Image

ഇത് നഗരമാണ്... തിരിഞ്ഞു നില്‍ക്കരുത് ( കവിത - ജോസഫ് നന്പിമഠം )

ജോസഫ് നന്പിമഠം Published on 27 July, 2018
ഇത് നഗരമാണ്... തിരിഞ്ഞു നില്‍ക്കരുത് ( കവിത - ജോസഫ് നന്പിമഠം )
ഇന്നുകളില്‍ മാത്രം ഞാന്‍ ജീവിക്കുന്നു 

നാളെ എന്തെന്ന് എനിക്കറിയില്ല 

അതേപ്പറ്റി എന്തിനു തല പുണ്ണാക്കണം?


ട്രാഫിക് ലൈറ്റിന്റെ ചുവപ്പില്‍

ഞാന്‍ ബ്രേക്ക് ചവിട്ടുന്നു 

ട്രാഫിക് ലൈറ്റിന്റെ പച്ചയില്‍ 

ആക്‌സിലറേറ്ററില്‍ ആഞ്ഞു ചവിട്ടുന്നു 


ചുവപ്പും മഞ്ഞയും പ്രകാശം മിന്നിച്ചു

പാഞ്ഞു വരുന്ന ആംബുലന്‍സ് 

എന്റെ ശ്രദ്ധയെ.. മുന്നോട്ടുള്ള ഗമനത്തെ

തടസ്സപ്പെടുത്തുന്നത് എനിക്ക് തീരെ ഇഷ്ടമല്ല 


കാരണം 

ക്‌ളോക് ചെയ്യാന്‍ താമസിച്ചാല്‍ 

അധികാരി എന്നേ ശകാരിക്കും

ജോലിയില്‍ ടാര്‍ഡി ആയാല്‍

മറ്റൊരിന്‍സിഡന്റായി പരിഗണിക്കപ്പെടും 


ഞാന്‍ ഉത്തരവാദിത്തമുള്ള 

ജോലിക്കാരന്‍ അല്ലാതാകും 

എന്റെ പേരിനെ അത് ബാധിക്കും 

ശന്പളത്തെ ബാധിക്കും 

പേയ്മെന്റുകള്‍ മുടങ്ങും 

ബാങ്ക് ബാലന്‍സു കുറയും

 

തിരിച്ചുള്ള യാത്രയില്‍ താമസിച്ചാല്‍ 

കുട്ടികളെ പിക് ചെയ്യാന്‍ ലേറ്റാകും 

ഭാര്യ ജോലിക്കു ലേറ്റാകും 

അവള്‍ ടാര്‍ഡി ആകും 

അവള്‍ ടാര്‍ഡി ആയാല്‍  

ഇതെല്ലം വീണ്ടും അവര്‍ത്തിക്കപ്പെടും

ബാങ്ക് ബാലന്‍സ്... പേയ് മെന്റ്‌സ്...

  

അതിനാല്‍

വഴിയോരങ്ങളിലെ ആക്‌സിഡന്റുകളില്‍ 

ശ്രദ്ധിക്കാന്‍ എനിക്ക് കഴിയാതായിരിക്കുന്നു 

കൂട്ടിയിടിച്ചു കിടക്കുന്ന വണ്ടികള്‍ക്ക് നേരെ... 

എല്ലു നുറുങ്ങി, ബോധമറ്റ, മനുഷ്യരുടെ നേരെ 

ഞാന്‍ കണ്ണടക്കുന്നു


അവരുടെ കാര്യം നോക്കാന്‍ 

പോലീസും ഫയര്‍ ഫോഴ്സും ഉണ്ട് 

ഞാന്‍ വണ്ടി നിറുത്തിയാല്‍ 

അത് താളക്രമം തെറ്റിക്കും

താളക്രമം തെറ്റാന്‍ പാടില്ല

അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും 

പിന്നിലുള്ള ഡ്രൈവര്‍ ചീത്തപറയും... 

നടുവിരല്‍ ഉയത്തിക്കാട്ടും...  

ജോലിക്കു ടാര്‍ഡി... പേമെന്റ്‌സ്...  ബാങ്ക്ബാലന്‍സ്...

 

നിര്‍ത്താതെ പോകുന്നതാണ് ബുദ്ധി 

കോവര്‍ക്കറേ കൃത്യസമയം റിലീവ് ചെയ്യണം 

ഞാന്‍ ജോലി ചെയ്യുന്നത് ആശൂപത്രിയിലാണ് 

എല്ലൊടിഞ്ഞവരും മുറിവേറ്റവരും 

അവിടെ എന്നെ കാത്തിരിപ്പുണ്ട്  


നാളെ 

ഒരുപക്ഷെ ഞാനായിരിക്കും 

ഈ റോഡില്‍... ചോരയില്‍ കുളിച്ചു      

അര്‍ദ്ധപ്രാണനായി 

പപ്പടം പോലെയായ കാറില്‍ 

ഹൃദയം ഞെരിഞ്ഞു, നെഞ്ചിലെ പക്ഷി 

കൂടുവിട്ട് പോയെന്നിരിക്കും 


എങ്കിലും

നിങ്ങളും നിറുത്തരുത് 

ഇത് നഗരമാണ് 

ഞാന്‍  നിങ്ങളെ അറിയുന്നില്ല 

നിങ്ങള്‍ എന്നെയും അറിയുന്നില്ല

 

സ്വന്തം അയല്‍ക്കാരന്റെ 

മുഖം കണ്ടിട്ടില്ലാത്ത നിങ്ങള്‍ 

ആക്സിഡന്റില്‍ ചതഞ്ഞരഞ്ഞ 

എന്റെ മുഖം എങ്ങിനെ തിരിച്ചറിയാന്‍?

പോകൂ... 

ഇത് നഗരമാണ്... തിരിഞ്ഞു നില്‍ക്കരുത്! 

['വഴിയോരങ്ങളിലെ ആക്‌സിഡന്റുകളില്‍  ശ്രദ്ധിക്കാന്‍ എനിക്ക് കഴിയാതായിരിക്കുന്നു' എന്ന വരികളിലെ നിസ്സംഗമായ ക്രൂരത നമ്മുടെ ജീവിതകാലത്തെ ഒരു ജീവിത ശൈലി-- അല്ല മുഖ്യ ജീവിതമാതൃക തന്നെ ആയിരിക്കുന്നു. ഇനി എന്തിനു കവിത എന്നുപോലും ചോദിക്കാന്‍ തോന്നുന്ന അവസ്ഥയിലാണ് കവിതയ്ക്ക് പ്രസക്തി  എന്ന് ഈ കവിതകളെല്ലാം സൂചിപ്പിക്കുന്നു സ്ഥാപിക്കുന്നു.' 1998 ല്‍ മള്‍ബറി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ആദ്യകവിതാ സമാഹാരമായ 'നിസ്വനായ പക്ഷി'യുടെ അവതാരികയില്‍ ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍ ഈ കവിതയെപ്പറ്റി കുറിച്ചത്.]
Join WhatsApp News
വിദ്യാധരൻ 2018-07-27 08:57:03
ഞാൻ ഇങ്ങനെയാണ് ഇവിടെ 
സ്വാർത്ഥനായത് .
ഇപ്പോൾ ഒന്നേ എനിക്ക് അറിയൂ 
'ഞാൻ' 'എനിക്ക്' എന്റേത് !
അതെ ഞാനാണ്  
കൂപ മണ്ഡൂകം

