അറുത്തു മാറ്റിയിട്ടും
അറ്റുപോകാതെ
എന്നെ കെട്ടുപിണയുന്നു
പുകഞ്ഞു വെന്തിട്ടും
ചാര മാകാതെ
കനലായ് ജ്വലിക്കുന്നു
എണ്ണ യൊഴിക്കാതെ
തെളിഞ്ഞു കത്തുന്നു
ദേഹം മുഴുവനും കണ്ണുകള്‍
കാതുകള്‍
ഇലയനക്കങ്ങള്‍ പോലും
കേട്ടുണരും
ഉണ്ണീ ...
എന്നുറക്കത്തിലും വിളിക്കും
എന്നെ വഹിച്ചൊരു ഭൂമി
കറങ്ങുന്നുണ്ടെപ്പോഴും
സ്‌നേഹാ കര്‍ഷണം
കൊണ്ട് മടിയിലേക്കു വീഴ്ത്തി
മധുര മാറില്‍ ചേര്‍ത്ത് നിര്‍ത്തി
പാല്‍ വസന്തത്തില്‍ കുളിപ്പിച്ച്
ഉദരത്തിലൂറിയ വിരലട യാള ങ്ങളുടെ
ചെറുതീയില്‍ ഉണക്കി
പിന്നെയും
മഴ വിരല്‍ കൊണ്ടു തലോടി
തണുപ്പിച്ച്
അറ്റുപോകാതെ എന്നോടൊട്ടി
നില്‍ക്കുന്നു
മാറുന്ന ഋതു ക്കളി ല്‍
മാറാത്ത ഒരൊറ്റ ഗ്രഹമായി
ഒരു ഗര്‍ഭഗൃഹം !
(ഇന്നേക്ക് ഒരു വര്‍ഷം മുന്‍പ് ഞങ്ങളെ വിട്ടുപോയ എന്‍റെ അമ്മയ്ക്ക്,
ഉള്ളില്‍ സ്‌നേഹ കടലിരമ്പുന്ന എല്ലാ അമ്മമാര്‍ക്കും ... )
ബിന്ദു ടിജി