Image

അടുക്കളയുടെ പ്രാധാന്യം (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 03 June, 2018
അടുക്കളയുടെ പ്രാധാന്യം (തൊടുപുഴ കെ ശങ്കര്‍, മുംബൈ)
ഒരു ദേവാലയത്തില്‍ ഏറ്റവും പവിത്രവും പരമപ്രധാനവുമായ ഭാഗം അതിലെ ശ്രീകോവിലാണല്ലോ. ആ ദേവാലയത്തിലെ മറ്റു ഭാഗങ്ങളെക്കാള്‍ സവിശേഷത ഉണ്ടാകുവാന്‍ കാരണം അതിലിരിക്കുന്ന മൂര്‍ത്തിയുടെ പ്രതിഷ്ഠയാണല്ലോ. അതില്‍ നിന്നും നിരന്തരം പ്രസരിക്കുന്ന തേജോതരംഗങ്ങള്‍ അഥവാ, പ്രകാശ ധോരണികള്‍, അത് തികഞ്ഞ ഏകാഗ്രതയോടും ചിത്തശുദ്ധിയോടും കൂടി സൂക്ഷ്മമായി, ദര്‍ശിക്കുന്നവരുടെ, നയനങ്ങളിലൂടെ അവരുടെ ശരീരത്തില്‍ പ്രവേശിച്ചു ശരീരത്തിനു ഓജസ്സും തേജസ്സും പ്രദാനം ചെയ്യുന്നു എന്നതു് പകല്‍ പോലെ സത്യമാണ്. പക്ഷെ, നമ്മില്‍ പലരും അത് ശ്രദ്ധിക്കാറില്ലെന്നുള്ളതാണ് കാര്യം. ശ്രദ്ധയോടും ഏകാഗ്രതയോടും ദര്‍ശിക്കുന്നവര്‍ക്കു, മാനസിക, ശാരീരിക, ആത്മീയ സൗഖ്യ, സൗഭാഗ്യങ്ങള്‍ ലഭിക്കുമെന്നതില്‍ സംശയമില്ല.

അതുപോലെ തന്നെയാണ് ഒരു ഭവനത്തിലെ അടുക്കളയും. അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാല്‍ നാം തീര്‍ച്ചയായും അതിശയിച്ചു പോകും ഒപ്പം, നമ്മുടെ അടുക്കളയോടുള്ള ബഹുമാനം വര്‍ദ്ധിക്കുകയും ചെയ്യും. ആശ്ചര്യപ്പെടേണ്ട, ഒരു ശ്രീകോവിലിന്റെ പവിത്രത അതിനുണ്ട്. ഒരു വിഗ്രഹം എങ്ങിനെ അതു ദര്‍ശിക്കുന്ന ആളിന് തേജസ്സു പകരുന്നുവോ,അതു പോലെ, അടുക്കളയില്‍ പാചകം ചെയ്യുന്ന ഭക്ഷണവും അതു ഭക്ഷിക്കുന്നവര്‍ക്കു ആത്മ സംതൃപ്തിയും, ശക്തിയും, ശരീരകാന്തിയും, സുഖവും പ്രദാനം ചെയ്യന്നു. ചുരുക്കത്തില്‍, കുടുംബാംഗങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജവും ആരോഗ്യവും ശാശ്വത ശാന്തിയും ലഭിക്കുന്നത് അവിടെ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ പവിത്രയിലെ മാഹാത്മ്യത്തില്‍ നിന്നാണെന്നതിനാല്‍, അടുക്കള ഒരു ഭവനത്തിലെ ഊര്‍ജ്ജ കേന്ദ്രമായോ, കേദാരമായോ, അതായതു്, സെന്റര്‍ ഓഫ് എനര്‍ജിയായോ കരുതാം. 

ദേവാലയത്തിലെ പൂജാരി എപ്രകാരം യമ- നിയമങ്ങള്‍(ആന്തരിക - ശാരീരിക ശുദ്ധി) കൃത്യ നിഷ്ഠയോടെ പാലിച്ചു, ചിത്തശുദ്ധിയോടെ ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചു, നിത്യേന പൂജാദികള്‍ നിര്‍വ്വഹിക്കുന്നുവോ, അതേ മനോ, ശാരീരിക ശുദ്ധിയോടെ വേണം ഭക്ഷണം പാകപ്പെടുത്തുന്നയാളും, ഓരോ ദിവസവും, ആ പുണ്യ പ്രദേശമായ അടുക്കളയില്‍ പ്രവേശിക്കാന്‍. അടുക്കളയില്‍ പാചകം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ആരോഗ്യ പ്രദായിയായിരിക്കണമെന്നതിനാല്‍, പാചകം ചെയ്യുന്നയാള്‍(മിക്കവാറും സ്ത്രീകളായിരിക്കുമല്ലോ) ശ്രദ്ധിക്കേണ്ട ചില സംഗതികളുണ്ട്. അവ എന്തെല്ലാമെന്നു നോക്കാം!

എന്നും ഭക്ഷണം പാകപ്പെടുത്തുവാന്‍ അടുക്കളയില്‍ പ്രവേശിക്കുന്നതിന് മുന്‍പ്, കുടുംബത്തിലെ പൂജാ മുറിയില്‍ ചെന്നു്, ഭക്തി പുര:സ്സരം ഈശ്വരനെ പ്രാര്‍ഥിച്ച ശേഷം, അന്നത്തെ പാചക കര്‍മ്മം ആരംഭിക്കുകയാണെങ്കില്‍, അതു ആദര്‍ശനീയമായിരിക്കും.

അടുക്കളയില്‍ പ്രവേശിക്കുമ്പോള്‍, ക്ഷേത്രത്തിലെന്ന പോലെ, നിലം തൊട്ടു വന്ദിച്ചുകൊണ്ട്, പ്രവേശിച്ചാല്‍, ഉചിതമായിരിക്കും. അവരവരുടെ ഇഷ്ട ദേവതയെ പ്രാര്‍ത്ഥിച്ചുകൊണ്ട്, 'ഈശ്വരാ! ഇന്നത്തെ അടിയന്റെ പാചക കര്‍മ്മം വിജയിപ്പിക്കണമേ. പാകപ്പെടുത്തുന്ന ഭക്ഷണം ഏവര്‍ക്കും ആരോഗ്യദായിയായിരിക്കണമേ!' എന്ന് മനസ്സില്‍ ശ്രദ്ധാപൂര്‍വം സങ്കല്‍പ്പിക്കുക! 

ഭക്ഷണം പാചകം ചെയ്യുമ്പോള്‍, അറിയാവുന്ന ശ്ലോകാവലികളും, നാമാവലികളും ഉരുവിട്ടുകൊണ്ടിരുന്നാല്‍, ഭക്ഷണത്തില്‍, ആത്മീയത കലര്‍ത്താന്‍ സാധിക്കും. അവരവരുടെ പ്രാര്‍ത്ഥനകളും, പാരമ്പര്യ രീതികളും പിന്തുടരുന്നതില്‍ തെറ്റില്ല. ഇപ്രകാരം ചെയ്യുന്നതിനാലുള്ള ഏറ്റവും പ്രധാനമായ ഗുണം എന്താണെന്നാല്‍, ആ സമയത്തില്‍, മനസ്സില്‍ പ്രതികൂല ചിന്തകള്‍, രാഗദ്വേഷാദികള്‍ മറ്റും, കടന്നു കൂടാതെ, സമചിത്തതയും, മനസ്സിന്റെ, നൈര്‍മ്മല്യവും പരിരക്ഷിക്കുവാനും സാധിക്കും! മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മനസ്സില്‍ മലിന ചിന്തകള്‍ നുഴഞ്ഞു കയറാതെയിരിക്കാന്‍ ഉപകരിക്കും. 

അടുത്തതായി, അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ മനസ്സില്‍ യാതൊരു വിധത്തിലുമുള്ള വ്യസനങ്ങളും, മനസ്സില്‍ ഏശാതെ ശ്രദ്ധിക്കണം. അത് ഭക്ഷണത്തിന്റെ മേന്മയെ ബാധിക്കാന്‍ സാധ്യതയുണ്ട്. 

ഹൈന്ദവ പുരാണത്തിലെ നളന്‍ എന്ന ഒരു രാജാവിന്റെ കഥ നാം പഠിച്ചിട്ടുണ്ടല്ലോ.ഒരു നല്ല രാജാവ് മാത്രമായിരുന്നില്ല നള മഹാരാജാവ്, ഒപ്പം ഒരു നല്ല പാചകക്കാരനും കൂടിയായിരുന്നു അദ്ദേഹം. 'നളപാകം' ലോകാപസിദ്ധമാണല്ലോ. നളന്റെ സേവനത്തിലും സത്യസന്ധതയിലും പ്രസാദിച്ച അഗ്‌നിഭഗവാന്‍ കനിഞ്ഞരുളിയ വരദാനമാണ് 'നള പാകം'

അഗ്‌നിദേവതയുടെ വരദാനം ഇപ്രകാരമാണ് -
'പചന ദഹനങ്ങളില്‍ ഭവ സ്വാധീനനെന്നറിക, നീ
വച്ചുണ്ടാക്കും കറികളമൃതിനൊക്കും!'

ഭക്ഷണം പാകപ്പെടുത്തുന്നയാളിന്റെ ചിന്തകള്‍ സാത്ത്വികമായിരുന്നാല്‍ ഭക്ഷിക്കുന്നയാളിലും അതേ ചിന്തകള്‍ വളരുമെന്ന് ശാസ്ത്രം പറയുന്നു. മനുഷ്യന്റെ ചിന്തകളില്‍ , പ്രവര്‍ത്തികളില്‍ ഭക്ഷണത്തിന് അദ്ഭുതകരമായ സ്വാധീനമുണ്ടെന്നുള്ളത് വാസ്തവം തന്നെ.
അതുപോലെ തന്നെ, ഭക്ഷണം പാകപ്പെടുത്തുന്ന വേളയില്‍, പ്രത്യേകിച്ചും, ഒന്നില്‍ കൂടുതല്‍ വ്യക്തികളുണ്ടെങ്കില്‍, പരസ്പരം ശണ്ഠ കുടലും, കുറ്റം പറച്ചിലും, കുശുമ്പു കുത്തലും, പരദൂഷണം പറച്ചിലും, ഒഴിവാക്കി, പരസ്പരം സ്‌നേഹവും സൗഹാര്‍ദ്ദവും വിനയവും മാത്രം കൈമാറുന്ന ശീലം വളര്‍ത്തുന്നത് കുടുംബത്തില്‍ ശാന്ത സുന്ദരമായ അന്തരീക്ഷം പുലര്‍ത്തുവാന്‍ അഥവാ നിലനിര്‍ത്തുവാന്‍ സഹായിക്കും. 

പാകം ചെയ്ത ഭക്ഷണം ആദ്യം ഈശ്വരനു സമര്‍പ്പിച്ചു നന്ദി പറഞ്ഞുകൊണ്ട് അത് പ്രസാദമായി കരുതി എല്ലാവരും ഭക്ഷിക്കൂക. ഭക്ഷണം കഴിക്കും മുന്‍പ്, വേദാനുസരണം, ഭോജനമന്ത്രം ഉരുവിടുന്ന സമ്പ്രദായം ബ്രാഹ്മണരുടെയിടയില്‍, ഇന്നും നിലവിലുണ്ട്. ഇതിനു് 'പരിസേചനം ചെയ്യുക' എന്ന് പറയുന്നു.
ഈ ആചാരം കുടുംബത്തിലെ, ഉപനയനം കഴിഞ്ഞ, അല്ലെങ്കില്‍, യജ്നോപവീതം കഴിഞ്ഞ ബ്രാഹ്മണര്‍ക്കു-പുരുഷന്മാര്‍ക്ക്- മാത്രമുള്ളതാണു്. ഭക്ഷണം ഭഗവാനു സ്വയം സമര്‍പ്പിച്ചിട്ടു പ്രസാദമായി, കഴിച്ചാല്‍ ശരീരത്തില്‍ അസുഖ ബാധയുണ്ടാവുകയില്ലെന്നു വിശ്വാസം. അല്ലെങ്കില്‍ അത് വെറും എച്ചിലായി കരുതുന്നു. 

അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്ന വേളയില്‍, ദുഃഖം വരുത്തുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്തു കണ്ണുനീര്‍ വര്‍ക്കാതെയിരിക്കാന്‍ സൂക്ഷിക്കേണ്ടതുണ്ട്. തികച്ചും ആനന്ദത്തോടെയും ചിത്തശുദ്ധിയോടെയും ശുചിത്വ ബോധത്തോടെയും,ആരോഗ്യ ബോധത്തോടെയും ചെയ്യേണ്ട ഒരു പുണ്യ കര്‍മ്മമാണ് പാചകം. ഭക്ഷണം പാകപ്പെടുത്തുന്നയാളിന്റെയും വിളമ്പുന്നയാളിന്റെയും മനസ്സിലോടുന്ന വികാര തരംഗങ്ങള്‍ ആ ഭക്ഷണത്തിലൂടെ ഭക്ഷിക്കുന്ന യാളിന്റെ ശരീരത്തില്‍ മിന്നല്‍ വേഗത്തില്‍ പ്രവേശിക്കുന്നു. കാലക്രമേണ അവരുടെ സ്വഭാവം ഭക്ഷിക്കുന്നയാളില്‍ ഗണ്യമായ സ്വാധീനം ചെലുത്തുമെന്നും വിശ്വസിക്കുന്നു. അത് നല്ലതോ കേട്ടതോ എന്നത് അവരെ ആശ്രയിച്ചിരിക്കും. സദ്ഗുണങ്ങളും സദാചാരങ്ങളും കുടുംബങ്ങളില്‍- ആബാലവൃദ്ധം -വളര്‍ത്തുവാന്‍ അപ്രകാരമുള്ള പരിശീലനങ്ങള്‍ വളരെ സഹായിക്കും.
നമ്മുടെ സ്വഭാവത്തില്‍ പ്രകൃതിദത്തമായി മുന്ന് ഗുണങ്ങളും ഉണ്ടെന്നു വേദങ്ങള്‍ പറയുന്നു. അവ - സത്ത്വഗുണം, രജോഗുണം തമോഗുണം എന്നിവയാണ്. ഈ മുന്ന് ഗുണനകളും മനുഷ്യനില്‍ മാത്രം കാണുന്നു. എന്നാല്‍, ഈശ്വരനില്‍ ഇവ ഇല്ലാത്തതിനാല്‍, ഈശ്വരനെ നാം ' നിര്‍ഗ്ഗുണന്‍' എന്ന് വിളിക്കുന്നു. ഈ മൂന്ന് ഗുണങ്ങളും വ്യത്യസ്ത അനുപാതങ്ങളില്‍ മനുഷ്യനില്‍ കുടികൊള്ളുന്നു. ഈ ഗുണങ്ങള്‍ വളര്‍ത്താനും നിലനിര്‍ത്താനും ഭക്ഷണം വഹിക്കുന്ന പങ്കു അസാമാന്യമാണ്. 

ഓരോ ഭക്ഷണത്തിനും ഓരോ തരത്തിലുള്ള സ്വഭാവം നമ്മില്‍ വളര്‍ത്താനുള്ള കഴിവുണ്ട്. ഇതിനു പുറമെ, പാചകം ചെയ്യുന്നയാളിന്റെയും, വിളമ്പുന്നയാളിന്റെയും സ്വഭാവ ഗുണങ്ങളും ഭക്ഷിക്കുന്നയാളില്‍ സ്വാധീനം ചെലുത്തുമെന്നതില്‍ സംശയമില്ല! സത്ത്വഗുണം വളര്‍ത്തുന്ന രീതിയില്‍ ഭക്ഷണ രീതി ക്രമീകരിക്കണമെന്നു വേദങ്ങള്‍ അനുശാസിക്കുന്നു. ആത്മീയ പ്രഭാഷണങ്ങളില്‍ ആചാര്യന്മാര്‍ ഈക്കാര്യം ഊന്നി പറയാറുണ്ട്.
ചുരുക്കത്തില്‍ ഭക്ഷണമാണ് ഒരു വ്യക്തിയുടെ സ്വഭാവം നിയന്ത്രിക്കുന്നത്. അതിനു വയ്ക്കുന്നയാളും, വിളമ്പുന്നയാളും വേണ്ടത്ര ഒത്താശ നല്‍കുന്നെന്നു മാത്രം. കഴിക്കുന്ന ഭക്ഷണം ആരോഗ്യ പ്രദായിയായിരിക്കണം. ആരോഗ്യം ശരീരത്തിന് മാത്രമല്ല, മനസ്സിനും സ്വഭാവത്തിനും ചിന്താഗതിക്കും ഒരുപോലെ പ്രധാനമാണ്. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ, ആരോഗ്യമുള്ള മനസ്സും ബുദ്ധിയും കുടികൊള്ളുകയുള്ളു. ഭക്ഷണം നല്കുന്നയാളിന്റെ സ്വഭാവം ഭക്ഷിക്കുന്നയാളിനെ എങ്ങിനെ ബാധിക്കുമെന്നതിന് പണ്ട് കേട്ടിട്ടുള്ള ഒരു കഥ ഇവിടെ ഉദ്ധരിക്കുവാനാഗ്രഹിക്കുന്നു.
ഒരിക്കല്‍ ഒരു സന്യാസി രാത്രിയായപ്പോള്‍ വഴിയിലുള്ള ഒരു സാധാരണ ഭവനത്തില്‍ താമസിച്ചു. 

അതിഥിക്ക് രാത്രയില്‍ അവര്‍ ഒരു ഗ്ലാസ് പാലു കൊടുത്തു. അത് കുടിച്ചിട്ട് അയാള്‍ ഉറങ്ങി. അടുത്ത ദിവസം രാവിലെ വളരെ നേരത്തെ ഉണര്‍ന്ന് പോകുമെന്ന് പറഞ്ഞു. അതുപോലെ അയാള്‍ രാവിലെ ഉണര്‍ന്ന് യാത്ര തിരിച്ചു. ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരം പോയപ്പോള്‍ തന്റെ കയ്യില്‍ എന്തോ ഉള്ളതായി. അനുഭവപ്പെട്ടു. അത് അയാള്‍ തലേദിവസം ഗൃഹനാഥ കൊടുത്ത പാലിന്റെ ഗ്ലാസ് ആയിരുന്നു. അതെങ്ങിനെ തന്റെ കയ്യില്‍ വന്നു? അയാള്‍ ആകപ്പാടെ അസ്വസ്ഥനായി. തന്റെ ജ്ഞാന ദൃഷ്ടിയിലൂടെ അതിന്റെ കാരണം ആരാഞ്ഞു. അപ്പോള്‍ അയാള്‍ ആശ്ചര്യപ്പെട്ടുപോയി. താന്‍ തലേ ദിവസം രാത്രിയില്‍ തങ്ങിയത് ഒരു കള്ളന്റെ വീട്ടില്‍ ആയിരുന്നെന്ന്! ആ വീട്ടിലെ സ്ത്രീയുടെ കൈകൊണ്ടു പാലു വാങ്ങി കുടിച്ചപ്പോള്‍ ആ സ്ത്രീയുടെ സ്വഭാവഗുണവും പാലിനോടൊപ്പം അയാളുടെ ശരീരത്തില്‍ പ്രവേശിച്ചിരുന്നു. ഉടന്‍ തന്നെ അയാള്‍ തിരിച്ചു പോയി ആ ഗ്ലാസ് അവരുടെ വീട്ടില്‍ കൊണ്ട് കൊടുത്തിട്ടു വീണ്ടും യാത്ര തുടര്‍ന്നു.
അതുകൊണ്ടാണ് പറയുന്നത് ഭക്ഷണം ആരുടെ കൈകൊണ്ടാണോ സ്വീകരിക്കുന്നത്, ആ വ്യക്തിയുടെ സ്വഭാവവും ചിന്താഗതിയും നമ്മുടെ സ്വഭാവത്തെയും സാരമായി ബാധിക്കുമെന്ന്. 

ബാഹ്യ-ആന്തരിക ശുദ്ധിയെപ്പറ്റി നാം മുകളില്‍ കണ്ടുവല്ലോ. സ്‌നാനം ചെയ്താല്‍ ബാഹ്യ ശുദ്ധി കൈവരിക്കാം. എന്നാല്‍ ആന്തരിക ശുദ്ധിയും വരുത്തിയാലേ സമ്പൂര്‍ണ്ണ ശുദ്ധി വന്നെന്നു പറയാനാവുകയുള്ളു. ആന്തരിക ശുദ്ധി വരുത്താന്‍ ഇപ്രകാരം ചെയ്താല്‍ മതിയാകും. സ്‌നാനം കഴിഞ്ഞാല്‍ ഉടനെ തന്നെ അല്പം ശുദ്ധ ജലം എടുത്തു ക്ഷേത്രത്തില്‍ നമ്മള്‍ പൂജാരി തരുന്ന തീര്‍ത്ഥം കഴിക്കുന്നത് പോലെ, മൂന്നു തവണ സേവിക്കുക. 

ഓരോ തവണയും, അച്യുതായ നമ: ; അനന്തായ നമ: ; ഗോവിന്ദായ നമ: ; എന്ന് പറഞ്ഞുകൊണ്ടും ഈശ്വരനെ മനസ്സില്‍ നന്നായി നിനച്ചു കൊണ്ടും പുണ്യ തീര്‍ത്ഥമായി സങ്കല്പിച്ചു കൊണ്ടും വേണം സേവിക്കുവാന്‍. ഇപ്രകാരം ചെയ്യുമ്പോള്‍ പുണ്യതീര്‍ത്ഥങ്ങളായ ഗംഗാ, യമുനാ നദികളുടെ ജലകണങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്ന പ്രതീതി അനുഭവപ്പെടും. അങ്ങനെ വേദങ്ങള്‍ ഉല്‍ഘോഷിക്കുന്ന 'യമ-നിയമങ്ങള്‍ അഥവാ ശമ-ദമ സിദ്ധാന്തങ്ങള്‍' -ആന്തരിക ബാഹ്യ ശുദ്ധി-പാലിക്കുന്നതിന്റെ ഫലം നമ്മുടെ ശരീരത്തിന് സിദ്ധിക്കും. ഈ ചിട്ട ദിവസവും തുടര്‍ന്നാല്‍ മനസ്സും ശരീരവും പവിത്രമായി സൂക്ഷിക്കാനുമാകും.
ചുരുക്കി പറഞ്ഞാല്‍, നമ്മുടെ ഭവനം ഒരു പുണ്യക്ഷേത്രമായും, അതിലെ കലവറ -അടുക്കള - ഒരു ശ്രീകോവിലായും മൊത്തം കുടുംബാംഗങ്ങള്‍ക്ക് വേണ്ടതായ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്ന, 'ഊര്‍ജ്ജോത്പാദന കേന്ദ്രമായും' കരുതി സാകൂതം പ്രവര്‍ത്തിച്ചാല്‍ കുടുംബത്തില്‍ ശാന്തിയും സമാധാനവും സന്തോഷവും നിരന്തരം നിലനില്‍ക്കുമെന്നതില്‍ സംശയമില്ല!
അടുക്കളയുടെ പ്രാധാന്യം (തൊടുപുഴ കെ ശങ്കര്‍, മുംബൈ)
Join WhatsApp News
വീട്ടമ്മ 2018-06-03 15:35:05
എന്റമ്മോ ഇങ്ങനെ ജീവിക്കാൻ ഇമ്മിണി പ്രയാസമാ. ലേഖകൻ അടുക്കളയിൽ കയറാറുണ്ടോ?
Seetha 2023-04-06 16:58:12
Our Mother's used the slokas for preparing food for us after a bath.since they had no time to sit recite slokas.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക