1995 ഏപ്രില്‍ മാസത്തില്‍, അമേരിക്ക-ക്യാനഡാ ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ അത്താനാസിയോസ് യേശു ശമൂവേല്‍ കാലം ചെയ്തു. അതിനുശേഷം , അദ്ദേഹത്തിന്റെ ഭദ്രാസനം മൂന്ന് ഭദ്രാസനങ്ങളാക്കി സഭാ നേതൃത്വം വേര്‍തിരിച്ചു. ഈ ഘട്ടത്തില്‍, മലങ്കരയില്‍ നിന്നും ഏതാനും മെത്രാപ്പോലീത്തന്മാര്‍ ന്യൂയോര്‍ക്കില്‍ വന്നു. വിമതവിഭാഗം വിശ്വാസികളെയും വൈദികരെയും സ്വാധീനിച്ചു. അവരില്‍ സമരദാഹം ഉളവാക്കി. സുപ്രീം കോടതിവിധിക്ക് എതിരേ സംഘടിക്കുവാന്‍ ആഹ്വാനം ചെയ്തു. അപ്പോഴും, വിദ്വേഷവും വിഭാഗീയതയും വെടിഞ്ഞ് സഭക്കുള്ളില്‍ സമാധാനം വളര്‍ത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച സഹോദരസ്‌നേഹികളഅ# കുറവായിരുന്നില്ല. എന്നാലും, ഇന്‍ഡ്യന്‍ സുപ്രീം കോടതി വിധിക്ക് മലങ്കരയിലെ സുറിയാനിസഭാ വിഭാഗങ്ങളെ ഐക്യപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. ഇരു ഭാഗങ്ങളും ഒത്തുചേരുന്നതിനുള്ള പാത്രിയര്‍ക്കീസിന്റെ ആഹ്വാനവും വിഫലമായി. സര്‍വ്വോപരി, അധികാരത്തിലിരുന്ന ശ്രേഷ്ഠ കാതോലിക്ക കാലം ചെയ്തതോടെ ഒരു സമ്മര്‍ദ്ദസാഹചര്യവും അന്ത്യോഖ്യാസിംഹാസനത്തിന്റെ മുമ്പിലെത്തി. മലങ്കരയില്‍, കാലം ചെയ്ത ശ്രേഷ്ഠകാതോലിക്കയുടെ സ്ഥാനത്ത് പുതിയ ശ്രേഷ്ഠകാതോലിക്കയെ വാഴിച്ചത്, 1934 ലെ ഭരണഘടനക്കും, 1995ലെ സുപ്രീം കോടതിവിധിക്കും എതിരായ ലംഘനമാണെന്ന വിമര്‍ശനം ഉയര്‍ന്നു. അത് അമേരിക്കയിലും പ്രതികൂല പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. കാതോലിക്ക പാത്രിയര്‍ക്കീസ് കക്ഷികളുടെ രണ്ട് വിരുദ്ധ പ്രത്യയശാസ്ത്രങ്ങളും വിശ്വാസി സമൂഹങ്ങളില്‍ വീറോടെ പ്രവര്‍ത്തിച്ചു.
2001 ഡിസംബര്‍ മാസത്തില്‍, നോര്‍ത്തമേരിക്കയിലെ, മലങ്കര ആര്‍ച്ച് ഡയസീസിന്റെ മെത്രാപ്പോലീത്തയായിരുന്ന ആര്‍ച്ച് ബിഷപ്പ് സക്കറിയ മാര്‍ നിക്കോളാവോസ് മലങ്കരസഭയുടെ 1934 ലെ ഭരണഘടനയോട് കൂറ് പ്രഖ്യാപിച്ചു എന്ന വാര്‍ത്തയും അദ്ദേഹത്തിന്റെ പ്രസ്താവനയും മലയാളമാധ്യമങ്ങളില്‍ വന്നു. അമേരിക്കയിലെ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് വിഭാഗത്തെ സ്വതന്ത്രരാക്കി മലങ്കരസഭയോട് ചേര്‍ക്കുന്നതിനു വേണ്ടി മെത്രാപ്പോലീത്ത സ്വീകരിച്ച ധീരമായ മുന്നേറ്റം യുക്തവും സന്ദര്‍ഭോചിതവുമാണെന്നു വിശ്വസിച്ചവര്‍ സന്തോഷിച്ചു. പക്ഷേ, ന്യൂനപക്ഷം, വിഷമിച്ചു. അവര്‍, പാത്രിയര്‍ക്കീസ് പക്ഷത്തുതന്നെ ഉറച്ചുനില്‍ക്കുവാന്‍ നിശ്ചയിച്ചു. അങ്ങനെ, ഭദ്രാസനത്തിനുള്ളില്‍ രണ്ട് സമാന്തരവിഭാഗങ്ങള്‍ ഉണ്ടായി.
മലങ്കരയില്‍നിന്നും മടങ്ങിയെത്തിയ ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ നിക്കോളാവോസിന് സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് ഊഷ്മള സ്വീകരണം നല്‍കി ആദരിച്ചു. പ്രസ്തുത അനുമോദച്ചടങ്ങ്, പള്ളിയിലെ ന്യൂനപക്ഷത്തെയും വിമതവിഭാഗത്തെയും അസ്വസ്ഥരാക്കി. പിറ്റേന്ന്, അതേ ദൈവാലയത്തില്‍, പ്രഭാതനമസ്‌കാരം ആരംഭിച്ചു. കുര്‍ബാനയ്ക്ക്, ഇടവകവികാരി 'മദ്ബഹാ'യില്‍ പ്രവേശിച്ചു. പെട്ടെന്ന്, ഒരു പട്ടക്കാരന്റെയും യഹൂദനായ അറ്റോണിയുടെയും നേതൃത്വത്തില്‍, ഒരു സംഘം സുറിയാനി ഓര്‍ത്തഡോക്‌സ് പക്ഷക്കാര്‍ ദേവാലയത്തിനുള്ളില്‍ ഇടിച്ചുകയറി. പ്ടക്കാരനും ഏതാനും അംഗങ്ങളും മദ്ബഹായില്‍ കയറി. കുര്‍ബാന അര്‍പ്പിച്ചുകൊണ്ടുനിന്ന വികാരിയെ സ്പര്‍ശിച്ചു. പിടിച്ചിറക്കാന്‍ ശ്രമിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അപ്പോള്‍ പോലീസ് വന്നു. പള്ളിയില്‍ കെട്ടക്കയറിയ സംഘത്തെ പുറത്താക്കി ക്രമസമാധാനം സ്ഥാപിച്ചു. എങ്കിലും, ആ അവിഹിതസംഭവം ഒരു സിവില്‍ കേസിന് തുടക്കമായി. കാല്‍നൂറ്റാണ്ട് കാലത്തോളം ഒരു മദ്ബഹായുടെ മുമ്പില്‍ മുട്ടിക്കൂടിനിന്ന് പാട്ട് പാടിയും പ്രാര്‍ത്ഥിച്ചും ദൈവത്തെ ആരാധിച്ച് ഒരു ജനമായി ജീവിച്ച മുപ്പത് കുടുംബങ്ങളെ, അക്രമദാഹികള്‍ വെറുപ്പും വിദ്വേഷവും തളിച്ച് ക്രൂരമായി വിഭജിച്ചു! പ്രതികളും വാദികളുമാക്കി കോടതിക്കുള്ളില്‍ നിറുത്തി. ഒരേ മദ്ബഹാ ഇടവിട്ട് തവണയനുസരിച്ച് ഇരുകൂട്ടരും ഉപയോഗിക്കണമെന്ന കോടതി ഉത്തരവ് ചോദിച്ചുവാങ്ങി. അങ്ങനെ, സഭയിലുണ്ടായ വിഭാഗീയത, വെറുപ്പും വിദ്വേഷവും വമിച്ച പ്രതികാര വാഞ്ഛ, നോര്‍ത്തമേരിക്കയിലെ പ്രഥമ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തെ വെട്ടിക്കീറി! നിഷ്‌കളങ്കരായ ഭക്തജനത്തിന്റെ രോദനം ആത്മീയാധികാരത്തിന്റെ കാതും കേട്ടില്ല! പ്രശസ്ത ചര്‍ച്ചിലെ ഭൂരിപക്ഷം കുടുംബങ്ങള്‍ മാര്‍ നിക്കോളാവോസിന്റെ കൂടെ ഉറച്ചുനിന്നു. ന്യൂനപക്ഷം പാത്രിയര്‍ക്കീസിന്റെ ആരാധകരായി. രമ്യതക്കുവേണ്ടി അധികാരസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പിന്നയോ, ഉടച്ചുകളയുക, ഒറ്റപ്പെടുത്തുക, ശിക്ഷിക്കുക എന്ന ചിന്തയോടെ പ്രവര്‍ത്തിച്ചു. യേശുക്രിസ്തുവിന്റെ മഹത്തായ ഉപദേശങ്ങളെ ഓര്‍ത്തില്ല. ചര്‍്ച്ചകളിലൂടെ, ക്രിസ്തീയ മാര്‍ഗ്ഗത്തിലൂടെ, പ്രശ്‌നപരിഹാരത്തിന് മേലധികാരം പര്യാലോചിച്ചില്ല. അത് അസഹനീയപ്പോള്‍, സ്വാതന്ത്ര്യം മോഹിച്ചവര്‍ അകന്നു പോയി. തളക്കപ്പെട്ടുവെന്ന വിചാരം കുറെ വിശ്വാസികളെ അസ്വസ്ഥരാക്കി.
നോര്‍ത്തമേരിക്കയിലെ അതിഭദ്രാസനത്തിലെ ആദ്യമെത്രാപ്പോലീത്ത മാര്‍ നിക്കോളാവോസും, കുറെ പള്ളികളും, വൈദികരും, വി്ശ്വാസികളും കാതോലിക്കാ പക്ഷത്തുള്ള അമേരിക്കന്‍ ഡയസീസിന്റെ ഭാഗമായി. ആമാറ്റം, മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് സംബന്ധിച്ച കേസിന് വഴിത്തിരിവായി. പള്ളിക്കെട്ടിടത്തിന്റെ അവകാശം ആര്‍ക്ക് ലഭിക്കണമെന്നു ചോദ്യത്തിന് അടിസ്ഥാനപരമായ ഉത്തരവും തെളിവും കണ്ടെത്താന്‍, ഒരു ഏകാംഗ കമ്മീഷനെ കോടതി ചുമതലപ്പെടുത്തി. അക്കാരണത്താല്‍, അതിഭദ്രാസനം കേസില്‍ കക്ഷിയായി ചേര്‍ന്നു ന്യൂനപക്ഷത്തിന് പിന്തുണനല്‍കി. അന്ത്യോഖ്യാസിംഹാസനവും സഹായത്തിനെത്തി. മലങ്കരയില്‍ നിന്ന് ശ്രേഷ്ഠ കാതോലിക്കായും മെത്രാപ്പോലീത്തന്മാരും ഭദ്രാസനത്തിനുവേണ്ടി സാക്ഷിമൊഴി നല്‍കാന്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് സുപ്രീം കോടതിയില്‍ വന്നു. അതിന്റെ ഫലമായി, ഏഴ് വര്‍ഷത്തോളം നീണ്ടുനിന്ന പള്ളികേസിന്റെ നിര്‍ണ്ണായക വിധി അധിഭദ്രാസനത്തിന് അനുകൂലമായി. കാതോലിക്കാ പാത്രിയര്‍ക്കീസ് വിഭാഗങ്ങളുടെ വിശ്വാസം രണ്ട് തരത്തിലാണെന്ന സാക്ഷിമൊഴികളും, ആദ്യദൈവാലയത്തിന്റെ നാമപരിവര്‍ത്തനവും, പാത്രിയര്‍ക്കീസിന്റെ കല്പനകളും കമ്മീഷന്‍ സ്വീകരിച്ചു. പള്ളിക്കെട്ടിടത്തിന്റെ വിലയാധാരവും വിധിക്ക് വിധേയമായി. അങ്ങനെയാണെങ്കിലും, മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിനുള്ളില്‍ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടുനിന്ന ഒരു പട്ടക്കാരനെ മറ്റൊരു പട്ടക്കാരന്‍ പിടിച്ചിറക്കി അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ വീഡിയോ ദൃശ്യവും, പ്രസ്തുത കയ്യേറ്റത്തിന് കളമെഴുതിയ വക്കീലാണ് ഭദ്രാസനത്തിനു വേണ്ടി വാദിക്കുന്നതെന്ന് മറുഭാഗം അറ്റോണി വാദിച്ചതും, 1995 ലെ ഇന്‍ഡ്യന്‍ സുപ്രീം കോടതിവിധി പരിശോധിക്കാന്‍ കോടതിയെ വാദിഭാഗം അനുവദിക്കാഞ്ഞതും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ചേര്‍ത്തില്ല. പ്രസ്തുത റിപ്പോര്‍ട്ട് പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ട് പുറപ്പെടുവിച്ച സുപ്രീം കോടതിവിധി ഭദ്രാസനത്തിന് അനുകൂലമായി. അപ്പോള്‍ത്തന്നെ പള്ളിക്കെട്ടിടം കൈവശപ്പെടുത്തിയതോടെ, ഭൂരിപക്ഷം അംഗങ്ങള്‍- ഇരുപത്തിനാല് കുടുംബങ്ങള്‍-പ്രസ്തുത പള്ളിക്ക് പുറത്തായി. പിന്നീട്, അവരെ ദേവാലയത്തില്‍ പ്രവേശിപ്പിച്ചില്ല. ന്യൂനപക്ഷത്തിന് പള്ളിയില്‍ സ്വാതന്ത്ര്യം ലഭിച്ചു. നിരപ്പും സമാധാനവും കൊണ്ടുവരുവാന്‍ ആരും ശ്രമിച്ചില്ല.
ഇരുപത്തിനാല് കുടുംബങ്ങള്‍ക്ക് അവര്‍ അദ്ധ്വാനിച്ചുണ്ടാക്കിയ ദേവാലയം നഷ്ടമായി! അതിനുവേണ്ടി ഒട്ടും വിയാര്‍ക്കാത്തവര്‍ക്ക് അത് ആഹാരമായി. എങ്കിലും, നഷ്ടബോധത്തോടെ, വെറും കയ്യോടെ വേര്‍പെടേണ്ടിവന്ന ഇരുപത്തിനാല് കുടുംബങ്ങളുടെ കണ്ണുനീര്‍ ദൈവം കണ്ടുവെന്നും, ആര്‍ദ്രമായ പ്രാര്‍ത്ഥന കേട്ടുവെന്നും, കരുതുവാന്‍ തക്കവണ്ണം സ്റ്റാറ്റന്‍ ഐലന്‍ഡില്‍ അവര്‍ക്ക് സ്വന്തദേവാലയം ഉണ്ടായി. മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യ' എന്ന ആദ്യനാമം പുനഃസ്ഥാപിച്ചു. അങ്ങനെ, പ്രസ്തുത ആദ്യദൈവാലയം കാതോലിക്കാ പക്ഷത്തും, അതില്‍നിന്നും 1976-ല്‍ സ്ഥാപിതമായ മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാത്രിയര്‍ക്കീസ് ഭാഗത്തും, സ്റ്റാറ്റന്‍ ഐലന്‍ഡില്‍, പ്രവര്‍ത്തിക്കുന്നു. ഏറെക്കാലം ഏതാനും ചോദ്യങ്ങള്‍ ചില മനസ്സുകളില്‍ വേദനിച്ചുയരുമായിരുന്നു. ഒരു ദേവാലയത്തിനുള്ളില്‍ അക്രമിച്ചുകടക്കുകയും, കലഹം സൃഷ്ടിക്കുകയും, കുര്‍ബാന അര്‍പ്പിച്ചുകൊണ്ടു നിന്ന പട്ടക്കാരനെ പിടിച്ചിറക്കാന്‍ ശ്രമിക്കുകയും, കുര്‍ബാന അര്‍പ്പിച്ചുകൊണ്ടു നിന്ന പട്ടക്കാരനെ പിടിച്ചിറക്കാന്‍ ശ്രമിക്കുകയും, പള്ളിക്കേസിന് ആരംഭമാവുകയും ചെയ്ത വൈദികനെ എന്തുകൊണ്ട് കോടതി വിചാരണക്ക് വിളിച്ചില്ല? ദേവാലയത്തിലെ ഭൂരിപക്ഷം അംഗങ്ങളുടെ അവകാശത്തെ അംഗീകരിക്കാത്തത് അന്വേഷണക്കമ്മീഷന്റെ കാഴ്ചക്കുറവോ? ഈ കേസ് ആര്‍ക്ക് നേട്ടമായി? മററുള്ളവര്‍ക്ക് ഏതു വിധത്തില്‍ നഷ്ടമുണ്ടാക്കി? ഉന്നതസ്ഥാനീയരുടെ വാസ്തവം മറച്ചുപിടിച്ച സാക്ഷിമൊഴികള്‍ അര്‍ത്ഥമാക്കുന്നതെന്താണ്? സത്യത്തിനുവേണ്ടി മരിച്ചു ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ മരണമില്ലാത്ത വചനങ്ങളെ അവഗണിച്ചതാരാണ്? ആശയവിനിമയത്തിലൂടെ വ്യവഹാരങ്ങളെ തരണം ചെയ്യേണ്ടവരും, ദിവ്യസമാധാനത്തിന്റെ സങ്കേതമായിരിക്കേണ്ടവരും വാക്കുകളെ ആയുധങ്ങളാക്കരുതായിരുന്നു.
തുടരും...