ചങ്ങനാശ്ശേരിക്ക് സമീപം വടക്കേക്കര എന്ന കൊച്ചു ഗ്രാമത്തില്‍ നമ്പിമഠം കുടുംബത്തില്‍ ജനിച്ചു.
പിതാവ്:തോമസ് ദേവസ്യ നമ്പിമഠം (ദേവസ്യാ സാര്‍)മാതാവ് : അന്നമ്മ ദേവസ്യ.
ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. 1985 ജനുവരിയില്‍ അമേരിക്കയിലെത്തി. 1985 മുതല്‍ ഡാളസ്സില്‍ സ്ഥിരവാസം. റേഡിയോളജി വിഭാഗത്തില്‍
എം. ആര്‍. ഐടെക്നിഷ്യന്‍ ആയി ജോലി ചെയ്യുന്നു.
1. അവാര്‍ഡ് ജേതാവിനു അഭിനന്ദനം. ഇ-മലയാളിയുടെ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നോ? സാഹിത്യലോകത്ത് വളരെയധികം പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ താങ്കള്‍ക്ക് ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ് കിട്ടിയപ്പോള്‍ എന്ത് തോന്നി?
ഇ-മലയാളിയുടെ ഈ വര്‍ഷത്തെ അവാര്‍ഡിന് പരിഗണിച്ചതില്‍അഭിമാനവും സന്തോഷവുമുണ്ട്. ഇ-മലയാളിക്കും അവാര്‍ഡ് നിര്‍ണയ കമ്മറ്റിക്കും നന്ദി രേഖപ്പെടുത്തുന്നു. അമേരിക്കയില്‍ ഇന്ന് നിലവിലുള്ള ഏറ്റവും പ്രശസ്തമായ ഇ-മലയാളി അവാര്‍ഡിന് പരിഗണിക്കപ്പെടുക എന്നത് ഏതൊരു എഴുത്തുകാരനും ആഗ്രഹിക്കുന്ന അംഗീകാരമാണ്. അവാര്‍ഡ് എന്നെങ്കിലും കിട്ടും എന്ന് ഉറപ്പുണ്ടായിരുന്നു. ഈ വര്‍ഷം ഷോര്‍ട്ട്ലിസ്റ്റില്‍ പേര് കണ്ടപ്പോള്‍ വല്യ പ്രതീക്ഷ ഇല്ലായിരുന്നു എന്നതാണ് സത്യം.
'സാഹിത്യലോകത്ത് വളരെയധികം പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ താങ്കള്‍ക്ക്' എന്ന പ്രയോഗം വളരെ ഇഷ്ടപ്പെട്ടു. അങ്ങിനെ കേള്‍ക്കുന്നതില്‍ സന്തോഷമേയുള്ളു.
1977 ല്‍ കേരളത്തിലായിരിക്കുമ്പോള്‍ 'യുവദീപ്തി' അഖില കേരളാടിസ്ഥാനത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളില്‍ ചെറുകഥക്കു ഒന്നാം സ്ഥാനവും ലേഖന രചനാ മത്സരത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.
1990 കളുടെ ആരംഭത്തില്‍ ഡാളസ്സിലെ കേരളാ അസോസിയേഷനില്‍ നിന്ന് ചെറുകഥക്കു ഒന്നാം സ്ഥാനം ലഭിച്ചു
1990 ല്‍ ഫ്‌ലോറിഡയില്‍ നടത്തിയ ഫൊക്കാനയില്‍ കവിതക്ക് അവാര്‍ഡ്
1992 ല്‍ വാഷിംഗ്ടണ്‍ ഡി സി യില്‍ നടത്തിയ ഫൊക്കാനയില്‍ ചെറുകഥക്കു അവാര്‍ഡ്
1994 ല്‍ കാനഡയില്‍ നടത്തിയ ഫൊക്കാനയില്‍ കവിതക്ക് അവാര്‍ഡ്
2000 ല്‍ കാലിഫോര്‍ണിയയില്‍ നടത്തിയ ഫൊക്കാനയില്‍ കവിതക്കു അവാര്‍ഡ്
2000 ല്‍ മലയാള ഭാഷാ സാഹിത്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു 'മലയാളവേദി' യുടെ സാഹിത്യ പുരസ്‌കാരം
2000 ല്‍ ന്യൂയോര്‍ക്കില്‍നിന്ന്പ്രസിദ്ധീകരിച്ചിരുന്ന 'മലയാളം പത്രം' സാഹിത്യ പുരസ്‌ക്കാരം 'നിസ്വനായ പക്ഷി എന്നആദ്യ കവിതാസമാഹരത്തിനു ലഭിച്ചു.
2002 ല്‍ ചിക്കാഗോയില്‍ നടത്തിയ ഫൊക്കാനയില്‍ 'കൊച്ചു കാര്യങ്ങളുടെ തമ്പുരാന്‍ എന്ന അരുന്ധതി നക്ഷത്രം' എന്ന പുസ്തകത്തിനു സാഹിത്യ പുരസ്‌ക്കാരം
2005 ല്‍ മലയാള സാഹിത്യ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അവാര്‍ഡ്.
2006 ല്‍ ഫ്‌ലോറിഡയില്‍ നടത്തിയ ഫൊക്കാനയില്‍ കവിതക്ക് അവാര്‍ഡ്
2010 ല്‍ ഫൊക്കാനയുടെ ഗ്ലോബല്‍ സാഹിത്യ മത്സരത്തില്‍ രണ്ടാം സ്ഥാനം
2011 ല്‍ അമേരിക്കയിലെഎഴുത്തുകാരുടെ സാഹിത്യ സംഘടനകളുടെകേന്ദ്രസംഘടനയായലാന (ഘഅചഅ) യുടെ സാഹിത്യപുരസ്‌കാരം- 'തിരുമുറിവിലെ തീ' എന്ന എന്റെ രണ്ടാമത്തെ കവിതാ സമാഹാരത്തിനു ലഭിച്ചു.
2014 ല്‍ ചിക്കാഗോയില്‍ നടത്തിയ ഫൊക്കാനാ സമ്മേളനത്തില്‍ മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയ മികച്ച സംഭാവനകള്‍ മാനിച്ചു കൊണ്ടുള്ള പുരസ്‌ക്കാരം
2016 ല്‍മലയാളഭാഷക്കും സാഹിത്യത്തിനുംനല്‍കിയ സംഭാവനകളെപരിഗണിച്ച്ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവൃത്തിക്കുന്ന അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സംഘടനയായ 'വിചാരവേദി'യുടെ സാഹിത്യ പുരസ്‌ക്കാരം
ഇപ്പോള്‍ 2018 ലെ ഈ മലയാളിയുടെ കവിതാ പുരസ്‌ക്കാരം.
1975 മുതല്‍, കഴിഞ്ഞ നാല്‍പ്പത്തിനാലു വര്‍ഷങ്ങളായി, കേരളത്തിലെയും അമേരിക്കയിലെയും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകളും, കവിതകളും, സാഹിത്യ ലേഖനങ്ങളും എഴുതിവരുന്നു.1975 ല്‍ ഇന്ദിരാഗാന്ധി ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ എഴുതിയ 'പുതുയുഗപ്പിറവി' എന്ന കവിതയാണ് പ്രസിദ്ധീകൃതമായ ആദ്യ കവിത.
1976 ല്‍ ദീപികയിലാണ് ആദ്യ കൃതികള്‍ പ്രസിദ്ധീകരിച്ചത്. 'മരിയദാസ് നന്‍പിമഠം' എന്ന തൂലികാ നാമത്തിലാണ് എഴുതി തുടങ്ങിയത്. 1976 ലെ ദീപിക ഓണപ്പതിപ്പിന്റെ മുഖ്യ ലേഖനമായി പ്രസിദ്ധീകരിച്ച 'ഓണം ഒരു മാതൃകാ ലോക സങ്കല്‍പ്പം' എന്നതായിരുന്നു ആദ്യത്തെ പ്രമുഖ ലേഖനം.
ദീപിക, മലയാള മനോരമ, കേരളഭൂഷണം, മനഃശാസ്ത്രം, ഡോക്ടര്‍ അയ്യപ്പപണിക്കരുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന കേരള കവിത, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യലോകം തുടങ്ങി കേരളത്തിലെ പല പ്രശസ്ത പ്രസിദ്ധീകരണങ്ങളിലും കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1985 ല്‍ ആണ് അമേരിക്കയില്‍ എത്തുന്നത്. അന്ന് മുതല്‍ അമേരിക്കയിലെ എല്ലാ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും കൃതികള്‍ പ്രസിദ്ധീകരിച്ചു വരുന്നു.
1996 ല്‍ ഡാളസ്സില്‍ നടന്ന ഫൊക്കാനയുടെ സാഹിത്യ സമ്മേളനത്തിന്റെ കോ- ചെയര്‍ പേഴ്സണ്‍ ആയിരുന്നു.
2014 ല്‍ ചിക്കാഗോയില്‍ നടത്തിയ ഫൊക്കാന സാഹിത്യ സമ്മേളത്തില്‍ കവിതാ സമ്മേളനത്തിനു നേതുത്വം കൊടുത്തു. സമഗ്ര സാഹിത്യ സംഭാവനകളെ മാനിച്ചു കൊണ്ടു ഫൊക്കാന 2014 ലെസമ്മേളനത്തില്‍ ഫലകം നല്‍കി ആദരിച്ചു.
1993 ല്‍ ഡാളസ്സിലെ മലയാളി സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയും (ഗഘട) , അതിനു ശേഷം 1996 ല്‍ അമേരിക്കയിലെ മലയാള സാഹിത്യ സംഘടനകളുടെ കേന്ദ്ര സംഘടനയായ ലാനയും (ഘഅചഅ) രൂപീകരിക്കാന്‍ നേതൃത്വംകൊടുത്തു.
1993 മുതല്‍ 1997 വരെ കേരള ലിറ്റററി സൊസൈറ്റിയുടെ സെക്രട്ടറി പ്രസിഡന്റ് എന്നെ നിലകളില്‍ പ്രവര്‍ത്തിക്കുകയും അതിന്റെ ഭരണഘടനക്ക് രൂപം നല്‍കുകയും ചെയ്തു. 1997 ല്‍ ലാനയുടെ ആദ്യത്തെ സെക്രട്ടറി, 1998 മുതല്‍ 2000 വരെ ലാനയുടെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. ലാനയുടെയും ആദ്യ ഭരണഘടനക്കു രൂപം നല്‍കുകയും അതിനെ അറിയപ്പെടുന്ന ഒരു സംഘടന ആക്കി വളര്‍ത്തുകയും ചെയ്തവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. അമേരിക്കയിലെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ്.
ഇത്രയും അംഗീകാരങ്ങള്‍ കൊണ്ട് ആദരിച്ച അമേരിക്കന്‍ മലയാളി സമൂഹത്തോട് നന്ദിയും ആദരവും അറിയിക്കുന്നു.
2. അമേരിക്കന്‍ മലയാള സാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു. നിങ്ങളുടെ രചനകള്‍ അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയെ എങ്ങനെ സഹായിക്കും. അമേരിക്കന്‍ മലയാള സാഹിത്യകാരന്മാര്‍ക്കായി ലാന പോലുള്ള സംഘടനക്ക് ജന്മം നല്‍കാനും അതിനെ പരിപോഷിപ്പിക്കാനും ശ്രമിച്ച താങ്കള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷക്കൊപ്പം വളരുന്നുവെന്നു കരുതുന്നോ?
1993 ല്‍, ഡാളസ്സിലെ മലയാളി സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയും, അതിനു ശേഷം 1996 ല്‍ അമേരിക്കയിലെ മലയാള സാഹിത്യ സംഘടനകളുടെ കേന്ദ്ര സംഘടനയായ ലാനയും രൂപീകരിക്കാന്‍ നേതൃത്വം കൊടുത്തു. അന്നുണ്ടായിരുന്ന സാഹിത്യ സാഹചര്യങ്ങള്‍ അല്ല ഇപ്പോഴുള്ളത്. അന്ന് വിരലില്‍ എണ്ണാവുന്ന എഴുത്തുകാരും മാദ്ധ്യമങ്ങളും ഉണ്ടായിരുന്ന സാഹചര്യങ്ങളില്‍ നിന്നാണ് അതിന്റെയൊക്കെ തുടക്കം. സാഹിത്യകാരന്മാര്‍ക്കും സാഹിത്യത്തില്‍ താല്പര്യമുള്ളവര്‍ക്കും കൂടിക്കാണാനും ചര്‍ച്ചകള്‍ നടത്താനും അതുവഴിയായി മലയാളഭാഷയും സാഹിത്യവും അമേരിക്കന്‍ മണ്ണില്‍ സ്വന്തമായ നിലയില്‍ വളര്‍ന്ന് കാണാനുമാണ് ഇവയൊക്കെ രൂപീകരിച്ചതു. കേരളത്തെ നോക്കി സാഹിത്യ രചന നടത്താനല്ല, ഇവിടെ തനതായ മലയാള സാഹിത്യ ശാഖയും, സാഹിത്യ ശൈലികളും, മാധ്യമങ്ങളെയും, എഴുത്തുകാരെയും, വളര്‍ത്തിഎടുക്കുക എന്നതാണ് ആ സംഘടനകള്‍ കൊണ്ട് ലക്ഷ്യമിട്ടത്. അമേരിക്കന്‍മലയാളിഎഴുത്തുകാര്‍ ശ്രദ്ധിക്കേണ്ടത് അമേരിക്കന്‍ മണ്ണില്‍ ഉറച്ചു നിന്നുകൊണ്ടുതന്നെ പുതിയ വഴികളിലൂടെയുള്ള മലയാള സാഹിത്യ സഞ്ചാരമാണ്. കേരളത്തില്‍ മലയാളം മരിച്ചാല്‍ പോലും അതിനെയും അതിജീവിക്കാന്‍ കഴിയുന്ന തനതു മലയാള സാഹിത്യം, കേരളത്തിന് പുറത്തു ജീവിക്കുന്നവരുടെ മലയാള സാഹിത്യം, ഡല്‍ഹിയില്‍ ജീവിച്ച്അവിടത്തെ ജീവിതങ്ങള്‍ ചിത്രീകരിച്ച മുകുന്ദനെപ്പോലെ, ഗള്‍ഫു നാടുകളില്‍ ജീവിച്ച്അവിടത്തെ ജീവിതം നോവലിനു വിഷയമാക്കിയ ബെന്യാമിനെപ്പോലെ, കേരളത്തിന് വെളിയില്‍ ജീവിച്ചു ബുക്കര്‍ സമ്മാനം നേടി ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ അരുന്ധതി റോയിയെപ്പോലെ ...
നമ്മള്‍ മത്സരിക്കേണ്ടതു കേരളത്തിലെ ഏഴുത്തുകാരോടല്ല കേരളത്തിന് പുറത്തു ജീവിക്കുന്ന ആഗോളമലയാളികളോടും വിദേശവാസികളായ ഇന്ത്യന്‍ എഴുത്തുകാരോടും, വിശ്വ സാഹിത്യത്തിലെ പ്രതിഭകളായമറ്റ് എഴുത്തു കാരോടുമാണ്. മലയാള സാഹിത്യത്തില്‍ മാത്രം ഒതുങ്ങിക്കിടക്കണമെന്നുമില്ല. ഈ രീതിയില്‍ മുന്നേറാന്‍ വെറും മലയാള സാഹിത്യ ജ്ഞാനം മാത്രം പോരാ. ലോക ക്ലാസ്സിക്കുകളുമായി പരിചയപ്പെടുക, വിപുലമായ വായനയും പഠനവും നടത്തുക.
ഇവിടുത്തെ പല എഴുത്തുകാരും തങ്ങള്‍ കേരളം വിട്ടുപോന്ന കാലത്തെ ചങ്ങന്‍പുഴ കടവില്‍ തോണികെട്ടിയിട്ടു ഉറങ്ങാന്‍ പോയവരാണ്. അതിനു ശേഷമുണ്ടായിട്ടുള്ള സാഹിത്യ പരിണാമങ്ങളെപ്പറ്റി വായിക്കാനോ പഠിക്കാനോ മിനക്കെടുന്നില്ല. മലയാള സാഹിത്യത്തിന്റെ മറ്റു ശാഖകളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളെപ്പറ്റി ബോധവാന്മാരുമല്ല. മനുഷ്യന് ഒരു ആമുഖം, ആരാച്ചാര്‍ തുടങ്ങി...എത്രയോ കാതം നോവല്‍ സാഹിത്യ ശാഖമുന്നോട്ടുപോയിരിക്കുന്നു, ചങ്ങന്‍പുഴയും കടന്നു മലയാള സാഹിത്യ നദി എത്രയോ കാതം മുന്നോട്ടുപോയിരിക്കുന്നു. ഈ അറിവ് നമ്മെ കൂടുതല്‍ മികച്ച രചനകളിലേക്കു നയിക്കും. അതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് നമ്മില്‍ നിന്ന് ഉണ്ടാകേണ്ടത്. അനുകരിക്കുന്നവനല്ല, പുതിയത് സൃഷ്ടിക്കുന്നവനാണ് യഥാര്‍ത്ഥ പ്രതിഭ എന്നത് മറക്കാതിരിക്കുക.
ലാനയെ പഴയ നിലയില്‍ നിന്നും ബഹുദൂരം മുന്നോട്ട് പോകാന്‍ നേതൃസ്ഥാനത്തിരുന്നവരില്‍ ചിലര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും, ലാന എന്താണെന്നോ അതിന്റെ ലക്ഷ്യം എന്താണെന്നോ അറിയാതെ, ഭരണഘടന പോലും വായിക്കാതെ, ദിശാബോധം ഇല്ലാതെ, മുന്നോട്ടു പോകുന്നതാണ് പലപ്പോഴും കണ്ടുവരുന്നത്. ഇവിടെ എഴുതപ്പെടുന്ന നല്ല സൃഷ്ടികളെപ്പറ്റി ക്രിയാത്മകമായ ചര്‍ച്ച നടത്താന്‍ പോലും ലാന സമ്മേളങ്ങളില്‍ സമയം കൊടുക്കുന്നില്ല. നാട്ടില്‍ നിന്ന് കെട്ടി എഴുന്നള്ളിച്ചു കൊണ്ടുവരുന്ന സാഹിത്യകാരന്മാര്‍ സമയം മുഴുവന്‍ അപഹരിക്കുകയാണ്. ചര്‍ച്ചകള്‍ക്ക് വേണ്ടി തയാറാക്കി കൊണ്ടുവരുന്ന പ്രബന്ധങ്ങള്‍ അരങ്ങു കാണാതെ, ചര്‍ച്ച ചെയ്യാന്‍ സമയം ലഭിക്കാതെ തയ്യാറാക്കി കൊണ്ടുവരുന്നവര്‍ ഫയലുകളില്‍ തന്നെ മടക്കി വെച്ച് തിരികെപ്പോകുന്നു. ഭാരവാഹികള്‍ ലാനഎന്താണെന്നും, എന്തിനുവേണ്ടിനില കൊള്ളുന്നു എന്നും അറിയുക, അതിനു വേണ്ടി പ്രവര്‍ത്തിക്കുക. സമ്മേളനങ്ങള്‍ അതിനുള്ള വേദി ആക്കുക, സമയക്രമം പാലിക്കുക, ഇവിടത്തെ എഴുത്തുകാരുടെ കൃതികള്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ അവസരം കണ്ടെത്തുക, അവരെ ആദരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുക, നാട്ടില്‍ നിന്ന് കൊണ്ട് വരുന്ന എഴുത്തുകാരെ ആ കൃതികള്‍ നേരത്തെ ഏല്‍പ്പിച്ചു ചര്‍ച്ച നടത്താന്‍വേണ്ട ഒരുക്കങ്ങള്‍ മുന്‍കൂട്ടി നടത്തുക. അങ്ങിനെ ഒട്ടേറെ കാര്യങ്ങളില്‍ ലാന ശ്രദ്ധിക്കേണ്ടതുണ്ട്.
3. നിങ്ങള്‍ ആദ്യമെഴുതിയ കവിത ഏതു, എപ്പോള്‍. അതേക്കുറിച്ച് ചുരുക്കമായി പറയുക. ഒരു എഴുത്തുകാരനാകാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക
1975 ല്‍കേക വൃത്തത്തില്‍ എഴുതിയ 'പുതുയുഗപ്പിറവി' എന്ന കവിതയാണ് പ്രസിദ്ധീകൃതമായ എന്റെ ആദ്യ കവിത. 1975 ല്‍ ഇന്ദിരാ ഗാന്ധി, ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അക്കാലത്തെ പൊതുവായ അച്ചടക്കവും, മറ്റു നല്ല വശങ്ങളും കണ്ടപ്പോള്‍ എഴുതിയതാണ്. അന്ന് എനിക്കു 23 വയസു പ്രായം. അടിയന്തിരാവസ്ഥ ഒരു കരിനിയമം ആണ് എന്നുള്ള അറിവ്, അതു പ്രഖ്യാപിച്ചപ്പോള്‍ മറ്റുള്ള പലരെയും പോലെ എനിക്കും അറിയില്ലായിരുന്നു. അടിയന്തിരാവസ്ഥയെ സൂചിപ്പിക്കുന്ന ഒരു പരാമര്‍ശവും ഈ കവിതയില്‍ ഇല്ല. എന്റെ വീടിനടുത്തു കൊയ്ത്തു നടക്കുന്ന ഒരു വയലിന്റെ വരന്‍പില്‍ കൂടെ നടന്നപ്പോള്‍ മനസ്സില്‍ പൊന്തിവന്ന 'പുതുനെല്ലിന്‍ പുതുമണം' എന്ന രണ്ടു പദങ്ങളില്‍ നിന്നാണ് കവിതയുടെ ജനനം. ഏഴാം ക്ളാസില്‍ പഠിക്കുന്‍പോള്‍ മുതല്‍ കൊച്ചു കൊച്ചു കവിതാശകലങ്ങള്‍ കുത്തി കുറിച്ചിരുന്നെങ്കിലും ഈ കവിതയാണ് പ്രസിദ്ധീകൃതമായ ആദ്യ കവിത.
4. ഇ-മലയാളി പതിവായി വായിക്കുന്നുണ്ടാകുമല്ലോ? ഇ മലയാളിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ.
ഈമലയാളി പതിവായി വായിക്കാറുണ്ടായിരുന്നു. എന്നാല്‍ കുറേക്കാലമായി രചനകള്‍ക്ക് താഴെ കുറിക്കുന്ന, വിഷയത്തോട് ബന്ധമില്ലാത്ത അതില്‍ വരുന്ന അരോചകമായ കമെന്റുകള്‍ മൂലം അല്‍പ്പം വിപ്രതിപത്തി ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറയാന്‍ മടിക്കുന്നില്ല. രചനകളെപ്പറ്റി ക്രിയാത്മകമായ വിമര്‍ശനമല്ലേ നല്ലതും ഗുണകരവും? എഴുത്തിന്റെ ഗുണവും ദോഷവും ചര്‍ച്ച ചെയ്യുക. വിഷയവുമായി പുല ബന്ധം പോലുമില്ലാത്ത കമെന്റുകള്‍ ഒഴിവാക്കുക. നല്ലതു കണ്ടാല്‍ നല്ലതു പറയുക. മോശമാണെങ്കില്‍ അതിന്റെ കാരണങ്ങള്‍ നിരത്തി മെച്ചപ്പെടുത്താനുള്ളവഴികള്‍ പറഞ്ഞു കൊടുക്കക.
5. ഇ-മലയാളിയുടെ വായനക്കാരന്‍ എന്ന നിലക്ക് അതിലെ ഉള്ളടക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്.
പൊതുവെ പറഞ്ഞാല്‍ഈമലയാളിയില്‍ വരുന്ന കഥകള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നുണ്ട്. സാഹിത്യ പരമായ ഗുണമേന്മക്കു വേണ്ടി എഴുത്തുകാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനു കൂടുതല്‍ വായന ആവശ്യമാണ്. സാഹിത്യത്തിലെ നൂതന പ്രവണതകള്‍ അറിയേണ്ടതുണ്ട്.
6. കവിതകള്‍ കൂടാതെ നിങ്ങള്‍ എഴുതുന്ന രചനകള്‍ എന്തൊക്കെ? എന്തുകൊണ്ട് കവിതകളില്‍ നിങ്ങള്‍ തുടരുന്നു.
ചെറുകഥ, സാഹിത്യ ലേഖനങ്ങള്‍ എന്നിവയിലാണ് കവിത കഴിഞ്ഞാല്‍ പ്രധാനമായും ഞാന്‍ ശ്രദ്ധിക്കാറുള്ളത്. വളരെ സമയം ചിലവഴിച്ചും വളരെയേറെ പഠനങ്ങള്‍ നടത്തിയും എഴുതുന്ന സാഹിത്യ ലേഖനങ്ങള്‍ പലപ്പോഴും വേണ്ടത്രശ്രദ്ധിക്കപ്പെടാതെയും വായിക്കപ്പെടാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്നത് കാണുന്‍പോള്‍ വിഷമം തോന്നാറുണ്ട്. ഏതു സാഹിത്യ രൂപമായാലും ഗുണമേന്മ കൈവരുത്താന്‍ ഞാന്‍ അങ്ങേയറ്റം ശ്രദ്ധിക്കാറുണ്ട്. പൂര്‍ണ തൃപ്തി തോന്നാത്ത രചനകള്‍ ധാരാളം വെളിച്ചംകാണാതെ ഇന്നും എന്റെ ഫയലുകളില്‍ ഉറങ്ങുന്നുണ്ട്. സത്യം പറഞ്ഞാല്‍ ഒരു നല്ല നോവലിസ്റ്റാകാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചിട്ടുള്ളത്. ആ സ്വപ്ന നോവല്‍ ഇന്നും സ്വപ്നങ്ങളില്‍ തന്നെ ഉറങ്ങുന്നു! അത് മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം.
7. കവിത എഴുതാന്‍ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരന്‍. എന്തുകൊണ്ട് ആ സ്വാധീനം നിങ്ങളില്‍ ഉണ്ടായി. ഇപ്പോള്‍ ആ സ്വാധീനത്തില്‍ നിന്നും മുക്തനായി സ്വതന്ത്രമായി ഒരു ശൈലി രൂപപ്പെടുത്തിയെടുത്തുവെന്ന് കരുതുന്നുണ്ടോ?
കവിത എന്ന് പറയുന്‍പോള്‍ തന്നെ, വിശ്വ സാഹിത്യത്തിലെ വാല്മീകിയും, വ്യാസനും, ഹോമറും, ഷേക്ക്‌സ്പിയറും തുടങ്ങി മലയാള സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന എഴുത്തച്ഛനിലും, ചെറുശ്ശേരിയിലും തുടങ്ങി അമേരിക്കയിലിരുന്നു കവിത കുറിക്കുന്ന ഈ ഞാന്‍ വരെയുള്ള കവികളുടെ ഒരു നീണ്ട നിര തന്നെ ഒരു സ്ലൈഡ്ഷോ പോലെ എന്റെ മുന്നിലൂടെ കടന്നുപോകുന്നുണ്ട്.
ഇതിഹാസങ്ങളിലും മഹാകാവ്യങ്ങളിലും തുടങ്ങി, മുക്തകങ്ങളിലും,ഹൈക്കുകളിലും, ചിത്ര കവിതകളിലുംകൂടെ കടന്നുപോകുന്നകവിതാ രൂപങ്ങള്‍ എന്റെ മുന്നിലൂടെ കടന്നു പോകുന്നുണ്ട്.
നല്ല ഏതു സാഹിത്യ രൂപവും എന്നെ സ്വാധീനിക്കുന്നു. എല്ലാ നല്ല രചനകളുടെ എഴുത്തുകാരനും എന്നെ സ്വാധീനിക്കുന്നു. കഥയും, നോവലും, കവിതയും, ലേഖനവും, നര്‍മ്മ ഭാവനകളും തുടങ്ങിയ ഏതു സാഹിത്യരൂപവും ഇഷ്ട്ടമാണ്. എഴുതിയ ശൈലിയും ഭാഷയും നല്ലതെങ്കില്‍ ആര്എഴുതി എന്നതല്ല എങ്ങിനെ എഴുതി എന്നതാണ് പ്രധാനം.
