ഉദരത്തിലൊമ്പതു മാസവും മക്കളെ
ഉള്ളത്തിലെപ്പോഴും പേറുന്നവള്‍!
ഉള്ളത്തിലുള്ള തന്‍ സ്‌നേഹവാത്സല്യങ്ങള്‍
ഉണ്മയായെന്നെന്നും കാക്കുന്നവള്‍!
ഉള്ളത്തില്‍ പൊന്തും വിഷാദങ്ങളപ്പാടെ
ഉള്ളിലൊതുക്കി ചിരിക്കുന്നവള്‍!
ഉലകമേ, അമ്മയായ് മാനിപ്പവള്‍, എന്നും
ഉത്തമ സ്‌നേഹത്തിന്‍ മാതൃകയും!
ഉണ്ടില്ലെന്നാലും താന്‍, ഉണ്ടെന്നു ചൊല്ലിയി-
ട്ടൂണു കൊടുക്കും തന്‍ മക്കള്‍ക്കവള്‍ !
തന്‍ വയര്‍ തെല്ലും ഗണിക്കാതെ പോലുമേ
തന്‍ പൊന്നു മക്കളെ പോറ്റുമവള്‍!
'സ്വാര്‍ത്ഥത'യെന്ന പദമേയൊരിക്കലും
സ്വന്തം നിഘണ്ടുവില്‍ സൂക്ഷിക്കാത്തോള്‍!
ത്യാഗത്തിന്‍, ധര്‍മ്മത്തിന്‍, നിസ്വാര്‍ത്ഥ സ്‌നേഹത്തിന്‍
സാഗരവ്യാപ്തമാം ഹൃത്തമുള്ളോള്‍!
എത്ര ജന്മങ്ങളെടുത്താലും വീട്ടുവാന്‍
എളുതല്ലാത്തീക്കടം, വീട്ടാക്കടം!
എത്ര യുഗങ്ങള്‍ കടന്നാലും വാടാതെ
എന്നുമെരിയുമാ സ്‌നേഹ ദീപം!
സ്ത്രീയെന്ന വാക്കിലടങ്ങിയിരിക്കുന്നു
പത്നിയും, അമ്മയും, സോദരിയും!
''അമ്മ' എന്നുള്ളൊരാ സ്ഥാനവും, മാനവും
നന്മ തുളുമ്പും പദവിയല്ലോ!
--------------------------
25 -12 -2018