കൊടുംവേനല്‍ താണ്ടി
യെത്തും പുതുമഴപ്പെണ്ണേ,
നീയീ മണ്ണിലല്ല മനസ്സി
ലല്ലോ പെയ്തിറങ്ങുന്നൂ..
ദാഹനീരിനിരന്നുനില്‍ക്കും
ജീവജാലമതൊക്കെയും
ഉടലുണങ്ങിയചെടികളും,നിന്
വരവൊരുത്സവമാക്കിടും.
നാണമോടെകുണുങ്ങിയും,നറു
ചാറ്റല്‍കൊണ്ടു തലോടിയും,
ആദ്യമൊരു നവവധുവിനെ
പ്പോലഴകിലെത്തുകനീ.
കാത്തിരുന്നു മുഷിഞ്ഞ
മണ്ണിനെ തൊട്ടിണക്കുകനീ
യിവിടെമറഞ്ഞിരിക്കും വിത്തു
കള്‍ക്കു പകര്‍ന്നിടൂ ജീവന്.
കതിരവന്റെ തലോടലേറ്റു
തളര്‍ന്ന പക്ഷിമൃഗാദികള്‍,
കരിഞ്ഞ വൃക്ഷലതാദികള്‍
ക്കുമുണര്‍ത്തുപാട്ടായെത്തിടൂ.
പുതുമയാറും നാളുതൊട്ടു
കനത്തുപെയ്തിടുക,നിന്നെ
വരിച്ച മണ്ണിനെ പുല്‍കിയൊഴു
കിയൊരരുവിയാവുകനീ.
കഠിനതാപക്കുടതകര്‍ത്തു
തിമിര്‍ത്തു പെയ്യുക നീ
വരണ്ടിരിക്കും ധരണിയെ
കുളിര്‍ധാരയാല്‍ തഴുകൂ.
അകമ്പടിക്കിടിനാദവും മഴ
വിരലുതിര്‍ക്കും താളവും,
മാരുതന്റെ കുറുമ്പുകളു
മായ് വരിക വൈകാതെ..