നല്ലൊരു കവിതയ്ക്ക് നന്ദി 

Amerikkan Mollaakka 2018-07-27 13:32:52
ഞമ്മളെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവൻ
എന്ന് ബിളിച്ചാൽ മതി സ്വാർത്ഥൻ എന്ന് പറയരുത് .
രണ്ടും ബെത്യാസമില്ലെന്നു തോന്നുന്നോ. കബിത
അങ്ങനെയാണ്. നമ്പിമഠം സാഹിബിന്റെ നല്ല കബിതകൾ
ആണ്. പരോപകാരം ചെയ്യണം പക്ഷെ അബനബന്റെ
കർത്തവ്യങ്ങൾ മറന്നു അതിനു പോയാൽ നമ്പിമഠം
സാഹിബ് പറയുന്ന മുസീബത്തുകൾ ഉണ്ടാകും.
അതിനു ഞമ്മള് മാത്രം ഉത്തരബാദി. അസ്സാലാമു അലൈക്കും
നമ്പിമഠം സാഹിബ് താങ്കൾക്ക് പടച്ചോന്റെ
കൃപ ഉണ്ടാകട്ടെ. അത് മാത്രമേ ഉണ്ടാകു
അമേരിക്കൻ മലയാളികളിൽ നിന്നോ ഇബിടത്തെ
എയ്തതുകാരിൽ നിന്നോ ഒന്നും പ്രതീക്ഷിക്കണ്ട.ഇമ്മടെ ഡോക്ടർ ശശിധരൻ സാഹിബിന്റെ
സ്കോളർലി ആയ അഭിപ്രായങ്ങൾ തീര്ച്ചായും
ഉണ്ടാകും. അത് ശ്രധ്ധിക്കുക. ബിദ്ധ്യധരൻ സാഹിബ്  എയുതി കഴിഞ്ഞു. അദ്ദേഹം
എന്നും പ്രതികരണങ്ങളിൽ ബിളങ്ങി നിൽക്കുന്നു.
ഡോ .ശശിധരൻ 2018-07-27 15:33:49

നാളെയെ കുറിച്ച് തല പുണ്ണാക്കുന്നില്ലെങ്കിൽ ചുവന്ന ട്രാഫിക്

ലൈറ്റിനു മുന്നിൽ ബ്രേക്ക് ആഞ്ഞു ചവിട്ടുന്നതെന്തിന് ?

(ഡോ .ശശിധരൻ)

നാരദന്‍ 2018-07-27 17:44:21

കര്‍, നിക്കര്‍, പണിക്കര്‍,

ഷണം, നിര്‍ത്തണം

കുല പാതകം, കലാ കുല പാതകം

എന്ന് കൃഷ്ണന്‍ നായര്‍ എഴുതിയതും ഇവിടെ പ്രസക്തം.

Jack Daniel 2018-07-27 17:47:37
It is written
When Jesus died, several dead arose and went to the city.
Here Malayalam Literature is dying
and dead poems are arising 
CID Moosa 2018-07-27 20:08:11
നിങ്ങള് ചുവന്ന  ട്രാഫിക്ക് ലൈറ്റിൽ ബ്രേക്ക് ആഞ്ഞു ചവിട്ടണം ശശിധരൻ പറയുന്നത് കേൾക്കരുത് . അങ്ങേര് നിങ്ങളെ കൊല്ലാനുള്ള സൂത്രം ഒരുക്കുന്നതാണ് 
വായനക്കാരൻ 2018-07-27 21:01:45
Robert Lowell, supervised by Prof. Robert E. Gross, subsequently he did post-doctoral research in Yale and Harvard University (1981–82)

കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു. മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം.1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് ആധുനിക മലയാള കവിതയുടെ ആധാരശില.

ചക്ക്രവാളത്തിനപ്പുറം ചൂടുകൾ 
ഞെട്ടി,വന്നു പിറന്ന നക്ഷത്രമേ
നീയുണരുക വാനിലീപ്പാരിന്റെ
ചോരയൂറുവാൻ നാഡി തുടിക്കുവാൻ (കുരുക്ഷേത്രം)  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക