അലയടിച്ചെത്തുന്ന തിരകളാല്‍ ജീവിതം
കടലെടുത്തീടാതിരിക്കാന്‍ ധരാതലം
തിരികെനീ,യെന്നടുത്തേയ്ക്കടുപ്പിച്ചുടന്‍
കരുതല്‍ച്ചിറകിലൊതുക്കുന്നു പിന്നെയും
വെറുതെയ,ല്ലകതാരിലെന്നും നിറയുന്ന
സുമധുര കാവ്യമായി പരിണമിപ്പിക്കുന്നു
മഹനീയ തൂലികത്തുമ്പിലേയ്ക്കാ, വിരല്‍
ചേര്‍ത്തുമീ,മനനം തുടരാന്‍ തുണയ്ക്കുന്നു.
കാരുണ്യമേ, നിന്നുണര്‍ത്തുപാട്ടിന്‍ സ്വനം
കളകൂജനങ്ങളായ് കാതില്‍പ്പതിക്കുന്നു
സഹനാര്‍ദ്ര ചിന്തകള്‍ കരളിലേയ്‌ക്കേകി നീ,
ശുഭദിനം നേര്‍ന്നുകൊണ്ടരികിലെത്തീടുന്നു
നിത്യ,മെന്നാത്മവിശ്വാസമായ് പ്രതിരൂപ
മനബലത്താലെനിക്കാശ്വാസമേകുന്നു
സുരകാല പുലരികള്‍പോലെയീ മനസ്സിലും
സ്ഥിര നവോന്മേഷത്തുടിപ്പേകിയണയുന്നു.
ഒരു വീര പോരാളിയെപ്പോലെയനുദിനം
ധീരമായോരോ ചുവടുമെന്‍ ധരണിയില്‍
സമ സ്പന്ദനങ്ങള്‍ക്കുണര്‍വ്വേകിയീവിധം
നന്നായ് ക്രമപ്പെടുത്തീടവേ, ചിന്തകള്‍
ചിറകടിച്ചീടാന്‍ ശ്രമിക്കുന്നു; പാരിതില്‍
പുലരിത്തുടിപ്പിനോടൊത്തുണര്‍ന്നീടുന്നു
ചെങ്കതിര്‍ കരളിലേയ്‌ക്കൊന്നുപോലെത്തവേ
കദനങ്ങള്‍ത്തന്നെയും കളകളംപാടുന്നു!!
തുളസീദളത്തിന്‍ വിശുദ്ധിപോല്‍ പിന്നെയും
മോഹങ്ങളില്‍ കുളിര്‍തെന്നല്‍ തലോടുന്നു!!