Image

ഒരു താക്കോല്‍ പുരാണം (രാജീവ് പഴുവില്‍, ന്യൂജേഴ്‌സി)

Published on 06 May, 2018
ഒരു താക്കോല്‍ പുരാണം (രാജീവ് പഴുവില്‍, ന്യൂജേഴ്‌സി)
ചിത്രത്തിലെ രണ്ട് താക്കോലുകള്‍.

Golden color ല്‍ നീളം കൂടിയ താക്കോല്‍ മുന്‍വാതിലിന്റെയാണ്.
മറ്റേത് കണ്ടിട്ട് ഗരാജ് ഡോര്‍ തുറക്കാനായിരിക്കും എന്ന് കരുതി. ഞലിമേഹ ീളളശരല മാനേജര്‍ താക്കോല്‍ തന്നപ്പോള്‍ പ്രത്യകിച്ച് ഒന്നും ചോദിച്ചില്ല, പറഞ്ഞുമില്ല. താക്കോലിന്റെ ആവശ്യം വല്ലപ്പോഴുമല്ലേ ഉള്ളൂ.എന്താ ഇവര് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ തരാഞ്ഞത് എന്ന് വെറുതെ മനസ്സിലോര്‍ത്തു..
അത്രമാത്രം.

പക്ഷെ പണി പാളി.
മൂന്നാം ദിവസം, ബുധനാഴ്ച ഗരാജിന്റെ സ്പ്രിങ് "പ്ഡും"...വലിയ ശബ്ദത്തില്‍ പൊട്ടി.

അത് ശരിയാക്കുന്ന വരെ വരവും പോക്കും എല്ലാം ഇനി മുന്‍വാതില്‍ വഴി വേണം. മൂന്നു പേര് വ്യത്യസ്ത സമയങ്ങളില്‍ ആണ് പോകുന്നത്.. വരുന്നതും.. രണ്ട് താക്കോല്‍ എങ്കിലും മിനിമം വേണം.

രാത്രി തന്നെ ഷോപ്പിംഗ് മാളില്‍ പോയി.
ഗോള്‍ഡന്‍ താക്കോലിന്റെ രണ്ട് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിച്ചു. ഇപ്പൊ മൂന്നാള്‍ക്കും ഓരോന്നായി..

അപ്പൊ പതിവ് പോലെ എന്റെ അതിബുദ്ധി..
എന്നാപ്പിന്നെ മറ്റേതിന്റെ രണ്ടെണ്ണം കൂടെ എടുത്താല്‍ പിന്നെ അതും മൂന്നു പേര്‍ക്കും ആയല്ലോ. അതും എടുത്തു രണ്ടെണ്ണം.

മൂന്ന് പേര്‍ക്കും രണ്ടെണ്ണം വീതിച്ചു കൊടുത്തു.

എല്ലാവരും ഹാപ്പി.

രണ്ട് ദിവസം കഴിഞ്ഞു.

ശനിയാഴ്ച എല്ലാവരും ഒരുമിച്ചു പുറത്തുപോയി, തിരിച്ചുവന്നു. വാതില്‍ തുറക്കാന്‍ ആദ്യം ചാടി വീണത് ഭാര്യ. വാതില്‍ തുറക്കുന്നില്ല..

ഞാന്‍ നോക്കിയപ്പോള്‍ ഭാര്യ ചെറിയ രണ്ടാമത്തെ താക്കോല്‍ ഇട്ടു തിരിക്കയാണ്..

" ആ താക്കോല്‍ വെച്ച് ഇന്ന് നീ വാതില്‍ തുറന്നതു തന്നെ. മറ്റേ താക്കോല്‍ എടുക്കൂ" , ഉറക്കെ ചിരിച്ചു ഞാന്‍ കളിയാക്കി. മോനും കളിയാക്കാന്‍ കൂടി.

" ഏയ്.. നിങ്ങളെന്താ ഈ പറയണ്? ഇത് വെച്ചാണ് ഞാന്‍ രണ്ട് ദിവസോം തുറന്നത്" എന്ന് ഭാര്യ..

പറഞ്ഞു കൊണ്ടിരിക്കെ വാതില്‍ തുറന്നു..

ഞാനും പുത്രനും കണ്ണും തള്ളി നിന്നു...

എന്ത് പറയാനാ?
ഒന്നും പറഞ്ഞിട്ട് കാര്യമില്ല..

റെന്റല്‍ ഓഫീസില്‍ നിന്ന് തന്ന രണ്ട് താക്കോലും മുന്‍വാതിലിന്റെ തന്നെ ആയിരുന്നു..
രണ്ടാമത്തേത് "സ്റ്റീല്‍ ഡ്യൂപ്ലിക്കേറ്റ്".
ഡ്യൂപ്ലിക്കേറ്റ് കാണാന്‍ ഇത്തിരി ചെറുതാണെന്ന് മാത്രം..

ഇനി നിങ്ങള്‍ ഫോട്ടോ ഒന്നുകൂടെ നോക്കൂ.
വിശ്വാസമാകും..
ആകാതെ പറ്റില്ല..
ഞാന്‍ ഗ്യാരന്റി.

ഇപ്പോ മുന്‍വാതിലിന് ആകെ മൊത്തം ടോട്ടല്‍ ആറു താക്കോലുകള്‍..
ഞങ്ങളിട്ടു പന്ത് തട്ടിക്കളിക്കുന്നു..
ഇനീപ്പോ രണ്ട് മൂന്നു വാതിലുകള്‍ വാങ്ങി വച്ചാലോ എന്നൊരാലോചന ഇല്ലാതില്ല !!

"ഒന്നായ നിന്നെയിഹ രണ്ടെന്നു
കണ്ടളവിലുണ്ടായൊരിണ്ടല്‍ ബത
മിണ്ടാവതല്ല മമ... "

എന്ന് വായിച്ചും കേട്ടിട്ടും ഉണ്ടെന്നതല്ലാതെ ഇങ്ങനെ അനുഭവത്തില്‍ വരുമെന്ന് വിചാരിച്ചതല്ല.

***ശുഭം***
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക