ലോകമെങ്ങും അരാജകത്വം നടമാടിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും കേള്‍ക്കുന്ന വാര്‍ത്തകളില്‍ നല്ല ശതമാനവും, സുഖകരമല്ല. മനസാക്ഷി മാത്രമല്ല ശരീരമാസകലം മരവിപ്പിക്കുന്ന ഈ വാര്‍ത്തകള്‍ ലോകജനതയെ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് തന്നെ തള്ളിയിടുന്നു.പ്രത്യേകിച്ചും, അത് ഒരു കേരളീയനെക്കുറിച്ചുള്ളൊരു വാര്‍ത്തയാകുമ്പോള്‍. സ്വന്തം കുടുംബത്തു നടന്ന ദുരന്തം പോലെ ദുരന്ത വാര്‍ത്തകളെ നമ്മള്‍ മലയാളികള്‍ നെഞ്ചോടു ചേര്‍ക്കുന്നു. സങ്കടപ്പെടുന്നു..
അടുത്തിടെ നമ്മുടെ മലയാളി സമൂഹത്തില്‍ നടന്ന ചില വാടക കൊല പ്ലോട്ടുകള്‍ ഇതിനൊക്കെ ഉദാഹരണങ്ങളാണ്. അധിക നാളായില്ല ന്യൂ യോര്‍ക്ക്കാരനായ മലയാളിഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്താന്‍ ഒരാളെ ഏര്‍പ്പെടുത്തിയ സംഭവം നടന്നിട്ട്. ഇന്‍ഷുറന്‍സ് തുക ആയിരുന്നു ലക്ഷ്യം. ഒരു സുഹ്രുത്തിനോടാണു കൊല ചെയ്യാന്‍ ആദ്യം പറഞ്ഞത്. അയാള്‍ പോലീസിനെ അറിയിക്കുകയും, പിന്നീട് പോലീസ് തന്നെ ഒരാളെ കൊലയാളി വേഷത്തില്‍ വിട്ടു ഇയാളെ അകത്താക്കുകയുമാണുണ്ടായത്.. 32 വയസുണ്ടായിരുന്ന പ്രതിക്ക് 2007-ല്‍ 5 മുതല്‍ 15 വരെ വര്‍ഷം ശിക്ഷ കിട്ടി. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കും.
ഡാലസില്‍ ഒരു മലയാളി ഭാര്യ, ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകനായ ആഫ്രിക്കന്‍ അമേരിക്കക്കാരനെ നിയോഗിക്കുന്നതും കാമുകന്‍ കൃത്യം നടത്താന്‍ തുനിയവെ കാമുകിയുടെ കുട്ടിയെ അപ്രതീക്ഷിതമായി വീട്ടില്‍ കണ്ടതും കുട്ടി പോലീസിനെ വിളിച്ചതും മറ്റൊരു സംഭവം. അയാള്‍ക്ക് കൊല നടത്തുവാന്‍ കഴിയാതെ പോലീസിന്റെ പിടിയിലായി.
ബോസ്റ്റണില്‍ നിന്നുള്ള മലയാളി-തമിഴ് മാതാപിതാക്കളുടെ പുത്രി ന്യു ജെഴ്സിയില്‍ വന്ന് പാക്കിസ്ഥനിയായ തന്റെ കാമുകന്റെ ഭാര്യയെ കൊന്നത് ഏഴു വര്‍ഷം മുന്‍പാണ്. അന്നു ഇരുപത്തെട്ടുകാരിയായ യുവതിക്കു ദീര്‍ഘ കാലത്തെ ശിക്ഷ കിട്ടി. കാമുകനും കിട്ടി ജീവപര്യന്തം.
2015 ലാണ് ഓസ്ട്രേലിയയില്‍ താമസക്കാരിയായിരുന്ന യുവതിയും, കാമുകനും കൂടി ഭര്‍ത്താവിനെ സയനൈഡ് കൊടുത്തു കൊന്ന സംഭവം നടക്കുന്നത്. വിവാഹത്തിനു മുന്‍പുണ്ടായിരുന്ന കാമുകന്‍ വിവാഹ ശേഷം യുവതിയുടെ ജീവിതത്തിലേക്ക് തിരികെ വരികയും ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഇവര്‍ രണ്ടു പേരും കൂടി പ്ലാന്‍ ചെയ്യുകയുമാണുണ്ടായത്. ഇവര്‍ക്കൊരു കുഞ്ഞുമുണ്ട്. കാമുകിയും കാമുകനുമിന്നു ആസ്‌ട്രേലിയന്‍ ജയിലില്‍ കഴിയുന്നു.
ഷിക്കാഗോയിലെ മുപ്പത്തിയൊന്നുകാരിയുടെ ബിറ്റ് കോയിന്‍ കൊട്ടേഷനാണ് മലയാളിയെ ഞെട്ടിച്ച പുതിയ വാര്‍ത്ത. അറ്റ്ലാന്റാക്കാരിയായ അവള്‍ ഷിക്കാഗോക്കാരന്‍ പയ്യനുമായി ഓണ്‍ലൈന്‍ വഴി കണ്ടുമുട്ടി പ്രണയത്തിലായി. 2016 ല്‍ വിവാഹിതരുമായി.
എന്നാല്‍ വെറും ഒന്നര വര്‍ഷത്തിനകം കൂടെ ജോലി ചെയ്തിരുന്ന വിവാഹിതനായ പുരുഷനുമായി അവര്‍ക്കു അഫയര്‍ ഉണ്ടാവുകയും, അത് തകര്‍ന്നപ്പോള്‍ പ്രതികാരമായി കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ പതിനായിരം ഡോളര്‍ ഒരു വെബ്സൈറ്റിനു നല്‍കുകയും ചെയ്ത കേസിലാണ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്.
എന്തായിരിക്കാം അഭ്യസ്തവിദ്യരായ ഇവരെയെല്ലാം കൊണ്ട് ഇത്തരം പാതകങ്ങള്‍ ചെയ്യിക്കുവാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ ? ഇവര്‍ക്കെല്ലാമുണ്ടായിരുന്ന ഒരു പ്രത്യേകത ഇവരെല്ലാം പ്രണയിതാക്കളോ, പ്രണയത്തകര്‍ച്ച നേരിട്ടവരോ ആയിരുന്നു എന്നതാണ്. . ഇവരുടെയെല്ലാം പ്രണയബന്ധങ്ങളും, വിവാഹേതര ബന്ധങ്ങളായിരുന്നു. പ്രണയത്തകര്‍ച്ചയും, നിരാശയും കൂടെ, പ്രണയം തകര്‍ത്ത തലച്ചോറിന്റെ നിയന്ത്രണമില്ലാത്ത പ്രവര്‍ത്തങ്ങളും എല്ലാം ഇവരെ ഈ തരം അധമ പ്രവര്‍ത്തികളിലേക്കും, കുറ്റകൃത്യങ്ങളിലേക്കും, നയിക്കുകയാണുണ്ടായത് എന്ന് അനുമാനിക്കാം.
അഗാധമായ ദുഃഖത്തിലും, നിരാശയിലും, കടുത്ത ഡിപ്രഷനിലും വിവേചന ബുദ്ധിയും, തിരിച്ചറിവും, നഷ്ടപ്പെട്ടു, വിവേകം വികാരത്തിന് വഴി മാറികൊടുത്തിട്ടുണ്ടായ ശപ്ത മുഹൂര്‍ത്തത്തിലാവണം ഇങ്ങനെ ഒരു പാതകം ചെയ്യിക്കാന്‍ ഇവര്‍ ഒരുങ്ങിപ്പുറപ്പെട്ടിട്ടുണ്ടാവുക. അവര്‍ക്കു ഈ പ്രശനങ്ങള്‍ പറഞ്ഞു പരിഹാരം കാണാനോ കരയാനോ, ചര്‍ച്ച ചെയ്യാനോ, നല്ല ബുദ്ധി പറഞ്ഞു കൊടുക്കുവാനോ പറ്റിയ നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ലേ? എന്ത് കൊണ്ട് സ്വന്തം കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ ഇവര്‍ ഓര്‍ത്തില്ല? ഈ തരം ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുവാനുള്ള ധൈര്യം എങ്ങിനെയുണ്ടാവുന്നു ? ഈ ചോദ്യങ്ങളെല്ലാം ഉത്തരങ്ങളില്ലാതെ അവശേഷിക്കുന്നു.
എന്താണ് പ്രണയത്തിലിരിക്കുമ്പോഴും അത് തകരുമ്പോഴും, സ്ത്രീ പുരുഷന്മാര്‍ ഈ തരം പ്രവര്‍ത്തികള്‍ ചെയ്തു കൂട്ടുന്നത് ? കാരണം തേടി പോകുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങള്‍ പലതാണ്. ഒരു പരിധി വരെ നമുക്ക് മനുഷ്യ മനസിന്റെ പ്രഹേളികകളായി ഇതിനെ കണക്കാക്കാം. എന്നാല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുവാന്‍ ഇതൊരു ന്യായികരണമാവുന്നില്ല താനും. മനുഷ്യനെക്കുറിച്ചും, അവന്റെ ശാരീരിക വൈകാരിക സാമൂഹിക ബന്ധങ്ങളെക്കുറിച്ചും പെരുമാറ്റരീതികളെക്കുറിച്ചും, ശാസ്ത്രം എന്തെല്ലാം പഠിച്ചു, പഠിപ്പിച്ചു എന്ന് പറഞ്ഞാലും പ്രണയം ഇന്നും, ഒരു മരീചികയായി തന്നെ നിലകൊള്ളുന്നു.
പ്രണയം, മനുഷ്യന് ഏറ്റവും സുഖമുള്ള അനുഭൂതി തന്നെയാണ്. എന്നാല്‍ ചിലപ്പോള്‍ അതികഠിനമായ ഹൃദയവേദനയും അത് സമ്മാനിക്കുന്നു. വിരഹം പ്രണയികള്‍ക്കു മനോവേദനയുളവാക്കുന്നു. പ്രണയം തലക്കു പിടിച്ചവര്‍ പലതരം ചേഷ്ടകളിലേക്കും വിഡ്ഢിത്തങ്ങളിലെക്കും അത് വഴി ഒരു പക്ഷെ പല അപകടങ്ങളിലേക്കും എത്തിപ്പെടുന്നു. വളരെ സൂക്ഷിച്ചില്ലെങ്കില്‍ പ്രണയം കടുത്ത നിരാശയിലേക്കും നമ്മളെ തള്ളിയിട്ടെന്ന് വരും.
വരും വരാഴികകളോര്‍ക്കാതെ പ്രണയത്തിലേക്ക് എടുത്തു ചാടുന്നവര്‍ക്ക് പിന്നീടു പ്രണയം നഷ്ട്ടപ്പെടുമ്പോള്‍ അത് വൈരാഗ്യമായും പകയായും, പുകഞ്ഞു നീറി അവസാനം അഗ്നിപര്‍വതം പോലെ പൊട്ടിയൊലിച്ചു, കൊലപാതകങ്ങളിലൊക്കോ ആത്മഹത്യയിലേക്കോ ഒക്കെ പോലും നയിക്കാം. കാര്യങ്ങള്‍ കൈ വിട്ടു പോയെന്നും വരാം. പ്രണയത്തിനു കണ്ണില്ലെന്ന ചൊല്ലു നാമെപ്പോഴും, കേള്‍ക്കുന്നതാണ്. പ്രണയത്തിനു കണ്ണില്ലെന്നു മാത്രമല്ല, റൊമാന്റിക് പ്രണയങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ചിലര്‍ക്ക് ബോധവും ഇല്ലെന്നതാണ്സത്യം.
വിശ്വസാഹിത്യകാരന്മാര്‍ വാനോളം വാഴ്ത്തി പുകഴ്ത്തിയിരിക്കുന്ന ഈ പ്രണയത്തെക്കുറിച്ചും ഒരല്‍പം പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല. പ്രണയത്തിലായിരിക്കുന്ന ഒരാളുടെ തലച്ചോറ് ലഹരി പദാര്‍ത്ഥങ്ങകള്‍ക്കു അടിമയായിട്ടുള്ള ഒരാളുടേതിന് തുല്യമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവരുടെ തലച്ചോറില്‍ നിന്നും , ഡോപ്പാമിന്‍, സെറട്ടോണിന്‍, എപ്പിനെഫ്രിന്‍ തുടങ്ങിയ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ നിരന്തരം നിര്‍ഗമിക്കുമത്രേ. കൊക്കെയിന്‍ എന്ന മയക്കു മരുന്ന് എടുക്കുന്ന ഒരാളുടെ തലച്ചോറില്‍ ഡോപ്പാമിന്റെ അളവെത്ര ഉണ്ടാകുമോ അത്രയും, തന്നേയായിരിക്കും. എക്സ്റ്റസി എന്ന ലഹരി ഉപയോഗിക്കുമ്പോള്‍ ഒരാളുടെ തലച്ചോറില്‍ വരുന്ന അതെ മാറ്റങ്ങളാണ് പ്രണയത്തിലിരിക്കുന്ന ഒരു വ്യക്തിയുടെ തലച്ചോറിലും ഉണ്ടാവുന്നത്.
ലഹരി മരുന്നിനു അടിമപ്പെടുന്ന ആള്‍ക്ക് അത് കിട്ടാതെ വരുമ്പോളുണ്ടാകുന്ന മാനസികവും, ശാരീരികവുമായ പ്രയാസങ്ങളും, ചേഷ്ടകളും ഉണ്ടാക്കുന്ന വിത്‌ഡ്രോവല്‍ സിംപ്റ്റംസ് തന്നെയാണ് പ്രണയത്തിലിരിക്കുന്ന ആള്‍ക്ക്, പ്രണയിതാക്കളെ കാണാതെയിരിക്കുമ്പോഴോ പ്രണയം നഷ്ട്ടപ്പെടുമ്പോഴോ ഉണ്ടാകുന്നത്. പ്രണയം കമിതാക്കളെ പൊസ്സസീവ് ആക്കുന്നു. പ്രത്യേകിച്ചും, തീവ്രപ്രണയത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ ചിലര്‍ക്ക് താല്‍ക്കാലികമായെങ്കിലും, തിരിച്ചറിവ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
അവരുടെ മനസ്സില്‍ ഒരൊറ്റക്കാര്യം മാത്രം. കമിതാവിനെ പറ്റിയുള്ള ചിന്തയില്‍ ഇരുപത്തിനാലു മണിക്കൂറും മുഴുകി അവര്‍ക്കു പരിസര ബോധം പോലും ഇല്ലാതെയാവുന്നു. അവരുടെ തലയില്‍ കാമുകന്‍ അല്ലങ്കില്‍ കാമുകി ഒരു ടെന്റ് കെട്ടി ക്യാമ്പ് അടിച്ചു താമസിക്കുന്നതു പോലെയുള്ള തോന്നലാണ്. ഊണിലും ഉറക്കത്തിലും, അത് തന്നെ ചിന്ത. ദിവാസ്വപനം കാണല്‍. ഇതിനു ആണ്‍ പെണ്‍ വ്യത്യസമോ പ്രായവ്യത്യാസമോ ഇല്ലെന്നാണ് മെഡിഡിക്കല്‍ സയന്‍സ് പറയുന്നത്.
എന്നാല്‍ പ്രണയ ബന്ധങ്ങള്‍ ശാരീരിക ബന്ധത്തിലേക്ക് വഴി മാറുമ്പോള്‍ പുരുഷന്റെയും, സ്ത്രീയുടെയും, കാഴ്ചപ്പാട്, മാനസിക അവസ്ഥ, ഇവയെല്ലാം വ്യത്യസ്തമാണ്. ധാരാളം പഠനങ്ങള്‍ ഇത് ശരി വെയ്ക്കുന്നു.
സൈക്കോളജി ടുഡേയില്‍ സെക്സ് തെറപ്പിസ്റ്റായ ലോറി വാട്സ്സന്റെ ചില പഠനങ്ങളനുസരിച്ചു ഒരു സ്ത്രീ അവളുടെ ശരീരം ഒരാളുമായി പങ്കു വെയ്ക്കന്നത് മാനസികമയി ഒരു അടുപ്പം വന്നതിനു ശേഷമോ അയാളോട് പ്രണയം തോന്നിത്തുടങ്ങുമ്പോഴോ ആയിരിക്കും. എന്നാല്‍ പുരുഷന് സെക്സ് എന്ന് പറയുന്നത് ശരീരത്തിന്റെ വിളി മാത്രമാണ്. സ്ത്രീയുടെ മനസുമായോ ബന്ധങ്ങളില്‍ കെട്ടപ്പെടാനോ ഒന്നും അവനു ആദ്യകാലങ്ങളില്‍ താല്പര്യമുണ്ടാവുകയില്ല.
