മനസ്സ്...
ഒരു നിസ്വനായ പക്ഷിയാണ്
ചിറകു നനഞ്ഞു, അത് ചിലപ്പോള്‍
ഇലകളില്ലാത്ത
നരച്ച വൃക്ഷക്കൊന്പില്‍ ചേക്കേറുന്നു
പഴുത്ത ഞാവല്‍ പഴങ്ങള്‍ കണ്ടാലും
നിസ്സംഗനായ്, നഷ്ടബോധത്തോടെ
കുന്പിട്ട തലയുമായി
ഒരു മുനിയെപ്പോലെ ഇരിക്കുന്നു
മനസ്സ്...
ഒരു കൂടറിയാത്ത പക്ഷിയാണ്
തളിര്‍മരങ്ങളിലും
ഹരിതാഭമായ വൃക്ഷത്തലപ്പുകളിലും
കായ് കനികള്‍ നിറഞ്ഞ വനാന്തരങ്ങളിലും
കാട്ടരുവികളിലെ തെളിഞ്ഞ ജലാശയങ്ങളിലും
പച്ചപ്പുല്‍ച്ചാടികള്‍ നിറഞ്ഞ പുല്‍മേട്ടിലും
മാതളക്കനികള്‍ നിറഞ്ഞ പൂങ്കാവിലും
മുന്തിരിക്കുലകള്‍ നിറഞ്ഞ തോട്ടങ്ങളിലും
ഒന്നും തിന്നാനില്ലാതെ
ഒരു കൂടുകൂട്ടാനിടം കാണാതെ
അനന്തനീലിമയില്‍ വട്ടമിട്ട്...
അന്തമില്ലാതെ പറന്നു നടക്കുന്നു
മനസ്സ്...
ഒരു ദേശാടനക്കിളിയാണ്
പിറന്ന നാടില്ലാതെ
കുടിയേറാനിടമില്ലാതെ
അന്തമില്ലാത്ത പ്രയാണം തുടരുന്നു
ചഞ്ചലനായി
ഒരിക്കലും ജനിച്ചിട്ടില്ലാത്ത,
കൊളംബസും കടന്നുചെന്നിട്ടില്ലാത്ത
പുതിയ രാജ്യങ്ങള്‍ തേടി പലായനം തുടരുന്നു
ചിലപ്പോള്‍...
ഒരു കൊക്കിനെപ്പോലെ, ഒറ്റക്കാലില്‍
പാടവരന്പത്തു ധ്യാനത്തിലിരിന്നും
പരല്‍മീനുകളുടെ നേരെ
ചാട്ടുളിപോലെ വീണു
കൊക്കിലാക്കി വിശപ്പടക്കിയും
കഴുകനെപ്പോലെ, വൃക്ഷത്തലപ്പില്‍
ചുടലക്കളങ്ങളിലെ ശവം കാത്തിരുന്നും
കാമാര്‍ത്തനായ പൂവന്‍ കോഴിയെപ്പോലെ
പിടകളെ നോക്കിയും, അങ്കവാല്‍ പൊക്കി
എതിരാളിയെ പോരിനു വിളിച്ചും
മാടപ്പിറവിനെപ്പോലെ
സംതൃപ്തിയുടെ പുതപ്പിനുള്ളില്‍
കുറുകല്‍ ശബ്ദം പുറപ്പെടുവിച്ചും
മോഹങ്ങളുടെ മീതേ
പരുന്തു പോലെ പാറിനടന്നും
കോഴിക്കുഞ്ഞിനേപ്പോലെ
രക്ഷയുടെ ചിറകിന്‍
കീഴിലൊളിക്കുകയും ചെയുന്നു
മനസ്സ്...
അതൊരു ചഞ്ചലനായ പക്ഷിയാണ്
ഒരിടത്തും ഇരിപ്പുറപ്പിക്കാതെ...
റോസാദലങ്ങളുടെ സ്‌നിഗ്ദ്ധ സൗന്ദര്യത്തിലും
മുല്ലപ്പൂവിന്റെ സൗരഭ്യത്തിലും
പാലപ്പൂവിന്റെ വെണ്‍മയിലും തൃപ്തിയടയാതെ
വഴിപ്പണിക്കാരിയുടെ വിയര്‍പ്പിന്റെ ഗന്ധത്തിലും
ചേറില്‍ക്കുളിച്ച ചെറുമിയുടെ ഗന്ധത്തിലും
തമിരടിക്കുന്നവളുടെ വെടിമരുന്നു ഗന്ധത്തിലും
പാടാത്ത പാട്ടുകള്‍ തേടി
കേള്‍ക്കാത്ത രാഗം തേടി
അറിയാത്ത രുചികള്‍ തേടി...
കറുപ്പില്‍ നിന്ന് വെളുപ്പിലേക്കും
രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്കും
ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്കും
സ്ഥാനങ്ങളില്‍ നിന്ന് സ്ഥാനങ്ങളിലേക്കും
അസ്വസ്ഥതയില്‍ നിന്നു സ്വസ്ഥതയിലേക്കും
അജ്ഞതയില്‍ നിന്ന്
ബോധിവൃക്ഷത്തിന്റെ സുഖശീതളിമയിലേക്കും
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും
പറന്നു.. പറന്നു.. പറന്ന് ...
അനന്തമായ പ്രയാണം തുടരുന്നു.
(1998ല്‍ കോഴിക്കോട് മള്‍ബറി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'നിസ്വനായ
പക്ഷി' എന്ന എന്റെ ആദ്യ കവിതാസമാഹാരത്തിന്റെ പേരിനാസ്പദമായ കവിത. അവതാരിക
ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍.)