കോട്ടയം: ലാന മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടത്തിന്റെ മൂന്നാമത്തെ പുസ്തകം 'ഒറ്റപ്പയറ്റ്' കോട്ടയത്ത് പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രകാശനം ചെയ്യപ്പെട്ടു. ഹോട്ടല്‍ അര്‍ക്കാഡിയ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ, തിരക്കഥാകൃത്തും കഥാകാരനുമായ ഉണ്ണി. ആറിന് ആദ്യകോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. മലയാള മനോരമ സീനിയര്‍ അസോസിയേറ്റ് എഡിറ്ററും കഥാകൃത്തുമായ ജോസ് പനച്ചിപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അനുഗ്രഹപ്രഭാഷണം നടത്തി.
അമേരിക്കയിലായിരിക്കുമ്പോഴും നാട്ടിലെ സാമൂഹ്യ, സാംസ്‌കാരിക വിഷയങ്ങളെയും സംഭവഗതികലെയും സൂക്ഷ്മമായി വിലയിരുത്തുന്ന ഒരു കണ്‍സേണ്‍ഡ് സിറ്റിസണാണ് ഷാജന്‍ ആനിത്തോട്ടമെന്ന് 'ഒറ്റപ്പയറ്റ്' എന്ന പുസ്തകം തെളിയിക്കുന്നുവെന്ന് ജോസ് പനച്ചിപ്പുറം അഭിപ്രായപ്പെട്ടു. കേരളം വിട്ടാല്‍ ജന്മനാടിനെ മറക്കുന്ന മലയാളിയുടെ പൊതുസ്വഭാവത്തിന് അപവാദമാണ് ഗ്രന്ഥകാരന്‍. സമകാലികമായ കാര്യങ്ങളെ ഗൗരവമായി വിലയിരുത്തുന്നു ഷാജനിലെ എഴുത്തുകാരനെന്നും അദ്ദേഹം നിരീക്ഷിച്ചു.
കലര്‍പ്പില്ലാത്ത സൗഹാര്‍ദവും പെരുമാറ്റത്തിലെ ആത്മാര്‍ത്ഥതയുമാണ് ഷാജനെ മറ്റ് പലരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നതെന്ന് സഖറിയ പറഞ്ഞു. ജനാധിപത്യവും മതേതരത്വവും വേരോടെ പിഴുതെറിയുവാന്‍ ആരൊക്കെയോ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു ഇന്നത്തെ അവസ്ഥയില്‍, കേരളം വിട്ടവര്‍ക്ക് നാട്ടിനെപ്പറ്റി ചിന്തയുണ്ടെന്നത് ഏറെ പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ നാട്ടുകാരനും കുടുംബാംഗത്തെപ്പോലെ സ്‌നേഹിക്കുന്നവനുമായ ഷാജന്‍ ആനിത്തോട്ടം എഴുത്തുകാരന്‍ എന്ന നിലയില്‍ ഇനിയും കൂടുതല്‍ പ്രിയങ്കരനും പ്രശസ്തനുമായി വളരട്ടെയെന്ന് പെരുമ്പടവം ശ്രീധരന്‍ തന്റെ അനുഗ്രഹപ്രഭാഷണത്തില്‍ ആശംസിച്ചു.
'ഒറ്റപ്പയറ്റ്' ഒരുപാട് അംഗീകാരങ്ങള്‍ നേടി വായനക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കും-അദ്ദേഹം അനുഗ്രഹിച്ചു.
ഷാജന്‍ ആനിത്തോട്ടത്തിന്റെ പുസ്തകത്തിലൂടെ സഞ്ചരിച്ചപ്പോള്‍ ഒരു ശരാശരി പ്രവാസി എഴുത്തുകാരനോടുള്ള തന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നുവെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച ഉണ്ണി ആര്‍. അഭിപ്രായപ്പെട്ടു. സമ്പന്നതയുടെ മടിത്തട്ടില്‍ ജീവിയ്ക്കുമ്പോഴും ജനിച്ച നാടിനോടുള്ള കരുതല്‍ ഷാജന്റെ എഴുത്തില്‍ കാണാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് മലയാള വിഭാഗം മുന്‍ തലവനും നോവലിസ്റ്റുമായ പ്രൊഫ.മാത്യു പ്രാല്‍ പുസ്തപരിചയം നടത്തി. എഴുത്തുകാരനും അദ്ദേഹത്തിന്റെ കൃതികളുമായുള്ള തന്റെ ആത്മബന്ധം അദ്ദേഹം അയവിറക്കി.
കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, പ്രൊഫ.ആലീസ് വര്‍ക്കി(റിട്ട. പ്രിന്‍സിപ്പല്‍, സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളജ്, മാന്നാനം), പ്രൊഫ.കെ.എം.ചാക്കോ(ദേവമാതാ കോളേജ്, കുറവിലങ്ങാട്), ഫാ.ജോസ് കരിവേലിയ്ക്കല്‍(സെക്രട്ടറി, കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗ്രന്ഥകാരന്‍ മറുപടി പ്രസംഗം നടത്തി. കോട്ടയം ബേക്കര്‍ വിദ്യാപീഠ അദ്ധ്യാപിക സുധാദേവിയായിരുന്നു എം.സി.
പാലാ സെന്റ് തോമസ് കോളജിലെ 1988 ബാച്ച് എം.എ. ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥികളും മാന്നാനം സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളജ് 1992 സോഷ്യല്‍ സ്റ്റഡീസ് ബാച്ചിലെ വിദ്യാര്‍ത്ഥികളുമാണ് തങ്ങളുടെ ക്ലാസ്‌മേറ്റായിരുന്ന ഷാജന്‍ ആനിത്തോട്ടത്തിന്റെ പുസ്തകപ്രകാശന ചടങ്ങ് ഒരാഘോഷമായി സംഘടിപ്പിച്ചത്. ദശാബ്ദങ്ങള്‍ക്കുശേഷമുള്ള രണ്ട് കോളജുകളിലെയും സുഹൃത്തുക്കളുടെ കൂടിചേരലിന്റെ ഊഷ്മളത പരിപാടിയിലുടനീളം നിറഞ്ഞുനിന്നു. കുമാരി സ്വാതി അജിത്തിന്റെ കവിതാലാപനവും പിറവം സെന്റ് മേരീസ് വോയിസിന്റെ ഗാനമേളയും ഏറെ ആസ്വാദ്യകരമായി. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.