ഒരു വിഷുകൂടി കഴിഞ്ഞുപോയിരിക്കുന്നു. ഞങ്ങളുടെയെല്ലാം നിറംപിടിപ്പിച്ച ഓര്‍മ്മകള്‍ക്ക് പ്രായമേറി.. വിരുന്നു വന്നവര്‍ മടങ്ങി. കുട്ടികള്‍ യാത്രപറഞ്ഞു. ആരവങ്ങളൊടുങ്ങി. ഞാന്‍ കൂടി യാത്ര പറഞ്ഞിറങ്ങിയാല്‍ ഗൗരിയേടത്തിയും ഈ വീടും ഇവിടെ തനിച്ചിങ്ങനെ. ഏടത്തിക്ക് ആരുണ്ടിവിടെ മിണ്ടാന്‍? പുറംപണിക്ക് വരുന്ന ആ സ്ത്രീയല്ലാതെ.. ഏകാന്തതയുടെ നീളന്‍ മണിക്കൂറുകളില്‍ ഗൗരിയേടത്തി ഈ ചുമരുകളുമായും കരിയിലകളെ തലോടി വരുന്ന കാറ്റലയുമായും സംസാരിച്ചിരിക്കും.. വെറുതേ പറയുന്നതല്ല, അത് സത്യമാണ്, ചെവിയോര്‍ത്താല്‍, മുഖം ചേര്‍ത്താല്‍ എപ്പോഴൊക്കെയോ ഏടത്തി ചോദിച്ച ചോദ്യങ്ങള്‍ക്കു ചുമരുകള്‍ ഉത്തരം പറയുന്നത് കേള്‍ക്കാം.. ചില മറു ചോദ്യങ്ങളും.
ഇങ്ങനെയോരോന്ന് ഓര്‍ത്തുകൊണ്ട് പറയാന്‍ ബാക്കിവെച്ചതെല്ലാം മനസ്സില്‍ തന്നെ കുഴിച്ചു മൂടി നിസ്സംഗതയോടെ മാറിയിട്ട തുണികളും കുറച്ച് പുസ്തകങ്ങളും ഡയറിയും ഫോണുമെല്ലാം ഒരു തോള്‍ബാഗില്‍ വലിച്ചുവാരി നിറച്ച്, ഗോവണിപ്പടികളിറങ്ങി ഏടത്തിയോട് യാത്ര പറയാന്‍ ചെന്നതായിരുന്നു ഞാന്‍..
'സിദ്ധു.. ഇറങ്ങായോ '?
എന്ന് എനിക്ക് പുറകില്‍ നിന്ന് ചോദിച്ചു ഗൗരി ഏടത്തി.. ഏടത്തിയുടെ കൈയില്‍ ഒരുകപ്പ് ചായ.. ഞാനത് ചോദിച്ചിരുന്നില്ലെങ്കിലും ആഗ്രഹിച്ചിരുന്നു..
'ഇന്ന് തന്നെ പോണോ സിദ്ധു നിനക്ക്? '
എന്ന് ചോദിച്ചു ഏടത്തി ടീപ്പോയിക്കരികില്‍ ഒരു കസേരയില്‍ ഇരുന്നു.. ഏടത്തിയുടെ സമീപം മറ്റൊരു കസേരയില്‍ ഞാനും..
'പോകാതെ വയ്യ ഏടത്തി.. ഒരു ദിവസം പോലും മാറി നിന്നാല്‍ ശരിയാകില്ല.. എല്ലായിടത്തും എന്റെ കണ്ണെത്തണം '
ഞാന്‍ പറഞ്ഞു..
