ഏകലവ്യനല്ല ഞാന്‍,
പെരുവിരല്‍ മുറിച്ചിലയില്‍ വെച്ച്
ആഢ്യഗുരുവിന്‍ കപടതക്ക്
ഗുരുദക്ഷിണ നല്‍കാന്‍
പെരുന്തച്ചന്റെ മകനല്ല ഞാന്‍,
അഹങ്കാരത്തിന്‍ വീതുളിക്കീഴില്‍
കഴുത്തു നീട്ടിക്കൊടുത്തെന്‍
പിതൃഭക്തി തെളിയിക്കാന്‍
ശിബിയല്ല ഞാന്‍,
മടിയിലഭയം തേടിയ പ്രാവിന്റെ
തൂക്കത്തിനൊപ്പം മാംസം മുറിച്ചാ
കപടവേഷധാരിയാം ഇന്ദ്രനു നല്‍കാന്‍
കര്‍ണ്ണനല്ല ഞാന്‍,
ആത്മരക്ഷയാം കവചകുണ്ഡലങ്ങള്‍
ദാനദയയാലറുത്ത്
ബ്രാഹ്മണ വേഷധാരിയാമര്‍ത്ഥിക്ക് നല്‍കാന്‍
ജരാസന്ധന്‍ ഞാന്‍...
കീറിയിട്ടാലും മുറികൂടുന്ന
ജരാസന്ധന്‍ ഞാന്‍...
ഈ കലികാല ഭൂവില്‍
സ്വന്തം നിലനില്‍പ്പിനു
പുതിയമാനങ്ങള്‍ തേടും
ജരാസന്ധന്‍ ഞാന്‍...
കപടമുഖങ്ങള്‍ തന്‍ മുഖംമൂടി കീറി
പച്ചവെളിച്ചത്തില്‍ തുറന്നു കാട്ടുന്ന
പുത്തന്‍ ജരാസന്ധന്‍ ഞാന്‍...
പുത്തന്‍ ജരാസന്ധന്‍ ഞാന്‍
പക്ഷെ...
ഏതു പ്രതിഭയ്ക്കുമുണ്ടല്ലോ ഒരന്ത്യം
ഏതു നീചനായ ഭരണാധികാരിക്കുമെന്നപോലെ.
ക്രിസ്തുവിനു യൂദാസ്
ലിങ്കണ് ബൂത്ത് സ്
ഗാന്ധിജിക്ക് ഗോഡ്‌സെ
സദാമിന് ബുഷ്
ജരാസന്ധന് കൃഷ്ണന്‍
എവിടെയോ ഒരു കള്ളകൃഷ്ണന്‍
അന്തകനായി ഒളിച്ചിരിപ്പുണ്ട്
ആ കള്ളകൃഷ്ണന്‍
എന്റെ തലയും വാലും തിരിച്ചിടാന്‍
ഇലകീറി തിരികെയിട്ട്
ഭീമനെ കാണിച്ചു കൊടുത്തു!
ശത്രു സംഹാരത്തിന്
നരന് നാരായണന്റെ ഗീതോപദേശം!
സുവിശേഷങ്ങളുടെ പിന്‍ബലം!!
അങ്ങിനെ...
അടുക്കു തെറ്റിയ ഒരു പദപ്രശ്‌നം പോലെ...
ഒരു ജിഗ്‌സോ പസില്‍ പോലെ...
അര്‍ഥം പൂരിപ്പിക്കാനാവാതെ
മുറികൂടാനാവാതെ
ഞാനെന്റെ ദയനീയമായ അന്ത്യം കണ്ടു
(ഠൃമഴശര റലമവേ ീള മ വലൃീ)
എങ്കിലെന്ത് ?
ഒരു പുരുഷായുസ്സു മുഴുവന്‍
നിഷേധിയായി ജീവിച്ചത് പോരേ?
കുറിപ്പ്.
ജരാസന്ധന്‍.
മഗധ രാജ്യത്തെ ശക്തനായ ഭരണാധികാരിയായിരുന്ന ജരാസന്ധനും ഭഗവന്‍ കൃഷ്ണനും തമ്മില്‍ നിത്യ ശതൃക്കളായിരുന്നു. പതിനെട്ടു തവണ യുദ്ധം നടത്തിയിട്ടും കൃഷ്ണനു ജരാസന്ധനെ തോല്പിക്കാനായില്ല. ഒടുവില്‍, ഭീമന്റെ സഹായത്തോടെ (കു)ബുദ്ധി ഉപദേശിച്ച് ശത്രു സംഹാരം നടത്തി.
ഗീതോപദേശം.
മഹാഭാരതയുദ്ധത്തില്‍ പാണ്ഡവരോടായി കൃഷ്ണന്‍ നടത്തുന്ന ഗീതോപദേശം
(മലയാളം പത്രം, ന്യൂയോര്‍ക്ക്. ജനുവരി 2004)