കി ആക്രമിക്കുന്നതിനു വേണ്ടിയല്ല.
മലയാളി എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം സംഘടനകളും ഉണ്ട്. ഈ സംഘടനകള്‍ ഏന്തെങ്കിലും സ്ത്രീപീഢനത്തിനെതിരായി ശക്തമായി പ്രതികരിക്കുന്നുണ്ടോ? ചാരിറ്റി പ്രവര്‍ത്തനവും സോഷ്യലൈസേഷനുമായി സംഘടനകള്‍ മുന്നേറുമ്പോള്‍ ഇനിയെങ്കിലും ഇതൊരു സാമൂഹ്യപ്രശ്‌നമാണെന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സംഘടനകള്‍ തയ്യാറാകണം. വേള്‍ഡ് മലയാളി കൗണ്‍സില്‍, ഫോമാ, ഫൊക്കാനാ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ്, ഇന്‍ഡ്യ പ്രസ്സ് ക്ലബ് തുടങ്ങിയ അമേരിക്കന്‍ സംഘടനകളും അമേരിക്കയിലെയും ഇന്‍ഡ്യയിലെയും പ്രാദേശിക സംഘടനകളും ഇന്‍ഡ്യയിലെ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുമെല്ലാം ഈ വിഷയത്തിനു പ്രാധാന്യം കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സംഘടനകള്‍ വഴി ഇതിന്റെ പ്രാധാന്യം രാഷ്ട്രത്തെ ബോധ്യപ്പെടുത്തണം. കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ സാമൂഹ്യവിപത്തിന് മാറ്റം വരും. പീഢനത്തിനുപയോഗിക്കുന്ന അംഗങ്ങള്‍ക്ക് ഹാനി സംഭവിക്കണം, അവനെ തെരുവിലൂടെ നടത്തി പ്രദര്‍ശിപ്പിക്കണം. പൊതുജനം തല്ലിചതച്ചാലൊ അടിച്ചുകൊന്നാലൊ അത് അധികമാകുകയില്ല. അതുകണ്ടെങ്കിലും ഈ മനുഷാധമന്മാര്‍ ഒതുങ്ങുന്നെങ്കില്‍ ഒതുങ്ങട്ടെ.
സൗമ്യാ ജിഷ, അഭയ, നിര്‍ഭയ, ആസിഫാമാര്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകണം. വേണ്ടി വന്നാല്‍ സ്ത്രീസമൂഹം മുഴുവന്‍ തെരുവിലിറങ്ങണം. അമ്മ പെങ്ങന്മാരും മക്കളും ഉള്ള പുരുഷന്മാരും ഒത്തുചേരണം. ഇനി ഒരു കുട്ടിയോ സ്ത്രീയോ അപമാനിതരാകരുത്; ക്രൂരമായി പിച്ചിച്ചീന്താന്‍ ഇടയാകരുത്; ക്രൂരമായി പിച്ചിച്ചീന്താന്‍ ഇടയാകരുത്; മരിക്കാതെ മരിച്ചു ജീവിക്കാന്‍ ഇടയാകരുത്.
മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ കണ്ടില്ലെന്നു നടിക്കുന്ന സംഘടനകള്‍ എന്തിന്? മതങ്ങള്‍ എന്തിന്? രാഷ്ട്രീയപ്രവര്‍ത്തകനും എന്തിന്? നാം ചിന്തിക്കുക, പ്രതികരിക്കുക.