പുരാതന ഗ്രീസിലെ റോഡ്സ് തുറമുഖത്ത്,
ഇരു കരകളിലും കാലുകളുറപ്പിച്ച്,
ആധിപത്യ ഭാവത്തോടെ, അഹങ്കാരത്തോടെ
നില്‍ക്കുന്ന, ഗ്രീക്ക് പുരാണത്തിലെ കൊളോസസിന്റെ
അതികായ പ്രതിമപോലെയല്ല
ഇവിടെ,
കടല്‍ത്തിരകള്‍ കഴുകുന്ന ഞങ്ങളുടെ അസ്തമന കവാടത്തില്‍
കരുത്തിന്റെ പ്രതിരൂപമായി ഒരു സ്ത്രീരൂപം
കൈയില്‍ ഒരു തീപ്പന്തവുമായി നില്‍ക്കും.
ആ പന്തത്തിന്റെ ജ്വാല,
തടവിലാക്കപ്പെട്ട ഇടിമിന്നല്‍പ്പിണരാണ്
അവളുടെ നാമം, 'നാടുകത്തപ്പെട്ടവരുടെ അമ്മ' എന്നാണ്.
അവളുടെ കയ്യില്‍ ജ്വലിക്കുന്നത്
ലോകം മുഴുവനെയും സ്വാഗതം ചെയുന്ന ദീപസ്തംഭമാണ്.
അവളുടെ മൃദുവായ കണ്ണുകള്‍,
പാലമില്ലാത്ത ഇരട്ട നഗര തുറമുഖത്തിനുമേല്‍
ആധിപത്യമുറപ്പിക്കുന്നു.
അടഞ്ഞ അധരങ്ങളുമായി അവള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു
പുരാതന നാഗരികതകളെ, നിങ്ങളുടെ കൊഴുത്ത മക്കളെ
നിങ്ങള്‍ തന്നെ സൂക്ഷിക്കുക.
പകരം, നിങ്ങള്‍ തള്ളിക്കളയുന്ന തളര്‍ന്ന പാവങ്ങളെ,
ചൂടിനുവേണ്ടി പരസ്പരം ഒട്ടിനില്‍ക്കുന്ന നിരാശ്രയക്കൂട്ടത്തെ,
സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാന്‍ കൊതിക്കുന്ന
ഭവനമില്ലാത്ത മക്കളെ, ചുടുകാറ്റടിച്ചു വാടിയവരെ
എനിക്ക് നല്‍കുക.
കയ്യിലേന്തിയ പ്രകാശ നാളവുമായി
സുവര്‍ണ കവാടത്തില്‍ ഞാനിതാ നില്‍ക്കുന്നു.
(ജൂത വംശജയായ അമേരിക്കന്‍ കവയത്രി എമ്മ ലാസറസ് 1883 ല്‍ The New Colossus എന്ന പേരില്‍ എഴുതിയ ഗീതകത്തിന്റെ പരിഭാഷയാണ് ഈ കവിത. ഈ കവിതയിലെ വരികളാണ് എല്ലിസ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന സ്വാതന്ത്ര്യ പ്രതിമയുടെ പീഠത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്.അമേരിക്ക, ഇരുനൂറ്റിനാല്പത്തിമൂന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്‌പോള്‍ ഈ കവിത എഴുതിയ കാവയത്രിക്ക് ഒരു അനുസ്മരണം.)