പുരുഷ ശരീരത്തിലെ അമിതമായ ടെസ്റ്റസ്ട്രോണിന്റെ അളവ് അവനു എപ്പോളും ലൈംഗികമായ ഉത്തേജനം ഉണ്ടാക്കുകയും, ബന്ധങ്ങളെ ശാരിരികമാക്കാന്‍ മുന്‍കൈ എടുക്കുകയും, അതിനു കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്യും. പുരുഷനെ സംബന്തിച്ചിടത്തോളം സെക്സിലൂടെയാണു അവനു പ്രണയം കൂടുന്നതും, അതിന്റെ പൂര്‍ണതയിലേക്ക് വരുന്നതും. ശാരീരിക ബന്ധമുണ്ടാകുന്നതിനു മുന്‍പേ പുരുഷനുമായി ഒരു ആത്മബന്ധം ഉണ്ടാവണം എന്ന് സ്ത്രീ ആഗ്രഹിക്കുമ്പോള്‍ പുരുഷന്റെ കാഴ്ചപ്പാട് നേരെ തിരിച്ചാണ്. സെക്സ്വല്‍ റിലേഷന്‍ഷിപ്പ് വഴി ആത്മബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാമെന്നു അവന്‍ ചിന്തിക്കുന്നു.
ഇതിനെല്ലാം വിപരീത രീതിയില്‍ ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും, ചെയ്യുന്ന സ്ത്രീ പുരുഷന്മാര്‍ കണ്ടേക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടി അന്യോന്യം ഉപയോഗിക്കുന്ന സ്ത്രീ പുരുഷന്‍മാരും ധാരാളം. പുരുഷന്‍മാരെ പോലെ തന്നെ, വണ്‍ നൈറ്റ് സ്റ്റാന്‍ഡ് ബന്ധങ്ങള്‍ക്ക് തയ്യാറാവുന്ന സ്ത്രീകളും, ഇന്ന് ധാരാളം. പക്ഷെ, പിന്നീട് അവരും, ചില മാനസിക പ്രശ്ങ്ങളില്‍ കൂടെ കടന്നു പോവുന്നു എന്നും സാമൂഹിക പഠനങ്ങള്‍ തെളിയിക്കുന്നു. സ്ത്രീക്ക് ശാരീരിക ബന്ധം വഴി കാമുകനുമായുള്ള പ്രണയം കൂടുതല്‍ ദൃഢമാവുകയാണ് ചെയ്യുന്നത്. ബന്ധപ്പെടലിനു ശേഷം അവന്‍ പൊടി തട്ടിപ്പോകുന്നത് അവള്‍ക്കു സഹിച്ചെന്നു വരില്ല.
അപ്പോള്‍ ഇതാണ് പ്രണയത്തിന്റെയും, ലൈംഗികതയുടെയും വസ്തുതകള്‍ എന്നിരിക്കെ ഇതൊക്കെ മനസിലാക്കാതെ, കൂട്ടുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാവുകയും, പിന്നീട് അവനെ അതിന്റെ പേരില്‍ പീഡിപ്പിക്കുകയും, ചെയ്യുന്ന പ്രവണത നാം നല്ല ശതമാനം സ്ത്രീകളിലും കണ്ടു വരുന്നു. ഈ കാഴ്ചപ്പാട് തന്നെയാണ് വിവാഹേതര ബന്ധങ്ങളിലും അവര്‍ പുലര്‍ത്തുന്നത്. ഒരു പുരുഷനെ സ്വന്തമാക്കാന്‍ അവനു കിടപ്പറ വിരിച്ചു കൊടുക്കുകയും, പിന്നീട് അവനെ ബ്ലാക് മെയില്‍ ചെയ്യുകയുമൊക്കെ ചെയ്യുന്ന സ്ത്രീകളുമുണ്ട് .
പ്രിയപ്പെട്ട സ്ത്രീ സുഹൃത്തുക്കളെ, ഇന്ന് നമുക്ക് തിരഞ്ഞെടുക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ട്. പുരുഷനു ശരീരം സമര്‍പ്പിക്കുന്നതിന് മുന്‍പ് നാം തീരുമാനമെടുക്കേണ്ടതുണ്ട്. ചാടിക്കയറി കൂട്ടു കെട്ടുകള്‍ ഉണ്ടാക്കി, പിന്നീടത് ശാരീരിക ബന്ധങ്ങളിലേക്കു പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ എല്ലാം ഒന്ന് കണക്കിലെടുക്കുന്നതു നന്നായിരിക്കും. അതല്ലാതെ, എല്ലാം കഴിഞ്ഞതിനു ശേഷം പുരുഷനെ കുറ്റപ്പെടുത്തിയിട്ടോ സ്വയം കുറ്റപ്പെടുത്തിയിട്ടോ കാര്യമില്ല.
പുരുഷന്‍ ഇങ്ങനെയൊക്കെയാണ്, സ്ത്രീകള്‍ ഇങ്ങനെയൊക്കെയാണ്. അവന്റെ തലച്ചോറിന്റെ ഘടന ഇങ്ങനെയൊക്കെയാണ്, അവനു ആത്മബന്ധത്തേക്കാള്‍ ആദ്യം താല്പര്യത്തെ ഉണ്ടാവുന്നത് ശാരീരിക ബന്ധത്തോടാണ്. സ്ത്രീകള്‍ക്കങ്ങിനെയല്ല. ഇതൊക്കെ മനസിലാക്കിയാല്‍ സ്ത്രീകളെ നമ്മള്‍ വിജയിച്ചു.
സ്ത്രീക്ക് താല്പര്യമില്ലെങ്കില്‍ ശാരീരിരിക ബന്ധത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക. വേണ്ടെങ്കില്‍ വേണ്ടായെന്ന ഉറച്ച നിലപാടെടുക്കുക. ശാരീരിക ബന്ധത്തിലൂടെ പുരുഷനെ വശത്താക്കാം, തന്റെ വരുതിയില്‍ കൊണ്ട് വരാം, ഒരു കമ്മിറ്റഡ് റിലേഷന്‍ഷിപ്പുഅത് വഴി ഉണ്ടാക്കിയെടുക്കാം എന്ന് ചിന്തിക്കുന്ന സ്ത്രീ വിഡ്ഢിയാവുകയേ ഒള്ളു.
നിങ്ങളോടു യഥാര്‍ത്ഥത്തില്‍ പ്രണയമുള്ള പുരുഷന്‍ കാത്തിരിക്കുക തന്നെ ചെയ്യും. മറ്റു സമൂഹങ്ങളിലുള്ളതിനേക്കാള്‍ ഇന്ത്യന്‍ സമൂഹത്തിലെ സ്ത്രീകള്‍ക്കാണ് ഈ തരം മാനസികാവസ്ഥ. ഉഭയ കക്ഷി സമ്മതത്തോടെ നടന്നിട്ടുള്ള ശാരീരിക ബന്ധങ്ങളെ, പിന്നീട് പീഡനം എന്ന ലേബല്‍ കുത്തി വരുന്നതിനെ ഇന്ത്യന്‍ നീതിന്യായ കോടതി പോലും, അടുത്തിടെ അപലപിച്ചിരുന്നു.
ഈ വിഷയങ്ങളെക്കുറിചു പറയുമ്പോള്‍ വിവാഹേതര ബന്ധങ്ങളെക്കുറിച്ചു പറയാതിരിക്കുവാന്‍ കഴിയില്ലല്ലോ. . ലോകമെങ്ങുമുള്ള മലയാളിയുടെ ഈശ്വര വിശ്വാസവും, മതസ്ഥാപനങ്ങളിലേക്കുള്ള ഒഴുക്കും, പഴയതിലും, കൂടി എന്ന് കണക്കുകള്‍ പറയുമ്പോഴും, അവിഹിത ബന്ധങ്ങളും, വിവാഹേതര ബന്ധങ്ങളും, നമ്മുടെ സമൂഹത്തിലും, വര്‍ധിചു വരുന്നതായി കാണുന്നു. ഓ നമ്മള്‍ മലയാളികളല്ലേ, നമ്മള്‍ വിശുദ്ധരല്ലെ , നമ്മളൊക്കെ അവിഹിത ബന്ധങ്ങളില്ലേക്ക് പോകുമോ, എന്നൊക്കെ പറഞ്ഞു കണ്ണടച്ച് ഇരുട്ടാക്കിയിട്ടു ഒരു കാര്യവുമില്ല.
പല കാരണത്താലും കപട സദാചാരം മുഖമുദ്രയാക്കിയ ഒരു സമൂഹമാണ് നമ്മളെന്നിരിക്കെ തീര്‍ച്ചയായും, ഇതൊക്കെ ഇല്ലായെന്ന് വിശ്വസിക്കുവാനാണ് നമുക്ക് സൗകര്യം. നമുക്ക് ഇഷ്ട്ടം . അവിഹിത ബന്ധങ്ങളിലേക്കു പോവാത്തവരാണ് നല്ല ശതമാനം പേരുമെന്നിരിക്കെ, ജാര ബന്ധങ്ങള്‍ ഉണ്ടെന്നുള്ള സത്യം മറച്ചു വെച്ചിട്ടു കാര്യമില്ല.
വിവാഹേതര ബന്ധങ്ങള്‍ ഉണ്ടാകുവാന്‍ കാരണങ്ങള്‍ പലതാണ്. സ്വന്തം വിവാഹ ജീവിതത്തോടും, താന്‍ തിരഞ്ഞെടുത്ത ജീവിത പങ്കാളിയോടുമുള്ള മാനസികവും, ശാരീരികവുമായ അകല്‍ച്ചകള്‍ പലരെയും, വിവാഹേതര ബന്ധങ്ങളിലേക്കു പോകാന്‍ നിര്‍ബന്ധിതരാക്കുന്നു. ശാരീരികമായും, മാനസികമായും പീഡനം അനുഭവിക്കുന്നവര്‍, പല കാരണങ്ങള്‍ കൊണ്ടും, പങ്കാളിയില്‍ നിന്ന് അകന്നു ജീവിക്കുന്നവര്‍, ജീവിതത്തിലെ പല വിധത്തിലുള്ള സ്ട്രെസ്, വിശ്വാസക്കുറവ്, അന്യോന്യമുള്ള ശാരീരിക ആകര്‍ഷണമായില്ലായ്ക, പങ്കാളിയുടെ ലൈംഗിക താല്പര്യമില്ലായിക ഇവയെല്ലാം പുറമെയുള്ള ബന്ധങ്ങള്‍ തേടി പോകാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നു.
വിരല്‍ത്തുമ്പില്‍ വസന്തം വിരിയിക്കുന്ന ടെക്നോളജിയും, എല്ലാ നൂതന സജ്ജീകരണങ്ങളോട് കൂടിയും, ഇറങ്ങുന്ന സ്മാര്‍ട്ട് ഫോണുകളും, സാമൂഹിക മാധ്യമങ്ങളിലെ സ്വതന്ത്ര പങ്കാളിത്തവും, നീലച്ചിത്രങ്ങളുടെ അതിപ്രസരവും, സുലഭതയും, എല്ലാം ഇന്ന് അവിഹിത ബന്ധങ്ങള്‍ക്ക് പാലും തേനും, ഊട്ടി വളര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ഈ പറഞ്ഞ ഒരു കാരണവുമില്ലാതെ ജാരബന്ധങ്ങള്‍ക്ക് പോകുന്നവരും, ധാരാളം. സെക്‌സ് അഡിക്ടസ് എന്ന വിഭാഗത്തിലാവും ഇവരുടെ സ്ഥാനം.
വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീയും, പുരുഷനും ഈ തരം പ്രണയക്കുരുക്കുകളില്‍ വീണു ജീവിതം നാശമാക്കിയതിന്റെ എത്രയോ ഉദാഹരണങ്ങളാണ് നമുക്ക് ചുറ്റും.. ചെറിയ മക്കളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ ഓടിപ്പോകുന്ന സ്ത്രീകളും, സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും, കളഞ്ഞിട്ടു കാമുകിയെ വിവാഹം കഴിക്കുന്ന പുരുഷന്മാരും ഇന്ന് ധാരാളം. പക്ഷെ, പ്രണയത്തിന്റെ ഹണിമൂണ്‍ കഴിഞ്ഞു, ഹോര്‍മോണ്‍ വേലിയേറ്റങ്ങളെല്ലാം ഇറങ്ങിക്കഴിയുമ്പോളാണ് യാഥാര്‍ഥ്യത്തിന്റെ മുഖം അവര്‍ക്കു മനസിലായി തുടങ്ങുന്നത്. അപ്പോഴേക്കും, ഒരു വശത്തു എല്ലാം നഷ്ട്ടപ്പെട്ടിരിക്കും. കുറെ നാള്‍ കഴിയുമ്പോള്‍ പുതിയ കാമുകനോ കാമുകിക്കോ അവരെ മടുത്തെന്നു വരും. അക്കരെ നിന്ന് നോക്കിയപ്പോള്‍ കണ്ട ഇക്കരപ്പച്ചക്കു അത്ര പച്ചപ്പില്ലായിരുന്നെന്നു മനസിലായാലും, പിന്നെ എന്തെങ്കിലുമാകട്ടെയെന്നു കരുതി ചത്ത് ജീവിക്കുന്നവരും ധാരാളം. മനക്കട്ടിയില്ലാത്തവരാണെങ്കില്‍ അതും, ഭീകരമായ മാനസിക പ്രശ്ങ്ങളിലേക്കോ ആത്മഹത്യയിലേക്കോ ഒക്കെ വഴി തെളിക്കാന്‍ സാധ്യതയേറേ.
ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട വികാരങ്ങളായ പ്രണയവും, ലൈംഗികതയുമെല്ലാം ഒരു ബാലന്‍സില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞാല്‍ നമുക്ക് നന്ന്. തീരെ സഹിക്കാന്‍ വയ്യാത്ത വിവാഹ ബന്ധങ്ങളാണങ്കില്‍, ശാരീരിക പീഡനങ്ങളോ, മറ്റു തരത്തിലുള്ള പീഡനങ്ങളോ നടത്തുന്നപങ്കാളിയുള്ളവര്‍ കൗണ്‍സിലിങ്ങോ, തെറപ്പിയോ നടത്തി നോക്കുക. എന്നിട്ടും രക്ഷയൊന്നുമില്ല ,പരാജയമാണെങ്കില്‍ വിവാഹ മോചനം നേടുക. പുതിയ ബന്ധങ്ങളിലേക്കു കാലെടുത്തു വെക്കുന്നതിനു മുന്‍പ് ഭവിഷ്യത്തുക്കളെക്കുറിച്ചു ആലോചിക്കുക. നന്നായി ചിന്തിച്ചു മാത്രം തീരുമാനങ്ങളെടുക്കുക..
പ്രണയം പ്രതികാരത്തിനു വഴി മാറുമ്പോളാണ്, ഡാര്‍ക്ക് വെബ് സൈറ്റുകളെയോ വാടകക്കൊലയാളികളെയോ അന്വേഷിച്ചിറങ്ങുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുക.
തീവ്ര പ്രണയത്തില്‍ വീഴുന്നവരും, പ്രണയ നൈരാശ്യം അനുഭവിക്കുന്ന എല്ലാവരും, മനോരോഗികളോ, പ്രതികാരദാഹികളോ ആയി തീരുന്നില്ല. ചിലര്‍ അനുഭവത്തിലൂടെ പാഠം പഠിക്കും. ചിലര്‍ നാശകരമായ തീരുമങ്ങളെടുത്തു ജീവിതം നശിപ്പിക്കും.
മയക്കു മരുന്നിന് സമാനമായ തലച്ചോറിലെ ഹോര്‍മോണുകളെ എത്ര കുറ്റം പറഞ്ഞാലും, ഒരു വ്യക്തിയെ ഈ ലോകത്തു നിന്നും, ഇല്ലായ്മ ചെയ്യുവാന്‍ കരുതിക്കൂട്ടി ചിന്തിച്ചു, അതിനു വേണ്ട ഉപാധികള്‍ കണ്ടു പിടിച്ചു, അത് പ്രവര്‍ത്തിയില്‍ വരുത്തുവാന്‍ തുനിഞ്ഞിറങ്ങുന്ന മനുഷ്യര്‍ തീര്‍ച്ചയായും കുറ്റകൃത്യ വാസന (ക്രിമിനല്‍ മൈന്‍ഡ്) ഉള്ളവരാണെന്നുള്ളതിനു സംശയമില്ല.
അമേരിക്കയില്‍ ഇരുന്നു ഈ തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇത് ഇന്ത്യ അല്ലെന്നും, പിടിക്കപ്പെട്ടാല്‍ ശിക്ഷയുടെ കാലാവധി അതി ദീര്‍ഘമായിരിക്കുമെന്നും, ഇന്ത്യയിലെ പോലെ, കൈ മടക്കു കൊടുത്തുള്ള ശിക്ഷയിളവോ മറ്റു ഉഡായിപ്പുകളോ ഒന്നും, ഇവിടെ നടക്കില്ലെന്നു ഓര്‍ത്താല്‍ നന്ന്.
ഒറ്റ ജീവിതമല്ലേയുള്ളു.അത് വെറുതെ ജയിലറകളില്‍ ഹോമിക്കാനുള്ളതല്ലല്ലോ.!