Image

ജല ദാഹം (കവിത: ബിന്ദു ടിജി)

Published on 23 August, 2018
ജല ദാഹം (കവിത: ബിന്ദു ടിജി)
ഒരു മഴ തോരുവാന്‍
കാത്തു നിന്നപ്പോഴാണ്
കയ്യില്‍ കുടയുമായ് നീ വന്നത്
എന്റെ കണ്ണിലെ മഴത്തുള്ളിയൊപ്പി
ഒരേ കുടയില്‍ ചേര്‍ത്തണച്ചതും
ഒരൊറ്റ മിന്നലായ് പുണര്‍ന്നതും
എന്നിലെ മൃത്യു വിന്‍
ശൈത്യ മാകെയകന്നതും

പിന്നെയെന്നും മഴ വരുമ്പോള്‍
ഞാനുണരും
ജാലകം തുറക്കും
നിന്നെ തേടും
ജലവിരലുകള്‍ തേടും
മിന്നലിന്‍ മിനുപ്പും ചൂടും തേടും

ഇന്നും പെയ്ത്ത് നോക്കി നിന്നു
വെള്ള പാച്ചിലും
ഇത് പൊള്ളുന്ന മഴയെന്നാരോ പറഞ്ഞു
അല്ല ചൂടുള്ളൊരുമ്മ യെന്നു ഞാനും .
ചിരിച്ചു കണ്ണൊന്നു ചിമ്മിയ മാത്രയില്‍
മഴയെരിഞ്ഞു കത്തി
പൊള്ളി പുകഞ്ഞു ഞാന്‍ ചാരമായ് !

ഇനി
പുനര്‍ജ്ജനിക്കണം
പറന്നുയരണം
മേഘത്തിനുള്ളിലൊരു
ജല ബിന്ദു വായ് മാറണം
പെയ്തു തീരണം
ഭൂമിക്കു മീതെ
നിറവുള്ള കനിവായ് !
ജല ദാഹം (കവിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക