Image

പൈത്തോടി (കഥ: സുഭാഷ് പേരാമ്പ്ര)

Published on 09 July, 2018
പൈത്തോടി (കഥ: സുഭാഷ് പേരാമ്പ്ര)
1
"തംമ്പറാട്ടി കുടുക്കേല്‍ എന്തുണ്ട്...."
"തമ്പ്രാന്‍ കൊടുത്തൊരു മലരമ്പ് ".......

അല്ലച്ഛാ ഇങ്ങള് എന്തൊക്കെയാ ഈ പാടുന്നത്..... ???
ഉഷേച്ചി അച്ഛാഛനോട്
സ്വല്പം ശകാരം കലര്‍ന്ന രീതിയില്‍ ചോദിച്ചപ്പോള്‍ അച്ഛാച്ചന്‍ എന്നെ നോക്കികൊണ്ട് എന്റെ "കണ്ണന്‍"എന്ന ഓമന പേരില്‍ അടുത്ത പാട്ട് തുടങ്ങി......

"കണ്ണാകണ്ണാ കടത്തുവനാട്ടിലൊരു പെണ്വണ്ടിക്ക്.........
ആളുമ്പോ പൊങ്ങുന്ന കാതില്‍ വേണം.......
ഈച്ച കുടുങ്ങുന്ന പട്ട് വേണം....... "

എന്തിനാണോ ആളുമ്പോള്‍ കാതില്‍ പൊന്തുന്നതെന്നോ ??
പട്ടില്‍ എന്തിന് ഈച്ച കുടുങ്ങണമെന്നോ.. ?? എനിക്കറിയില്ല.......

മുറ്റത്ത് നായയെ കാണുമ്പോള്‍ പാടാറുള്ള വരികളാണ്
"നാലുകാലും ഒരു വാലുമുള്ള ദൈവമേ.......
പരുത്തിക്കും നൂലിനും വില കുറക്കേണമേ ..... "

നെയ്ത്ത് ഉപജീവനമായിട്ടുള്ളവര്‍ നായയെ കാണുമ്പോള്‍ ദൈവമായി സങ്കല്പിച്ചു പരുത്തിക്കും നൂലിനും വിലകുറക്കാന്‍ പ്രാര്‍ത്ഥിക്കുന്ന വരികളാണ് ഇതെന്ന് ഒരിക്കല്‍ അച്ഛാച്ചന്‍ പറഞ്ഞു തന്ന നേരിയോരോര്‍മ്മ..

അച്ഛാച്ചന്‍ എപ്പോഴും പാടാറുള്ള ആരും എവിടെ യും എഴുതപ്പെടാത്ത വരികളാണെന്നു തോന്നുന്നു ഇതെല്ലാം.

ഒരു നിഘണ്ടുവിലും കാണാത്ത
"പൈത്തോടി"
"കാട്ട്മാ "
"പാട്ടുരങ്ക"
"കൊടുമാല "
എന്നീ വാക്കുകള്‍...
ഇതെല്ലാം കേട്ടാണ് എന്റെ ഓര്‍മ്മകളുടെ ബാല്യം തുടങ്ങുന്നത്.
അമ്മക്ക് ജോലി ദൂര സ്ഥലത്ത് ആയതുകൊണ്ട് ആഴ്ചക്ക് ഒരിക്കല്‍ മാത്രമേ അമ്മവരാറുള്ളൂ.ആ ദിവസം ഒഴികെ എന്നും ഞാന്‍ അച്ഛാച്ചന്റെ കറുത്ത ശരീരത്തിലെ വെളുത്ത രോമങ്ങളില്‍ ഒട്ടിപിടിച്ചു കരിമ്പടത്തിനുള്ളില്‍ പൊത്തിപിടിച്ചു കിടക്കും.

ഞാന്‍ ജനിക്കുന്നതിനു മുമ്പ് അച്ഛാച്ചന്‍ പുതിയേടത്ത് അമ്മത് ഹാജിയുടെ വീട്ടിലെ കാര്യസ്ഥനും മൂരി ഉഴുത്തുകാരനും ആയിരുന്നു.
ഒരു കാര്യഗൗരവവുമില്ലാത്ത തീര്‍ത്തും അലസനും മടിയനും പിന്നെ ഒട്ടും ഉത്തരവാദിത്തബോധമില്ലാത്ത ഒരു കാര്യസ്ഥന്‍...............

പുതിയേടത്ത് മാപ്പിള്ളക്ക് നാട് മുഴുവന്‍ പറമ്പുകളും വയലുകളുമുണ്ട് അച്ഛാച്ചന് ഒരുവര്‍ഷം മുഴുവനും ഉഴുതാലും തീരാത്തത്ര ഭൂസ്വത്തുണ്ട്.
"ചാത്തോത്തുചാലില്‍ പറമ്പ് "തുടങ്ങുന്നത് പാറമടയുടെ താഴത്തെ ഒടി മുതല്‍ റോഡ് വരെ നീണ്ടു കിടക്കുന്ന അഞ്ചെട്ട് ഏക്കറ തെങ്ങിന്‍ തോപ്പ്.
"ചാളോള്ള പറമ്പ് "തുടങ്ങുന്നത് ഗംഗാധരന്‍ നായരുടെ പറമ്പിന്റെ താഴത്തെ ഒടി മുതല്‍ "പുതിയേടത്ത് പറമ്പ് വരെ നീണ്ടു കിടക്കുന്ന സ്ഥലം.
ഒരു ഇടവഴിയാല്‍
ചാളോള്ള പറമ്പും പുതിയേടത്ത് പറമ്പും വേര്‍തിരിക്കപ്പെട്ടിരുന്നു.
"പുതിയേടത്ത്"പറമ്പ് അമ്മത് ഹാജിയുടെ വീട് നില്‍ക്കുന്ന സ്ഥലമാണ്. അത് ചെമ്പ്ര റോഡ് വരെ നീണ്ടു കിടക്കുന്നു. "നായിച്ചെമ്പത്ത്"
പുതിയേടത്ത് പറമ്പിന്റെ ഇടതുവശത്തായി
ചെമ്പ്ര റോഡ് വരെ
നീണ്ടു കിടക്കുന്ന സ്ഥലം.
നായിച്ചെമ്പത്തിനെയും പുതിയേടത്തിനെയും വേര്‍തിരിച്ചുകൊണ്ടു
ഇടയിലൂടെ ഒരു വീതി
കൂടിയ നാട്ടുവഴിയുണ്ട്.
പിന്നെ എനിക്ക് അത്ര സുപരിചിതമല്ലാത്ത
അയ്യപ്പന്‍കണ്ടി പറമ്പ്.....
എല്ലാ സ്ഥലങ്ങളും കൂടി ഒരു അമ്പത് ഏക്കറയെങ്കിലും ചുരുങ്ങിയത് കാണും. പിന്നെ എണ്ണമറ്റ പാടശേഖരങ്ങള്‍.......
ഞങ്ങളുടെ നാട്ടിലെ അക്കാലത്തുള്ള വളരെ സമ്പന്നമായ ഒരു മുസ്ലിം തറവാട് തന്നെയായിരുന്നു പുതിയേടത്ത്.

2
പുതിയേടത്ത് മാപ്പിളയുടെ സ്ഥലങ്ങളായ
ചാത്തോത്ത് ചാലില്‍...
ചാളോള്ള പറമ്പ്...
പുതിയേടത്ത്..
നായിച്ചെമ്പത്ത്...
അയ്യപ്പന്‍കണ്ടി..
ഇതെല്ലാം ഞങ്ങളുടെ നാട്ടുകാര്‍ക്ക് വേണ്ടി
യഥേഷ്ടം തുറന്നു കൊടുത്ത സ്ഥലങ്ങളായിരുന്നു. തേങ്ങ ഒഴികെ ആര്‍ക്കും എന്തും പറിച്ചു കൊണ്ടുപോവാം. ചക്കയും മാങ്ങയും പറങ്കി മാങ്ങയും കറമൂസയും.... അങ്ങനെ അങ്ങനെ എന്തും.ചാളോള്ള പറമ്പ് ആ കാലഘട്ടത്തിന്റെ ഏതന്‍ തോട്ടം തന്നെയായിരുന്നു.സമൃദ്ധമായി വിരിഞ്ഞു നില്‍ക്കുന്ന വരിക്കച്ചക്കകളും...
പഴച്ചക്കകളും...
പഴുത്ത് നില്‍ക്കുന്ന ഓളോറു മാങ്ങ... കുറുക്കന്‍ മാങ്ങ..
നാട്ടുമാങ്ങ...
കൊമാങ്ങ...
ചാളോള്ള പറമ്പില്‍ ഒരുപാട് തവണ കൂട്ടുകാരുമോത്ത് കുട്ടികാലത്ത്
പോയി ചക്കയും മാങ്ങയും
വേണ്ടുവോളം കഴിച്ചത് എനിക്ക് നന്നായിട്ട് ഓര്‍മ്മയുണ്ട്.അക്കാലത്ത്
ഒരുപാട് കുടുംബങ്ങള്‍ പുതിയേടത്ത് അമ്മത് ഹാജിയുടെ പറമ്പുകളെയും തറവാടിനെയും ആശ്രയിച്ചു ജീവിച്ച് പോന്നിരുന്നു.

അമ്മത് ഹാജിയുടെ മക്കളും എന്തിനധികം പറയണം പേരക്കുട്ടികള്‍ വരെ "കണാരാ"എന്നാണ് വിളിക്കുക.അത് ആ കാലഘട്ടത്തിന്റെ ശരിയും
നട്ടുനടപ്പും ആയത്
കൊണ്ട് അതാരും തിരുത്താനും പോയില്ല.
സ്വന്തം അച്ഛാച്ചനെ പ്രായം കുറഞ്ഞവര്‍ പേര് വിളിക്കുമ്പോള്‍ എന്റെ ഉള്ളില്‍ ആത്മരോഷം
പതഞ്ഞ് പൊന്താറുണ്ടായിരുന്നു.
പിന്നെ കാലം മാറിയപ്പോള്‍ അതെല്ലാം മാറി
"കണാരന്‍" എന്ന് വിളിച്ചവര്‍
"കണാരന്‍കുട്ട്യാട്ടനെനും "
"കണാര്‍ച്ഛനെനും "എന്നും മാറ്റി വിളിച്ചു തുടങ്ങി.

3
വീട്ടില്‍ കടുത്ത ദാരിദ്രിമുണ്ടായിരുന്നിട്ടും എന്നും അച്ഛാച്ചന് ഉഴുതു മറിക്കാന്‍ പുതിയേടത്ത് മാപ്പിളക്ക് നാട്ടില്‍ നിറയെ പറമ്പുകള്‍ ഉണ്ടായിട്ടും.
മടികാരണം പതിവായി പണിക്കിറങ്ങാറില്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം. ചിലപ്പോള്‍ അതും കാണില്ല.പണിക്കിറങ്ങിയില്ലെങ്കില്‍ പുതിയേടത്ത് തന്നെ ചയപ്പിലോ... കോപ്പിര്യയില്ലോ...
പറമ്പിലോ..
എവിടെയെങ്കിലും ചുറ്റിപ്പറ്റിയുണ്ടാവും.കാണുമ്പോള്‍ പുതിയേടത്ത് ഉമ്മേറ്റിയര്‍ ചോദിക്കും. "അല്ല കണാരാ.. ഇഞ്ഞി
ഉഗ്വന്നിലെങ്കിലും ഉഗ്വണ്ടാ..
ഇണക്ക് ആ മൂരിളെ ഒക്കെ കയിച്ച് ഒന്ന് എടെങ്കിലും കേട്ടര്‍തോ?ആയിറ്റിങ്ങള്‍ക്ക് ഇച്ചിരി വെള്ളോ പുല്ലും കൊടുക്കര്‍തോ.. ?" പാലം കുലുങ്ങിയാലും കേളന്‍കുലുങ്ങില്ല. അച്ഛാച്ചന്‍ അതൊന്നും ചെവിക്കൊള്ളില്ല.തോന്നിയാല്‍ മാത്രം ചെയ്യും.......
അമ്മത് ഹാജി ചോദിക്കും
ഇഞ്ഞി ഉഗ്വാന്‍ പോയില്ലേ കണാരാ.... അപ്പോഴും മറുപടി തീര്‍ത്തും സത്യസന്ധം. "എനിക്ക് കയ്യേലായിട്ട് ഞാന്‍ പോയിക്കില്ല. "
ഈ നിഷ്കളങ്കത സത്യസന്ധത ഇതു കൊണ്ട് തന്നെയായിരിക്കും അലസനും മടിയനും പിന്നെ ഒട്ടും ഉത്തരവാദിത്തബോധമില്ലാഞ്ഞിട്ടും പുതിയേടത്ത് അമ്മത് ഹാജിക്കും പുതിയേടത്ത് ഉമ്മേറ്റിയര്‍ക്കും കണാരന്‍ എന്നും പ്രിയപെട്ടവനായത്.

ഒരിക്കല്‍ ആരോ അമ്മത് ഹാജിയോട് ചോദിച്ചു "എന്തിനാണ് കണാരനെ പോലൊരു കാര്യസ്ഥന്‍ ഓന്‍ ഉള്ളതും ഇല്ലാത്തതും കണക്കല്ലേ.... ?........

കണാരന്‍ മടിയനാണ് എനിക്ക് അത് നന്നായിട്ട് അറിയാം അത് മാത്രമേ ഓന് കൊയപ്പള്ളൂ....
ഒരു പോകയോന്‍ വലിക്കൂല.....
കള്ളോന്‍ കുടിക്കൂല്ല.... പെണ്ണിന്റെ വയ്യ ഓന്‍ പോവൂല്ല.....
ഓന്റെ മക്കളും ഓളും പട്ടിണി കിടന്ന് ചത്താലും
ഒരു സാധനം ഓന്‍ ഇവടെന്ന് ചോദിക്കാണ്ട് എടുക്കൂല്ല....
ഓന്‍ നേരും നെറിയും സ്‌നേഹവുമുള്ളോനാ.........
കണാരനെ പോലൊരുത്തന്‍ ഇപ്പോ ഈ നാട്ടില്‍ ആരും തന്നെ ഉണ്ടാവില്ല...ഇനി ഉണ്ടാവാനും പോണില്ല.....
അമ്മത് ഹാജിയുടെ വീട്ടിലും പറമ്പിലുമായി ഒരുപാട് ജോലിക്കാര്‍ ഉണ്ടായിരുന്നെങ്കിലും
അച്ഛാച്ചന് അവിടെ കിട്ടിയിരുന്ന സ്വാതന്ത്ര്യം മറ്റാര്‍ക്കും ഇല്ലായിരുന്നു. കണാരന്‍ തന്നെയായിരുന്നു
അമ്മത് ഹാജിയുടെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരന്‍..........

4
പണ്ടൊക്കെ കല്ല്യാണ വീടുകളിലേക്ക് ചെമ്പും ചരക്കും പുതിയേടത്ത്... ഗോശാലക്കല്‍.. എനിങ്ങനെ വലിയ തറവാട്ടില്‍ നിന്നുമാണ് കൊണ്ടുപോവാറ്. അന്ന് ഇന്നുള്ളപോലെ കല്യാണ വാടക സ്‌റ്റോറുകള്‍ ഇല്ല.
പുതിയേടത്ത് അത്ര പരിചയമില്ലാത്ത ആളുകള്‍ അച്ഛാച്ചനോടാണ് ശുപാര്‍ശ ആവശ്യപെടുക.

പണിയെടുത്താലും ഇല്ലെങ്കിലും അമ്മത് ഹാജിയുടെ വീട്ടിലെ കലത്തില്‍ അച്ഛാച്ചനുള്ള ചോറുണ്ടാവും. വൈകുന്നേരം അച്ഛാച്ചന്‍ പണി കഴിഞ്ഞു വീട്ടില്‍ വരുന്നതും നോക്കി ഒന്നും രണ്ടുമല്ല ഒന്‍പതു കുട്ടികളും അച്ഛമ്മയുമുണ്ടാവും വിശന്ന വയറുമായി കാത്തിരിക്കുന്നു .തന്റെ മടിയും ഉത്തരവാദിത്തമില്ലായിമയും കൊണ്ട് പട്ടിണി കിടക്കേണ്ടിവരുന്ന കുട്ടികളെ പറ്റിയൊന്നും ഒരിക്കലും അച്ഛാച്ചന്‍
ചിന്തിക്കാറേ ഇല്ല....
മക്കള്‍ക്ക് കഞ്ഞി കൊടുക്കാനുള്ള അരിയെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് അച്ഛമ്മ എന്നും ആഗ്രഹിക്കുമായിരുന്നു.

മക്കളൊക്കെ കുറച്ച് വലുതായപ്പോള്‍ ജന്മ സിദ്ധമായ മടി കാരണം പ്രായമായെന്ന് സ്വയം തീരുമാനിച്ച് അമ്മത് ഹാജിയുടെ വീട്ടില്‍ നിന്നും അച്ഛാച്ചന്‍ ഘട്ടം ഘട്ടമായി ജോലി നിര്‍ത്തി.ജോലി വിട്ടതിനു ശേഷവും അമ്മത് ഹാജിയുടെ മരണശേഷവും അച്ഛാച്ചന്‍ ഇടക്കിടെ പുതിയയേടത്ത് പോവാറുണ്ടായിരുന്ന.പുതിയേടത്ത് അമ്മത് ഹാജിയും കുടുംബവുമൊക്കെയായി അച്ഛാച്ചന് വല്ലാത്തൊരു ആത്മബന്ധമുണ്ടായിരുന്നു.അമ്മത് ഹാജി നാടുനീങ്ങുന്നതിന് മുമ്പേ എനിക്ക് ഓര്‍മ്മകള്‍ വെച്ചു തുടങ്ങിയിരുന്നു......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക