Image

കിഴവനും കടലും എന്‍റെ പ്രിയ പുസ്തകം (ബിന്ദു ടിജി)

Published on 17 July, 2019
കിഴവനും കടലും  എന്‍റെ പ്രിയ  പുസ്തകം (ബിന്ദു ടിജി)

വായന വാരം പംക്തിയിലേക്ക്

 എന്റെ  ജീവിതത്തെ  ഏറെ  സ്വാധീനിച്ച  ഒരു  നോവലാണ്  കിഴവനും കടലും –സാഹിത്യത്തില്‍  അനവധി  നോവലുകള്‍  വായിച്ച  പരിചയം  എനിക്ക്  അവകാശപ്പെടാനില്ല . എന്നാലും  വായിച്ച   അപൂര്‍വ്വം  ചിലത്  ജീവിതത്തോട്  ഒട്ടിനില്‍ക്കും . അതില്‍  പ്രധാനിയാണ്  ഈ  നോവല്‍ . ഇവിടെയുള്ള  മറ്റു  വായനക്കാരെ  അപേക്ഷിച്ച്  സാഹിത്യത്തില്‍ ഞാന്‍ അഞ്ചു വയസ്സുള്ള ഒരു കുട്ടി മാത്രം ആ തിരിച്ചറിവിനെ മനസ്സില്‍ ധ്യാനിക്കുവാനുള്ള വിനയം സ്വന്തമായുണ്ട് .  കവി  അയ്യപ്പന്‍റെ  ഇടിവെട്ടേറ്റ  മയില്‍  എന്ന  കവിതയിലെ  രസകരമായ  വരികള്‍  പോലെ  "അഞ്ചു വയസ്സുള്ള ഒരു കുട്ടി പറയുന്നു ഇതുപോലൊരു മഴക്കാലം ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല " അതെ  ഞാനും  കുറച്ചു  മഴകളേ  കണ്ടിട്ടുള്ളൂ . ആ  മഴകളില്‍  എന്നെ  നനച്ചു  കുതിര്‍ത്ത  മഴ  എന്ന  സ്ഥാനം  ഈ  പുസ്തകത്തിനുണ്ട് .കാലങ്ങളായി  കിഴവന്‍, കടല്‍, മെര്‍ലിന്‍, കുട്ടി  ഇവരെല്ലാം മാറി മാറി വന്ന് പലപ്പോഴായി രാത്രികളില്‍ എന്റെ ഉറക്കം കെടുത്തുന്നതുകൊണ്ട്  എന്റെ കാഴ്ച്ചയില്‍ തെളിയുന്ന തെല്ലാം തുറന്നുകാട്ടാനുള്ള ഒരാഗ്രഹം മാത്രമാണ് ഈ കുറിപ്പ് .

പൂമ്പാറ്റ അമര്‍ ചിത്ര കഥ ലോക ക്ലാസ്സിക്ക് കളുടെ ഒരു പരമ്പര തന്നെ ഇറക്കിയിരുന്നു . അങ്ങനെയാണ്  കുട്ടിക്കാലത്ത് കിഴവനെയും  കടലിനെയും  പരിചയപ്പെടുന്നത്  മഹാ മിടുക്കനായ  എന്റെ  സഹോദരനും പണ്ഡിതനായ അച്ഛനും ചേര്‍ന്നിരുന്ന് ഹെമിങ്‌വേ യെ ചര്‍ച്ച ചെയ്യുമ്പോള്‍   വലിയ മീനു മായി യുദ്ധത്തിലായ ഒരു  പ്രായം ചെന്ന മനുഷ്യനെ മാത്രമേ ഞാനതില്‍ കണ്ടിരുന്നുള്ളൂ . പൊതുവെ രണ്ട് മക്കളില്‍ രണ്ടാംകിട യായി വളപ്പൊട്ടും  കല്ലുകളി യുമായി നടക്കുന്ന ബുദ്ധി ജീവി യല്ലാത്തവള്‍ എന്ന ചീത്തപ്പേര് സ്വന്തമായുള്ളതുകൊണ്ട് അവരെ ചോദ്യം ചെയ്യാന്‍ ഞാന്‍ ധൈര്യം കാട്ടിയില്ല .  കൊച്ചു കൊച്ചു കാര്യങ്ങ ളെ   ചേര്‍ത്തുനിര്‍ത്താന്‍  ബുദ്ധിയേക്കാള്‍ സ്‌നേഹമുള്ളവര്‍ക്കേ കഴിയൂ എന്ന്     അവരെ മനസ്സിലാക്കാന്‍ അന്നെനിക്കാവില്ലായിരുന്നു. കുട്ടികള്‍ നിരൂപണമെഴുതുക എന്ന കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒരുക്കിയ പരിപാടിയില്‍ തുടര്‍ച്ചയായി ഒന്നാമനാവുന്ന എന്റെ സഹോദരനോട് ആരാധന യും സ്‌നേഹവും കൂടി കൂടി വന്നിരുന്ന കാലം . എടാ ... എന്താടാ ... ഈ കിഴവന് ഇത്ര പ്രത്യേകത ... ഈ മീനല്ലാതെ കടലില്‍ വേറെ എത്ര സ്രാവുണ്ട് .. അയാള്‍ക്ക് അതിനെ പിടിച്ചൂടേ .. എന്നൊക്കെ ചോദിയ്ക്കാന്‍ തോന്നിയെങ്കിലും എന്റെ പരിമിതമായ  അറിവില്‍  തെളിഞ്ഞു  കാണാത്ത എന്തോ  അതില്‍  ഒളിച്ചിരിക്കുന്നു  എന്ന്  മനസ്സിലാക്കി   ചോദ്യങ്ങളെല്ലാം സംശയത്തോടെ വിഴുങ്ങി . ധ്വനി സിനിമ കണ്ട് വീട്ടിലെത്തിയ  ഞാന്‍ ആ സൗന്ദര്യലഹരിയില്‍ ബോധം കെട്ടിരു ന്നു. അപ്പോള്‍ എന്റെ കുഞ്ഞനുജന്‍ പതുക്കെ വരുന്നു സിനിമ ചര്‍ച്ചക്ക്  (അന്നും ഇന്നും  വായിച്ച കഥ, കഴിച്ച ഭക്ഷണത്തിന്റെ രുചി , കേട്ട പാട്ട് , കണ്ട സിനിമ ഇതൊക്കെ ഞങ്ങള്‍ പങ്കു വെക്കും )“എന്തൊരു സിനിമയാണല്ലേ . നാ യിക ഊമ യാകുമ്പോള്‍ അപ്പുറത്ത് അവളെ പ്രേമിക്കാന്‍ സാഹിത്യകാരനെ കൊണ്ടുവന്നത് സ്ക്രിപ്റ്റ് ന്റെ മിടുക്ക് തന്നെ . അങ്ങനെ ഒരാള്‍ക്കേ അവളെ മനസ്സിലാക്കാന്‍ കഴിയൂ “ എന്ന് പറഞ്ഞ അവനെ ഞാന്‍ ഒരൊറ്റ നോട്ടം നോക്കി അമ്പടാ .. എന്ന് പറഞ്ഞിട്ടുണ്ട് . അതുകൊണ്ട് അവനു കിഴവന്‍ മറ്റെന്തോ പറഞ്ഞു കൊടുത്തുകാണും . പ്രേമം എനിക്ക് മനസ്സിലാവുന്ന പോലെ ബുദ്ധിപരമായ കാര്യങ്ങള്‍ അവനും . മിണ്ടാതിരിക്കുക എന്ന ഔന്നത്യമാണ് ബുദ്ധി എന്ന് മാത്രം കരുതി .   അന്ന്  ഒരു  കിഴവന്‍  വലിയ  ഒരു  മല്‍സ്യവുമായി  നടത്തുന്ന  യുദ്ധം  എന്നതില്‍  കവിഞ്ഞൊന്നും വായിച്ചെടുക്കാനെനിക്കായില്ല .

പിന്നീട് ജീവിതമാകുന്ന കടലിനോട് മല്ലടിക്കേണ്ടി വന്ന കാലത്ത് ജീവിത സൂത്രവാക്യങ്ങള്‍ പറഞ്ഞു തരുന്ന പുസ്തകങ്ങള്‍ തേടിയിറങ്ങി . അപ്പോഴാണ്  കിഴവന്റെ മുഖം കണ്ണീര്‍ നിറഞ്ഞ എന്റെ മിഴികളില്‍ മങ്ങി യുണരുന്നത് . ജീവിതത്തോട്  മല്ലടിക്കാതെ   തരമില്ല  എന്ന  അവസ്ഥയില്‍  അറ്റമില്ലാത്ത  ഇച്ഛാശക്തി  യായി  കിഴവന്റെ  മുഖം  എന്റെ  മുന്നില്‍  പ്രത്യക്ഷപ്പെട്ടു  .  ആഴക്കടലില്‍  മുങ്ങി ത്താ ഴുമ്പോള്‍  തന്നോട്  തന്നെ  സംസാരിച്ച്  ഊര്‍ജ്ജം  സംഭരിക്കുന്ന ആ  കിഴവന്‍  ഓര്‍മ്മയില്‍  വന്നപ്പോള്‍   "ബിന്ദൂ ,   നീ തളരരുത് പോയി ആ നോവല്‍ ഒന്നുകൂടെ വായിക്കൂ " കിഴവന്‍ ഒറ്റയ്ക്കിരുന്നു സംസാരിച്ച അതേ ശ്രുതിയില്‍ ഞാന്‍ എന്നോട്  സംസാരിച്ചു ആ വായനയില്‍ ഞാന്‍ കിഴവനായി മാറി .എനിക്ക് മെര്‍ലിന്‍ വേണം എന്നൊരു വാശി മാത്രമായി . ചൂണ്ടനൂലുകള്‍ എന്റെ ഇളം കൈവെള്ളയെ മുറിവേല്‍പ്പിക്കുന്നത് എനിക്കൊരു പ്രശ്‌നമല്ലായിരുന്നു. ഇരുന്നൂറടി ആഴത്തിലേക്ക് ഇരുണ്ട ജലത്തിലേക്ക് എന്റെ ദൂരകാഴ്ച്ച വളരെ കൃത്യമായിരുന്നു . അതികഠിനമായി എണ്‍പത്തിനാല് ദിവസം അധ്വാനിച്ചപ്പോള്‍ മെര്‍ലിനും ഞാനും കരയിലെത്തി . അതിനിടെ എത്ര വിശന്നു ... എത്ര ദാഹിച്ചു .. ഉപ്പുവെള്ളം  മോന്തി . എന്നാലെന്താ കരയിലെത്തി ഞാന്‍ അവനെ പിടിച്ചു . ജീവിതത്തില്‍ ഇച്ഛാ ശക്തിയില്‍ കിഴവനോട്  കിടപിടിക്കാന്‍  ഞാനും  പഠിച്ചു.

ഏറെ  വൈകിയാണല്ലോ  ഈ  ഗ്രന്ഥത്തിന്റെ പൊരുള്‍   അഴിച്ചെടുക്കാന്‍  എനിക്ക്  സാധിച്ചത്  എന്നൊരു  വിഷാദം  വന്നപ്പോഴാണ്  കിഴവന്റെ  വീട്ടിലെ  നിത്യ  സന്ദര്‍ശകനായ  കുട്ടിയെ  സ്‌നേഹിച്ചു   തുടങ്ങിയത് . പിന്നീടുള്ള  യാത്ര  കുട്ടിയ്‌ക്കൊപ്പം.മീന്‍ പിടുത്തം പരിശീലിക്കാന്‍  നിത്യം ഒരു കിഴവന്റെ വീട്ടിലെ ത്തുന്ന കുട്ടി . ഭൂമിയിലെ ഏറ്റവും നിഷ്ക്കളങ്കമായ സ്‌നേഹം കൊണ്ട് കിഴവനെ പൊതിയുന്ന കുഞ്ഞു മനസ്സ്. വീട്ടുകാരുടെ , സഹ മീന്‍പിടുത്തക്കാരുടെ നിരന്തര പരിഹാസത്തെ വകവെക്കാതെ" എന്നെ ആദ്യമായി ചൂണ്ടയിടാന്‍ പഠിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു " എന്ന ഒറ്റ വാചകത്തില്‍ ലോകത്തെ കാല്‍ച്ചുവട്ടില്‍ താഴ്ത്തിയ കൊച്ചു കുഞ്ഞ് .സ്‌നേഹത്തില്‍  ഞാനും  ആ  കുഞ്ഞാണല്ലോ  എന്നൊരു  തെളിച്ചം  വന്നതോടെ  കാര്യങ്ങള്‍കുറച്ചു  കൂടി ഭംഗിയുള്ളതായി " നിങ്ങളെന്നെ ആദ്യം വഞ്ചിയില്‍ കൊണ്ടുപോകുമ്പോള്‍ എനിക്കെത്ര പ്രായമായിരുന്നു"
 ”അഞ്ച് . അന്ന് വീര്യമേറിയ മത്സ്യങ്ങളെ ഞാന്‍ വഞ്ചിയിലേക്കെറിഞ്ഞപ്പോള്‍ അവ നിന്നെ കൊന്നു കളയുമായിരുന്നു,
നിനക്കോര്‍മ്മയുണ്ടോ "

 " അന്ന് എന്നെ രക്ഷിക്കാന്‍ നിങ്ങള്‍ എന്നെ അണിയത്തേക്കു എറിഞ്ഞതും വലിയ മത്സ്യങ്ങളെ തലക്കടിച്ചു കൊന്നതും എന്നല്ല നമ്മള്‍ ഇരുവരും കടലില്‍ പോയത് മുതല്‍ എല്ലാം എനിക്കോര്‍മ്മയുണ്ട് "എന്ന് പറഞ്ഞ് കിഴവനെ പുണര്‍ന്നു കിടക്കുന്ന ഒരു കുഞ്ഞായി മാറി ഞാന്‍ . നീ എന്റെ മകനായിരുന്നെങ്കില്‍ നിന്നെ ഞാന്‍ ചൂത് കളിയ്ക്കാന്‍ കൊണ്ടുപോയേനെ പക്ഷെ നീ നിന്റെ അച്ഛന്റെയും അമ്മയുടെയും ആയി പോയി". ഇങ്ങനെ പറയാന്‍ മാത്രം അത്രയ്ക്കും സരള മനസ്കനായിരുന്നു കിഴവന്‍ .

താനിരിക്കുന്ന ഭാഗ്യമുള്ള വഞ്ചിയെ ഭൗതിക സമ്പത്തായി ആഘോഷിക്കുമ്പോഴും അസാധാരണ കിഴവന്റെ കുടിലിലേക്ക് ദിവസവും ചെല്ലുന്ന തു തന്നെ യായിരുന്നു കുട്ടിയുടെ പരമമായ സംതൃപ്തി . കിഴവന്റെ വിണ്ടു കീറിയ കൈകള്‍ കണ്ട് കരച്ചിലൊതുക്കാന്‍ പാടുപെട്ട് സിംഹങ്ങളെ സ്വപ്നം കണ്ടുറങ്ങുന്ന കിഴവന്റെ അരികില്‍ ഇനിയും കിഴവനില്‍ നിന്ന് പഠിക്കാനുള്ള പാഠങ്ങള്‍ സ്വപ്നം കാണുന്ന കുട്ടി. അവന്‍ എന്നെ തോല്‍പ്പിച്ചു എന്ന് കിഴവന്‍ പറയുമ്പോഴും . ഇല്ല അവന്‍ തോല്‍പ്പിച്ചില്ല എന്ന് വിശ്വസിക്കാന്‍ വെമ്പുന്ന കുഞ്ഞ് .

രണ്ട് സരള മനസ്കരുടെ ഇടയില്‍ എത്ര വലിയ പാതയാണ് നീണ്ടു പരന്നുകിടക്കുക . നടന്നു പോകാന്‍ വഴിയില്ലാതെ വിഷമിക്കേണ്ട ദാരിദ്ര്യം അവര്‍ക്കു തമ്മിലില്ല. ഇരുവരും പരസ്പരം മാര്‍ഗ്ഗം തുറന്നു കൊടുക്കുന്നു .' നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു'  എന്നൊരു തീരുമാനത്തിന്റെ പാറ പോലുള്ള ഉറപ്പില്‍ . ഇവിടെ ആരാണ് സ്‌നേഹ രാജാവ് . കിഴവനോ കുട്ടിയോ . അതോ സ്‌നേഹിക്കുവാന്‍  അവര്‍ പരസ്പരം മത്സരിക്കുന്നുവോ . ഒരുവന്റെ  പരാജയത്തില്‍  അവനോടൊപ്പം  കരയുവാനും  അവന്റെ വിജയം  ഉപാധികളില്ലാതെ  സ്വപ്‌നം കാണാനും  സാധിക്കുകയെന്നത്  നിഷ്കളങ്കതയുടെ  പാരമ്യമായി   ഞാന്‍  കാണുന്നു  . നൈമിഷിക  ഭാഗ്യങ്ങളും  ജനസമ്മതിയും  കാംക്ഷിച്ചു  ഉറ്റ  ബന്ധങ്ങളെ  കെട്ടുപൊട്ടിച്ചെറിയുന്ന  ലോകത്തില്‍  ഒരപൂര്‍വ്വ  സൗഹൃദം  കുട്ടിയും  കിഴവനും. അവിടെ കിഴവന്റെ അസാധാരണമായ കഴിവുകളോ കുട്ടിയുടെ പരിമിതമായ ലോക പരിചയമോ അവര്‍ക്കു തമ്മില്‍ ഒരു മതില്‍ സൃഷ്ടിക്കുന്നില്ല . ഒറ്റയ്ക്ക് സാഹസികമായി വലിയ മല്‍സ്യത്തോട് പൊരുതുമ്പോഴും കടലിനു മദ്ധ്യേ പല പ്രാവശ്യം കിഴവന്‍ സ്വയം പറയുന്നു " കുട്ടി എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ " കുട്ടിയോ ഓരോ നിമിഷവും കിഴവന്റെ വരവ് പ്രതീക്ഷിച്ചു കുടിലില്‍ എത്തുന്നു . ആ കണ്ടെത്തലില്‍ ഒരു കുട്ടിയായി കുറെ കാലം കടലില്‍ ഞാന്‍ സഞ്ചരിച്ചു. ഇപ്പോഴും സഞ്ചരിക്കുന്നു
 
ജീവിത യാത്രയില്‍ ആ കുട്ടിക്ക് എപ്പോഴോ ഒരു സംശയം   എന്റെ സ്വന്തം കിഴവനെ മെര്‍ലിന്‍ എന്ന മല്‍സ്യം കീഴടക്കിയോ. അതുമായി പൊരുത്തപ്പെടാനാവുന്നില്ല . സ്‌നേഹം  പലപ്പോഴും  അങ്ങനെയാണല്ലോ. അത്തരം  ഒരു   ദുഃഖം വന്നു മൂടിയപ്പോള്‍ വീണ്ടും കിഴവനെ പോലെ  ഞാന്‍  എന്നോട്  സംസാരിച്ചു  . “ബിന്ദു നീ ഒരിക്കല്‍ കൂടി വായിക്കൂ”  ഈ  വായനയില്‍ തോല്‍ക്കാന്‍ മനസ്സില്ലാത്ത രണ്ടു തുല്ല്യ ശക്തികളുടെ പോരാട്ടത്തില്‍ മാത്രം കണ്ണുടക്കി . പതുക്കെ പതുക്കെ ഞാന്‍ മെര്‍ലിനുമായി  സഖ്യത്തിലായി . ചതിയുടെ ഒരു ചൂണ്ടകുരുക്കില്‍ പെട്ടുപോയി എന്നൊരു കാരണത്താല്‍ മാത്രം കീഴടങ്ങലിന്റെ നാണക്കേട് ഏറ്റുവാങ്ങുക കടലില്‍ പൊരുതി ജീവിച്ച മെര്‍ലിന് താങ്ങാവുന്നതിലപ്പുറം . കിഴവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ച ഏതെല്ലാം ദൈവങ്ങളെ മെര്‍ലിനും അവന്റെ ഭാഷയില്‍  വിളിച്ചിരിക്കാം . അല്ല കിഴവന്‍ തന്നെയും മെര്‍ലിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ സത്യത്തില്‍ കിഴവന്റെ പ്രതിബിംബമാകുന്ന മെര്‍ലിന്‍ . അസാധാരണമായ ഒരു കിഴവനാണ് താനെന്നു  തെളിയിക്കാന്‍ പാട് പെടുമ്പോള്‍ അസാധാരണനാ യ  ഒരു മല്‍സ്യം ആണ് താനെന്നു തെളിയിക്കാന്‍ മെര്‍ലിനും.  അസാധാരണമായതെന്തിങ്കിലും ചെയ്യാന്‍ കാലങ്ങള്‍ കാത്തു കിടന്നിട്ടുണ്ടാകാം രണ്ടും . ഒടുവില്‍   ജീവിതം വളരെ അസാധാരണമാണെന്ന കണ്ടെത്തലിന്റെ തീരത്തേക്ക് ഇരുവരും ചേര്‍ന്നടിഞ്ഞു .  കിഴവനായും മെര്‍ലിനായും എന്നെ വേഷംകെട്ടിക്കുന്ന അസാധാരണ ജീവിതം . മനുഷ്യനെ തോല്‍പ്പിക്കാനാവില്ല കൊല്ലാനേ കഴിയു എന്ന സിദ്ധാന്ത ത്തിലേക്ക് കിഴവന്‍ നടന്നു നീങ്ങുമ്പോള്‍ ഇരയായ മല്‍സ്യം മരണത്തിനു പോലും തന്നെ തോല്‍പ്പിക്കാനാവില്ല എന്ന അതിനേക്കാള്‍ ശക്തമായ തത്വം കൊണ്ട് ജയിക്കാന്‍ ശ്രമിക്കുന്നു . പുസ്തകത്തിലുടനീളം ബൈബിള്‍ മണക്കുന്നു . എവിടെ എങ്ങിനെ എന്ന് കണ്ടെത്താന്‍ ശ്രമിക്കുമ്പോഴൊക്കെയും ക്രിസ്തു കിഴവനില്‍ നിന്ന് കുട്ടിയിലേക്കും പിന്നെ മല്‍സ്യത്തിലേക്കും വഴുതി മാറുന്നു . ആഴമുള്ള ഇരുണ്ട സമുദ്രജലത്തില്‍ ഉപ്പില്‍ മുങ്ങി മൂന്നുപേരും . എന്റെ കടല്‍ യാത്രയില്‍ മാര്‍ഗ്ഗ ദര്‍ശനം തേടി അവര്‍ക്കു പിന്നാലെ ഞാന്‍ ... പിടി തരാതെ ആഴങ്ങളിലേക്ക് അവര്‍ .  യാത്ര അങ്ങനെ നീളുന്നു .

തുടക്കത്തില്‍ എഴുതിയ എന്നെ സ്വാധീനിച്ച എന്നതിന് പകരം എന്റെ ജീവിതവുമായി ഇഴചേര്‍ന്നു കിടക്കുന്ന  എന്ന് ഒരു വാചകമാറ്റം ഇവിടെ ഞാന്‍ നടത്ത ട്ടെ . അങ്ങനെ എനിക്ക് ജീവിത സമരത്തിന് വേണ്ട സൂത്രവാക്യങ്ങള്‍ പറഞ്ഞു തരുന്ന  ഈ പുസ്തകത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തട്ടെ  . വായിക്കുമ്പോള്‍  ഓരോ വാചകങ്ങളില്‍ എന്നല്ല  വാക്കുകളില്‍ പോലും ഒളിഞ്ഞിരിക്കുന്ന ദാര്‍ശനിക കവിതകളെ പൊളിച്ചെടുക്കുക എന്ന സാഹസത്തിനു കൂടി ഞാന്‍ മുതിര്‍ന്നു . അങ്ങനെ അടിവരയിട്ടു തുടങ്ങിയപ്പോള്‍ പുസ്തകം മുഴുവന്‍ അടിവരയിടേണ്ട ഭാഗ്യത്തിലേക്കും. എന്റെ  പരിമിതമായ  ഭാഷയില്‍  പറഞ്ഞൊപ്പിക്കാനാവാത്ത  ഘനീഭവിക്കുന്ന  മൗനത്തിലേക്കു  ആ  പുസ്തകം ഇന്നും  എന്നെ  കൊണ്ടുപോകുന്നു. ഇരുന്നൂറടി ആഴമുള്ള ഇരുണ്ടജലത്തിലേക്ക് തന്നെ !

Join WhatsApp News
Sudhir Panikkaveetil 2019-07-18 08:47:18
വായനാവാരത്തിലേക്ക് ഒരു നല്ല പുസ്തകം 
തിരഞ്ഞെടുത്ത ശ്രീമതി ബിന്ദു ടിജിക്ക്  അഭിനന്ദനം.
മനുഷ്യജീവിതം നിരന്തരം ക്ലേശങ്ങളാൽ നിറഞ്ഞതാണെന്നു
ഈ കഥ ഓർമിപ്പിക്കുന്നു. പാപങ്ങൾ ചെയ്യാതിരിക്കുന്നത്കൊണ്ട് 
അത് സുഖകരമാകണമെന്നില്ല. വയസ്സനായ 
മുക്കുവൻ അയാൾ പിടിച്ച് മീനിന്റെ വലുപ്പം അയാളുടെ 
വഞ്ചിയിൽ കൊള്ളാത്തതുകൊണ്ട്  അതിനെ 
വെള്ളത്തിലൂടെ വലിച്ചിഴച്ചു കരയിലേക്ക് വരുന്നു.
താങ്ങാനാവാത്ത ഭാരവും പേറി ജീവിക്കുന്ന 
മനുഷ്യന്റെ ഒരു നേർചിത്രം നമ്മൾ കാണുന്നു 
പക്ഷെ അയാൾ പതറുന്നില്ല. കരക്കടുത്തപ്പോൾ 
വെറും എല്ലിന്കൂട് മാത്രമായ തന്റെ സമ്പാദ്യം 
നോക്കി അയാൾ നിരാശപ്പെടുന്നില്ല. അയാൾ 
പറയുന്നു. Man is not made for defeat... A man can be destroyed but not defeated"
ഇനിയും നല്ല പുസ്തകങ്ങൾ വായിച്ച് അതേക്കുറിച്ച് 
എഴുതുക ശ്രീമതി ബിന്ദു ടിജി. 

ജോസഫ് നമ്പിമഠം 2019-07-19 10:57:44
'കിഴവനും കടലും' (The Old Man and the Sea) എന്ന ഹെമിങ്‌ വേയുടെ നോവൽ എനിക്കും പ്രിയങ്കരമാണ്. ജീവിതത്തിൽ മഹത്തായതു എന്തെങ്കിലും നേടണം എന്ന് ആഗ്രഹിക്കുക, ആ ആഗ്രഹം നിറവേറ്റാൻ ആയുഷ്ക്കാലം മുഴുവൻ എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാവുക, ഒടുവിൽ പരാജിതനായി ജീവിതം അവസാനിക്കും എന്ന നിലയിലേക്ക് കൂപ്പുകുത്താൻ തുടങ്ങുന്പോൾ വിജയത്തിലേക്ക് എത്തിച്ചേരുന്നു. എന്നാൽ ആ ജീവിതം ലഭിക്കുന്നതാകട്ടെ വളരെ പ്രായം ചെന്നതിനു ശേഷവും. അവസാനം എല്ലാം
നേടിക്കഴിയുന്പോൾ മിച്ചം വന്നതോ, കീഴടക്കിയ വലിയ മീനിന്റെ അസ്ഥിക്കൂടം മാത്രവും!
 
മനുഷ്യന്റെ പ്രവർത്തികളും, അതിന്റെ അർത്ഥശൂന്യതയും, നാറാണത്ത് ഭ്രാന്തൻ തന്റെ പ്രവൃത്തിയിലൂടെ കാട്ടി തരുന്നതുപോലെ ഒരു ദാർശനിക തലം കൂടി ഈ നോവലിൽ കാണാം. കടലിൽ, ഭീമൻ മാർലെൻ മൽസ്യവുമായി മല്ലിട്ടു ദിവസങ്ങൾ നീക്കി അത്യധികം ക്ഷീണിതനായി തിരികെയെത്തി ബോട്ട് കരയിൽ അടുപ്പിച്ചു നിർത്തിയ ശേഷം, പായ്മരവും പായയും തെറുത്തു കെട്ടി തോളത്തു വെച്ച് കുന്നു കയറി തന്റെ കുടിലിലേക്ക് പോകാൻ തുടങ്ങിയ വൃദ്ധൻ ഒരു നിമിഷം  ഒന്ന് പിന്തിരിഞ്ഞു നോക്കുന്നുണ്ട്. തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ ആ വലിയ മത്സ്യത്തിന്റെ ഉയന്നു നിൽക്കുന്ന വാലിനും, കറുത്ത തലക്കും ഇടയിൽ കാണുന്നത് ശൂന്യമായ ശരീരഭാഗം മാത്രം! അൽപ്പ നേരം അത് നോക്കി നിന്ന ശേഷം വീണ്ടും, പായും പായ്മരവും തോളിൽ എടുത്തു വീണ്ടും കുന്നു കയറാൻ തുടങ്ങുമ്പോൾ അത്യധികമായ ക്ഷീണത്താൽ തളർന്നു വീഴുന്നു. എഴുന്നേൽക്കാൻ ശ്രമിക്കുന്നു, സാധിക്കുന്നില്ല. ഭാരമേറിയ കുരിശും വഹിച്ചു കാൽവരി കയറുന്ന ക്രിസ്തുവിനെ അനുസ്മരിപ്പിക്കും വിധം! സാന്റിയാഗോ വീണു പോകുന്നത് അഞ്ചു തവണയാണ്.   കുടിലിലെത്തിയ കിഴവൻ സാന്റിയാഗോ പത്രക്കടലാസ്സിനു മുകളി കമിഴ്ന്നു വീണ് ഉറങ്ങാൻ കിടക്കുന്നു, ശൂന്യമായ കൈവെള്ളകൾ മേലേക്കുയർത്തി!  ജീവിതത്തിൽ ഒന്നും നേടിയില്ല എന്നോ, മരിക്കുന്പോൾ ഒന്നും കൊണ്ടുപോകുന്നില്ല എന്നോ ആകാം ഈ കിടപ്പിന്റെ അർഥം. എത്രയോ വലിയ ഒരു  മൽസ്യത്തെയാണ് അയാൾ പിടിച്ചത്, എന്നാൽ അവസാനം കൈയിൽ കിട്ടിയതോ വെറുമൊരസ്ഥികൂടം.
 
നോവൽ അവസാനിക്കുന്പോൾ സാന്റിയാഗോ എന്ന കിഴവൻ വീണ്ടും ഉറങ്ങുകയാണ്... പരാജയങ്ങളിൽ പതറാതെ... ശേഷിച്ച ജീവിതവും കുട്ടിയുമായി വീണ്ടും മത്സ്യങ്ങളെ പിടിക്കാൻ കടലിൻറെ വിളികാത്ത്... സിംഹങ്ങളെ സ്വപ്നം കണ്ടു കൊണ്ട് ...

ശ്രീമതി ബിന്ദുവിന്റെ ആസ്വാദനക്കുറിപ്പു വളരെ നന്നായിരിക്കുന്നു.1953 ൽ ഹെമിങ് വേയ്ക് പുലിറ്റ്സർ സമ്മാനം നേടിക്കൊടുത്ത ഈ ക്ലാസിക് കൃതിയിലേക്കു കൂട്ടിക്കൊണ്ടു പോയതിന്, 1954 ൽ നോബൽ പുരസ്ക്കാരം ലഭിച്ച ഏർണെസ്റ്റ് ഹെമിങ്‌വേ എന്ന മഹാനായ അമേരിക്കൻ എഴുത്തുകാരനേയും, അദ്ദേഹത്തിന്റെ   കൃതികളെയും വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി.  
ബിന്ദു ടിജി 2019-07-19 17:59:27
Thanks- both of you -  for reading, enjoying and encouraging .. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക