വേലി തന്നെ വിളവു തിന്നുക, പയ്യെതിന്നാല്‍ പനയും തിന്നാം, കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക. എന്നൊക്കെ കേട്ടിട്ടില്ലേ? ഉണ്ടാവണമല്ലോ. പക്ഷെ ഇതുമായി ഇവിടെ പറയാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ഒരു ബന്ധവുമില്ല.
പിന്നെന്തിന് പറഞ്ഞു എന്നല്ലേ? 'കഥയില്‍ ചോദ്യമില്ല' എന്ന് ഓര്‍മ്മിപ്പിക്കാനും ഇനി പറയുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതില്ല എന്ന് നിര്‍ദ്ദേശിക്കാനും ആയി പറഞ്ഞു എന്ന് മാത്രം.
ഇനി തുടങ്ങാം....
എളിമയുടെ നിറകുടമായി മകുടോദാഹരണമായി തേഞ്ഞ അച്ഛന്റെ ചെരുപ്പുമിട്ട് ക്ഷമിക്കണം അച്ഛന്റെ തേഞ്ഞ ചെരുപ്പുമിട്ട്, നിറം മങ്ങിയ ലുങ്കിയും പുതിയതല്ലാത്ത ടീഷര്‍ട്ടുമണിഞ്ഞ് കുട്ടേട്ടന്റെ കടയെ ലക്ഷ്യമാക്കി ഞാന്‍ നടന്നു. വീട്ടില്‍ കിടന്ന കാറും, നിന്ന ബൈക്കും, ചാരിയിരുന്ന സൈക്കിളും എന്റെ എളിമയെ മാനിച്ച് സലാം വ്ച്ച് മാറിനിന്നു. അമേരിക്കക്കാരനാണെന്ന ജാട(ഉണ്ടെങ്കിലും) തോന്നരുത് എന്നതായിരുന്നു ഉദ്ദേശം.
വിദൂരവാസികള് ആവശ്യം അറിഞ്ഞിരിക്കേണ്ട അഞ്ചു ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പി.എസ്.എസി. ടെസ്റ്റിന്റെ ഗൈഡ് ഡൗണ്‍ലോഡ് ചെയ്ത പഠിച്ചുവച്ചതില് പ്രകാരം, അഞ്ചാം തീയതി വന്നു. ഇരുപത്തിയഞ്ചാം തീയതി പോകും, പതിനഞ്ചു ദിവസത്തെ ലീവുണ്ട്, അവിടെയിപ്പോള്‍ തണുപ്പാണ്, ഇന്‍ഷ്വറന്‍സ് പോളിസി ആവശ്യമില്ല എന്നീ ക്രമത്തിലോ ക്രമക്കേടിലോ പറഞ്ഞു പോന്നു. അത് ഒരു അക്രമമായി എനിക്ക് തോന്നിയതുമില്ല. കാരണം നാട്ടുകാര്‍ ഒന്നു കുശലം ചോദിച്ചാല്‍ മാഞ്ഞുപോകുന്നതായിരുന്നില്ല എന്റെ മനോധൈര്യം, മറിച്ച് ഈ കടലാസില്ലാ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു നടക്കുവാന്‍ വേണ്ടി മാത്രമാണ് തലയൊന്നിന് ആയിരത്തി അഞ്ഞൂറു ഡോളര്‍ എന്നകണക്കില്‍ മൂന്നുതലകള്ക്കും കൂടി ഏതാണ്ട് മൂന്നു ലക്ഷം ഇന്ത്യന്‍ മണീസ് കൊടുത്ത് മുപ്പത്തിയഞ്ചു മണിക്കൂര്‍ യാത്ര ചെയ്ത് ഞാന്‍ വന്നിരിക്കുന്നത് തന്നെ.
പരമപ്രധാനമായി ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം നാട്ടുകാരുമായുള്ള കുശലപ്രശ്നങ്ങളുടെ അവശിഷ്ടം മുഖത്ത് പറ്റിയിരുപ്പുണ്ടെങ്കില് വീട്ടുമുറ്റത്ത് പ്രവേശിക്കുമുമ്പ് കൈലിത്തുമ്പുകൊണ്ട് ഉരച്ച് മായ്ച്ച് കളയേണ്ടതാണ് പതിവ്. എന്റെ രാപ്പനി അറിയാവുന്ന ഒരേ ഒരാള്‍ എന്ന നിലയ്ക്ക് ആ വാദത്തില്‍ എതിര്കക്ഷികളില്ലാതെ ജയിച്ചു കളയും എന്റെ രമക്കുട്ടി. നാട് ചുറ്റിമടങ്ങുമ്പോള് ചുണ്ടത്ത് ഒരു തുണ്ട് ചിരിപറ്റിയിരുന്നാല് എന്റെ 'രമണി' 'മരണി' യായി മാറും. നാട്ടില്‍ വരുമ്പോഴെല്ലേ പെണ്ണേ എനിക്കൊന്നു മലയാളത്തില്‍ ചിരിക്കാന്‍ പറ്റൂ എന്ന വാദം ഒന്നും വിലപ്പോവില്ല. ആരെയോ കണ്ട് എന്റെ മനസ്സിലകിപ്പോയെന്നും, തുള്ളിക്കളിച്ച് രസിച്ച് ഞാന്‍ തിരികെയെത്തി എന്നുമുള്ള നിലപാടില്‍ നാരി ഉറച്ചു പാറപോലെ നില്ക്കും. 'യത്ര നാര്യസ്ത്യ പൂജ്യന്തേ രമന്തേ തന്ത്ര ദേവത'- അതുകൊണ്ട് എപ്പോ നാരിയെക്കണ്ടാലും ഞാന്‍ പൂജിക്കും എന്നെങ്ങാനും ഒരു തമാശ പൊട്ടിച്ചാല്‍ ശിവശിവാ എന്നല്ലാതെന്തു ചൊല്ലാന്‍!
ചിരിച്ചും ചിന്തിച്ചും കുട്ടേട്ടന്റെ കടയിലെത്തിയപ്പോഴതാ തേടാതിരുന്നിട്ടും ആ വള്ളി വഴിവക്കില്‍ പൂത്തുലഞ്ഞങ്ങനെ നില്ക്കുന്നു. കുശലപ്രശ്നങ്ങളുടെ കുത്തൊഴുക്കിനൊടുവില്‍ ലതാ വല്ലരിയുടെ അനുജന്റെ ജോലിക്കാര്യവും ഒഴുകി വന്നു. നിഷ്കളങ്കനും നിരുപദ്രവകാരിയുമായ ഞാന്‍ വിശദമായ ചര്‍ച്ചയ്ക്കായി അനുജന് ക്ടാവിനെ നേരിട്ടുകാണുവാനാവശ്യപ്പെടുകയും അതിന് പ്രകാരം ഉച്ചതിരിഞ്ഞോ മറിഞ്ഞോ കഴിയുമ്പോള്‍ ടിയാനെ കുടുംബ ശ്രീകോവിലകത്തേയ്ക്കയക്കുവാനുള്ള തീരുമാനം ഉറപ്പിയ്ക്കുകയും ചെയ്തു. പിന്നീട് ലതാവള്ളി യാത്ര പറഞ്ഞ് പിരിഞ്ഞ് തിരിഞ്ഞ് വളഞ്ഞ് കയറിപ്പോയി.
വട്ടുള്ള മനുഷ്യര്‍ സുലഭമെങ്കിലും അതുള്ള സോഡ അമേരിക്കയില്‍ കുടിക്കാന്‍ തരപ്പെടായ്കകൊണ്ട് അങ്ങനെ കുട്ടേട്ടന്റെ കടയില്‍ നിന്നു തരപ്പെടുത്തി കുടിച്ചു. ഒരു കാര്‍ബണ്‍ ആറ്റം രണ്ട് ഓക്സിജന്‍ ആറ്റവുമായി ചേര്‍ന്ന് ആ സോഡയില്‍ മയങ്ങുന്നു എന്ന് ഓര്‍ത്തപ്പോള്‍ മാത്രം ഡിഗ്രിക്ലാസിലെ കെമിസ്ട്രിലാബും കെമിസ്ട്രി ക്ലാസില്‍ കൂടെ പഠിച്ച ലതാവള്ളിയും, ലതാവള്ളിയുടെ അനുജന്റെ ജോലിക്കാര്യവും വീണ്ടും ഓര്‍മ്മയിലേയ്ക്ക് പടര്‍ന്നു കയറി വന്നു. വഴിയോരത്തണലില്‍ നിന്ന് നാവിനെ പെരുപ്പിച്ച് സോഡ അരിച്ചിറങ്ങിയപ്പോള്‍ പണ്ട് കൂട്ടുകാരോടൊപ്പം ശീലിച്ചിരുന്നതു പോലെ 'എക് ദോ തീന് ചാര്‍മിനാര്‍ ചേ്ട്ടാ' എന്ന് നാവറിയാതെ പാടിപ്പോയി. ശ്വാസകോശം സ്പോഞ്ചു പോലെയാകുന്നതിനുമുമ്പുള്ള ആ കാലയളവിലേക്ക് ആ സോഡയും ചാര്‍മിനാറും എന്നെ കൂട്ടികൊണ്ടുപോയി. ആ നിമിത്തിന്റെ നിര്‍വൃതിയില്‍ പഴയ സുഹൃത്തുക്കള്‍ ഓരോരുത്തരായി ഹൃദയകവാടം തള്ളി തുറന്നു കടന്നു വരാന്‍ തുടങ്ങി. ആ തള്ളലിന്റെ ഫോഴ്സ് ഉണ്ടാക്കിയ ആക്സിലറേഷനില്‍ തന്റെ ഫിസിക്സ് പേപ്പര്‍ സ്ഥിരമായി കോപ്പിയടിച്ചു വളര്‍ന്നവനും ബാല്യവേല സുഹൃത്തുമായ രാമന്‍കുട്ടിയുടെ ബേക്കറി ലക്ഷ്യമാക്കി കുതിക്കുവാന്‍ തീരുമാനിച്ചു. ആദ്യം വന്ന 'പുഞ്ചിരി'യ്ക്കു കൈനീട്ടി പുഞ്ചിരിപ്പുറത്തേറി കുടിക്കുകയും വിഴുങ്ങുകയും ചെയ്തതിന് പുറകെ കുറച്ച് Co2ശ്വാസകോശത്തിലും ശേഖരിച്ച് കുടുങ്ങിക്കുലുങ്ങി യാത്ര തിരിച്ചു.
ബേക്കറി നിന്നിരുന്നിടത്ത് പുഞ്ചിരി നിന്നപ്പോള്‍ മുഖത്ത് പരന്ന രസം ദ്വാരക കണ്ട കുചേല രസം. ആദ്യം സംശയം തോന്നിയെങ്കിലും റാംസ് കഫെ എന്ന നാമധേയം സംശയനിവാരണത്തിനുതകുന്നതായിരുന്നു. ഹമ്പമ്പട കുട്ടിരാമ എന്ന് വിലപിച്ചുള്ളിലേയ്ക്ക് തള്ളിക്കയറാന്‍ നടത്തിയശ്രമം നീല യൂണിഫോറമിട്ട നാലടി ഒമ്പതിഞ്ചു പൊക്കമുള്ള സെക്യൂരിറ്റി എന്ന ഭീകരന് തടഞ്ഞു.
എന്റെ വേഷഭൂഷാദികള്‍ അദ്ദേഹത്തെ പ്രലോഭിപ്പിക്കാന്‍ പോരാഞ്ഞതായതുകൊണ്ട് ആദ്യം കൈയില്‍കിട്ടിയ അഞ്ഞൂറിന്റെ നോട്ടില്‍ പ്രലോഭനം സാധിച്ചെടുത്തു. പെട്ടെന്ന് തന്നെ ഒരു കറന്‍സി കണ്‍വേര്‍ഷന്‍ ടേബിള്‍ തലയിലുദിക്കുകയും ഒരു എട്ടു ഡോളര്‍ ഒരാഴ്ചത്തെ പെട്രോളിന്റെ രൂപത്തിലും ഒരു ദിവസത്തെ ലഞ്ച് സാലഡിന്റെ രൂപത്തിലും മുന്നില്‍ വന്ന് നിന്ന് കൊഞ്ഞനം കുത്തുകയും ചെയ്തു. സെക്യൂരിറ്റി കിഴവന് എന്ന് പിറുപിറുത്തു തിരിഞ്ഞു നോക്കുമ്പോള്‍ തൊപ്പിയൂരി സലാം വച്ച് ചാടിയെഴുന്നേല്്ക്കുന്ന ആ പാവത്തിന്റെ രൂപം കുത്തിയ കൊഞ്ഞങ്ങള് മായ്ച്ചു കളഞ്ഞു. ആധുനികമായി സജ്ജീകരിച്ച കഫെയുടെ ഉള്ളിലെ ശീതത്തില്‍ നില്ക്കുമ്പോള് കൈലിയും തേഞ്ഞ സ്ലിപ്പറും കൊണ്ടലങ്കിരിച്ച 'നെഗെളിമ' അനാവശ്യഭാരമായി പുറത്ത് കയറി ഇരിപ്പുറപ്പിച്ചു. രാമന് കുട്ടീസ് ബേക്കറി റാംസ് കഫെയായി വികസിച്ച് പൊട്ടാറായ വിവരം നേരത്തെ അറിഞ്ഞിരുന്നു. എങ്കില്‍ വേഷം കുറച്ച് ഭൂഷണമാക്കി പോരാമായിരുന്നു. ഭര്‍ത്താവിന്റെ 'ആലോചനയില്ലാത്ത പ്രവൃത്തികള്‍' എന്ന നോവലില്‍ രമ ഇന്ന് മറ്റൊരു എടു കൂടി എഴുതിച്ചേര്‍ക്കും. സംഭവിക്കാനുള്ളതെല്ലാം നല്ലതിന് എന്ന സൂത്രവാക്യം മനസില്‍ ഉരുവിട്ടു. മണിക്കൂറുകള്‍ക്ക് മുമ്പ് എ.ടി.എം. മാതാവ് പ്രസവിച്ച കുഞ്ഞുങ്ങള്‍ പോക്കറ്റില്‍ കിടന്ന് നഷ്ടപ്പെട്ട ആത്മധൈര്യത്തെ പിടിച്ച് കെട്ടികൊണ്ടുവന്നു.
ആദ്യം കണ്ട കാത്തിരിപ്പുകാരനായ വെയ്റ്ററോട് രാമന്കുട്ട്യദ്യേം ഉണ്ടോ എന്ന് തിരിക്കി. 'ഉണ്ടു' എന്ന് കിട്ടിയ ഉറപ്പിന്മേല് അവിടെ കുത്തിയിരിക്കുവാന്‍ തീരുമാനിച്ചു. കഫെയില്‍ കയറിയാല്‍ കോഫി കുടിക്കുന്നത് പണ്ടെ എന്റെ ഒരു ശീലമായത് കൊണ്ടും കയറി വന്നവര്‍ വന്നവര്‍ എന്റെ വേഷഭൂഷാദികളെ അടിമുടി വീക്ഷിക്കുന്നത് കണ്ടത് കൊണ്ടും വലിയ കോഫി കപ്പില്‍ തലകുത്തനെയിറക്കി കുനിഞ്ഞിരുന്നു. ആ ഇരുപ്പില്‍ ഉള്ളിലെ ബനിയനിലുടക്കി വച്ച അഞ്ഞൂറു ഡോളറിന്റെ ഓക്ലി സണ്‍ഗ്ലാസ് ശ്രദ്ധയില്‍പ്പെട്ടതോടെ ചെറിയൊരാശ്വാസം വന്നു ചേര്‍ന്നു. അത് മുഖത്ത് പതിപ്പിച്ച്, കൂട്ടിയ ആത്മവിശ്വാസത്തോടെ അന്ധഗായകനെപ്പോലെ മുകളിലേയ്ക്ക് നോക്കിയിരിക്കുമ്പോഴുണ്ട് രാമന്‍കുട്ടി എന്ന കല്യാണരാമന് സില്‍ക്ക് ഷര്‍ട്ടും ടൈറ്റ് പാന്റ്സും അണിഞ്ഞ് വെട്ടിത്തിളങ്ങുന്ന മുഖവുമായി കോവണിയിറങ്ങി ഒരു ദാവണിക്കാരിക്കൊപ്പം വരുന്നു. എഴുന്നേറ്റ് പോയി സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. കാരണം തന്റെ എളിമയുടെ കുറച്ചുഭാഗമെങ്കിലും മേശയുടെയടിയില് കയറ്റി ഒളിപ്പിച്ച് വയ്ക്കാം. ഓടിക്കൂടിയ മറ്റ് ചില ദാവണിക്കാരികള്ക്ക് നിര്‍ദ്ദേശം കൊടുത്തുകൊണ്ട് എന്റെ തൊട്ടപ്പുറത്തുകൂടി സ്ലോമോഷനില്‍ എന്നെക്കടന്നവന് പോയപ്പോള്‍ പോയത് ക്ലൈവ് ക്രിസ്റ്റിയന്റെ കുഞ്ഞാണോ എന്ന് എന്റെ മൂക്ക് എന്നോട് ചോദിച്ചു.
അടിക്കടി കമ്പനിച്ചെലവില്‍ ഫസ്റ്റ് ക്ലാസിലുള്ള ഫ്ലൈറ്റ് യാത്രയും ഇടയ്ക്കൊക്കെ നുണയുന്ന ബ്ലൂ ലേബലും കാട്ടി ഇടയ്ക്കിടെ എന്നെ തന്നെ ഭാഗ്യവാന് എന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പര...ദേശി എനിക്കെന്നോട് ആ നിമിഷത്തില്‍ ദേഷ്യം, അവജ്ഞ, അണ്ഡകടാഹം, മുട്ടത്തോട് എന്നുവേണ്ട സകല നെഗറ്റീവ് വികാരങ്ങളും തോന്നി. ഉത്തരക്ഷണത്തില്‍ തന്നെ. 'എടാ പന്നീ മള്‍ട്ടി മില്യണ്‍ ഡോളര്‍ കമ്പനിയുടെ ടെക്നോളജി തുമ്പത്തിരുന്ന് ഐ.ഐ.ടി.യിലും എം.ഐ.ടി.യിലും വരെ പൊരുതിയിറങ്ങി വന്ന പടയാളികളുള്പ്പെടെ നാനൂറഞ്ഞൂറ് പടക്കുറുപ്പന്മാരെ ചട്ടം പഠിപ്പിക്കുന്ന വീരശൂരപരാക്രമിയായ പടനായകനാണ് ഞാന്‍. സ്വിമിംഗ് പൂള് ഉള്‍പ്പെടെ അയ്യായിരം സ്ക്വയര്‍ഫീറ്റുള്ള ഒരു വീടും മുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ബെന്‍സ് കാറുകളും സ്വന്തമാക്കിയവനാണ് ഞാന്‍' എന്നൊക്കെ വിളിച്ചു പറയണം എന്ന് തോന്നി. എങ്കിലും ഇതൊന്നും പറയുന്നതിനു മുന്‍പ് തന്നെ(ഒരു പക്ഷെ ഇതിന്റെ ഒക്കെ ലോണാണ് സ്വന്തമാക്കിയത് എന്നോര്‍ത്തിട്ടാവാം) പോകാറായ ബുദ്ധി തിരികെ വന്നോര്മ്മിപ്പിച്ചു.
'മൂഢജഹീഹി ധനാഗമതൃഷ്ണാം
കുരുസദ്ബുദ്ധീം മനസിവിതൃഷ്ണാം'
ഇങ്ങനെയൊക്കെ ചിന്തിച്ചതില്‍ ക്ഷമിക്കണേ അമ്മേ എന്ന് മനസില്‍ ചിന്തിച്ച് തീരുമ്പോഴേക്കും എന്റെ നാവ് ഒരു അവിവേകം പ്രവര്‍ത്തിച്ചു.
'എടാ ചട്ടീ' എന്ന വിളി കേട്ട നിമിഷം ചട്ടി തിരിഞ്ഞ് നോക്കി. ബക്കറ്റ് പിരിവ് നിരോധിച്ചപ്പോള്‍ ചട്ടിപ്പിരിവിന്റെ ഉപജാഞാതാവായെത്തി. ചട്ടി, ചട്ടിരാമു ചില പെണ്‍കുട്ടികളില്‍നിന്നും 'തൊട്ടി' എന്നീ നാമധേയങ്ങള്‍ കരസ്ഥമാക്കിയ കുട്ടി, നമ്മുടെ രാമന്‍കുട്ടി, ദാവണിക്കാരികളെ തള്ളിമാറ്റി 'എടാ നത്തെ' എന്ന മറുവിളിയുമായി അവന് പാഞ്ഞടുത്തു.(ഞാന്‍ നത്തായ കഥയ്ക്ക് ഇവിടെ പ്രസക്തിയില്ലാത്തത് കൊണ്ട് വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ല.) ഓടിയണഞ്ഞ രാമു സതീര്ത്ഥ്യനെ സ്നേഹാലിംഗനം കൊണ്ട് ശ്വാസം മുട്ടിച്ചു. തോളില്‍ തല്ലി വേദനിപ്പിച്ചു. ചെവിയുടെ വളരെ അടുത്തായി അതികഠോരമായ തെറിപ്രയോഗത്തിലൂടെ സ്നേഹബന്ധം ഊട്ടിയുറപ്പിച്ചു. പിന്നീട് പരസ്പരം അടിമുടിയുള്ള ഒരു മെഷര്മെന്റിലൂടെ എന്തൊക്കെ മാറ്റങ്ങള്‍ വന്നു എന്നൊരവലോകനം നടത്തി.
'എടാ പണ്ട് നീ കാവിയുടുത്തു ഇപ്പോ ദാ കറുപ്പുടുത്തിരിക്കുന്നു. അമേരിക്കയില്‍ നീ വല്യ പുള്ളിയാണെന്നൊക്കെയാ ഞാനറിഞ്ഞത്. എന്നിട്ടും നീയിവിടുന്നു പോയ നത്തു തന്നെ.'
ഈ അവസരത്തില്‍ ഞാന്‍ എന്റെ മനസ്സ് കൊണ്ട് ജഗന്നിയന്താവിന് ഒരു ഹൈ ഫൈവ് നല്കി. എന്റെ നെഗള് എളിമ ഫലിച്ചിരിക്കുന്നു. തേഞ്ഞ ചെരുപ്പുമണിഞ്ഞ് കഷ്ടപ്പെട്ടത് വെറുതെ ആയില്ല. മാത്രമല്ല ഈ ഞാന്‍ വലിയ പുള്ളിയാണെന്ന ഖ്യാതിയും ആവശ്യത്തിന് പ്രചരിച്ചിരിക്കുന്നു. തിരുപ്തിയായി അളിയാ തിരുപ്തിയായി. എന്ന് മനസ്സ് മന്ത്രിച്ചു. നിലത്ത് വീഴാന്‍ പോയ ഈഗോ ഭദ്രമായി പൂര്‍വസ്ഥാനത്ത് വന്നിരുന്നു. ഇനി എന്റെ ഊഴമാണ്.
'ചട്ടീ..... അളിയാ നിന്റെ കട കണ്ട് ഞാന്‍ ഞെട്ടി.' എന്ന് തുടങ്ങി അകത്ത് കടക്കാന്‍ സെക്യൂരിറ്റിക്ക് കാശെറിഞ്ഞതുള്പ്പെടെ സംഭവം വികാരസാന്ദ്രമായി വര്‍ണിച്ച് ചട്ടി വിളക്കി മിനുക്കി കണ്ണാടി പോലെയാക്കി. ഇപ്പോള്‍ എളിമയുടെ നിറഞ്ഞ കുടവുമായി നിക്കുന്നത് ചട്ടി.
വിശേഷങ്ങള്‍ പറഞ്ഞ്, കപ്പ്ചീനോയും സിന്നമണ്റോളും അടിച്ച് വിഷയം കെമസ്ട്രി ലാബിലെത്തിയപ്പോഴാണ് ലതാവള്ളിയുടെ അനുജന് മാന്‍കിടാവിന് ഉച്ച തിരിഞ്ഞ് അപ്പോയിന്റ്മെന്റ് കൊടുത്ത കാര്യം ഓര്‍മവന്നത്. തിരികെ അമേരിയ്ക്കക്ക് പോകും മുമ്പ് 'വോയ്ഫിനെയും ഡാട്ടറെയും കൂട്ടി വരണം', എന്ന ഉടമ്പടി ചട്ടിയ്ക്ക് പുറത്ത് എഴുതി ഒപ്പിട്ട ശേഷം ഭംഗിയായി പായ്ക്ക് ചെയ്ത് തന്ന വെല്‍വറ്റ് കേക്കും എടുത്ത് ചട്ടിയുടെ ഡ്രൈവറുടെ ഒപ്പം അവന്റെ പുതിയ ഒഡിയുടെ അടുത്തേയ്ക്ക് ഓടുമ്പോള്‍ 'എനിക്കിതൊക്കെ തന്നു എന്ന് പറഞ്ഞ് ആ സെക്യൂരിറ്റി ചേട്ടന്റെ ശമ്പളം കട്ടു ചെയ്തേക്കല്ലേ വ്യാപാര കാന്തമേ' എന്ന് ഓര്‍മ്മപ്പെടുത്താന്‍ മറന്നില്ല.
വീട്ടിലെത്തുമ്പോള്‍ മാന്കിടാവിനെ മാത്രം പ്രതീക്ഷിച്ച ഞാന്‍ സഹോദരിയായ വുമന്‍ കിടാവിനെ കൂടെ കണ്ട് തെല്ലൊന്നമ്പരന്നു.
'എന്റെ ചിന്ത ചിന്തിച്ചെടുത്ത പോല്‍
മുല്ലവള്ളിയവള്ചൊന്നു.'
'തന്നത്താന്‍ വരാന്‍ അവനൊരു മടി, അവനിവിടാരേം പരിചയമില്ലല്ലൊ.' ലതാവള്ളി മൊഴിഞ്ഞു. 'ലവനു വേണം ഞാന്‍ ജോലി തരപ്പെടുത്തിക്കൊടുക്കാന്‍' എന്ന ഒരു കാഞ്ഞ ചിന്ത എന്റെ മനസില്‍ കടന്നു വന്നു. എന്തു പഠിച്ചു. എന്തിനു പഠിച്ചു, എങ്ങനെ പഠിച്ചു എന്ന് തുടങ്ങി ഒരു ഉദ്യോഗാര്‍ത്ഥി പറഞ്ഞിരിക്കേണ്ട നാനൂറ് ചോദ്യങ്ങള്‍ക്കുത്തരം ചെക്കന് മനംപുരട്ടലില്ലാതെ സാധിച്ചു.
'ബയോഡാറ്റ അയക്കൂ നോക്കാം.' എന്ന സ്റേറേമെന്റ്ില് അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പടിപ്പുരമാളികയില്‍ ഒരു ബൈക്ക് വന്ന് നിന്നു.
പണ്ട് കാലത്ത് ചെത്ത് പയ്യന് എന്നും ഇന്ന് വേണമെങ്കില്‍ ഫ്രീക്കന്‍ എന്നും വിളിക്കാവുന്ന രണ്ടു പോക്കിരിക്കള് അതീവ ധൃതിയില്‍ വലിഞ്ഞ് മുറുകിയ ദുഃഖഭാവത്തോടെ നടന്നടുത്തു.
ഒന്നു മടിച്ചു നിന്നിട്ട് വന്നതില്‍ ഒരു തങ്കപ്പന് പറഞ്ഞുതുടങ്ങി. 'ചേട്ടായി അത്യാവശ്യമായി ഒന്ന് വരണം ഞങ്ങള്‍ നോക്കീട്ട് ശരിയാവുന്നില്ല.' സംഭാഷണത്തിന്റെ രത്നചുരുക്കം ഇങ്ങനെ.
അയലത്ത് വീട്ടില്‍ കല്യാണം പണിപറ്റിയതോ പറ്റിച്ചതോ എന്നറിയില്ല കറണ്ട് പോയിരിക്കുന്നു. ഇതൊക്കെ മാനത്ത് കണ്ട് ഗൃഹനാഥന് ഏര്‍പ്പാടാക്കിയ ജനറേറ്റര്‍ നടക്കുകയോ ഓടുകയോ ചെയ്യുന്നില്ല. പ്രശ്നത്തിന് പരിഹാരം കാണേണ്ട ചുമതല എന്റെ മുന്നിലിരിക്കുന്ന കിടാവായ ചേട്ടായിയുടേതാണ്. ഗാനമേളക്കാര് ആക്രോശിക്കുന്നു. ഗസ്റ്റുകള്‍ ചൂടുകൊണ്ടു പുളയുന്നു. ഗൃഹനാഥന് തല്ലാനൊരു ചെകിടു വേണം അത് ചേട്ടായിയുടേതായാല് അത്യുത്തമം എന്ന് പറഞ്ഞ് നിര്‍ത്തി.
'ശരി ചേട്ടാ ഞാന്‍ വീണ്ടും വരാം. ബയോഡേറ്റാ അയക്കാം' എന്നിങ്ങനെയുള്ള മോഹനവാഗ്ദാനങ്ങള്‍ നല്കി ബൈക്കിന്റെ അദൃശ്യമായ മൂന്നാമത്തെ സീറ്റിലേറി മാന്‍ കിടാവ് പറന്നകന്നപ്പോള്‍ സീനില്‍ മുല്ലവള്ളിയും ഞാനും മാത്രം.
പടിയിറങ്ങാന്‍ പരിഭ്രമിച്ച മുല്ലവള്ളിക്ക് മുന്നിലേയ്ക്ക് അമ്മ ചായക്കപ്പുമായി ചിരിച്ചുകൊണ്ടു പ്രവേശിച്ചു. 'അയ്യോ അനിയന് ചെക്കന് പോയാ, എന്തൊരു ചൂടാ' എന്നീ ആവലാതികളുമായി അമ്മ മുല്ലവള്ളിയെ തഴുകി തടം വെട്ടി ചായയൊഴിച്ചു പരിലാളിച്ചു. ഈ ലതാ നികുഞ്ജത്തോട് എന്റെ അമ്മയ്ക്കുള്ള സോഫ്റ്റ് കോര്‍ണര്‍ മനസിലാക്കിയതുമുതലാണ് എന്റെ രമ ഇടയ്ക്കിടെ 'മര' യായി തുടങ്ങിയത്.
ഏത പത്നീ വ്രതക്കാരനായി ഒരു പന്നിയിറച്ചി പോലും കഴിക്കാതെ ജീവിക്കുന്ന എന്റെ ആത്മാര്‍ത്ഥത രമേ നീ മനസിലാക്കുമോ എ്ന് ചിന്തിച്ചു നില്ക്കുന്ന എന്റെ മുഖത്തേയ്ക്ക് അമ്മ ഒരു കീറാമുട്ടി വലിച്ചെറിഞ്ഞു.
'മോനേ ഈ കരുകരാ വെയിലത്ത് ഈ കുട്ടി എങ്ങനെ നടന്ന് പോകും ഇതാ ബൈക്കിന്റെ കീ' എന്ന പ്രഖ്യാപനവുമായിരുന്നു ആ കീറാമുട്ടി.
'ഞാനെന്റെ ഭാര്യയും കുഞ്ഞുമായി സന്തോഷമായി ജീവിക്കുന്നത് അമ്മയ്ക്ക് തീരെ സുഖിക്കുന്നില്ല അല്ലെ?' എന്നെന്റെ കണ്ണുകളിലെ ചോദ്യം വായിച്ചെടുത്തത് പോലെ 'അവളിപ്പൊ ഇവിടില്ലല്ലോ രാധികേം അവളും ഷോപ്പിങ്ങു കഴിഞ്ഞു വരാന്‍ വൈകും.' എന്ന് അമ്മ കണ്ണുകള്‍ കൊണ്ടു തന്നെ മറുപടി പറഞ്ഞു. 'എന്നാലും എന്റെ അമ്മേ' എന്ന് ഞാന്‍.
എന്റെ കണ്ണുകളിലെന്തോ വായിച്ചെടുത്തിട്ടെന്നോണം ലതാവല്ലരി മൊഴിഞ്ഞു 'സാരമില്ലാന്റീ, ഞാന്‍ നടന്ന് പോയ്ക്കോളാം.'
'വേണ്ട മോളെ ഇവന് വിടും. ഇത്രമല്ല സൗദാമിനിയമ്മക്ക് ഇവനെ ഒന്നു കാണുകേം ചെയ്യാമല്ലോ എപ്പോഴും ഇവന്റെ കാര്യം....' പഴയ കൂട്ടുകാരിയോടുള്ള സ്നേഹം.
ചൊവ്വാദോഷത്തിന്റെ പേരും പറഞ്ഞ് എന്റെ അമ്മ പാലം വലിച്ചിടും വിധിയെന്ന് മുറം കറുപ്പിക്കാത്ത ഒരു അമ്മയും മകളും.
ക്രോധവദനനായി ബൈക്കിന്റെ കീയും വാങ്ങി ഞാന്‍ നീങ്ങി. കല്യാണവീടിനേയും അവിടത്തെ പോയ കറന്റിനെയും മനസാ ശപിച്ചു. പരദൈവങ്ങളെ പാരയാവരുതേ എന്ന് പ്രാര്‍ത്ഥിച്ച് വണ്ടിയുരുട്ടി. പിന്നാടിയില്‍ ലതാ വല്ലരി പറഞ്ഞ് കളിക്കുന്നുണ്ടായിരിക്കണം.
രണ്ട് വളവുകള്‍ തിരിഞ്ഞാല്‍ ലതയുടെ വീടായി. എന്തെങ്കിലും കുശലം പറയണം എന്നാഗ്രഹം ഉണ്ടെങ്കിലും വാക്കുകള്‍ക്ക് അതീവ ദാരിദ്ര്യം അനുഭവപ്പെട്ടു. മനസിലിരുന്നു രമ മനോരമയായി. പാവം എന്നോടുള്ള സ്നേഹം കൊണ്ടവള്‍ എന്തൊക്കെ കാട്ടിക്കൂട്ടുന്നു. ആദ്യത്തെ വളവ് സക്സസ് ഫൂള്‍ ആയി തിരിഞ്ഞു. ഒരു ചെറിയ കയറ്റം കയറി രണ്ടാമത്തെ വളവ് തിരിയുമ്പോള്‍ കഷ്ടിച്ചു മാത്രം വീതിയുള്ള ഇടവഴിയില്‍ തൊട്ടുമുമ്പില്‍ ഒരു കാര്‍. കാര്‍ മുന്നിലെത്തുമ്പോഴേയ്ക്ക് വിന്‍ഡോ താഴ്ത്തി 'അച്ഛാ അച്ഛാ' എന്ന് കൊഞ്ചുന്നു നിഷമോള്. പിന്‍സീറ്റില്‍ വര്ണനകള്ക്കപ്പുറമായ മുഖഭാവമായി രമാമണി ദേവി.
കല്യാണവീട്ടില്‍ കറന്റില്ലാത്തത് കൊണ്ടാണ് ലതാവല്ലരി എന്റെ ബൈക്കിന്റെ പുറകില്‍ പൂത്തുലഞ്ഞത് എന്ന് ഞാന്‍ ഇവളെ പറഞ്ഞ് എങ്ങനെ മനസ്സിലാക്കാം!!!