Image

ഉടഞ്ഞൊരാ മണ്‍പാത്രം (കവിത: റോബിന്‍ കൈതപ്പറമ്പ്)

റോബിന്‍ കൈതപ്പറമ്പ് Published on 14 May, 2019
ഉടഞ്ഞൊരാ മണ്‍പാത്രം (കവിത: റോബിന്‍ കൈതപ്പറമ്പ്)
അന്ധകാരത്തില്‍ തിരയുന്നു ഞാനെന്റെ
നാളെയെ ഓര്‍ത്തുള്ള സ്വപ്നങ്ങളൊക്കെയും
മിഴികളാല്‍ കാണുവാന്‍ ആകില്ല എങ്കിലും
അക..... കണ്ണാലെ വെറുതെ ശ്രമിച്ചിടുന്നു

എന്തെന്ത് മോഹങ്ങള്‍ എന്തെന്ത് കനവുകള്‍
സ്വപ്നത്തിലായി പടുത്തുയര്‍ത്തി
ഉത്തുംഗ ശ്രംഗത്തിനുയരത്തിലെത്തി
മേഘങ്ങളെ തൊട്ട് തലോടുവാനും

ആഴക്കടലിന്‍ ഓളങ്ങളില്‍ ചെന്ന്
തിരകളോടൊത്തൊന്ന് തുഴയുവാനും
തീരത്ത് തലതല്ലിക്കരയുന്ന തിരകളെ
തൊട്ടു തലോടി ആശ്വസിപ്പാനും ..

വാനിലായ് പാറുന്ന കിളികളോടൊത്ത് ..
പാറിപ്പറന്നൊത്തുകൂടുവാനും ...
അത്തിമരത്തിന്റെ എത്താക്കൊമ്പത്ത്
ഊഞ്ഞാലു കെട്ടി ചില്ലാട്ടമാടാനും .....

ഈരിഴ തോര്‍ത്തിലായ് കൂട്ടരുമൊത്ത്
നീരൊഴുക്കില്‍ ചെറുപരലിനെ തിരയാനും
മാടത്തയോടും മയിലിനോടും എന്നും
കിന്നാരവും ചൊല്ലി കൂടെയൊന്നാടാനും

കനവിലായ് തെളിയുന്ന മോഹങ്ങളൊക്കെയും
കതിരണിയും കാലം ഓര്‍ത്തിരിക്കെ
ചൊടികള്‍ വിതുമ്പുന്നു വെറുതെയായ് .. എന്നോ
വഴിയിലായ് മണ്‍പത്രം ഉടഞ്ഞതോര്‍ത്ത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക