Image

അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ (കൗതുകക്കാഴ്ചകള്‍ 3: ബിന്ദു രാമചന്ദ്രന്‍)

ബിന്ദു രാമചന്ദ്രന്‍ Published on 24 May, 2019
അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ (കൗതുകക്കാഴ്ചകള്‍ 3: ബിന്ദു രാമചന്ദ്രന്‍)

ചരിത്രം നമ്മെ പഠിപ്പിക്കുന്നതു നാം ചരിത്രത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ല എന്ന പാഠമാണ് ' --- ശാസ്ത്രാവബോധവും നൂതന സാങ്കേതികത്തികവുമുണ്ടെങ്കിലും മനുഷ്യന്‍ അബദ്ധങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. അപകടങ്ങളും.

അത്തരമൊരു അത്യാപത്തിന്റെ നേര്‍ക്കാഴ്ചയിലേക്കാണ് ഇന്നു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത്.

'ആസ്ട്രിയ 'എന്ന കുഞ്ഞന്‍ പേരിനോടും നാടിനോടും ആകര്‍ഷണം തോന്നിയതു മനം കവരുന്ന പ്രകൃതി ദൃശ്യങ്ങളെ പറ്റിയുള്ള കേട്ടറിവാണ്. Melk Hallstatt , Salzburg( Mozart ന്റെ ജന്മസ്ഥലം) എന്നീ സ്ഥലങ്ങളിലേക്ക് മാസങ്ങള്‍ക്കു മുന്‍പ് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയിരുന്നത് എന്തോ ചില കാരണങ്ങളാല്‍ ക്യാന്‍സലായതായി തലേന്ന് രാത്രി ടൂര്‍ ഓപ്പറേറ്റര്‍സ് അറിയിച്ചിരുന്നു.
ഒരുപാട് കൊതിച്ചിരുന്ന ഈ യാത്രകള്‍ മുടങ്ങിയതില്‍ വിഷമം തോന്നിയെങ്കിലും ഞങ്ങള്‍ തലസ്ഥാനമായ 'വിയന്ന ' ചുറ്റിക്കാണുവാന്‍ തീരുമാനിച്ചു.

ഇവിടെ Hop-on Hop-off ബസുകളില്‍ ടിക്കറ്റ് എടുത്താല്‍ അവയുടെ റൂട്ടുകളിലൂടെ ഒരു ദിവസം എത്ര പ്രാവശ്യം വേണമെങ്കിലും യാത്ര ചെയ്യാം. ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഈ ബസ്സുകള്‍ ഉള്ളിടത്തോളം പട്ടണ പ്രദക്ഷിണവും കാഴ്ച്ചകളും യൂറോപ്യന്‍ നഗരങ്ങളില്‍ വളരെ എളുപ്പമാണ്.

Amsterdam ഒരു ' ഫീല്‍' ആണ്. എന്നാല്‍ വിയന്നയോ , ജീവിക്കുവാന്‍ അനുയോജ്യമായ ലോകത്തിലെ ഏറ്റവും നല്ല നഗരമെന്ന പദവി (most livable city )പത്താം തവണയും കരസ്ഥമാക്കിയ പ്രൗഢ ഗംഭീര നഗരവും

ഇന്നലെകളുടെ തിരുശേഷിപ്പുകള്‍ ഇന്നിന്റെ മേലാപ്പുകള്‍ ചാര്‍ത്തി മനോഹരമാക്കിയ, വിശാലമായ റോഡുകളും ഏതാണ്ട് ഒരേ നിറത്തിലും തരത്തിലുമുള്ള കെട്ടിട സമുച്ചയങ്ങളുമുള്ള രാജകീയ നഗരം.

അസൂയയുടെ തരിമ്പു പോലുമില്ലാതെ ആദരവോടെ മാത്രം ഞങ്ങള്‍ ആ നഗരം ആസ്വദിച്ചു.

ചരിത്രമുറങ്ങുന്ന ധാരാളം മ്യൂസിയങ്ങളും കൊട്ടാരങ്ങളും വിയന്നയിലുണ്ട് . ഇവയില്‍ ഏറ്റവും പ്രസിദ്ധം Kriege gehoren ins Museum (military museum) ആണ് .

ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും, വസ്തു വഹകളും വ്യക്തി വിശേഷങ്ങളും ഈ വിശാല മ്യൂസിയത്തിലുണ്ട്. യുദ്ധത്തിന്റെ ദുരന്ത മുഖം വെളിപ്പെടുത്തുന്ന ഭീമാകാരന്‍ പെയിന്റിങ്ങുകളാല്‍ ചുവരുകള്‍ മാത്രമല്ല മേല്‍ക്കൂരകള്‍ പോലും നിറഞ്ഞ ഒന്നാം നില ഒന്നോടിച്ചു കാണുവാന്‍ തന്നെ മണിക്കൂറുകള്‍ വേണം. രാജാക്കന്മാരുടെയും പ്രഭുക്കളുടെയും പട്ടാള മേധാവികളുടെയും ജീവസ്സുറ്റ ശില്പങ്ങള്‍ ചെറു കുറിപ്പുകളോടെ, പ്രദര്ശനത്തിലുണ്ട്.

താഴത്തെ നിലയിലെ പ്രമുഖ ആകര്‍ഷണം ഒരു കാര്‍ ആണ്. വെറും 19 വയസ്സുകാരനായ ബോസ്‌നിയന്‍ സെര്‍ബ് വംശജന്‍ Gavrilo Princip ന്റെ വെടിയേറ്റ് ആസ്ട്രിയ- ഹംഗറി കിരീടാവകാശി ആര്‍ച്ചു ഡ്യൂക് Franz Ferdinand, പത്‌നി Sophie Chotek എന്നവര്‍ തല്‍ക്ഷണം മരിച്ചു വീണത് ഈ തുറന്ന കാറില്‍ സഞ്ചരിക്കുമ്പോഴാണ്.

South slav province വേര്‍പെടുത്തി യുഗോസ്ലാവിയ രൂപീകരിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമുള്ള Black hand societyയുടെ ആ ദിവസത്തെ രണ്ടാമത്തെ വധോദ്യമമാണ് ആസ്ട്രിയന്‍ കിരീടാവകാശിയുടെ വധത്തിനും അതിലൂടെ ഒന്നാം ലോക മഹാ യുദ്ധത്തിനും വഴി തെളിച്ചത്.
1914 ജൂണ്‍ 28 നു ട്രെയിനില്‍ വന്നിറങ്ങിയ ദമ്പതികള്‍ക്കു നേരെ സ്റ്റേഷനില്‍ വച്ച് തന്നെ വധശ്രമം ഉണ്ടായെങ്കിലും അവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയും കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സുരക്ഷാവിലക്ക് വക വയ്ക്കാതെ ആ ഉദ്യോഗസ്ഥന്റെ ആശുപത്രി സന്ദര്ശനത്തിനു പോകും വഴിയാണ് മരണ കാരണമായ ഈ രണ്ടാമത്തെ ആക്രമണം.


ധാര്‍മിക, രാഷ്ട്രീയ ഉത്തരവാദിത്വം സെര്ബിയയ്ക്ക് മേല്‍ ആരോപിച്ച് 'July ultimatum' എന്നറിയപ്പെടുന്ന അന്ത്യ ശാസനം ആസ്ട്രിയ പുറപ്പെടുവിച്ചു. ഇതിലെ ചില വ്യവസ്ഥകളോടുള്ള സെര്ബിയയുടെ ഉദാസീന മനോഭാവം കാരണം ആസ്ട്രിയ യുദ്ധം പ്രഖ്യാപിക്കുകയാണുണ്ടായത്.

ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും പക്ഷം പിടിച്ചു പൊരുതിയ ഈ യുദ്ധം നീണ്ട അഞ്ചു വര്ഷങ്ങള്ക്കു ശേഷം അതുപോലൊരു ജൂണ്‍ 28നു (1919) Treaty of Versailles എന്ന ഉടമ്പടി കരാറോടെ അവസാനിച്ചു എന്നത് മറ്റൊരു ചരിത്ര നിയോഗം.

അദ്ദേഹം മരണസമയത്തു ധരിച്ചിരുന്ന ചോരക്കറയുള്ള പട്ടാള യൂണിഫോമും പത്‌നിയുടേതായി അവശേഷിച്ച കൈയുറക്കഷണവും ആ ദുരന്ത നിമിഷത്തിന്റെ സാക്ഷികളാണ്.
സുരക്ഷാ നിര്‍ദേശങ്ങള്‍ അവര്‍ അനുസരിച്ചിരുന്നെങ്കില്‍, ആ വധം നടക്കാതിരുന്നെങ്കില്‍ എന്നൊക്കെ ഒരു നിമിഷം ചിന്തിച്ചുപോയി. ലോക ചരിത്രം അവിടെ ഗതി മാറിയേനെ. ലക്ഷക്കണക്കിന് മനുഷ്യ ജീവനും കോടികളുടെ സാമ്പത്തിക നഷ്ടവും അതിര്‍ത്തികള്‍ മാറ്റി വരയ്ക്ക്‌ലുമൊക്കെ ഒഴിവാക്കി ആ നീണ്ട അഞ്ചു വര്ഷങ്ങള്‍ നാം പുരോഗതിയുടെ എത്ര പടവുകള്‍ കയറിയേനെ.

ഈ മഹാ ദുരന്തത്തിന് ശേഷവും ഒന്നും പഠിക്കാത്ത മനുഷ്യന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ലോകമഹായുദ്ധത്തിലൂടെ ചരിത്രം ആവര്‍ത്തിച്ചു. ഈ മ്യൂസിയത്തിന്റെ മറ്റൊരു ഭാഗത്തു അത്യാധുനിക യന്ത്രവേധ തോക്കുകളും മറ്റു യുദ്ധ സാമഗ്രികളുമാണ്. മനസ്സ് മരവിച്ച ഞാന്‍ അവയൊന്നും അധികം കാണാന്‍ മെനക്കെട്ടില്ല.

ആസന്നമായ ഒരു മൂന്നാം ലോക യുദ്ധത്തിന് എവിടെയോ പട ഒരുങ്ങുന്നുണ്ട്. ഇറാഖും സിറിയയും അഫ്ഗാനിസ്ഥാനുമൊക്കെ ലോക മനസാക്ഷിയെ വേണ്ട രീതിയില്‍ സ്പര്ശിക്കുന്നേയില്ല. അധികാരവും അവകാശവും സ്ഥാപിക്കാന്‍ നമ്മുടെ മനസ്സുകളിലും എത്ര യുദ്ധങ്ങള്‍
തോറ്റവരുടെ കണ്ണീരുപ്പിനാല്‍ നാം കെട്ടിയ സാമ്രാജ്യങ്ങള്‍ എത്ര നാളേക്ക് ?

യുദ്ധം പഠിപ്പിക്കുന്ന ഒരേ ഒരു പാഠം 'യുദ്ധം ഒന്നിനും പരിഹാരമല്ല ' എന്നതാണ്. ജിജീവിഷുവായ മനുഷ്യന്റെ കര്‍മ്മോത്സുകതയ്ക്കും സൗന്ദര്യ ബോധത്തിനുമുള്ള തെളിവായി വിയന്ന നില കൊള്ളുമ്പോഴും നഗര മധ്യത്തില്‍ അഞ്ജാതനായ റഷ്യന്‍ പട്ടാളക്കാരന്റെ പൂര്‍ണ കായ പ്രതിമ നമ്മളോട് പറയുന്നത് ' അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍' എന്നു തന്നെയാണ്.
അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ (കൗതുകക്കാഴ്ചകള്‍ 3: ബിന്ദു രാമചന്ദ്രന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക