എന്നും ബ്രഹ്മമുഹൂര്‍ത്തം കഴിഞ്ഞ് നേരം
സൂര്യോദയത്തോട് കുറെക്കൂടെ അടുക്കുമ്പോള്‍ എനിക്ക് ഒരു യാത്ര ഉണ്ട്. ഒരു
പയ്യന്‍ കളക്ടറായി കോട്ടയത്ത് താമസിച്ചിരുന്ന കാലത്ത് യൂഹാനോന്‍
മാര്‍ത്തോമ്മായെ കാണാന്‍ പോകുമായിരുന്നു ഇടയ്ക്കിടെ. തിരുമേനി മിക്കവാറും
എന്റെ മക്കളോടായിരുന്നു സല്ലപിച്ചിരുന്നത്. രണ്ട് വയസ്സുകാരനെ മടിയില്‍
ഇരുത്തും. ആറ് വയസ്സുകാരിയെ ചേര്‍ത്തുനിര്‍ത്തും. തിരുമേനിയുടെ ഹൃദയം ഒരു
ചില്‍ഡ്രന്‍സ് പാര്‍ക്ക് ആയിരുന്നു എന്ന് 1976 (?)ല്‍ ഞാന്‍
കേരളകൗമുദിയില്‍ എഴുതി. മക്കളെ കളിപ്പിക്കുന്നതിനിടയില്‍ അവരുടെ തന്തയോടും
തള്ളയോടും വല്ലതുമൊക്കെ പറയും. അതിനെ നമുക്ക് മൊഴിമുത്തുകള്‍ എന്ന്
വളിക്കാം. അങ്ങനെ ഒരിക്കല്‍ തിരുമേനി ദിവസവും ലോകം ചുറ്റുന്ന കാര്യം
പറഞ്ഞു. ഞാന്‍ അതിന് പേരിട്ടു: പരിക്രമപ്രാര്‍ത്ഥന. മടങ്ങിവരുന്നത്
പുലാത്തീനിലേക്ക് നേരെയല്ല. സിഹോറയിലോ അങ്കോലയിലോ ഒരിടത്ത് ശാന്തമായി
ഇരിക്കാന്‍ പറ്റിയ ഒരു ഇടം തിരുമേനി കണ്ടെത്തിയിട്ടുണ്ടായിരുന്നു.
അവിടെയാണ് തേജസ്ക്കരമലയിലെ അനുഭവം. മിണ്ടാതിരുന്ന് അവന്‍ ദൈവം എന്ന്
അറിയുന്ന നേരം. ആ വിത്ത് ദശാബ്ദങ്ങള്‍ക്ക് ശേഷം കതിരിട്ടപ്പോഴണ് സപ്തതി
അടുപ്പിച്ച് ഞാന്‍ ഈ യാത്ര തുടങ്ങിയത്. ഇവിടെ ഇരിക്കുന്നത് കൊള്ളാം
എന്നതാണ് എന്റെ മനസ്സില്‍ മുഴങ്ങുന്ന ആശയം.
ഇന്ന് പോയത് ഇരിങ്ങോള്‍ക്കാവിലെയ്ക്കാണ്. അത് പെരുമ്പാവൂരിലാണ്. ഒരു
സ്വാഭാവിക വനം നഗരത്തിന്റെ പരിധിയില്‍ വേറെ ഉണ്ടോ എന്തോ? ആശ്രമം സ്കൂള്‍
കഴിഞ്ഞാല്‍ ഇരിങ്ങോള്‍ക്കാവ് ആയി. പിന്നെയാണ് എന്റെ നാട്. കാവിലെ ഭഗവതി
കന്യകമറിയാമിന്റെ അനിയത്തിയാണ് എന്നാണ് ആ നാട്ടില്‍ പറഞ്ഞുവന്നത്. കാവിലെ
പാമ്പ് കടിക്കുകയില്ല. കടിച്ചാലും കുഴപ്പം ഇല്ല, വിഷം ഇല്ല. കാവിലെ ആന
ഇടയുകയില്ല. കാവിലെ നിശബ്ദത വിശുദ്ധമാണ്; അത് കിളികളല്ലാതെ
ഭഞ്ജിക്കുകയില്ല. എങ്കിലും അറിവുള്ളവരുടെ കൂടെ അല്ലാതെ കാവിലെ കാട്ടില്‍
കയറരുത്. പകലും ഇരുട്ടാണ്. വഴി തെറ്റും. ആ കാവ് എനിക്ക് പോകാന്‍ ഇഷ്ടമുള്ള
ഇടമാണ്.
ഈ മുറിയുടെ ചുവരില്‍ നിന്ന് പൗലോസ് കോറെപ്പിസ്‌കോപ്പയും മേരിപോളും
ഇറങ്ങിവരും. പത്തെഴുപത് വര്‍ഷം മുന്‍പ് എന്നത് പോലെ എന്നെ ഈ കസേരയില്‍
നിന്ന് എടുക്കും. ചുവരിലെ പടങ്ങള്‍ അവിടെ കാണും. എനിക്ക് കാപ്പി
എടുക്കാറായോ എന്ന് എത്തിനോക്കുന്ന സുരക്ഷാസഹായി കുമാരന്‍ നായര്‍
വിചാരിക്കുന്നത് ഞാന്‍ ഇവിടെ ഇരിക്കുന്നുണ്ട് എന്നാണ്. ജീവനുള്ളവനെ
മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നവനെയാണല്ലോ നാം മനുഷ്യന്‍ എന്ന്
വിളിക്കുന്നത്.
അച്ഛന്‍ ചോദിക്കും നിനക്കെവിടെയാ പോകേണ്ടത്? ഇന്ന് നമുക്ക് ഇരിങ്ങാള്‍ക്കാവില്‍ പോകാം അച്ഛാ.
അങ്ങനെയാണ് ഞങ്ങള്‍ മൂന്നുപേരും അവിടെ എത്തിയത്. ഞാന്‍
ലളിതകലാഅക്കാദമിക്ക് വേണ്ടി ഏറ്റെടുത്ത നാഗഞ്ചേരി മനയുടെ
വടക്കിനിയ്ക്കപ്പുറത്ത് കുറെ മാറി കാട്ടിനുള്ളില്‍ മരം ഏറെ ഇല്ലാത്ത ഒരു
സ്ഥലം ഉണ്ട്. ഞങ്ങള്‍ അവിടെ ഇരുന്നു. എന്റെ ആ ദിവസം ഞാന്‍
മാതാപിതാക്കന്മാരുടെ മുന്നില്‍ അനാവരണം ചെയ്തു. ഡ്രാഫ്റ്റ് ഫോര്‍ അപ്രൂവല്‍
എന്നാണ് സര്‍ക്കാരീയം. കരട് അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു എന്ന്
ഔദ്യോഗിക മലയാളത്തിലെ ഫയലെഴുത്ത്.
കര്‍ത്താവും, കന്യാമറിയവും ഞങ്ങള്‍ അങ്ങനെ ഇരിക്കുമ്പോള്‍ വരും. എന്നും
ഒരുപോലെ അല്ല. ചിലപ്പോള്‍ അമ്മ കവിണി കൊണ്ട് എന്റെ തല മൂടും; പനി
വരാതിരിക്കാന്‍. ചിലപ്പോള്‍ മന്ദമാരുതന്‍. ചിലപ്പോള്‍ ഇടിയും മിന്നലും;
പേടിച്ചുപോകും; ഞാന്‍ അച്ചനോട് ഒട്ടിയിരിക്കും. ചിലപ്പോള്‍
പ്രകാശമായിട്ടാണ് പ്രത്യക്ഷതം. അതിനും ഉണ്ട് ഭേദം. ചില ദിവസം സൂര്യനായി.
ചില ദിവസം ചന്ദ്രനായി.
ഇന്ന് വന്നത് ചന്ദ്രന്‍ ആയിട്ടായിരുന്നു. കുളിര്‍മ്മയുള്ള നിലാവ്.
പൊള്ളള്‍ ഏല്പിക്കാത്ത അഗ്നിസ്തൂപം. ക്രിസ്തുസഹസ്രനാമത്തിന്റെ നൂറാമത്
ശ്ലോകത്തില്‍ പാണിനീയപ്രദ്യോതകാരന്‍ ഐ.സി. ചാക്കോ “ശാന്താകാരം ഭുജഗമഥനം
പാപാര്‍ത്താനാം ശരണമഘനിര്‍മ്മൂലം മേഘയാനാം കൃഷ്ണാകാന്തം വിമലഹൃദയം ലോകനാഥം
മഹേശം” എന്ന് വിവരിക്കുന്ന ഭാവം. ശാന്തസ്വരൂപന്‍, സമര്‍പ്പമര്‍ദ്ദകന്‍,
പാപികളുടെ ശരണം, പാപോന്മൂലകന്‍, മേഘത്തിന്മേല്‍ തേരേറുന്നവന്‍,
(തന്നിലേക്ക്) കാന്തസമാനം ആകര്‍ഷിക്കുന്നവന്‍, വിമലഹൃദയന്‍, ലോകനാഥന്‍,
മഹേശന്‍,
പതിവ് ഉപചാരങ്ങള്‍ക്ക് ശേഷം ശ്രീയേശു എന്നോട് ചോദിച്ചു, നീ ഈ ആളെ അറിയുമോ?
ഞാന്‍ പ്രതിവചിച്ചു; സി. ഐ. ജോര്‍ജ് അച്ചന്‍ ആയിരിക്കുന്ന കാലം മുതല്‍
അറിയുമല്ലോ. കര്‍ത്താവ് പറഞ്ഞു, ഇവന്‍ ഇപ്പോള്‍ എന്റെ കൂടെയാണ്.
ലൂക്കോസിന്റെ വാക്യം എനിക്ക് ഓര്‍മ്മ വന്നു. കുരിശില്‍ നിസ്സഹായനായി
കിടക്കുന്നവന്റെ രാജത്വം തിരിച്ചറിയുന്നവന് ഇടം അവനോടൊപ്പം പറുദീസയിലാണ്.
അവനോടൊപ്പം ഇരിക്കുന്നിടമാണ് പറുദീസാ.
തിരുമേനിയെ ആരും ഒരിടത്തും ഇരുത്തിയിരിക്കയല്ല. എഫ്പിസ്‌ക്കോപ്പല്‍
സെമിത്തേരിയിലൊന്നും ആള്‍ ഇല്ല. ഞാന്‍ കണ്ടു. ആ പഴയ സി.ഐ. ജോര്‍ജ്ജ്
അച്ചന്റെ മുഖം. മിന്നുന്ന വസ്ത്രം ധരിച്ചിരിക്കുന്നു എന്നു മാത്രം.
സുഗന്ധവര്‍ഗ്ഗവും പരിമളവും ഒരുക്കി ശാബത് ആചരിച്ച സ്ത്രീകള്‍
മടങ്ങിയെത്തിയപ്പോള്‍ കണ്ട പുരുഷന്മാരെ പോലെ തന്നെ.
ഞാന്‍ പുതിയ കഥാപാത്രത്തെ എന്റെ മാതാപിതാക്കന്മാര്‍ക്ക് പരിചയപ്പെടുത്തി.
അപ്പോള്‍ എനിക്ക് ഒരു കുസൃതി തോന്നി. മിന്നുന്ന വസ്ത്രം ധരിച്ചയാളോട് ഞാന്‍
ചോദിച്ചു: “ഇപ്പോഴും കൊട്ടേഷന്‍ പറയുമോ? തല മുപ്പത് ഡിഗ്രി
ചരിച്ചുപിടിച്ച്, കണ്ണടച്ച്, അനര്‍ഗ്ഗളപ്രവാഹമായി?” മിന്നുന്ന വസ്ത്രം
ധരിച്ചയാള്‍ക്ക് ഒരു നാണം പോലെ. കര്‍ത്താവ് പറഞ്ഞു, “ഓ, വന്നപാടെ
യോഹന്നാന്റെ സുവിശേഷം പതിനേഴാം അദ്ധ്യായം കാണാതറിയാം, പറഞ്ഞു
കേള്‍പ്പിക്കട്ടെ” എന്ന് എന്നോട് ചോദിച്ചു കളഞ്ഞു. മിന്നുന്ന വസ്ത്രം
ധരിച്ച പുരുഷന്റെ മുഖത്ത് ജാള്യം. അപ്പോള്‍ മേഘം വന്ന് ഞങ്ങളെ നിഴലിലിട്ടു.
മേഘത്തില്‍ ആയപ്പോള്‍ ഞങ്ങള്‍ പേടിച്ചു പോയി. ശേഷം കര്‍ത്താവും മിന്നുന്ന
വസ്ത്രം ധരിച്ച പുരുഷനും മടങ്ങിപ്പോയി. ഞങ്ങള്‍ ഇങ്ങോട്ടും പോന്നു.
അച്ചനും അമ്മയും വീണ്ടും ചുവരിലെ കണ്ണാടിക്ക് പിറകില്‍ ആയി. ഞാന്‍ ഒരു
കാപ്പി കൂടെ കുടിച്ചിട്ട് എഴുതാന്‍ തുടങ്ങി. ജീവനുള്ളവനെ മരിച്ചവരുടെ
ഇടയില്‍ അന്വേഷിക്കരുത് എന്ന് ആരോ എന്നോട് പറഞ്ഞു.
(അടുത്തിടെ കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയാണ് ശീര്‍ഷകത്തില്‍ പരാമര്‍ശിക്കുന്ന തിരുമേനി)