നിഴലുകള്‍ വീണു കിടക്കുന്ന വഴിയിലേക്കും നോക്കി ഗൗരി ഏടത്തി അങ്ങേയറ്റം ശാന്തയായി നിര്‍മമയായി ഇരിക്കുകയായിരുന്നു.. ഒരു ചെറുമന്ദഹാസം ആ ചുണ്ടില്‍ വിരിഞ്ഞിരിന്നുവോ?? ചെറുതെങ്കിലും അതിവേഗം നരച്ചു തുടങ്ങുന്ന ഏടത്തിയുടെ നീളന്‍ ചുരുള്‍മുടി, ഒരുകാലത്ത് നിത്യവും ഞാന്‍ തുളസിക്കതിര്‍ ചൂടിച്ചു കൊടുത്തിരുന്ന ചുരുള്‍മുടി..വരണ്ടുണങ്ങിയ ചുണ്ടുകള്‍, അഗാധമായ ദുഖത്തിന്റെ ഛായ വീണ ഇരുണ്ട കണ്‍ തടങ്ങള്‍.. വളരെ പെട്ടെന്ന് ഏടത്തി വാര്‍ദ്ധക്യത്തെ വരിച്ചത് പോലേ. ഞങ്ങള്‍ക്കിടയില്‍ നീണ്ടുകിടക്കുന്ന പതിവില്ലാത്ത മൗനം.. ഞാന്‍ ഏടത്തിയോട് പറയാന്‍ ആഗ്രഹിച്ചതുപോലെ ഏടത്തിയും എന്നോട് എന്തോ ഒന്ന് പറയാന്‍ പുറപ്പെടും പോലേ.. ചായക്കപ്പ് സോസറില്‍ മുട്ടുന്ന ശബ്ദം. ഉണ്ണിയെ നഷ്ടമായതുമുതല്‍ ഏടത്തിയെ വരിഞ്ഞു മുറുക്കിയ നിശബ്ദതയും ശൂന്യതയും .. ഉണ്ണി.. ഏടത്തിക്ക് ലാളിച്ചു കൊതി തീര്‍ന്നിട്ടില്ലാതിരുന്ന മകന്‍.. ഉണ്ണി..
മൗനമുടച്ച് ഞാന്‍ പറഞ്ഞു 'ചിലപ്പോള്‍ എല്ലാം ഇട്ടെറിഞ് ഞാന്‍ മടങ്ങി വരും.. ഇവിടേക്ക്.. ഏടത്തിക്കൊപ്പം.. ആര്‍ക്ക് വേണ്ടിയാണ് ഇനി ഈ അധ്വാനം '
'അരുത്.. ജീവിതം തീര്‍ന്നുപോയത് പോലേ സംസാരിക്കാതെ സിദ്ധു' ഏടത്തി അങ്ങേയറ്റം സൗമ്യമായി പറഞ്ഞു..
പിന്നെ, ശാന്തമായൊരു മൗനത്തിലേക്ക് തന്നെ പൂണ്ടുപോയി.. ഞാന്‍ ചായക്കപ്പ് ടീപ്പോയിന്മേല്‍ നിന്ന് കൈകളിലെടുത്തു.. ഇടക്കെപ്പോഴോ മുറ്റത്തേക്ക് പാറിവീണ കരിയിലകളെ നോക്കി ഏടത്തി എന്നോട് പറഞ്ഞു
'കുട്ടികളൊക്കെ പോയപ്പോള്‍ വീടുറങ്ങി സിദ്ധു.. ഇനിയടുത്ത വര്‍ഷം വരെ ഞാനിങ്ങനെ '
ഞാന്‍ നിശബ്ദനായി കേട്ടുകൊണ്ടിരുന്നു.. എനിക്ക് ഉണ്ണിയുടെ മുഖം ഓര്‍മ്മവന്നു.. ദാഹിച്ച ഭൂമിയെപ്പോലെ ഏടത്തി..
'കഴിഞ്ഞ തവണ നിനക്കൊപ്പം സീതയും.. അവള്‍ ഇവിടെയെല്ലാം ഓടി നടന്ന്, ഒച്ചവെച്ച്, മണികിലുക്കം പോലേ.. ഇപ്പോഴും ഈ ചുമരുകളില്‍ ചെവിയോര്‍ത്താല്‍ കേള്‍ക്കാം എനിക്ക് അവളുടെ ചിരി '..
ഏടത്തിയുടെ കണ്ണുകള്‍ നിശ്ചലമായിരുന്നു.. എന്റെ കണ്‍പീലികള്‍ക്കിടയില്‍ കാര്‍മേഘം ഉരുണ്ടുകൂടുന്നതും നനവ് പടരുന്നതും ഞാനറിഞ്ഞു..
ഏടത്തി തുടര്‍ന്നു.
