ചീട്ടുകളി മത്സരവും സൗന്ദര്യ മത്സരവും നടത്താം.
അന്യോന്യം പൊന്നാടയും ക്യാഷ് അവാര്‍ഡും കൊടുത്തു
സംത്രുപ്തിപ്പെടാം. നാട്ടില്‍ നിന്ന് രാഷ്ട്രീയക്കാരെയും സിനിമാക്കാരെയും
സാഹിത്ത്യക്കാരെയും കൊണ്ടുവന്നു നമ്മുടെ മീറ്റിംഗുകള്‍ പൊടി പൊടിക്കാം.
അവരുമായി ബിസിനസ് ഡീലുകളും പുറം ചൊറിച്ചിലുകളും നടത്താം .
അങ്ങോട്ടുമിങ്ങോട്ടും ഇട്ട പാലത്തില്‍ ഇടക്കൊക്കെ ഡോളര്‍ കായ്ക്കുന്ന മരങ്ങള്‍ നടാം. ഫലം പെറുക്കാം.
നമുക്ക് വീണ്ടും കൂടുതല്‍ സംഘടനകളും ജാതികൂട്ടായ്മകളും ഉണ്ടാക്കി എടുക്കാം.
തൊഴിലിന്റെയും, നാട്ടിലെ സ്ഥലപ്പേരുകളിലും കൂട്ടായ്മകള്‍ ഉണ്ടാക്കി നമുക്ക് കൂടുതല്‍ അകന്നു കൊണ്ടേ ഇരിക്കാം.
ഇവിടെ നമുക്ക് കൂടുതല്‍ മലയാളിപ്പള്ളികളും അമ്പലങ്ങളും പണിയാം..
ഓവര്‍ടൈം ചെയ്തു റിയല്‍ എസ്‌റ്റേറ്റില്‍ ഇന്‍വെസ്റ്റ് ചെയ്യാം
പേഴ്‌സുകള്‍ നിറക്കാം, മണിമന്ദിരങ്ങള്‍ പണിയാം.
ആവശ്യമില്ലെങ്കിലും അടച്ചിടാനായി കേരളത്തില്‍ നമുക്കൊരു കൊട്ടാരം കൂടി പണിയാം.
ഇത് കൊണ്ടെന്നും സമാധാനമായില്ലങ്കില്‍ ഇല്ലാത്ത കടലാസു സംഘടനയുടെ പേരും പറഞ്ഞു കേരളത്തില്‍ പോയി പാവങ്ങള്‍ക്ക് ചോറും പൊതി കൊടുത്തും, വീട്
കെട്ടിക്കൊടുത്തും അതിന്റെയെല്ലാം സെല്‍ഫിയെടുത്തും ഫേസ് ബുക്കിലിട്ടു കുളിരു
കോരാം .
സമ്മേളന ഹാളിലെ ആളില്ലാത്ത കസേരയുടെ ഫോട്ടോയൊന്നും എടുത്തു നാറ്റിക്കരുതെന്നു മീഡിയക്കാരോട് യാചിക്കാം.
ഇവിടെ അമേരിക്കയില്‍ നമ്മളും നമ്മുടെ സംഘടനകളും ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍.
ഒരൊറ്റ സംഘടനാ മീറ്റിങ്ങുകള്‍ പോലും നമ്മള്‍ ഇവിടെ വളര്‍ത്തുന്ന കുട്ടികള്‍ക്ക് വേണ്ടി വെയ്ക്കാതെയിരിക്കാം.
ഒരൊറ്റ ഡ്രഗ് അവയര്‍നെസ്സ് പ്രോഗ്രാം പോലും നാം അവര്‍ക്കായി സംഘടിപ്പിക്കാതിരിക്കാം.
അണ്ടര്‍ ഏജ് ഡ്രിങ്കിങ്ങിനെക്കുറിച്ചൊന്നും നാം അവരെ പഠിപ്പിക്കേണ്ടതില്ലന്നു ചിന്തിക്കാം.
അവര്‍ വരില്ല എന്നൊരു മുന്‍വിധി പറഞ്ഞു അവരെ നമുക്കെല്ലാറ്റില്‍ നിന്നും ഒഴിവാക്കാം.
അവരെ നമുക്ക് തനി സായിപ്പും മദാമ്മമാരുമായി വളര്‍ത്താം. പക്ഷെ ടീന്‍ ഏജ്
പ്രായത്തില്‍ അവര്‍ക്കു കാമുകനോ കാമുകിയോ ഉണ്ടെന്നറിയുമ്പോള്‍, അവര്‍ എല്ലാ
രീതിയിലും ആക്റ്റീവ് ആണെന്നറിയുമ്പോള്‍,
നമ്മള്‍ മലയാളികളല്ലേ, നാം അങ്ങിനെയൊന്നും പോകാന്‍ പാടില്ലായെന്ന പഴയ പല്ലവി പറഞ്ഞു കൊണ്ട് ചെല്ലാം.
മലയാളമെങ്ങാനും അവര്‍ അറിയാതെ പോലും പറയിക്കരുത്.. അവരുടെ അമേരിക്കന്‍ അക്‌സെന്റ് അത് കൊണ്ടെങ്ങാനും കുറഞ്ഞു പോയാലോ ?
ജപ്പാന്‍ കാരുടെയും, കൊറിയക്കാരുടെയും, മെക്‌സിക്കാരുടെയും മക്കള്‍ അവരുടെ
മാതൃഭാഷ പറയുന്നു, എന്തെ ഇവിടെ വളരുന്ന മലയാളിക്കുട്ടികള്‍ക്കു
മലയാളത്തോടിത്ര പുച്ഛം എന്നൊന്നും ആരും നമ്മളോട് ചോദിക്കാന്‍ ഇടയാകാതെ
നമ്മള്‍ നോക്കിക്കോണം.
ഇനിഅഥവാ ചോദിച്ചാല്‍ അത് കേട്ടില്ലെന്നു
നടിക്കാനും മറക്കരുത്.
നാട്ടില്‍ നിന്നും പുതുതായി കുടിയേറുന്ന മലയാളി
കുടുംബങ്ങള്‍ക്ക്, അവരുടെ കുട്ടികള്‍ക്കു ഈ കുടിയേറ്റ രാജ്യത്തു അവര്‍
നേരിടാന്‍ സാധ്യതയുള്ള പ്രശ്ങ്ങളെക്കുറിച്ചുള്ള യാതൊരു ബോധവല്‍ക്കരണ
ക്ലാസ്സുകളും നമ്മള്‍ സംഘടിപ്പിക്കാതിരിക്കാം.
കഴിയുമെങ്കില്‍ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ മത സ്ഥാപനങ്ങളില്‍ നിന്നും ഇറക്കാതെ വളര്‍ത്തം.
നമ്മുടെ മതമല്ലാത്ത ഒരു മതവും കൊള്ളില്ലെന്നും, മറ്റു മതഗ്രന്ഥങ്ങളോ
പുസ്തങ്ങളോ യാതൊരു കാരണ വശാലും വായിക്കരുതെന്നുമുള്ള മുന്‍വിധികളും
താക്കിതുകളും അവര്‍ക്കു കൊടുക്കാം.
അങ്ങിനെ അവര്‍ മുതിര്‍ന്നു കഴിയുമ്പോള്‍ മലയാളി മതസ്ഥാപനങ്ങളിലേക്കു ഒരിക്കലും തിരിച്ചു വരാതെ അവരെ വെറുപ്പിച്ചോടിക്കാം.
ഇന്ത്യക്കാരല്ലാത്തവരോടു കഴിവതും കൂട്ട്
പിടിക്കരുതെന്നും, നിവര്‍ത്തിയുണ്ടെങ്കില്‍ മലയാളിപ്പിള്ളേരോട് മാത്രമേ
കൂട്ടുകെട്ടുകള്‍ ആകാവൂ എന്ന് തീര്‍ച്ചയായും പറഞ്ഞു കൊടുക്കണം. കാരണം
നമ്മള്‍ മലയാളികളും നമ്മുടെ മക്കളും എല്ലാം തികഞ്ഞവരും സല്‍ഗുണ സമ്പന്നരും
ഭാരതത്തിന്റെ ഭാവ ശുദ്ധി കാത്തു സൂക്ഷിക്കുന്നവരുമാണല്ലോ !
വെള്ളക്കാരോടൊക്കെ വലിയ അടുപ്പം വേണ്ടെന്നും ആഫ്രിക്കന്‍ അമേരിക്കക്കാരോട്
കൂട്ട് വേണ്ടേ വേണ്ടെന്നും നമുക്ക് പറഞ്ഞു പഠിപ്പിച്ചു കൊടുക്കാം.
മെക്‌സിക്കാര്‍ കേരളത്തിലെ ബംഗാളികളെപ്പോലെയാണെന്നും,... മറ്റു ആഫ്രിക്കന്‍
രാജ്യങ്ങളില്‍ നിന്നുമുള്ള കുട്ടികളെ ശ്രദ്ധിക്കുക പോലും ചെയ്യരുതെന്ന്
നമുക്ക് താക്കിത് ചെയ്യാം.
അതിനായി കേരളത്തില്‍ പണ്ട് നില നിന്നിരുന്ന കാസ്‌റ് സിസ്റ്റമൊക്കെ ഉദാഹരണമായി പറഞ്ഞു കൊടുക്കാം.
ചൈനാ, ജപ്പാന്‍, കൊറിയന്‍ പിള്ളേരോട് വേണം പഠനത്തില്‍ മത്സരിക്കാനെന്നും ഉപദേശിക്കാന്‍ മറക്കരുത്.
നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി വേണ്ടി അല്‍പ്പം പോലുംസമയം ചിലവിടാതെയിരിക്കാം
കഴിയുമെങ്കില്‍ ഡബിള്‍ ഷിഫ്‌റ്റോ, ട്രിപ്പിളോ ഇരുപത്തി നാല് മണിക്കൂറൂമോ ജോലി ചെയ്യാം. ബാങ്ക് അക്കൊണ്ട്കളില്‍ ഡോളര്‍ നിറക്കാം
സമയമുണ്ടാക്കി ഫേസ് ബുക്കില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും കേരളത്തിലെ
സമകാലീന വിഷയങ്ങളെക്കുറിച്ചും പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു ദിവസം കഴിക്കാം.
മിക്ക വീടുകളിലെയും പ്രധാനവരുമാനസ്രോതസ്സായ ഭാര്യമാര്‍ക്ക് ലോകവിവരം ഉണ്ടാകാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം.
പുസ്തകങ്ങള്‍, മാസികകള്‍ ഇവയൊന്നും അറിയാതെ പോലും ഭാര്യമാരുടെ മുന്‍പിലിടരുത്
കഴിയുന്നതും കണ്ണീര്‍ സീരിയലുകളുള്ള എല്ലാ മലയാളം ചാനലുകളും എത്ര ഡോളര്‍ കൊടുത്തും വാങ്ങി അവര്‍ക്കൊഴിവുള്ളപ്പോള്‍ പോലും അതിന്റെ മുന്നിലിരുത്താന്‍ ശ്രദ്ധിക്കുക.
അവര്‍ക്കു ന്യൂസുചാനല്‍, പൊതു വിജ്ഞാന ചാനലുകള്‍ ഇവ കിട്ടാതിരിക്കാന്‍
ശ്രദ്ധിക്കണം. മതസ്ഥാപനങ്ങളില്‍ ആഴ്ച തോറും ഭാര്യമാരെ കൊണ്ട് പോയി
ശീലമുണ്ടാക്കാം. പക്ഷെ അവിടുത്തെ ഭാരിച്ച പദവികളിലൊ, കമ്മറ്റികളിലോ
ഭാര്യമാര്‍ കയറാതെയിരിക്കാന്‍ പ്രത്യയ്യകം ശ്രദ്ധിക്കണം.
മക്കള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും സ്വന്തമായി ഉണ്ടാക്കിക്കൊടുക്കാതിരിക്കാം.
മക് ഡോണള്‍ഡ്‌സിനെയും, സ്റ്റാര്‍ ബാക്‌സിനേയും ബര്‍ഗര്‍ കിങ്ങിനെയും, ചൈനീസ് ബുഫെകളെയും നമുക്ക് പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാം.
ഭക്ഷണമുണ്ടാക്കാനുള്ള നമ്മുടെ സമയക്കുറവു മൂലം ഫാസ്‌റ് ഫുഡിനടിമയായിപ്പോയ കുഞ്ഞിനെ വല്ല കാലത്തും കേരളത്തില്‍ കൊണ്ട് പോകുമ്പോള്‍ 'ഓ മക്കള്‍ നമ്മുടെ കേരളാ ഫുഡ് ഒന്നും കഴിക്കില്ലായെന്നു അഭിമാനത്തോടെ പറയാം.
കൗമാര പ്രായത്തില്‍ തന്നെ മക്കള്‍ക്ക് ഒബീസിറ്റിയും കൊളസ്‌ട്രോളും കൂടുമ്പോള്‍ അന്ന് ഫാസ്‌റ് ഫുഡിനെ കുറ്റം പറയാം.
ചെറുപ്പത്തിലേ തന്നെ കുഞ്ഞുങ്ങളോട് ഇന്ത്യയേക്കുറിച്ചും പ്രത്യേകിച്ചു
കേരളത്തെക്കുറിച്ചും വളരെ മോശമായി തന്നെ പറഞ്ഞു കേള്‍പ്പിച്ചാല്‍ ഒരിക്കല്‍
പോലും അവരാ നാട്ടിലേക്ക് തിരിഞ്ഞു നോക്കില്ല, അത് വഴി നമുക്ക് അന്യായ വില
കൊടുത്തു എയര്‍ ടിക്കറ്റ് അവര്‍ക്കു കൂടി വാങ്ങുന്നതു ഒഴിവാക്കാം.
നാട്ടില്‍ പോയി വന്നു, നമുക്ക് കൊച്ചിയേലേ നാറ്റത്തെക്കുറിച്ചും കോട്ടയത്തേ ചൂടിനെക്കുറിച്ചും കോഴിക്കോട്ടെ കൊതുകു കടിയേക്കുറിച്ചും ഇന്ത്യയുടെ ഇന്‍ഫ്രാ സ്ട്രച്ചര്‍ ഇല്ലായ്മയെക്കുറിച്ചും സ്വര്‍ണ്ണത്തിന് വില
കൂടുന്നതിനെക്കുറിച്ചും വാ തോരാതെ പ്രസംഗിക്കാം. സങ്കടപ്പെടാം.
എന്തൊക്കെയാണെന്ന് പറഞ്ഞാലും നാട്ടില്‍ എല്ലാവരുടെയും കയ്യില്‍ കാശുണ്ട്
എന്ന് പറഞ്ഞു ചെറുതായി അസൂയപ്പെടാം.
നമ്മള്‍ ചെല്ലുമ്പോള്‍ ഡോളറിനു വിലയില്ലങ്കില്‍ അതിനും കുറ്റം പറയാം.
നാട്ടില്‍ ചെന്ന് അമേരിക്കയുടെ മഹത്വവും, മഹനീയതയും വാ തോരാതെ പറഞ്ഞു
അവിടെയുള്ള ബന്ധുക്കളെയും കൂട്ടുകാരെയും വെറുപ്പിക്കാം. തിരികെ വരുമ്പോള്‍
മുതല്‍ ഇന്ത്യയെ നമ്മള്‍ മിസ് ചെയ്യുന്നുവെന്നും പറഞ്ഞു കരയാം.
പ്രവാസിയുടെ ദുഃഖവും വിരഹവും നൊസ്‌റാള്‍ജിയയും പതം പറഞ്ഞും കൊട്ടിഘോഷിച്ചും നമുക്ക് കവിതകളും കഥകളും രചിക്കാം.
അപ്പഴും നമ്മളിവിടെ വളര്‍ത്തുന്ന നമ്മുടെ മക്കളുടെ സ്കൂളിലെ ഒരു പാരന്റ് ടീച്ചര്‍ കോണ്‍ഫറന്‍സിന് പോലും നമ്മള്‍ക്കു പോകാതിരിക്കാം,
അവരുടെ സ്കൂള്‍ കലാ പരിപാടികളുടെ ദിവസങ്ങളില്‍ ചെല്ലാതെയിരിക്കാം.
അവരുടെ ഒരു കാര്യങ്ങള്‍ക്കും പോയി സമയം കളയരുത്, നമുക്ക് നമ്മുടെ അസോസിയേഷന്‍ മീറ്റിങ്ങുകളും അമ്പല പള്ളിക്കമ്മറ്റികളും കഴിഞ്ഞൊരു കളിയും വേണ്ട.
ക്രമേണ നമ്മുടെ കുട്ടികള്‍,നമ്മില്‍ നിന്നും നമ്മുടെസമൂഹത്തില്‍നിന്നും അകന്നു പോകുമ്പോള്‍ അത് മലയാളി സമൂഹത്തിന്റെ ദോഷമെന്നു വിലപിക്കാം .
ഉണ്ടാകുമ്പോള്‍ മുതല്‍ അവര്‍ ഭാവിയില്‍ ഒരുഡോക്ടറാകണമെന്നു മാത്രം ചെവിയില്‍ ഓതിക്കൊടുക്കാന്‍ മറക്കരുത്.
കൂടെ ജോലി ചെയ്യുന്ന വെള്ളക്കാര്‍ അവരുടെ കൗമാരക്കാരായ മക്കള്‍ ഡേറ്റിങ്ങ്
തുടങ്ങിയെന്നും അവരുടെ പെണ്മക്കള്‍ ബര്‍ത്ത് കണ്‍ട്രോള്‍ ഗുളികകള്‍
എടുക്കുന്നുണ്ടെന്നും ആണ്മക്കള്‍ക്കു അച്ഛനമ്മമാര്‍ തന്നെ കോണ്ടം വാങ്ങി
കൊടുക്കുന്നുണ്ടെന്നും പറഞ്ഞു കേള്‍ക്കുമ്പോള്‍ അവരെ അവജ്ഞയോടെ നോക്കി, ഓ,
ഞങ്ങള്‍ ഇന്ത്യക്കാരുടെ കുട്ടികള്‍ അങ്ങിനെയൊന്നും പോകുന്നവരല്ലെന്നു
പറഞ്ഞു അവരെ പുച്ഛിക്കാം.
അവരുടെ കള്‍ച്ചറിനെക്കുറിച്ചും
കള്‍ച്ചറില്ലായ്മയെക്കുറിച്ചും, ഇന്‍ഡ്യയുടെ മഹത്തായ
പാരമ്പര്യത്തെക്കുറിച്ചുമൊക്കെ അവരോട് വാചകമടിക്കാം.
പിന്നെ അമേരിക്കക്കാര്‍ക്കു നല്ല ശതമാനത്തിനും, പത്ര വായനയോ ലോകത്തു
നടക്കുന്ന സംഭവങ്ങളെക്കുറിച്ചു വലിയ വിവരമൊ ഒന്നുമില്ലാത്തതിനാല്‍ നമ്മള്‍
രക്ഷ പെടും. ഇനി വിവരമുള്ള ഏതേലും രാജ്യക്കാര്‍ ന്യൂ ഡല്‍ഹിയിലെ
പെണ്‍കുട്ടിയെക്കുറിച്ചോ, കത്തുവയിലെ ഒന്‍പതു വയസുകാരിയുടെ
ബാലാല്‍സംഗത്തെക്കുറിച്ചോ വല്ലോം ചോദിച്ചാല്‍, അതങ്ങു നോര്‍ത്ത്
ഇന്‍ഡ്യയിലാണെന്നും, അത് വേറൊരു രാജ്യം ആണെന്നും അവരോടു തറപ്പിച്ചു പറഞ്ഞു വിശ്വസിപ്പിക്കണം. അവര്‍ വിശ്വസിക്കും.
ഏതെങ്കിലും മലയാളിപ്പെണ്‍കുട്ടി ബെര്‍ത്ത് കണ്‍ട്രോള്‍ ഗുളികകള്‍
എടുക്കുന്നുണ്ടെന്നറിഞ്ഞാല്‍ അക്കാര്യം അറിയാവുന്നവരോടെല്ലാം ചര്‍ച്ച
ചെയ്യാന്‍ മറക്കരുത്. അവളോട് കൂട്ട് കൂടരുതെന്നു നമ്മുടെ പെണ്‍മക്കളെ
വിലക്കാം.
അമേരിക്കയിലെ ശരാശരി കുട്ടിയുടെ വെര്‍ജിനിറ്റി അഥവാ കന്യകാത്വം
നഷ്ട്ടപ്പെടുന്നതു പന്ത്രണ്ടോ പതിമൂന്നു വയസിലാണെന്നുള്ള സര്‍വ്വേ ഫലം
വായിച്ചാല്‍, ആ മാസിക ആരും കാണാതെ ട്രാഷിലിട്ടു, നമ്മടെ മലയാളി മക്കള്‍
അങ്ങിനെയൊന്നും ചെയ്യില്ലെന്നും അതെല്ലാം അമേരിക്കക്കാരുടെ കാര്യമാണെന്നും
പറഞ്ഞു തനിയെ സമാധാനിക്കണം. സെക്‌സ് എഡ് ക്‌ളാസ്സുകള്‍ക്കു മക്കളെ
വിടുന്നില്ലന്നു എഴുതിക്കൊടുത്തതു എന്ത് കൊണ്ടും നന്നായിയെന്നു
ഓര്‍ത്തോര്‍ത്തു സന്തോഷിക്കാം.
നമ്മള്‍ ഇവിടെ വളര്‍ത്തുന്ന മലയാളി മക്കളില്‍ കുറെയെല്ലാം
മയക്കു മരുന്നുകള്‍ക്കും, മദ്യപാനത്തിനും അടിമകളായിനശിച്ചുകൊണ്ടിരിക്കുന്ന
സത്യമൊക്കെ നമുക്ക് കണ്ടില്ലന്നു നടിക്കാം .
മയക്കു മരുന്ന് ലോബിയുടെ വെടിയേറ്റ് മലയാളി മക്കള്‍ മരിച്ചെന്നു വാര്‍ത്ത വരുമ്പോള്‍ അവനേതു പള്ളിക്കാരനാണെന്നോ, ഏത് ജാതിക്കാരനാണെന്നോ പെട്ടെന്ന് തന്നെ
അന്വേഷിച്ചറിയാം. കൊക്കെയിന്‍ കഴിച്ചു മരിച്ച കുട്ടിയുടെ ജീവിച്ചിരിക്കുന്ന
മാതാപിതാക്കളുടെ ചരിത്രവും ഭൂമിശാസ്ത്രവും ഗൂഗിള്‍ ചെയ്തു പരിശോധിക്കാം.
അവരുടെ വെയ്ക്ക് സെര്‍വിസുകള്‍ക്കും ശവമടക്കുകള്‍ക്കും
കറുപ്പുടുപ്പിട്ടു ചെന്ന് കൂടുതല്‍ കുന്നായ്മയും നുണയും കൂടുതല്‍
വാര്‍ത്തകളും ആരുടേയുങ്കിലും വായില്‍ നിന്നും വീഴുന്നുണ്ടോ എന്ന്
പരിശോധിക്കാം
അതെല്ലാം വാട്ട്‌സ് ആപ്പിലൂടെയും സമൂഹ മാധ്യമത്തിലൂടെയും ഫോര്‍വേഡ് ചെയ്തു
കൊടുക്കാം. സ്വന്തം മക്കള്‍ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ലെന്ന്
നാട്ടുകാരോടുംസുഹൃത്തുക്കളോടും വീമ്പിളക്കി നടക്കാം.
അവന്റെയോ അവളുടെ മുറിയില്‍ നിന്നും ബര്‍ത്ത് കണ്‍ട്രോള്‍ ഗുളികകളോ, കോണ്ടം
പാക്കറ്റുകളോ സ്‌മോക്കിങ്ങ് പൈപ്പുകളോ കഞ്ചാവിന്റെ പൊടിയടങ്ങിയ ചെറു കൂടുകളോ
അബദ്ധത്തില്‍ കണ്ടെടുക്കുമ്പോഴോ, മെത്തിന്റെയോ, എക്സ്റ്റസിയുടെയോ ഗുളികകള്‍ അവരുടെ ബാക് പാക്കില്‍ നിന്നും
ചാടി വീഴുമ്പോഴോ അതെന്താണെന്നു മാനസിലാക്കാനോ, അത് ചോദ്യം ചെയ്യാനോ ഉള്ള
ബോധവും അറിവും നമുക്കില്ലല്ലോ.
കാരണം നമ്മളുടെ കുഞ്ഞുങ്ങള്‍ ഇതൊന്നും
ചെയ്യില്ലല്ലോ ?
ഇതൊന്നുമല്ല നമ്മൾ. എഴുതിയിരിക്കുന്ന ഈ സംഭവങ്ങൾക്കതീതമായി , മനുഷ്യർ ആഗ്രഹിക്കുന്നതെന്തോ അതിനപ്പുറത്തു ജീവിതത്തിൽ സംഭവിക്കുമ്പോഴാണ് യഥാർത്ഥ നമ്മളുണ്ടാകുന്നത്.ഒരു കുടുംബത്തിൽ പൊടുന്നനേയുണ്ടാകുന്ന ദുരന്തമുണ്ടാകുമ്പോൾ ക്രിസ്ത്യാനിയെന്നോ , ഹിന്ദുവെന്നോ , മുസ്ലിമെന്നോ , പണക്കാരനെന്നോ, പാവപെട്ടവനെന്നോ ചിന്താവ്യതിയാനമില്ലാതെ ,എല്ലാ വൈരവും, വിചാരവൈവിധ്യവും മറന്ന് ഒരേ മനസ്സുമായി ഒന്നിച്ചു ഒരിടത്തു നാം സമ്മേളിക്കുമ്പോൾ, മനുഷ്യർ ഒന്നിക്കുമ്പോൾ അവിടെ യഥാർത്ഥ ‘നമ്മൾ’ ഉണ്ടാകുന്നു. മലയാളികളെപോലെ ഈ ഹൃദയസംസ്ക്കാരമഹിമ, സ്വഭാവസംസ്ക്കാരമഹിമ കാത്തുസൂക്ഷിക്കുന്ന മറ്റൊരു സംസ്ക്കാരം വേറെ എവിടെയാണ് ലോകത്തിൽ കാണാൻ കഴിയുക.
(ഡോ.ശശിധരൻ)