Image

കടല്‍ തേടി (കവിത: ബിന്ദു ടിജി)

Published on 01 July, 2018
കടല്‍ തേടി (കവിത: ബിന്ദു ടിജി)
വേനല്‍ ചൂടില്‍
വരണ്ട കരയില്‍
ഞാന്‍ ഇരിക്കുന്നു
മഞ്ഞ മണലിലെന്‍ നിഴലില്‍
കണ്ണില്‍ കടലുള്ള നീ
മറഞ്ഞു നില്‍ക്കുന്നു

നനഞ്ഞ മണ്ണില്‍
വിറക്കുന്ന വിരല്‍കൊണ്ട്
ഞാന്‍ കളിവീട് തീര്‍ക്കുന്നു
ഇരുളില്‍ തിര വന്നതിനെ
പുണര്‍ന്നു തിരികെ പോകുന്നു
തകര്‍ന്ന വീടിന്റെ തറയില്‍ തെളിയുന്നു
കണ്ണില്‍ കടലുള്ള നിന്റെ
മിന്നി മിനുങ്ങും പൊന്മുഖം

മടുത്തു ഞാനെന്റെ വ്യഥയും പേറി
ആളൊഴിഞ്ഞ വീഥിയില്‍
തനിച്ചു നില്‍ക്കുന്നു
നിരന്നു നില്‍ക്കുന്നു
കറുത്ത മേഘങ്ങള്‍
തലയ്ക്കു മീതെ
തകര്‍ത്തു പെയ്യുന്നു
വീണ്ടും നീ
കണ്ണില്‍ കടലുമായ്
മുന്നില്‍ കുളിച്ചു നില്‍ക്കുന്നു

എവിടെ യീ കടല്‍ തുടങ്ങുന്നു?

നിന്നെ തിരഞ്ഞു ഞാന്‍
പായുന്നു
തീരെ നനയാത്ത
തീരത്തിന്നൊടുവിലെ തീരത്തും
പിന്നെ
കരയൊന്നാകാശം തൊടുവാന്‍
കൈയെത്തിക്കും
മറുതീരത്തും.

ഒടുവില്‍ കാണാതെ
തളര്‍ന്നുറങ്ങുമ്പോള്‍
ചിദാകാശത്തിന്‍
പടി വാതിലില്‍
വീണ്ടും
കണ്ണില്‍ കടലുള്ള നീ
ചിരിച്ചു നില്‍ക്കുന്നു !
Join WhatsApp News
ഡോ.ശശിധരൻ 2018-07-01 18:04:52

ലോകത്തിൽ  മണൽ മഞ്ഞ നിറത്തിലും  മറ്റു വിവിധ നിറങ്ങളിലും കാണാറുണ്ടെങ്കിലും   മഞ്ഞ മണലിന്റെ നിറം   അടയാളപ്പെടുത്തുമ്പോൾ  കവി ഭാവനയിൽ സ്വർണ്ണ നിറമെന്നാണ്  സാധാരണയായി സാഹിത്യ സുന്ദരമായി  സമർത്ഥതയോട്  കവിതയിൽ കുറിക്കുന്നത് .കടൽ തീരത്തിരുന്നു നനഞ്ഞ മണലിൽ കളി വീട്  തീർക്കുമ്പോൾ അത്  തീർച്ചയായും തകർന്നടിയുമെന്നറിഞ്ഞിട്ടും  എന്തിനാണ് കൈവിരൽ വിറക്കുന്നത് ? നമ്മുടെ അഗാധമായ അന്തരംഗങ്ങളിൽ തന്നെ സംസാരദുഃഖസാഗരമുള്ളപ്പോൾ കടൽ തുടങ്ങുന്നത്‌  എവിടെയെന്നു എന്തിനു തിരയുന്നു? “നിന്നെ തിരഞ്ഞു ഒരിക്കലും നനയാത്ത തീരത്തിന്നൊടുവിലെ തീരത്തും”, ശരിയായി തിരഞ്ഞാൽ പിന്നെ എവിടെയും  തിരയേണ്ടതില്ല, അവിടെ തന്നെയുണ്ട് കടലിന്റെ (എല്ലാത്തിന്റെയും) ആരംഭവും അവസാനവും!അതുകൊണ്ട് കവിത നിഴലിന്റെ നിഴലിന്റെ വെളിച്ചമായി മാത്രം അവശേഷിക്കുകയും ,ശബ്ദത്തിന്റെ  ശബ്ദത്തിലേക്കുള്ള  വെളിച്ചം കാണാതെ കഷ്ടപ്പെടുകയും ചെയ്യുന്നുണ്ട് .

(ഡോ.ശശിധരൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക