നെയ് വിളക്കുകള്‍ നെയ്ത നിഴലില്‍,
ധ്യാനയോഗ നിമഗ്നയായ്;
ആര്‍ഷമന്ത്രമുതിര്‍ത്ത ഭാരത-
മാര്‍ത്തനാദതരംഗമായ്;
പോര്‍ വിളികള്‍ മുഴക്കിയാളുകള്‍,
ചോരയാലഭിഷിക്തരായ്;
തമ്മില്‍ത്തല്ലും കൊല്ലുമിന്ന്,
നേരമ്പോക്കായ്ത്തീര്‍ന്നുവോ?
സാമമേ, സുരസുന്ദരീ, നിന്നെ,
തേടിയീ മരുഭൂമിയില്‍,
ഞാനലഞ്ഞു നടക്കിലെന്തേ-
കേവലം മൃഗതൃഷ്ണയായ്?
മോഹക്കുമിളകള്‍ മിന്നിയുതിരും,
ജീവിതക്കടല്‍ത്തിരകളില്‍,
പൊങ്ങുതടിയായൊഴുകിയെത്തും,
മൗനതീരത്തേകനായ്.
ജീവഗോളം നരകമാക്കും,
പത്തിനീര്‍ത്തിയ സ്വാര്‍ത്ഥത-
മൂത്തശത്രുതയായി, വര്‍ണ്ണ-
വര്‍ഗ്ഗയുദ്ധക്കെടുതിയായ്;
ആയുധക്കളിമേളമോടെ,
കബന്ധനൃത്തക്കളരിയായ്;
ദുഃഖഭേരിക്കിടയിലെവിടെ,
സാന്ത്വനം കുളിര്‍തെന്നലായ്?
ആര്‍ദ്രസ്‌നേഹമരന്ദമാത്മ-
നിര്‍വൃതിക്ക് നിദാനമായ്;
ആഞ്ഞടിക്കും ദുര്‍ഘടങ്ങളി-
ലുല്‍ക്കടക്ഷമയാര്‍ന്നവര്‍;
സഹനമാം തീച്ചൂളയില്‍ സ്വയ-
മുരുകിയുറച്ചുള്‍ക്കട്ടിയായ്;
കര്‍മ്മരംഗമണഞ്ഞിടുമ്പോ-
ളേന്തിടാം വിജയക്കൊടി.
പാപപ്രായശ്ചിത്തമായി,
തീര്‍ത്ഥഗംഗയില്‍ മുങ്ങുവെ,
ജീര്‍ണ്ണദേഹമൊഴുക്കിലൂടെ,
അക്ഷണമണയുന്നുവോ?
നീരുകെട്ടി മിഴിച്ചകണ്ണുക-
ളാരെയോതിരയുന്നുവോ?
'നീ, ഹനിച്ചൊരു സഹജ' നെന്ന്,
മൂകമായ് മൊഴിയുന്നുവോ?
മൃദുലഭാവങ്ങളന്യമായ്, മനം,
കൃഷ്ണശിലയായ് മാറിയോ?
കടമയൊക്കെ മറന്നുവോ? കൊടും-
പാതകങ്ങള്‍ക്കടിമയോ?
ഭോഗലഹരിയില്‍ മുങ്ങിമുങ്ങി,
മൃഗങ്ങളെക്കാളധമരായ്,
ശാന്തിയാരും കൈവെടിഞ്ഞാല്‍,
വാഴ് വിനെന്തൊരു ശൂന്യത!
സാമഗീതം പാടിപ്പാടി,
ദീനന് സഹചാരിയായ്;
സൗമ്യത മുഖമുദ്രയാക്കി,
സേവനം വ്രതമാക്കുവോര്‍;
ധന്യര്‍, ജന്മം സഫലമാക്കി,
മേദിനിക്കഭിമാനമായ്;
ഇരുളില്‍ നിന്നാമിനുങ്ങുകള്‍പോല്‍,
നുറുങ്ങുവെട്ടം പകരട്ടെ.
ഏതുദേശത്തു, മേതുകാലത്തും,
മാനവന്റെ മനീഷയില്‍,
നിര്‍മ്മലജലധാരപോലൊളി,
തൂകണേ, സമഭാവന;
അഹന്തയാമന്ധത മാഞ്ഞ്,
ഇമ്പദായകമായിടും,
കുടുംബങ്ങളില്‍ സമാധാനം,
ദിവ്യമെത്ര മഹത്തരം!