പ്രശസ്തമായ ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ മലയാള വിഭാഗത്തിലെയും, ഇംഗ്ലീഷ് വിഭാഗത്തിലെയും പ്രഗത്ഭരായ അദ്ധ്യാപകന്മാര്‍, മലയാളഭാഷയിലും സാഹിത്യത്തിലും, ഇഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും താല്‍പ്പര്യം ഉണര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഞാന്‍ ഒരിക്കലും ആരുടെയും രീതി അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നെപ്പോലും ഞാന്‍ അനുകരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്റെ തന്നെ ഒരു കവിതപോലെ മറ്റൊരു കവിത ആകരുത് എന്ന് നിഷ്‌ക്കര്‍ഷിക്കാറുണ്ട്. എന്റെ കവിതകളെപ്പറ്റി ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍, ആദ്യത്തെ കവിതാ സമാഹാരത്തിനു അവതാരിക എഴുതിയ ഡോക്ടര്‍ അയ്യപ്പപണിക്കര്‍ സാറുംരണ്ടാമത്തെ സമാഹാരത്തിനു അവതാരിക എഴുതിയ പ്രശസ്ത കവി മധുസൂദനന്‍ നായര്‍ സാറും എടുത്തു പറഞ്ഞിട്ടുണ്ട്.
'വാക്കുകളിലും അവയുടെ ക്രമീകരണത്തിലും മാത്രമല്ല, ബിംബങ്ങളുടെ മൗലികതയിലും ജോസഫ് നന്‍പിമഠംശ്രദ്ധേയനാണ്. ഒരേ സമയം അമേരിക്കന്‍ അനുഭവങ്ങളും കേരളീയ സ്മൃതി ചിത്രങ്ങളും ആവഹിക്കുന്ന നമ്പിമഠത്തിന്റെ കവിതള്‍ ഇന്നത്തെ വായനക്കാര്‍ ആവര്‍ത്തിച്ച് വായിക്കേണ്ടതാണ്' എന്ന് ആദ്യ കവിതാസമാഹാരത്തിന്റെ അവതാരികയില്‍ മലയാള ഭാഷയിലെ ആധുനികതയുടെ തലതൊട്ടപ്പന്‍ എന്ന് അറിയപ്പെടുന്ന ഡോക്ട്ടര്‍ അയ്യപ്പപ്പണിക്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
'ശ്രീ നന്‍പിമഠത്തിന്റെകാവ്യഭാഷ, ഭാവത്തിനൊത്തു ജന്മം കൊള്ളുന്നു. ദേശാന്തരവാസിയെന്ന അപകര്‍ഷം ഭാഷക്കില്ല...മലയാണ്മയുടെ ജീവകോശങ്ങള്‍ ഭദ്രചൈതന്യമാര്‍ന്നുനില്‍ക്കുന്നു അദ്ദേഹത്തിന്റെ കവിതകളില്‍... ദേശാന്തര ജീവിതം പ്രതുല്‍പ്പന്ന മതിയായ ഒരാളിന്റെ ആധാരശക്തികളെ കഴുകി കളയുന്നില്ല' എന്ന് രണ്ടാമത്തെ കവിതാ സമാഹാരത്തിന്റെ അവതാരികയില്‍ കേരളത്തിന്റെ പ്രശസ്ത കവി പ്രൊഫസര്‍ മധുസൂദനന്‍ നായരും അഭിപ്രായപ്പെടുന്നു.
8. നിങ്ങളുടെ നിരീക്ഷണത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യം നാട്ടിലെ മുഖ്യധാര സാഹിത്യവുമായി കിടപിടിക്കുന്നോ? എന്തുകൊണ്ട് അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ മുഖ്യധാരയില്‍ വരുന്നില്ലെന്ന പരാതി ഉയരുന്നു.
അമേരിക്കയിലെ മലയാള സാഹിത്യകാരന്മാര്‍ കേരളത്തിലെ സാഹിത്യകാരന്മാരെപ്പോലെ ആകാനല്ല ശ്രമിക്കേണ്ടത്. അവരുടെ അംഗീകാരത്തിന് വേണ്ടി കാത്തുകെട്ടി കിടക്കേണ്ടതുമില്ല. കേരളത്തില്‍ ജനിക്കുകയും അവിടെ വസിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരനെപ്പോലെ ആയിത്തീരാന്‍ വര്‍ഷങ്ങളായി അമേരിക്കയില്‍ ജീവിക്കുന്ന ഒരു എഴുത്തുകാരനു സാധ്യമല്ല. അമേരിക്കന്‍ മലയാളി ജീവിക്കുന്ന ലോകവും ശ്വസിക്കുന്ന വായുവും, ഇടപെടുന്ന മനുഷ്യരും, ജീവിക്കുന്ന സംസ്‌ക്കാരവും കേരളത്തില്‍ ജീവിക്കുന്ന മലയാളിയുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അവനവന്‍ ജീവിക്കുന്ന മണ്ണില്‍ നിന്ന് വെള്ളവും വളവും സ്വീകരിച്ചാണ് വന്മരങ്ങള്‍ വളരുന്നത്. ദേശാടനക്കിളികളുടെ സാംസ്‌ക്കാരമല്ല നാടുവിട്ട പുറത്തുപോയി ജീവിക്കാത്ത കിളികളുടേത്. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ അവന്റെതായ പുതിയ വഴികള്‍കണ്ടെത്തുക, അവന്റെതായ ശൈലികള്‍ രൂപപ്പെടുത്തുക, വേറിട്ട വഴികളിലൂടെ സഞ്ചരിക്കുക- 'ഡല്‍ഹി'എഴുതിയ മുകുന്ദനെപ്പോലെ, 'ആടുജീവിതം' എഴുതിയ ബെന്യാമിനെപ്പോലെ, കൊച്ചു കാര്യങ്ങളുടെ തന്‍പുരാന്‍ (ഠവല ഏീറ ീള ടാമഹഹ ഠവശിഴ)െ എഴുതിയ അരുന്ധതിയെപ്പോലെ, മറ്റ്ഇംഗ്ലീഷ് നോവലുകള്‍ എഴുതുന്ന ഇന്‍ഡോ ആംഗ്ലിയന്‍ എഴുത്തുകാരെപ്പോലെ. ആരെയും അനുകരിക്കാനല്ല, ആരും മുന്‍പ് സഞ്ചരിക്കാത്ത വഴികളിലൂടെ സ്വന്തമായ വീഥികള്‍ തെളിച്ചെടുത്തു നടക്കാന്‍ പഠിക്കുക.
9. ഇ-മലയാളിയുടെ വായനക്കാരന്‍ എന്ന നിലക്ക് നിങ്ങള്‍ ഇ- മലയാളിയില്‍ വായിച്ച ഏറ്റവും നല്ല രചന ഏതു. ഒരു ദിവസത്തെ ആയുസ്സില്‍ അവയെല്ലാം വിസ്മരിക്കപ്പെട്ടുപോകാതെ എങ്ങനെ അവയെ അമേരിക്കന്‍ മലയാള സാഹിത്യ ഭണ്ഡാരത്തില്‍ സൂക്ഷിക്കാം.
വര്‍ഷങ്ങളായി ഈ-മലയാളി വായിക്കുന്ന ആള്‍ എന്ന നിലയില്‍ പറയട്ടെ. ധാരാളം നല്ല കൃതികളുംഅതിലേറെ ചവറുകളും അതില്‍ കണ്ടിട്ടുണ്ട്. അത് ഏതു പ്രസിദ്ധീകരണങ്ങളിലും കാണുകയും ചെയ്യും. അതില്‍ തെറ്റുമില്ല. മാതൃഭൂമി പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ പോലും ആ ദോഷത്തില്‍ നിന്ന് മുക്തമല്ല.
ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൂടുന്‍പോള്‍ ആ കാലഘട്ടത്തില്‍ എഴുതപ്പെട്ട നല്ല കൃതികളില്‍ നിന്ന് തെരഞ്ഞെടുത്ത സമാഹാരങ്ങള്‍ ഉണ്ടായാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു. അല്ലെങ്കില്‍ അങ്ങിനെ തെരഞ്ഞെടുത്ത കൃതികള്‍ ആ പേരില്‍ ഈ മലയാളിയുടെ തന്നെമൃരവശ്ല സെക്ഷനില്‍ സൂക്ഷിക്കുകയും ആവാം.
10. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കവിതകളെ എങ്ങനെ വിലയിരുത്തുന്നു. അവാര്‍ഡ് ജേതാവ് എന്ന നിലക്ക് അവര്‍ക്കായി എന്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയും.
ഞാന്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ നല്ല കവിതകള്‍ ഈ-മലയാളിയില്‍ കാണാറുണ്ട്. നല്ലതു കാണുന്‍പോള്‍ചിലപ്പോഴൊക്കെ അഭിപ്രായം കുറിക്കാറുമുണ്ട്. ചങ്ങന്‍പുഴ കടവത്തു കുറ്റിയടിച്ച്ഉറങ്ങുന്നവരും, മാറ്റൊലി കവികളും (മറ്റു കവികളെ അനുകരിച്ചു എഴുതുന്നവര്‍), കവിതയെ വൃത്തത്തിന്റെ കുറ്റിയില്‍ കെട്ടിയിട്ടു വട്ടം കറക്കുന്നവരും, മലയാള കവിതയുടെ ആധുനിക മുഖം കൂടി മനസ്സിലാക്കുകയും, മലയാള കവിതയുടെ വികാസ പരിണാമങ്ങളെപ്പറ്റി പഠിക്കുകയും, പുതിയ കവിതകള്‍ വായിച്ചിരിക്കുകയും ചെയുക. കവിത എഴുതുന്നവരേക്കാള്‍ കൂടുതല്‍ വായിക്കുന്നവരാകണം നിരൂപണം നടത്തുന്നവര്‍. ആധുനിക കവിതകളേക്കാള്‍, വൃത്തത്തില്‍ എഴുതിയ കവിതകള്‍ ഓര്‍മയില്‍ നില്‍ക്കുമെന്നത് കേവല സത്യമാണ്. വൃത്തത്തില്‍ എഴുതിയാലും, ഏതു രൂപത്തിലോ, ഏതു ശൈലിയിലോ എഴുതിയാലും, കവിതയില്‍ കവിത ഉണ്ടായിരിക്കുക എന്നതാണ് പരമപ്രധാനം.
11. നിങ്ങള്‍ എത്ര പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വിവരിക്കുക.
രണ്ടു കവിതാസമാഹാരങ്ങള്‍, ഒരു ലേഖന സമാഹാരം, ഒരു ചെറുകഥാ സമാഹാരം എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. 2004 നു ശേഷമുള്ള കൃതികള്‍ (കവിതകള്‍, സാഹിത്യ ലേഖനങ്ങള്‍) പുസ്തക രൂപത്തില്‍ ആക്കിയിട്ടില്ല. ആദ്യത്തെ മൂന്നു പുസ്തകങ്ങള്‍ കേരളത്തിലെ മള്‍ബറി പബ്ലിക്കേഷന്‍സ് 1998 ല്‍പ്രസിദ്ധീകരിച്ചു. നിസ്വനായ പക്ഷി, കൊച്ചു കാര്യങ്ങളുടെ തന്‍പുരാന്‍ എന്ന അരുന്ധതി നക്ഷത്രം, ഉഷ്ണ മേഖലയിലെ ശലഭം എന്നിവയാണ് മള്‍ബറിപ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. കേരളത്തിലെ പ്രശസ്ത കവി ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍, 'നിസ്വനായ പക്ഷി'എന്ന ആദ്യ കവിതാ സമാഹാരത്തിനു'ജോസഫ് നന്‍പിമഠത്തിനു ആശംസ' എന്ന പേരില്‍ ഒരു പഠന കുറിപ്പ് എഴുതി അനുഗ്രഹിച്ചു.
ചെറുകഥാ സമാഹാരത്തിനു അവതാരിക എഴുതിയത് കേരളത്തിലെ പ്രശസ്ത നിരൂപകന്‍ ഡോക്ടര്‍ എം. എം. ബഷീര്‍ ആണ്. കൊച്ചു കാര്യങ്ങളുടെ തന്‍പുരാന്‍ എന്ന അരുന്ധതി നക്ഷത്രം' എന്ന ലേഖനത്തെപറ്റി പ്രശസ്ത നിരൂപകന്‍ശ്രീ എം കൃഷ്ണന്‍ നായര്‍, ന്യൂ യോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം പത്രത്തില്‍ 1997ല്‍ കുറിച്ചത് ഇങ്ങിനെ 'ശ്രീ ജോസഫ് നന്‍പിമഠം ഡാളസ്, സെപ്റ്റംബര്‍ 27- നു മലയാളം പത്രത്തിലെഴുതിയ 'കൊച്ചു കാര്യങ്ങളുടെ തന്‍പുരാന്‍ എന്ന അരുന്ധതി നക്ഷത്രം' എന്ന ലേഖനം അന്തരംഗസ്പര്‍ശിയാണ്. ഞാനതു വായിച്ച് അനല്പമായ ആനന്ദത്തില്‍ വിലയം കൊണ്ടു'. തിരുവനന്തപുരത്തെ ഒരു പുസ്തക ശാലയില്‍ വെച്ചു ശ്രീ കൃഷ്ണന്‍ നായര്‍ സാറുമായി ഉള്ള ആദ്യ സമാഗമത്തില്‍ 'ഇതാണ് മിസ്സസ് റോയിയെപ്പറ്റി ലേഖനമെഴുതിയ ജോസഫ് നന്‍പിമഠം' എന്ന് പറഞ്ഞുള്ള പരിചയപ്പെടുത്തലും, പിരിയാന്‍ നേരം ഒട്ടും പ്രതീക്ഷിക്കാതെ തെരുവീഥിയില്‍ വെച്ച് തലയില്‍ കൈവെച്ചുള്ള അനുഗ്രഹവും ഏറ്റവും വലിയ അവാര്‍ഡായി ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു.
2004 ല്‍ കോഴിക്കോട്പാപ്പിയോണ്‍ 'തിരുമുറിവിലെ തീ'എന്ന രണ്ടാമത്തെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ പ്രശസ്ത കവി മധുസൂദനന്‍ നായര്‍, 'ഈ കവി ഇപ്പോഴും ഈ മുറ്റത്തു തന്നെ'എന്ന പേരില്‍ ആഴത്തിലുള്ള ഒരു പഠന കുറിപ്പ് അവതാരികയായി എഴുതി.
1998 ല്‍ മള്‍ബറിപ്രസിദ്ധീകരിച്ച ആദ്യത്തെ മൂന്നു പുസ്തകങ്ങളുടെ പ്രകാശനം, പെരുന്തേനരുവിയില്‍ നടത്തിയ കവി സമ്മേളനത്തില്‍ വെച്ച്ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍, പ്രശസ്ത കവി ശ്രീ ഡി. വിനയചന്ദ്രന്‍,തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോക്ടര്‍ ശങ്കരന്‍ രവീന്ദ്രന്‍ എന്നിവര്‍ക്ക്നല്‍കിപ്രകാശനം നടത്തി.
2004 ല്‍കോഴിക്കോട് പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച 'തിരുമുറിവിലെ തീ'എന്ന രണ്ടാമത്തെ കവിതാസമാഹാരം കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വെച്ച്കന്നഡകവി കവി മഞ്ചുനാഥ്, കവി മുല്ലനേഴിക്കു നല്‍കി പ്രകാശനം നിര്‍വഹിച്ചു. നോവലിസ്റ്റ് കെ പി രാമനുണ്ണി, നിരൂപകന്‍ ഡോക്ട്ടര്‍ എം എം ബഷീര്‍, കോഴിക്കോട് യൂണിവേഴ്സിറ്റി മലയാള വിഭാഗം തലവന്‍എം.എന്‍കാരശ്ശേരി, ചെറുകഥാകൃത്ത് പി. കെ പാറക്കടവ്മാതൃഭൂമിയുടെപ്രതേക പ്രതിനിധി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.കന്നഡ കവി മഞ്ചുനാഥ് ആയിരുന്നു മുഖ്യാഥിതി.
2004 നു ശേഷമുള്ള രചനകള്‍ പുസ്തകരൂപത്തില്‍ ആക്കിയിട്ടില്ല. കവിതകള്‍, സാഹിത്യ ലേഖനങ്ങള്‍, ഏതാനും ഇംഗ്ലീഷ് കവിതകള്‍, കുറെ ക്യാപ്സ്യൂള്‍ കവിതകള്‍ എന്നിവ ആ ശേഖരത്തിലുണ്ട്.
12. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ടോ? അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.
1975മുതല്‍കഴിഞ്ഞ 44വര്‍ഷമായി സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയില്‍ പറയട്ടെ, വായനക്കാരുടെ അഭിപ്രായങ്ങള്‍ എന്ത് വന്നാലും ശ്രദ്ധയില്‍ പെട്ടാല്‍വായിക്കാറുണ്ട്. കേരളത്തില്‍ വെച്ച് പ്രകാശനം നടത്തിയ പുസ്തകളെപ്പറ്റി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നല്ല അഭിപ്രായങ്ങളാണ് കുറിച്ചത്. എന്റെകൃതികളെപ്പറ്റി ഏറ്റവും മോശമായ പ്രതികരണങ്ങള്‍ വായിച്ചത്ഈ മലയാളിയിലും, വെബ് മലയാളിയിലുമാണ്. ഫേസ്ബുക്കിലൂടെ, ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ വളരെ നല്ല ആദരവും ബഹുമാനവുമാണ് ലഭിച്ചിട്ടുള്ളത്, പ്രത്യേകിച്ചും കേരളത്തിലെ വായനക്കാരില്‍ നിന്നും. അവതാരികകളിലൂടെയും മറ്റു കമെന്റുകളില്‍ കൂടിയും കേരളത്തിലെ പ്രശസ്ത എഴുത്തുകാര്‍ എന്റെ രചനകളെ പറ്റി നല്ലതു പറയുന്നതേ കേട്ടിട്ടുള്ളു. ഗുണ നിലവാരത്തിലും, ഭാഷയുടെയും ശൈലിയുടെയും തെരെഞ്ഞെടുപ്പിലും ഞാന്‍ നടത്തുന്ന ബോധപൂര്‍വമായ ഇടപെടലുകളേപ്പറ്റി അവര്‍ എടുത്തു പറയാറുണ്ട്.
13. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ ? ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടുവെന്നുവെന്നു നിങ്ങള്‍ വിശ്വസിക്കുന്നോ? ഇ-മലയാളിയുടെ താളുകള്‍ അതിനു നിങ്ങള്‍ക്ക് സഹായകമായോ?
ഒരു നല്ല പ്രശസ്തനായ എഴുത്തുകാരനാകണമെന്നേ എന്നും ആഗ്രഹിച്ചിട്ടുള്ളു. ആ വലിയ സ്വപ്നം, ഇന്നും സ്വപ്നം മാത്രമായി തുടരുന്നു. എന്റെ സങ്കല്‍പ്പത്തിലെ വലിയ എഴുത്തുകാരന്‍ എന്നത് നോബല്‍ പുരസ്‌ക്കാരം ലഭിച്ച വരും, പുലിറ്റ്‌സര്‍ ലഭിച്ചവരും, ബുക്കര്‍ പ്രൈസ് നേടിയവരും, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചവരും, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയവരും, അവാര്‍ഡുകള്‍ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും മനുഷ്യ മനസ്സില്‍ തങ്ങി നില്‍ക്കുന്ന, കാലത്തെ അതിജീവിക്കുന്ന,കൃതികളുടെ സൃഷ്ട്ടാക്കളുമായ എഴുത്തുകാരാണ്. ആ നിലയിലേക്ക് ഉയരാന്‍ദൈവം തുണക്കട്ടെ എന്നാണ് പ്രാര്‍ത്ഥന.
14. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ എഴുതണം. എങ്കില്‍ മാത്രമേ സാഹിത്യത്തില്‍ ഒരു സ്ഥാനം ലഭിക്കുവെന്ന ചില എഴുത്തുകാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളോട് യോജിക്കുന്നോ ?
നാട്ടിലെ പ്രസിദ്ധീകരണങ്ങള്‍ പൊതുവെ അമേരിക്കന്‍ മലയാളികളോട് അവഗണനകാണിക്കുന്നു എന്ന് പറയാന്‍ മടിക്കുന്നില്ല. അതിനു കാരണം, നാം നമ്മുടെ ശക്തി, ഞാന്‍ നേരത്തെ സൂചിപ്പിച്ച രീതിയില്‍ തെളിയിച്ചു കൊടുക്കാത്തതുകൊണ്ടാണ്. അതിന് മലയാളിഎഴുത്തുകാരെ അനുകരിക്കുകയല്ല, പുതിയ ശൈലിയിലും ഭാഷയിലും ഉള്ള വ്യത്യസ്തമായ രചനകളിലൂടെ അവരെ അതിശയിക്കുകയാണ് വേണ്ടത്.
15. ഒരു എഴുത്തുകാരന്റെ വളര്‍ച്ചക്ക് അവന്റെ കുടുംബവും സമൂഹവും കൂട്ടുനില്‍ക്കണമെന്നു പറയാറുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാരെ നിര്‍ദ്ദയം പുഛിക്കുന്ന അമേരിക്കന്‍ മലയാളി സമൂഹം എഴുത്തുകാര്‍ക്ക് ദ്രോഹം ചെയ്യുന്നുവെന്ന് ചിന്തിക്കുന്നുണ്ടോ?
പൊതുവെ പറഞ്ഞാല്‍ അമേരിക്കന്‍ മലയാളികളോ അവരുടെ കുടുംബങ്ങളോഇവിടുത്തെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് സത്യം. അതിനു പ്രധാന കാരണം, ഡോളര്‍ഉണ്ടാക്കാനും വലിയ വീടുകളില്‍ വസിക്കാനും ഉള്ള സ്വപ്നങ്ങളില്‍ ജീവിക്കുന്ന മലയാളി, ഒരു പ്രതിഫലവും കിട്ടാത്ത കാര്യത്തിന് സമയം കളയുന്ന ഇവിടത്തെ എഴുത്തുകാരെ, ഫലശൂന്യമായ പ്രവര്‍ത്തിയില്‍ വ്യാപരിക്കുന്ന 'നാറാണത്തുഭ്രാന്ത'മാരായിട്ടാണ്കാണുന്നത്. അതിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. എഴുത്തു കൊണ്ട് ജീവിക്കാന്‍ ഏത് അമേരിക്കന്‍ മലയാളി എഴുത്തുകാരനാണ് കഴിയുന്നത്?
ഒരു കാര്യം കൂടി ഇതിനോട് ചേര്‍ത്ത് വെക്കുന്നു. ഒരു യഥാര്‍ത്ഥ പ്രതിഭയെ ആര്‍ക്കും ഭാരമേറിയ കല്ല് വെച്ച് അധിക നാള്‍ മൂടി വെക്കാനാവില്ല. അത് യഥാകാലം കല്ല് തെറിപ്പിച്ചും ഉയിത്തെഴുന്നേല്‍ക്കും, അല്ലെങ്കില്‍ കല്ലിനിടയിലൂടെ മുളച്ചു പൊന്തും. അതിനു കഴിയാത്തവ ചുടുകാറ്റില്‍ വാടി വീഴും, പാറപ്പുറത്തു വീണു കിളിര്‍ത്ത ധാന്യ മണികള്‍ പോലെ.
16. അമേരിക്കന്‍ മലയാളി കവികളില്‍ അല്ലെങ്കില്‍ ഇ മലയാളിയില്‍ എഴുതുന്ന നിങ്ങള്‍ ഇഷ്ടപ്പെടുന്ന കവി. ഇത്തരം ചോദ്യങ്ങള്‍ പലരും മറുപടി പറയാതെ അവഗണിക്കുന്നത് കാണുന്നുണ്ട്. അത് നല്ല കവികളെ നിരുത്സാഹപ്പെടുത്തില്ലേ?
ഇഷ്ട്ടപ്പെടുന്ന കവികളും, ചെറുകഥാകൃത്തുക്കളും, ലേഖന കര്‍ത്താക്കളും, നോവലിസ്റ്റുകളുമുണ്ട്, അമേരിക്കയില്‍. 1996 ല്‍ അമേരിക്കയിലെ കവികളെയും കവിതകളെയും പ്രോസാഹിപ്പിക്കാന്‍ 35കവികളുടെ101 കവിതകളുടെ ഒരു സമാഹാരം 'മലയാള കവിത അമേരിക്കയില്‍' എന്ന പേരില്‍ ഡാളസിലെ കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ആയിരുന്നപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ നേതൃത്വം കൊടുത്തു.1996 ല്‍ ഡാളസ്സില്‍ നടത്തിയ ഫൊക്കാനയില്‍ വെച്ച് അതിന്റെ പ്രകാശനം നടത്തി. അന്തരിച്ച കവി ശ്രീ വിനയചന്ദ്രന്‍ ആണ് ആ പുസ്തകത്തിന് അവതാരിക എഴുതിയത്.അമേരിക്കന്‍ മലയാള കവികളെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തുന്ന ഒരു ആമുഖക്കുറിപ്പും അതില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. എഴുത്തുകാരനും ചിത്രകാരനുമായ ഡാളസ്സിലെ അന്തരിച്ച ശ്രീ മനു മാത്യു ആണ് കവര്‍ ഡിസൈന്‍ ചെയ്തതും അതിലേ ചിത്രങ്ങള്‍ രചിച്ചതും.
2008ല്‍ കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച്കേരള സാഹിത്യ അക്കാഡമി മെംബര്‍ ശ്രീ രാവുണ്ണി എഡിറ്ററും ഞാന്‍ ഗസ്റ്റ് എഡിറ്ററുമായി 'അമേരിക്കന്‍ മലയാളി കവിതകള്‍' എന്ന പേരില്‍ അമേരിക്കയിലെ കവികളുടെ കവിതകള്‍ ഉള്‍പ്പെടുത്തിഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും അതിന്റെ പ്രകാശനം സാഹിത്യ അക്കാദമിയില്‍ വെച്ച് നടത്തിയപ്പോള്‍ ചീഫ് ഗസ്റ്റായി ക്ഷണിക്കപ്പെടുകയും പങ്കെടുക്കുകയും ചെയ്തു.
നല്ല രചനകള്‍ കാണുന്‍പോള്‍ അഭിപ്രായം കുറിക്കാനും പ്രോസാഹിപ്പിക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്യാറുമുണ്ട്. ചിലപ്പോള്‍ അഭിപ്രായം പറയാന്‍ മടി കാണിക്കുന്നതിന് കാരണം 'പുറം ചൊറിയല്‍' ആയിപലപ്പോഴും അതിനെ വ്യാഖ്യാനിക്കപ്പെടുന്നതിനാലാണ്.
അഭിമുഖത്തിനുവേണ്ടി, ചോദിച്ച ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ആരെയും തേജോവധം ചെയ്യാനോ, ആര്‍ക്കും നേരെ വിരല്‍ ചൂണ്ടാനോ അല്ല ഇതിലെ കുറിപ്പുകള്‍ എന്നത് മനസ്സിലാക്കി, ഏതെങ്കിലും ഭാഗങ്ങള്‍,ആര്‍ക്കെങ്കിലും ഇഷ്ടപ്പെടാതെ ഉണ്ടെങ്കില്‍, ഉദ്ദേശ ശുദ്ധിയാല്‍ മാപ്പു നല്‍കുക. അമേരിക്കയില്‍ നല്ല രചനകള്‍ ഉണ്ടാകട്ടെ, നല്ല എഴുത്തുകാര്‍ ഉണ്ടാകട്ടെ. അതിനുള്ള ശ്രമം നടത്തിയിട്ടുള്ള, ശ്രമങ്ങള്‍ തുടരുന്ന ആള്‍ എന്ന നിലയില്‍ മനസ്സില്‍ ഉള്ളത് തുറന്നു പറയുന്നു എന്നല്ലാതെ, ഒരു വലിയ എഴുത്തുകാരന്‍ ആണെന്നുള്ള തോന്നല്‍ പോലും ഇന്നേ വരെ ഉണ്ടായിട്ടില്ല എന്ന് കൂടി കൂട്ടി ചേര്‍ക്കട്ടെ.
എല്ലാവര്‍ക്കും നന്ദി, പ്രത്യേകിച്ചും ഇമലയാളിയുടെ പ്രധാന പത്രാധിപര്‍ ശ്രീ ജോര്‍ജ്ജോസഫിനും മറ്റു പ്രവര്‍ത്തകര്‍ക്കും അവാഡ് നിര്‍ണായ കമ്മിറ്റി അംഗങ്ങള്‍ക്കും നന്ദി, നമസ്‌ക്കാരം.