'അവള്‍, അന്ന്, അപ്പച്ചീ വരൂ പടക്കം പൊട്ടിക്കാമെന്ന് പറഞ്ഞു നിര്‍ബന്ധിച്ചു.. ഞാന്‍ ഒഴിഞ്ഞു മാറിയപ്പോള്‍ പരിഭവിച്ചു.. മുഖം വീര്‍പ്പിച്ചു.. പിണങ്ങി.. അവളെ ഞാന്‍ എങ്ങനെ പറഞ്ഞു മനസ്സിലാക്കും, ഒരോ തവണ പടക്കം പൊട്ടുമ്പോഴും ശബ്ദം കേള്‍ക്കുമ്പോഴും എന്റെ നെഞ്ചില്‍ ആയിരം പൊട്ടിത്തെറികള്‍ കേള്‍ക്കുന്നുവെന്ന്. .. ' ഏടത്തിയുടെ കൃഷ്ണമണികളില്‍ ഉണ്ണിയുടെ മുഖം നിഴലിച്ചിരുന്നുവോ അപ്പോള്‍.. ഏടത്തിയുടെ ശബ്ദം ചെറുതായൊന്നെങ്കിലും വിറകൊണ്ടുവോ?..
'ഉണ്ണി വരും.. എന്തിനായിരുന്നു സിദ്ധു അവന്‍ നമ്മളെയൊക്കെ വിട്ട് ഇങ്ങനെ എവിടെയോ പോയ് ഒളിച്ചത്..? '
ഒരു നിമിഷം നിശബ്ദത.. വീണ്ടും ഏടത്തി ഏടത്തിയോടെന്നപോല്‍ പറഞ്ഞു 'മരിച്ചവര്‍ തിരിച്ചു വരില്ലല്ലോ.. !
ആ സംഭാഷണം ഒരാശ്ചര്യചിഹ്നത്തിലൊതുക്കി ഗൗരിഏടത്തി പിന്നെയും അഗാധമായ മൗനത്തിന്റെ കൈപിടിച്ച് നിഴല്‍ വീണ വഴികളിലേക്ക് നോക്കിയിരുന്നു.. പിന്നെ എന്തോ ഓര്‍ത്തിട്ടെന്നത് പോലേ പൊടുന്നനെ ഒരു ശ്വാസത്തില്‍ എന്നോട് പറഞ്ഞു 'ഈഗോയും വാശിയുമെല്ലാം കൈവെടിയൂ സിദ്ധു.. നീയവളെ തിരിച്ചു വിളിക്കൂ.. സീതക്ക് അമ്മ മാത്രം പോരാ.. അച്ഛന്റെ കരുതല്‍ നിഷേധിക്കരുത്.. '
ഞാന്‍ മറുപടി പറഞ്ഞില്ല.. എന്ത് പറയണമെന്നറിയാതെ ഞാന്‍.. ചായക്കപ്പില്‍ നിന്നുയരുന്ന പുകചുരുള്‍ എന്റെ കണ്ണടയില്‍ നീരാവി പടര്‍ത്തി കാഴ്ച അവ്യകതമാക്കി..
'ഞാന്‍ നിന്നെ ക്ഷമിക്കുവാനായിരുന്നല്ലോ കുട്ടീ പഠിപ്പിച്ചത്.. നീയതെല്ലാം മറന്നുപോയിരുന്നുവോ '?
ഏടത്തി ചോദിച്ചു..
'പാര്‍ട്ണര്‍ ഇല്ലാതാകുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് എന്താണെന്നറിയുമോ സിദ്ധു?
സ്പര്‍ശം. ഒരു നേര്‍ത്ത സ്പര്‍ശം. എ മിയര്‍ ടച്..
ചില നേരങ്ങളില്‍ വാക്കുകള്‍ മതിയാകാതെ വരും കുട്ടീ നമുക്ക്.. ഒരു ചേര്‍ത്തുപിടിക്കലിനോ നേര്‍ത്ത ഒരു തലോടലിനോ മാത്രമേ അപ്പോള്‍ അഭയം തരാനാകൂ.. ഇരുപത് വര്‍ഷമായി ഏടത്തിക്ക് നഷ്ടപ്പെട്ടതും ആ സ്പര്‍ശമാണ്..
ഏടത്തിയൊന്ന് ദീര്‍ഘമായി നിശ്വസിച്ചുവോ??
'ഏടത്തിക്ക് സംഭവിച്ചത് നിനക്ക് സംഭവിക്കരുത്.. ഒരേ ദുഖത്തിന്റെ നൂലിഴ വേണ്ട നമുക്കിടയില്‍.. വാശിയുപേക്ഷിക്കൂ '
ഞാന്‍ ചായക്കപ്പ് ടീപ്പോയിന്മേല്‍ വെച്ചു.. എന്റെ കവിളില്‍ നനവ് പടര്‍ന്നത് കണ്ടിട്ടെന്നവണ്ണം ഏടത്തി പറഞ്ഞു കരയാതെ...കരയാതെ.. വിഷമിക്കാതെ '
ഞാന്‍ ഏടത്തിയുടെ കൈകളില്‍ മുറുകെ പിടിച്ചു.. ഒരു നെടുവീര്‍പ്പോടെ എഴുന്നേറ്റു.. യാത്ര ചോദിക്കാതെ ബാഗുമെടുത്ത് ഉറച്ച ചുവടുകളോടെ പടികളിറങ്ങി നടന്നു..
'നില്‍ക്ക് സിദ്ധു '.. ഏടത്തി പിറകില്‍ നിന്ന് വിളിച്ചു. ഞാന്‍ തിരിഞ്ഞു നോക്കി.. ഗൗരി ഏടത്തി എനിക്ക് നേരെ വരികയാണ്.. എനിക്ക് മുഖാമുഖം.. വാത്സല്യമൂറുന്ന ചെറുചിരിയോടെ ഏടത്തിയെന്റെ കവിളുകള്‍ കൈകളിലൊതുക്കിക്കൊണ്ട് പറഞ്ഞു 'പെന്‍ഷന്‍ കിട്ടിയതൊക്കെ കുട്ടികള്‍ക്ക് കൈനീട്ടം കൊടുത്ത് തീര്‍ന്നു. നിനക്ക് തരാന്‍ ഇത് മാത്രമേ ഗൗരിഏടത്തിയുടെ പക്കലുള്ളൂ.. '
ഞാന്‍ ഏടത്തിയെ തന്നെ നോക്കി നിന്നു. ഒരു കാറ്റ് വീശി. ഏടത്തിയെന്റെ വിയര്‍പ്പു പൊടിയുന്ന നെറ്റിയില്‍ ചുണ്ടുകള്‍ ചേര്‍ത്തു.. ചേര്‍ത്തു പിടിച്ചങ്ങനെ നിന്നു. ഞാന്‍ കരയുന്നുണ്ടായിരുന്നു.. സങ്കടങ്ങളെല്ലാം ഏടത്തിയുടെ നെഞ്ചില്‍ ഒഴുക്കികളയുമ്പോള്‍ എനിക്ക് അനുഭവപ്പെട്ടു ഒരു സുഗന്ധം അമ്മയുടെ ഗന്ധംസ്പര്‍ശം, ഒരു നനുത്ത സ്പര്‍ശം, അമ്മ ചേര്‍ത്തു പിടിക്കും പോലേ.. പണ്ട്, വളരെ പണ്ട്, ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഉരുണ്ടുവീണ് ദേഹം മുറിയുമ്പോഴും, ഉറക്കത്തില്‍ സ്വപ്നം കണ്ടു ഞെട്ടിയുണരുമ്പോഴും അമ്മ ചേര്‍ത്തു പിടിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന അതേ ഗന്ധം.. ഞാന്‍ കരയുകതന്നെയായിരുന്നു.. പിന്നെ മുഖമുയര്‍ത്തി നോക്കി.. ഒന്നും പറയാതെ, വീണ്ടുമൊരു മൗനത്തെ കൂട്ടുപിടിച്ച് ഞാന്‍ മുന്നോട്ട് നടന്നു.. ഇടക്ക് തിരിഞ്ഞുനോക്കി, അപ്പോഴെല്ലാം ഗൗരി ഏടത്തി അവിടെ നില്‍ക്കുകയായിരുന്നു ചിറകൊതുക്കി കൂടണയാന്‍ പക്ഷിക്കുഞ്ഞുങ്ങള്‍ പറന്നു ചെല്ലുന്നതും കാത്ത് നില്‍ക്കുന്ന ഒരു വൃദ്ധ വൃക്ഷം പോലേ, വെറുതേ അങ്ങനെ...